സായംകാലത്ത് – (പുഷ്പ ബേബി തോമസ്)

Facebook
Twitter
WhatsApp
Email

ചിറകിൻ കരുത്ത് തിരിച്ചറിഞ്ഞ്
പറന്നകന്നു കിളിക്കുഞ്ഞുങ്ങൾ .

ചിറകിൻ കരുത്ത് കുറഞ്ഞെന്ന്
തിരിച്ചറിയുന്നൂ നാമും .

ഒച്ചു പോലിഴയും
സൂചിക്കാലുകളെ നോക്കിയിരിയ്ക്കും
സായംകാലത്ത് ,
ഗുൽമോഹർ അതിരിടുന്ന
അയൽ വീടുകളിൽ
കഴിയണം നമുക്ക് .

കണ്ണീർത്തുള്ളിയും, മുക്കുറ്റിയും
തെരയും മട്ടിൽ
എന്നെ കാത്തുനിൽക്കും നീയാവണം
പുലരിയിൽ പടിവാതിൽ തുറക്കുമ്പോൾ
എന്നുമെൻ കണി.

മഴയിൽ കുതിർന്നു കിടക്കും വാകപ്പൂക്കൾ
തിരികെനടത്തുന്നു നമ്മെ
വീണ്ടും; ആ വാകമരച്ചുവട്ടിലേയ്ക്ക് ….

പൂക്കൾ പെറുക്കിയതും
മിഴികൾ കൊരുത്തതും
തുലാവർഷകുളിരിൽ
കുരു കല്ലിലുരസി
നീയെൻ വിരലുകൾ പൊള്ളിച്ചതും.

രുചിയേറാരുണ്ട്
നിനക്ക് പകർച്ച തരും വിഭവങ്ങളിൽ
എൻ പ്രണയം ചാലിച്ചതിനാൽ .

നാമൊന്നിച്ച് നടക്കുമ്പോൾ
കൊതിപ്പൂ എൻ കാലൊന്നിടറാൻ ….
വിശ്വാസമുണ്ടെനിക്ക്
വീഴാതെ ചേർത്തു പിടിക്കും നീയെന്നെ .

നിൻ നുണക്കഴിയിലെൻ
നുണക്കുഴി ചേർത്ത്
വിരലുകളിൽ മുറുകെ പിടിച്ച്
ചാരത്തിരിക്കാൻ
കൊതിയാവുന്നില്ലേ കൂട്ടുകാരാ ….

സായംകാലത്ത്
ഗുൽമോഹർ അതിരിടുന്ന
അയൽ വീടുകളിൽ
ജീവിക്കണം നമുക്ക് .

🥀🥀🥀🥀🥀🥀🥀

About The Author

Leave a Reply

Your email address will not be published. Required fields are marked *