മറ്റുള്ളവര്‍ എന്തു പറയും അഥവാ എന്തു വിചാരിക്കും എന്ന ചിന്താഗതിയല്ല നമ്മെ നയിക്കേണ്ടത്.നമുക്ക് നമ്മെപ്പറ്റി ആത്മവിശ്വാസവും മനക്കരുത്തും ഉണ്ടാകണം. ആത്മവിശ്വാസം ആരും സംഭാവനയായി തരുന്നതല്ല.നമ്മള്‍ ആര്‍ജ്ജിക്കുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങള്‍ നമ്മുടെ ഉത്തമ ബോധ്യങ്ങളെ
ബലഹീനപ്പെടുത്തുവാന്‍ അനുവദിച്ചുകൂടാ. എല്ലാവെല്ലുവിളികളെയും സധൈര്യം നേരിടുമ്പോള്‍ മാത്രമാണ് ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നത്. ജീവിതത്തില്‍ പലതും അസാധ്യമാകുന്നത് നമ്മുടെ ആത്മവിശ്വാസക്കുറവുകൊണ്ടാണ്. അതിനാല്‍ നല്ല കാര്യങ്ങള്‍ സഫലമാക്കുന്നതിന് നമ്മുടെ ആത്മവിശ്വാസം നിരന്തരം വര്‍ധിക്കണം.
വീരപുരി എന്ന നാട്ടുരാജ്യത്തിലെ രാജാവായിരുന്നു ഗുരുജിത്ത്.അയല്‍ രാജ്യത്തെ സൈന്യം വീരപുരിയെ ആക്രമിക്കാന്‍ തയ്യാറാകുന്നു എന്നറിഞ്ഞ് രാജാവ് സൈന്യാധിപനെ വിളിച്ച് ഉപദേശം തേടി. പക്ഷേ അദ്ദേഹം അയല്‍ രാജ്യവുമായി ഒരു യുദ്ധത്തിന് എതിരായിരുന്നു. കാരണം, അവരുടെ അതിശക്തമായ സൈന്യബലത്തില്‍ നമ്മള്‍ തോറ്റുപോകും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദുഃഖിതനായ രാജാവിനോട് അദ്ദേഹത്തിന്റെ ഗുരുവായ ദേവശര്‍മന്‍ പറഞ്ഞു, ‘ദൈവനിശ്ചയമനുസരിച്ചാണ് യുദ്ധത്തിലെ വിജയവും തോല്‍വിയുമെല്ലാം. ആദ്യം നമുക്ക് ദൈവം നിശ്ചയം എന്തെന്ന് നോക്കാം ‘. അദ്ദേഹം ഒരു സ്വര്‍ണനാണയം എടുത്തിട്ടു പറഞ്ഞു, ഇതാ ഈ നാണയം ഞാന്‍ മുകളിലേക്ക് എറിയാം.അത് നിലത്ത് വീഴുമ്പോള്‍ രാജാവിന്റെ മുഖമുള്ള ചിത്രത്തിന്റെ ഭാഗമാണ് മുകളില്‍ വരുന്നതെങ്കില്‍ നമ്മള്‍ വിജയിക്കുമെന്ന് എന്ന ദൈവ തീരുമാനം. മറിച്ചാണെങ്കില്‍ ശത്രുക്കളും.ചില മന്ത്രങ്ങള്‍ ഉരുവിട്ട് ദേവശര്‍മന്‍ നാണയം മുകളിലേക്ക് എറിഞ്ഞു. നാണയം വീണത് രാജാവിന്റെ തലയുള്ള ചിത്രം മുകളിലായിട്ടായിരുന്നു. എല്ലാവരും സന്തോഷിച്ചു. രാജഗുരുവിന് തെറ്റില്ലല്ലോ.പിന്നെ താമസിച്ചില്ല. സൈന്യാധിപന്‍ സൈന്യവുമായി ശത്രുക്കളെ നേരിട്ടു. പൊരിഞ്ഞ യുദ്ധം. ശത്രു തോറ്റു പിന്‍വാങ്ങി.ഈ വിവരം അറിഞ്ഞപ്പോള്‍ രാജാവ്, ദൈവം നിശ്ചയം രാജ്യത്തിന് അനുകൂലമായതില്‍ അതിയായി സന്തോഷിച്ചു. അപ്പോള്‍ ദേവശര്‍മന്‍ ചിരിച്ചുകൊണ്ട് നാണയം കയ്യിലെടുത്ത് തിരിച്ചും മറിച്ചും രാജാവിന് കാണിച്ചു കൊടുത്തു.അതിന്റെ രണ്ടുവശത്തും രാജാവിന്റെ മുഖം തന്നെയായിരുന്നു.
ദേവശര്‍മന്‍ പറഞ്ഞു, സൈന്യം ജയിച്ചത് ദൈവാനുഗ്രഹം കൊണ്ടല്ല, അവരുടെ ആത്മവിശ്വാസം കൊണ്ടാണ്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് എന്തുവന്നാലും ജയിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ടായപ്പോഴാണ് സൈന്യത്തിന് ആത്മവിശ്വാസത്തോടെ യുദ്ധം ചെയ്യാനും വിജയിക്കാനും സാധിച്ചതെന്ന് രാജാവിന് മനസ്സിലായി.
മനുഷ്യഹൃദയത്തെ അത്രമേല്‍ അടുത്തറിഞ്ഞ പ്രസിദ്ധ കാര്‍ഡിയാക് സര്‍ജനായിരുന്ന
എം എസ് വല്യത്താന്‍, 25 വര്‍ഷങ്ങള്‍ക്കു മുമ്പ് ചികിത്സാരംഗത്ത് തനിക്ക് ഉണ്ടായ വ്യത്യസ്തഅനുഭവം ഒരവസരത്തില്‍ അദ്ദേഹം വിവരിച്ചത് ഇവിടെ പ്രസക്തമാണ് :
35 വയസ്സുള്ള ഒരു സ്ത്രീ ഹൃദ്രോഗ ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ചു. നെഞ്ചിടിപ്പ്,ക്ഷീണം, കിതപ്പ് എന്നീ അസുഖങ്ങള്‍ കാരണം,ഇരുപത്തിരണ്ടു വയസ്സുള്ളപ്പോള്‍ മേല്‍പ്പറഞ്ഞ അസുഖങ്ങളുമായി അവര്‍ ഒരു ആശുപത്രിയില്‍ അഭയം തേടിയിരുന്നു. ഹൃദയത്തിന്റെ വാല്‍വ് തുറക്കുന്ന ഒരു ശാസ്ത്രക്രിയ അന്ന് നടത്തി. അസുഖങ്ങള്‍ മാറി. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുശേഷം വിവാഹിതയായി. യാതൊരു ക്ലേശവുമില്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ചു. വീണ്ടും ഏഴെട്ട് വര്‍ഷങ്ങള്‍ക്കുശേഷം കിതപ്പും ക്ഷീണവും അവരെ അവശയാക്കി. അപ്പോഴാണ് ഡോക്ടര്‍ വല്യത്താനെ സമീപിച്ചത്. അദ്ദേഹത്തിന്റെ പരിശോധനയില്‍ രോഗിയുടെ ഹൃദയ വാല്‍വ് കല്ലിച്ച് ഉപയോഗശൂന്യമായിരുന്നതായികണ്ടു.അത് മാറ്റിവച്ചേ നിര്‍വാഹമുള്ളൂ എന്ന് തീരുമാനിച്ചു. ആദ്യത്തെ ശസ്ത്രക്രിയയുടെ മുറിവ് ശരീരത്ത് ഉണ്ടായിരുന്നതുകൊണ്ട് നേരത്തെ അത് ചെയ്തിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു. ആശുപത്രി രേഖകള്‍ ഒന്നും ലഭ്യമായിരുന്നില്ല. എല്ലാ കരുതലോടും കൂടിയാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും ശസ്ത്രക്രിയ ആരംഭിച്ചത്.പക്ഷേ തീരെ അപ്രതീക്ഷിതമായ ഒരു കാഴ്ചയാണ് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊന്നുമല്ല ആദ്യത്തെ ശാസ്ത്രക്രിയ നടന്നിരുന്നില്ല. നെഞ്ചു തുറന്നപ്പോള്‍ രോഗിയുടെ നില വഷളായതു കാരണം അന്നത്തെ ഡോക്ടര്‍ ഹൃദയശസ്ത്രക്രിയയില്‍ നിന്നും പിന്മാറിയിരിക്കണം.
സുഖമായി എന്ന് പറഞ്ഞ് യഥാര്‍ത്ഥ വിവരം രഹസ്യമായി വെച്ചു. ഡോക്ടര്‍ വല്യത്താന്റെയും സഹപ്രവര്‍ത്തകരുടെയും നിഗമനം അതായിരുന്നു. ഓപ്പറേഷന്‍ നടന്നു എന്ന വിശ്വാസം കൊണ്ട് മാത്രം വാല്‍വിന്റെ സങ്കോചത്തിന് ഒരു മാറ്റവും വരാതിരിക്കെ, ഒരു രോഗിക്ക് നിരവധി വര്‍ഷങ്ങള്‍ സുഖമായി ജീവിക്കാന്‍ സാധിച്ചു എന്നത് മെഡിക്കല്‍ സയന്‍സിലെ തന്നെ ഒരത്ഭുതമായിരുന്നു. എന്തായാലും ഡോക്ടര്‍ വല്ല്യത്താന്റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയയില്‍ വാല്‍വ് മാറ്റിവെച്ചതോടെ അസുഖങ്ങളെല്ലാം മാറി.ആശുപത്രി വിട്ട് അവര്‍ സുഖമായി വീട്ടിലേക്ക് പോയി. ആദ്യം സര്‍ജറി വിജയപ്രദമായി നടന്നു എന്ന ആത്മവിശ്വാസം മാത്രമാണ് അവരെ ഇത്രയും കാലം ഒരു കുഴപ്പവുമില്ലാതെ കാത്തുരക്ഷിച്ചത് ! ശാസ്ത്രത്തിന് വിശദീകരിക്കാന്‍ സാധ്യമല്ലാത്ത ഒരു അപൂര്‍വ്വ സംഭവം തന്നെ.
19 ആം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ജീവിച്ചിരുന്ന ഒരു പത്തു വയസ്സുകാരനായ ബാലന്റെ ജീവിതാനുഭവങ്ങള്‍ വിസ്മയം ജനിപ്പിക്കുന്നതാണ്. പരിമിതികളും പരാധീനതകളും അസംഖ്യം.ജയിക്കാന്‍ കൈമുതലായി ഒന്നുമാത്രം— ആത്മവിശ്വാസം. സാഹചര്യങ്ങള്‍ എത്ര പ്രതികൂലമായിരുന്നാലും കുറച്ച് ആത്മവിശ്വാസവും ഒടുങ്ങാത്ത പ്രത്യാശയുണ്ടെങ്കില്‍ ഉയരത്തില്‍ എത്താമെന്ന് തെളിയിക്കുന്നതാണ് അവന്റെ അനുഭവം. വീട്ടിലെ ചുറ്റുപാടുകള്‍ വളരെ പരിതാപകരമായിരുന്നു. നാലാം ക്ലാസ് മാത്രം പഠിച്ച ഈ ബാലന് ഒരു എഴുത്തുകാരനായിത്തീരാനായിരുന്നു മോഹം.രാത്രിയുടെ നിശബ്ദതയില്‍ എഴുത്തോടെഴുത്ത്. തകൃതിയായ പ്രയത്‌നം. രചനകള്‍
പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തു.
പക്ഷേഒന്നും വെളിച്ചം കണ്ടില്ല. അവസാനം ഒരുപ്രസിദ്ധീകരണത്തില്‍ തന്റെ കഥ പ്രത്യക്ഷപ്പെട്ടു. കൂടെ പത്രാധിപരുടെ പ്രശംസയും. ഇത് ഈ ബാലന്റെ ജീവിതത്തിലെ വഴിത്തിരിവായി.ഈ ബാലനാണ്പില്‍ക്കാലത്ത് പ്രസിദ്ധി നേടിയ നോവലിസ്റ്റ്ആയിത്തീര്‍ന്ന ചാള്‍സ് ഡിക്കന്‍സ്.(18121870). അദ്ദേഹത്തിന്റെ ജീവിതഗന്ധിയായ കൃതികള്‍ (ഒളിവര്‍ ട്വിസ്റ്റ്, ഡേവിഡ് കോപ്പര്‍ഫീല്‍ഡ്, ഗ്രേറ്റ് എക്‌സ്‌പെകറ്റേഷന്‍സ്, എ റ്റെയില്‍ ഓഫ് ടു സിറ്റീസ്, എ ക്രിസ്മസ് കരോള്‍ തുടങ്ങിയവ), ദരിദ്രരെക്കുറിച്ചും കുട്ടികളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുംപല പരിഷ്‌കാരങ്ങളും നടപ്പിലാക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക് പ്രേരകമായി. ലോകത്തിന് സംഭാവന നല്‍കിയ ഈ ആഗോള പ്രതിഭയുടെ ആശ്രയം കഠിനാധ്വാനവും ആത്മവിശ്വാസവും മാത്രമായിരുന്നു.
മുംബൈയില്‍ ജീവിച്ചിരുന്ന ഒരു തമിഴ് വനിതയാണ് സുധാചന്ദ്രന്‍.തന്റെ എട്ടാമത്തെ വയസ്സില്‍ നൃത്ത അരങ്ങേറ്റം, പന്ത്രണ്ടാമത്തെ വയസ്സില്‍ നൃത്ത പരിപാടികള്‍ എന്നിങ്ങനെ അടിക്കടി വളര്‍ന്ന് പ്രസിദ്ധി ആര്‍ജ്ജിച്ചു. ‘നാട്യതിലകം’ എന്ന ഉന്നത അംഗീകാരം ലഭിച്ചു. പതിനെട്ടാം വയസ്സില്‍ ഒരപകടത്തില്‍പ്പെട്ട് വലതുകാല്‍ പൂര്‍ണമായും നഷ്ടപ്പെട്ടു.എന്നാല്‍ തന്റെ വിധിയില്‍ വിലപിച്ചുകൊണ്ട് നാളുകള്‍ എണ്ണി തീര്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ജയ്പൂരില്‍ നിന്ന് കൃത്രിമ കാല്‍ പിടിപ്പിച്ചു. ‘ഈ കാലുകൊണ്ട് മരത്തില്‍ കയറാം, നീന്താം, നൃത്തം ചെയ്യാ’മെന്നു പറഞ്ഞ് ഡോക്ടര്‍ അവരെ പ്രോത്സാഹിപ്പിച്ചു. സുധാ ചന്ദ്രന്‍ വീണ്ടും നൃത്തം ചെയ്യും എന്ന വാശിയോടെ തന്റെ പരിശീലനം സുധ ആരംഭിച്ചു. ആദ്യമൊക്കെ നൃത്തം ചെയ്തപ്പോള്‍ മരക്കാല്‍ ഉറപ്പിച്ച ഭാഗത്തുനിന്നും രക്തമൊഴികി. പഴുത്തു. എന്തൊക്കെ കഷ്ടതകളും വേദനകളും അവര്‍ സഹിച്ചു.എന്നാല്‍ കഷ്ടാനുഭവങ്ങള്‍ അവള്‍ക്ക് കൂടുതല്‍ മനോധൈര്യം നല്‍കുകയാണ് ചെയ്തത്.മനസ്സ് ഒരിക്കലും തളരരുത് എന്ന ഡോക്ടറുടെ പ്രോത്സാഹനം അവര്‍ക്ക് കൂടുതല്‍ ഉള്‍ക്കരുത്ത് നല്‍കി. തുടര്‍ച്ചയായ പരിശീലനം,പരിശ്രമം എന്നിവയിലൂടെ എങ്ങനെയും തന്റെ ലക്ഷ്യം നിറവേറ്റണം എന്നുള്ള അദമ്യമായ ആഗ്രഹം മൂലം രണ്ടുവര്‍ഷംകൊണ്ട് അവര്‍ക്ക് നൃത്ത വേദികളില്‍ തിരിച്ചെത്താനും പൂര്‍വാധികം ശോഭിക്കാനും
കഴിഞ്ഞു. ദൃഢമായ മനോധൈര്യവും ആത്മവിശ്വാസവുമാണ് അവരെ വീണ്ടും പ്രശസ്തിയിലെത്തിക്കാന്‍സഹായകമാക്കിയ ഘടകങ്ങള്‍.
പരിമിതികളിലും പരാധീനതകളിലും വളരുമ്പോഴാണ് വിപരീത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകുന്നതെന്ന് എത്രയോ പ്രശസ്തരുടെ ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മണലാരണ്യത്തില്‍ വളരുന്ന വൃക്ഷങ്ങള്‍ക്ക് പ്രതിരോധശേഷി കൂടുതലാണ്. അവയുടെ വേരുകള്‍ വെള്ളത്തിനായി ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു. അങ്ങനെ അവ കരുത്തേകുകയും കൊടുങ്കാറ്റിനെ ചെറുക്കാന്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതവും ഇതുപോലെ ശക്തിയാര്‍ജിക്കാന്‍ ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍ത്തനമാ ണ് ഉണ്ടാകേണ്ടത്.











