വെയിലോർമ്മകൾ… – (ഉല്ലാസ് ശ്രീധർ)

Facebook
Twitter
WhatsApp
Email

 

വേനലവധിയാണ് ഞങ്ങളുടെ നാടക പരീക്ഷണങ്ങളുടെ
കാലം…

ഏഴാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് പള്ളിക്കൂടം പൂട്ടിയ വർഷം…

എന്റെ അയൽവാസിയായ ഗോപന്റെ,
അതിവിശാലമായ,
നിറയെ മരങ്ങളുള്ള,
കാട്ടിൽ വീട്ടിലെ പുരയിടത്തിലാണ് ഞങ്ങൾ നാടകം കളിക്കുന്നത്…

വിഷുവിന്റെ തലേ ദിവസം…

മീനവെയിലിന്റെ അവസാനത്തെ തിരി നാളം ആളിക്കത്തുകയാണ്…

നെല്ലി മരത്തിന്റെ ചുവട്ടിൽ
മത്തായി ഷാജുവിന്റെ നേതൃത്വത്തിൽ സ്റ്റേജിന്റെ പണി തകൃതിയായി നടക്കുന്നു…

ഇപ്പുറത്ത് മാവിന്റെ തണലിലിരുന്ന് ഞാൻ നാടകം എഴുതി കൊണ്ടിരിക്കുമ്പോൾ നായകനാകണമെന്ന ആവശ്യവുമായി ഗോപൻ വന്നു…

ആവശ്യം തർക്കമായി മാറിയപ്പോൾ കൂട്ടുകാർ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് വഴക്കായി,അടിയായി…

നാട് വിടുകയാണെന്ന
പ്രഖ്യാപനവുമായി
ഗോപൻ അവന്റെ വീട്ടിലേക്ക് പോയി…

എത്ര അടികൂടിയാലും അഞ്ച് മിനിട്ടുള്ളിൽ പിണക്കം തീരുന്നതാണ് ഞങ്ങളുടെ പതിവ്…

കാറ്റത്ത് അടർന്നു വീണ മധുര മാങ്ങകൾ പങ്കുവെച്ച് തിന്നാനായി ഗോപനെ വിളിച്ചപ്പോൾ മറുപടി കിട്ടിയില്ല…

ഞങ്ങൾ ഗോപനെ തിരക്കി
വീടിനകത്തും പുറത്തും പത്തായപ്പുരയിലും
ഞാറ്റടിയിലും വക്കോൽ കൂനയിലൊക്കെ അന്വേഷിച്ചലഞ്ഞിട്ടും അവനെ കണ്ടില്ല…

ഗോപൻ നാടുവിട്ട വാർത്തയറിഞ്ഞ
അയൽവാസികളായ അമ്മമാരും ചേച്ചിമാരും ഒത്തുകൂടി…

എല്ലാവരും അസ്വസ്ഥരായപ്പോൾ ആവലാതിയും വേവലാതിയുമായി ഞാൻ ഗോപന്റെ അച്ഛന്റെ കടയിലേക്ക് ഓടി…

കിതച്ചു കൊണ്ട് ഞാൻ പറഞ്ഞു “മാമാ,ഗോപൻ നാടുവിട്ടു.അവിടെയൊന്നും അവനെ കാണാനില്ല…”

കരച്ചിലിന്റെ വക്കോളമെത്തിയ എന്നെ കണ്ടപ്പോൾ
ഗോപന്റെ അച്ഛൻ ഒരു ചെറു ചിരിയോടെ ഒന്നും മിണ്ടാതെ സൈക്കിളിൽ എന്നേയും കൊണ്ട് വീട്ടിലേക്ക് വന്നു…

വീട്ടിലെത്തിയപ്പോൾ കൂട്ടുകാർ ഒരറ്റത്തും അമ്മമാർ മറ്റൊരിടത്തും താടിക്ക് കൈയും കൊടുത്ത് വിഷമത്തോടെ നിൽക്കുകയാണ്…

ഗോപന്റെ അച്ഛൻ സൈക്കിളിൽ നിന്ന് ഇറങ്ങിയിട്ട്
ആജ്ഞാ ശക്തിയിൽ ഒരു വിളി,
ഒരേയൊരു വിളി “ഗോപാ….”

ആകാശത്ത് നിന്ന് ഭയത്താൽ ചിലമ്പിച്ചൊരു മറുപടി വന്നു- “എന്തോ….”

എല്ലാവരും മാനത്തോട്ട് നോക്കിയപ്പോൾ ഞങ്ങൾ നിൽക്കുന്നതിന് അടുത്തുള്ള മാവിന്റെ കൊമ്പിൽ ഗോപൻ ഇരിക്കുന്നു…

ഗോപന്റെ അച്ഛൻ വീണ്ടും ആജ്ഞാപിച്ചു-
“താഴെ ഇറങ്ങി വാടാ…”

നിശ്ശബ്ദമായ അന്തരീക്ഷം…

ഗോപനെ തല്ലുമോ,
ഗോപനെ കൊല്ലുമോ,
ഗോപനെ പട്ടിണിക്കിടുമോ…?

താഴെ ഇറങ്ങി വന്ന ഗോപന്റെ മുഖത്തേക്ക് അവന്റെ അച്ഛൻ സൂക്ഷിച്ച് നോക്കി…

ഒന്ന്…രണ്ട്…മൂന്ന്…
മൂന്ന് നിമിഷങ്ങൾക്കുള്ളിൽ മൂത്രം വീണ് ഗോപന്റെ നിക്കർ നനഞ്ഞു…

ഒന്നും മിണ്ടാതെ അവന്റെ അച്ഛൻ സൈക്കിളിൽ വീണ്ടും കടയിലേക്ക് പോയി…

നാടുവിട്ട ഗോപനെ തിരികെ കിട്ടിയപ്പോൾ അമ്മമാർ സ്നേഹശാസനയും
ഞങ്ങൾ കോപശാസനയും കൊടുത്തു…

ഈ വിഷുത്തലേന്ന് വീണ്ടും അതൊക്കെ ഓർത്തപ്പോൾ ഒരു രസം…

എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ
‘വിഷു ആശംസകൾ’ നേരുന്നു…………………………………..

______

About The Author

Leave a Reply

Your email address will not be published. Required fields are marked *