ഏതൊ ഒരു സായംസന്ധ്യയിൽ മുഞ്ഞിനാട്ട് കാവിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.
ഞാൻ അവളെ അടിമുടി നോക്കി,
അവൾ എന്നെയും.
അവളുടെ കണ്ണുകൾക്ക് കാന്ത മുനയുടെ മാസ്മരിക ഭാവങ്ങളുണ്ടായിരുന്നു.
ഞങ്ങളുടെ കണ്ണുകൾ
എന്തൊക്കെയോ മുജ്ജന്മകഥകൾ പറഞ്ഞുതുടങ്ങി.
കാവിൻ്റെ നിശ്ശബ്ദമായ ഓരങ്ങളിൽ
കാട്ടുപൂക്കൾ തുരുതുരെ വിടർന്ന്
സുഗന്ധം പരത്തുന്നുണ്ടായിരുന്നു.
കാട്ടുപൊന്തകളിൽ കിളികൾ
അനുരാഗനിബദ്ധരായിരുന്നു.
കാവിലെ കൽവിളക്കിന് പിന്നിൽ
ഏതൊ ദേവതയെപ്പോലെ
അവൾ തെളിഞ്ഞുനിന്നു.
കാവിലെ ഇലഞ്ഞിമരത്തിൻ്റെ
തണലിൽ ഇരുന്ന്
ഞങ്ങൾ എന്തൊക്കെയോ പഴയ കെട്ടുകഥകൾ പറഞ്ഞിരുന്നു.
എൻ്റെ വീരഗാഥകളും പൊങ്ങച്ചങ്ങളും
കേട്ട് അവൾ പൊട്ടിച്ചിരിച്ചു.
ഇതിനിടയിൽ ഞാൻ അവൾക്ക് പൂച്ചപ്പഴവും ഞാറപ്പഴവും പറിച്ചു കൊടുത്തു.
പിന്നെ ഇലഞ്ഞി മരത്തിൻ്റെ ശിഖരങ്ങളിലേക്കാഞ്ഞു ഇലഞ്ഞിപ്പഴം
പറിച്ചുകൊടുത്തു.
അവൾക്ക് ദാഹിച്ചപ്പോൾ കാവിലെ കുളത്തിൽ നിന്ന് ശുദ്ധജലം കോരിക്കൊടുത്തു.
പിന്നീട് എന്നും ഞങ്ങൾ
അവിടെ പരസ്പരം കാണാൻ ഒത്തുകൂടി. ചിലപ്പോൾ അവൾ എന്നെ വിഷമിപ്പിക്കാനായി
അമ്മച്ചിപ്ലാവിനും കരിങ്കൂവളത്തിനും ഇടയിൽ ഒളിച്ചുനിൽക്കുമായിരുന്നു.
അവളിൽ അപൂർവ്വമായ ഒരു
മാസ്മരിക കാനനഭംഗി നിഞ്ഞിരുന്നു.
അവൾ എന്നിലേക്ക് വല്ലാതെ ചാഞ്ഞിരുന്നു.
കാവിലാകെ ഏതൊ ഗന്ധർവ്വസംഗീതത്തിൻ്റെ അഭൗമ സൗന്ദര്യം ചൂഴ്ന്നിരുന്നു.
പിന്നെ ഞങ്ങൾ കാവിലെ കുളത്തിൽ കുറെനേരം നീന്തിക്കുളിച്ചു.
അപ്പോൾ യക്ഷിയും മറുതയും ചാമുണ്ഡീശ്വരിയുമൊക്കൊ
കാവിലെ കൽവിളക്കിൽ രൗദ്രഭാവത്തിൽ
തെളിഞ്ഞുനിന്നു.
ചൂരൽക്കാടുകൾ ശീൽക്കാര ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.
അവളുടെ വിരഹവശ്യമായ കണ്ണുകളിൽ വനദേവതകൾ തെളിഞ്ഞുനിന്നിരുന്നു.
കാട്ടുവള്ളികൾ ഇലഞ്ഞിമരത്തിൽ
വരിഞ്ഞുമുറുകി കെട്ടുപിണഞ്ഞു
നിൽക്കുന്നത് ഞങ്ങൾ വികാരാധീനരായി നോക്കിനിന്നു.
പിന്നെ ഞങ്ങൾ കാടിൻ്റെ മൂകമായ സ്ഥലികളിൽ ആലിംഗനിബദ്ധരായി വരിഞ്ഞു മുറുകി.
കാട്ടുപൂക്കളിൽ തേൻ കുടിക്കാൻ വണ്ടുകൾ ചുറ്റിപ്പറന്നുനടന്നു.
കാട്ടുവള്ളിപ്പടർപ്പുകൾ
ഞങ്ങൾക്ക് വിശുദ്ധകൂടാരങ്ങളൊരുക്കി.
കാട്ടുതെറ്റിപ്പൂക്കൾ അവിടെയാകെ ചുമന്നുതുടുത്തു കാറ്റിൽ ആടിയുലഞ്ഞുനിന്നു.













കവിത പദ്യമാകുന്നത് എന്നത് തിരുത്തി ഗദ്യമാകുന്നത് എന്ന് തിരുത്തി വായിക്കുക
ചെറിയ ഒരു കഥയായി വായിക്കുന്നതാണ് മനോഹരം. കവിത പുതിയ രൂപം പൂണ്ടുനില്‍ക്കുന്ന ഇക്കാലത്ത് കവിതയെന്നും അനുമാനിക്കാം. പക്ഷെ കാവ്യഭാവനയുടെ വസന്തം പെയ്യിക്കുവാന്‍ കഴിയുന്ന കവിക്ക് എഴുത്ത് എങ്ങനേയും ആകാമല്ലോ. കവിത പദ്യമാകുന്നതിനോട് യോജിക്കുന്നില്ല. പക്ഷെ എഴുതുന്നവരുടെ സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്നുമില്ല. എങ്കിലും കവിത, കവിതയായും കഥ കഥയായും നില്‍ക്കുന്നിടത്താണ് രചനയുടെ സൌന്ദര്യം…കവിക്ക് ആശംസകള്‍…J.P Pavumpa