വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 7 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

 അദ്ധ്യായം 7

അപരിചിതമായ അന്തരീക്ഷം. ബേവച്ചനും ഒരു അന്യനെപോലെ ആ വീട്ടിൽ ഒറ്റപ്പെട്ടു. ഒരു ദിവസം മുഴുവൻ കല്യാണത്തിരക്ക് ആയി വീട്ടിലും പള്ളിയിലും ഹാളിലും വീട്ടിൽ വന്നവർക്കുള്ള ഭക്ഷണം, ഒരുക്കം പ്രാർത്ഥന, ദക്ഷിണ കൊടുപ്പ്, പള്ളിയിലേക്കുള്ള യാത്ര എന്നു വേണ്ട പലവിധ ചടങ്ങുകൾ. ഫോട്ടോ എടുപ്പ്. പള്ളിയിൽ കെട്ടു ചടങ്ങുകൾ വേറെ,ഇങ്ങോട്ടുള്ള യാത്ര. കയറുന്നതിന്റെ മുന്നോടിയായി ഇവിടെയും ചടങ്ങുകൾ. എല്ലാറ്റിനും നിന്നുകൊടുത്തു എന്നു പറയുന്നതാവും ശരി. ചെറിയ ഒരു തലവേദനയും തോന്നുന്നു. കടുപ്പത്തിൽ ഒരു കാപ്പി കിട്ടിയാൽ നന്നായിരുന്നു. അവൻ സ്വീകരിച്ച് അകത്തു കയറ്റിയ അമ്മയോട് തന്നെ പറഞ്ഞു.
“അതിനെന്താ മോനെ ഇപ്പത്തരാല്ലോ “.
അവർ അകത്തേക്കു നോക്കി ആരെയോ വിളിച്ചു പറയുന്നതു കേട്ടു.പത്തുമിനിറ്റിനകം നല്ല ആവി പറക്കുന്ന കാപ്പിയുമായി അമ്മ മുന്നിൽ.കാപ്പി കയ്യിൽ തന്നിട്ട് അമ്മ മുറി കാണിച്ചു തന്നു.
 “കുടിച്ചിട്ട് അൽപനേരം കതകടച്ചു കിടന്നോളു.ക്ഷീണം കാണും. ഒന്നു വിശ്രമിക്കുമ്പോൾ മാറിക്കൊള്ളും “
            മുറി വിശാലമായത്. വിരിച്ചൊരുക്കിയ കട്ടിൽ. കാപ്പി കുടിച്ച്, കപ്പ് മേശപ്പുറത്തു വച്ച് സ്വല്പം വിശ്രമിക്കാം എന്ന ചിന്തയിൽ കിടന്നു. മയക്കം പിടിച്ചു തുടങ്ങിയതേ ഉള്ളു.
“ആഹാ ഇവിടെയായിരുന്നോ ഞാൻ എവിടൊക്കെ തപ്പി? അവിടെ കാണാൻ എത്ര പേരാ വന്നിരിക്കുന്നതെന്നറിയാമോ? വന്നേ.”
സോളിയുടെ അപ്പൻ. നിവൃത്തി യില്ലാതെ എഴുനേറ്റു പുറകേ ചെന്നു. പൂമുഖത്തു അപരിചിതർ. കണ്ടിട്ട് നല്ല നിലയിലും വിലയിലും ജീവിക്കുന്നവർ എന്നു തോന്നി.
പുറത്തു കിടക്കുന്ന കാറുകൾ അതു വിളിച്ചോതുകയും ചെയ്തു. എസ്റ്റേറ്റും കാര്യങ്ങളും ഉള്ളവർ ആയിരിക്കാം. ഒഴിഞ്ഞു കിടന്ന ഒരു സെറ്റിയിൽ ഇരുന്നു.അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ട്.കുറേ സമയം അങ്ങനെ കഴിഞ്ഞു. സന്ധ്യയോടടുക്കുന്നു. എങ്കിൽ ഇനിയും നമുക്ക് വല്ലതും കഴിക്കാം. കല്യാണത്തിന് സഹകരിക്കാൻ പറ്റാത്തവർക്കും പിന്നെ പ്രത്യേക സൽക്കാരക്കാർ ക്കും മാത്രമുള്ള ഡിന്നർ. എല്ലാ
വരും എഴുനേറ്റു, ബേവച്ചനും. ഒന്നു കുളിച്ച് ഫ്രഷ് ആകണം അല്ലെങ്കിൽ ആകെ ബുദ്ധി മുട്ടാകും.അകത്തേക്കു പോകാൻ തുനിഞ്ഞ ബേവച്ചനെ പപ്പാ വിളിച്ചു.
“മോൻ എങ്ങോട്ടാ?”
“ഞാൻ!. എനിക്കൊന്നു കുളിക്കണം ഒരു പാടു ടയേർഡ് ആണ് രാവിലെ മുതലുള്ള നിൽപ്പും കാര്യങ്ങളുമല്ലേ?”
“അതു ജീവിതത്തിൽ ഒന്നല്ലേ ഉള്ളൂ ഇന്നല്പം ടയർഡ്നെസ് ഒക്കെ ആകാം. അതിനെയ് ഒരു പോംവഴിയുണ്ടിവിടെ വാ അതുകഴിഞ്ഞ് കുളി ആകാം. അപ്പൊ ക്ഷീണം ഒക്കെ മാറും.”
സ്വന്തം വീട്ടിൽ പാത്തും പതുങ്ങിയും വല്ലപ്പോഴുമൊക്കെ കൂടാറുള്ളത് ഇവിടെ പരസ്യമായി. അതും തരാതരം. അവിടത്തെ കൊറിക്കാന്റെയും തൊടാനുള്ള അച്ചാറിന്റെയും സ്ഥാനത്തു നല്ല നല്ല നോൺവെജിറ്റേറിയൻ. അപ്പം, സ്ട്യൂ ആടിന്റെയാണെന്ന് തോന്നുന്നു.പോത്ത് ഉലർത്തിയത്, കോഴി വറത്തത്,മീൻ പീരയും ,കരിമീൻ പൊള്ളിച്ചതും ,കൊഞ്ചു പറ്റിച്ചതും , മീൻ പറ്റിച്ചതും കപ്പ വേവിച്ചതും ഇതൊന്നും പോരാഞ്ഞു മിക്സ്റും മറ്റു എരുവുള്ള ബേക്കറികൾ വേറെയും.അടുത്തേക്ക് ചെല്ലുമ്പോൾ പപ്പ പറഞ്ഞു
“മോൻ ഇപ്പോൾ അല്പം കൊറിച്ചോണ്ട് കുറേശ്ശേ കുടിച്ചിരുന്നാൽ മതി. ഭക്ഷണം നമുക്ക് എല്ലാർക്കും കൂടി ഒരുമിച്ചു അകത്തു കഴിക്കാം. ഇന്നത്തെ രാത്രി മോന് അറി യാല്ലോ ഇതു ഇനി ഒരിക്കലും ഉണ്ടാവില്ല. അതുകൊണ്ടു ലിമിറ്റ് വിട്ടു പോകരുത്.”
     പപ്പാ പറഞ്ഞത്,ആദ്യഭാഗം അക്ഷരം പ്രതി ശരിയാണ്.പക്ഷെ രണ്ടാം ഭാഗമോ?ഒരു പിതാവിന് അതും ഭാര്യയുടെ പിതാവിനു മകനോട് അതും മകളുടെ ഭർത്താവിനോട് പറയാവുന്ന കാര്യമാണോ അപ്പനോ ചേട്ടനോ ആയിരുന്നെങ്കിൽ മനസ്സിലാക്കാ മായിരുന്നു.അല്ലെങ്കിൽ കൂട്ടുകാർ.
അവൻ അത്ഭുതപ്പെട്ടു സ്തബ്ദനായി അൽപനേരം നിന്നു പോയി. പപ്പാ കയ്യിൽ പിടിച്ചു.
“വാ എന്താ ആലോചിച്ച് നിന്നുപോയത്. മോൻ ഒന്നും ആലോചിക്കേണ്ട നമ്മൾ പുരുഷന്മാർക്ക് പലതും അപ്പപ്പോൾ മനസ്സിലാകില്ല. എല്ലാം വഴിയേയെ മനസ്സിലാകൂ.”
അതാ വീണ്ടും! ബേവച്ചന് ഉണ്ടായിരുന്ന തലവേദന ഇരട്ടിച്ചതായി തോന്നി. പിന്നെ
എല്ലാം പപ്പയുടെ നിർദ്ദേശം അനുസരിച്ചായിരുന്നു, അതോ നിയന്ത്രണത്തിലോ?
                 ചിലർക്ക് ഭക്ഷണം കഴിക്കാൻ കൈ ശരിയാകുന്നില്ല, ചിലർക്ക് കാലുറയ്ക്കുന്നില്ല, മറ്റു ചിലർക്ക് കാർ ഡ്രൈവ് ചെയ്യാൻ പറ്റുന്നില്ല, അങ്ങനെയുള്ളവർ കാർ അവിടെയിട്ട് കൂട്ടുകാരോ ടൊത്താണ് പുറപ്പെട്ടത് അങ്ങനെ പല കാഴ്ചകളും ബേവച്ചൻ അവിടെ കണ്ടു. ചിലർ പറയുന്ന ബാറിലെ കാഴ്ചകൾ പോലെ. ബാറല്ല ഇവിടെ എന്നു മാത്രം. അതും തെറ്റി. പപ്പയുടെ ഒരു മുറി ബാർ തന്നെയായിരുന്നു, അതിന്റെ സൈഡ് ഡോറിൽ കൂടിയാണ് തീരുന്നതിനു തീരുന്നതിനു സാധനങ്ങൾ നിരന്നു കൊണ്ടിരുന്നത്. തീറ്റയ്ക്കുള്ളത് കലവറയിൽ നിന്നും .എല്ലാം പുറകേയാണ് മനസ്സിലായത്.വീട്ടുമുറ്റത്തെ പന്തലിൽ പലരും ഭക്ഷണം കഴിച്ച് എഴുന്നേൽക്കുന്നു അടുത്ത പന്തി ഇരിക്കുന്നു. സ്ത്രീകൾക്ക് മുന്നിൽ ബിയർ ഗ്ലാസ്സുകൾ ചിലരുടേത് വൈൻ ഗ്ലാസ്സുകളും. എല്ലാവരും പിരിഞ്ഞപ്പോൾ ഒരു നേരമായി.
           കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഡൈനിംഗ് ടേബിളിൽ നിറയെ ഭക്ഷണം നിരന്നിരുന്നു. അമ്മ ഇരിക്കാൻ പറഞ്ഞിടത്ത് അവൻ ഇരുന്നു. സോളിയും കുളിച്ചു പുതിയ വേഷത്തിൽ കടന്നു വന്ന് അവന്റെ അടുത്ത കസേരയിൽ ഉപവിഷ്ടയായി. ഇതുവരെ ബേവച്ചൻ ഇങ്ങനെ ഒരു
വേഷം കണ്ടിട്ടില്ല. മുണ്ട് ചട്ട,സാരി ബ്ലൗസ് , ചുരിദാർ അടുത്ത കാലത്ത് തുടക്കമിട്ടതാണ് .ഇതു എന്തു വേഷമാണ്, ആണുങ്ങൾ ഇടുന്ന വേഷം പോലെ. അയഞ്ഞ പാന്റ്, അയഞ്ഞ ഷർട്ടോ അതോ ബ്ലൗസോ?ഈ ഡ്രസ്സിനു എന്താണ് പേര്?എന്താണോ പപ്പാ പറഞ്ഞതു പോലെ എല്ലാം വഴിയേ മനസ്സിലാകും.
        ഭക്ഷണം പ്ലേറ്റിലേക്ക് എടുത്തു വെക്കുന്നതിന് അനുസരിച്ച് ബേവച്ചൻ കഴിച്ചു കൊണ്ടിരുന്നു.സോളിയും മേശക്കു ചുറ്റുമിരുന്ന പപ്പയും അമ്മയും ഉൾപ്പെടെ മറ്റുള്ളവരും. പെണ്ണു കാണാൻ വന്നപ്പോൾ
കണ്ട ആൾക്കാർ ആരൊക്കെ എന്ന് ഏകദേശരുപം ഉണ്ട്‌ ബാക്കിയുള്ളവർ ആരോ?
അപ്പോൾ പ്ലേറ്റിൽ ഭക്ഷണം വിളമ്പുന്നതോ? ഒരാണും ഒരു പെണ്ണും ഒരു പെൺകുട്ടിയും ഉണ്ട്‌. അവർ ആരാണോ എന്തോ? വഴിയേ അറിയാം.
          ആദ്യം വിളമ്പിയത് ഒരിക്കൽക്കൂടി മേശക്കു ചുറ്റും കൊണ്ടു നടന്ന് ചോദിക്കുന്നു. ഒരാൾ പറയുന്നു അതുകഴിച്ചാൽ പിന്നെ അടുത്തതിന് ഇടം കാണില്ല. അടുത്തത് എടുക്കു എന്ന്. അതു കഴിഞ്ഞപ്പോൾ അടുത്തത്. അങ്ങനെ തരാതരം
വിഭവങ്ങൾ പ്ലേറ്റിൽ എത്തി. ചിലതിനു പ്ലേറ്റ് മാറുകയും ചെയ്തു. അവസാനം വന്നത് മധുരമുള്ള ഒരുതരം വെണ്ണയ്ക്കു
സമാനം. ഹോ! എന്തൊരു ഭക്ഷണം. നാലഞ്ചു നേരത്തേക്കുള്ളത് ഒറ്റ നേരം കൊണ്ടു ഭക്ഷിക്കുക. എന്തായാലും എല്ലാം പുതുമ. പുതിയ അന്തരീക്ഷത്തിലെ പുതിയ രീതികൾ.
              എഴുനേറ്റു കൈ കഴുകി തിരിയുമ്പോൾ പുറകിൽ ചോദ്യം.
“എങ്ങനുണ്ട് ഞങ്ങളുടെ ഫൈവ് കോഴ്സ് ഡിന്നർ! ഇഷ്ടപ്പെട്ടോ?”
ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമായി എന്നു തല കുലുക്കി. അല്ലെങ്കിൽ വിശദീകരണങ്ങൾ കൊടുക്കേണ്ടി വരും.എന്തിനു വെറുതെ.
അൽപനേരം കൂടി അവരോടൊത്തു ഇരിക്കേണ്ടി വന്നത് ഒരു നേരം പോക്കായി ബേവച്ചന് തോന്നി. പാട്ടും ഡാൻസും ഓരോരുത്തർ മാറിമാറി.തന്നെ രസിപ്പിക്കാനും ഒപ്പം അവരവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും.എല്ലാവരും വിവാഹം ആഘോഷിക്കുകയാണ്.
പക്ഷെ താനോ കഴിച്ചതെല്ലാം പുതുമ നിറഞ്ഞ സാധനങ്ങൾ കുടിക്കാനുണ്ടായിരുന്നതുൾപ്പെടെ. എന്നിട്ടും മനസ്സിന്റെ ഒരു കോണിൽ ലിസായുടെ ഓർമ്മ.

തലക്ക് മത്തു പിടിച്ചപോലെ തോന്നി.

 (തുടരും .. ) 

About The Author

Leave a Reply

Your email address will not be published. Required fields are marked *