അദ്ധ്യായം 6
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു. ഭൂമിയിൽ ഇന്നാർക്ക് ഇന്നാരെന്ന് അവിടെത്തന്നെ എഴുതപ്പെട്ടിരിക്കുന്നു എന്നല്ലേ പ്രമാണം.വിധി,അത് ആർക്കാണ് തടുക്കാൻ ആവുക. എല്ലാം മുറപോലെ നടന്നു. പെണ്ണു കാണാലും പെൺവീട്ടുകാരുടെ വരവും, വിവാഹം ഉറപ്പിക്കലും നിശ്ചയവും,പിന്നെ ഡ്രസ്സ് എടുക്കലും എല്ലാം എല്ലാം.
ബേവച്ചന് എല്ലാം യാന്ത്രികം ആയിരുന്നു. ഓഫീസിൽ ആരെയും വിവാഹം ക്ഷണിച്ചില്ല. അവിടെ എല്ലാർക്കും അറിയാവുന്ന പരസ്യമായ ഒരു രഹസ്യം,ലിസായുമായി തനിക്കുള്ള ബന്ധം. ക്ഷണിച്ചു വരുത്തി അവർക്കു മുന്നിൽ ഒരു പാവയായി നിൽക്കുന്നതിനേ ക്കാൾ ഭേദമല്ലേ വിളിക്കാതിരിക്കുക! ചോദ്യശരങ്ങൾ കൊണ്ട് തന്റെ ഹൃദയം കീറിമുറിയുന്നതിൽ നല്ലത് അത് ഒഴിവാക്കുന്നതല്ലേ?അയല്പക്കമു റയിൽ ഗീത മാത്രമുണ്ട് ആ വലിയ കെട്ടിട സമുച്ചയങ്ങളിൽ നിന്ന്. അവൾക്കു മാത്രം എല്ലാം അറിയാം. അവൾ ലിസായുടെ വിശ്വസ്ഥ സ്നേഹിതയാണ്. ആരോടും ഒന്നും ചോദിക്കുകയും ഇല്ല,പറയുകയും ഇല്ല.
പള്ളിയിൽ വച്ചുതന്നെ സ്ത്രീകളുടെ ഇടയിൽ ചെറിയ തോതിൽ കുശുകുശുപ്പുയർന്നു. പെണ്ണിന്റെ നിൽപ്പും ഭാവവും ഒന്നും ആ നാട്ടുമ്പുറത്തുകാരുടെ രീതിക്ക് ഇണങ്ങിയതായി രുന്നില്ല.വില കൂടിയ ലോലമായ സാരി. അതു പോട്ടെന്നു വയ്ക്കാം ബ്ലൗസും ആ തുണിയുടെ തന്നെയാണെങ്കിലോ കയ്യിറക്കമാണെങ്കിൽ മുട്ടിനു
താഴെ. പുറകിൽ ഒരിഞ്ചുവീതി മാത്രം. മുടിക്കെട്ടാണ് കെങ്കേമം. ഒരു ചട്ടി കമഴ്ത്തി വച്ചതു പോലെ. മാല വാഴ്ത്തിയിടാൻ അച്ചൻ ബുദ്ധിമുട്ടുമായിരിക്കും.
നാത്തൂന്മാർ നാലും കൂടിനിന്ന് പെണ്ണിനെ നഖശിഖാന്തം വീക്ഷിച്ച് വിമർശിക്കുകയാണ്. പെണ്ണു കാണാൻ ചെല്ലാം എന്നു
അവരിൽ രണ്ടു പേർ ഇങ്ങോട്ടു പറഞ്ഞതാണ്. അതാണല്ലോ നാട്ടുനടപ്പ്. ബേവച്ചൻ പറഞ്ഞു വേണ്ട, ഞാൻ പ്രഭാകരനേം അവന്റെ ഭാര്യേം കൂട്ടിക്കൊള്ളാം. പക്ഷെ ഉമയമ്മ ഗീതയുടെ ആ ചാൻസ് തട്ടിയെടുത്തു.
“ഞാനീ വീടിനു പുറത്തു പോകാത്തവൾ എനിക്ക് നാടും നഗരവും ഒക്കെ കാണാൻ ഒരു അവസരം കിട്ടുന്നതു കളയണോ? ബേവച്ചന്റെ പെണ്ണിനെ ഞാൻ പോയി കാണാം.”
ആരും സമ്മതിച്ചിട്ടല്ല.എന്നിട്ടും അവൾ മുന്നിട്ട് ഇറങ്ങി. അങ്ങനെയാണ് ഉമയമ്മ എന്ന പ്രതിഭാസം. പിന്നെ ആർക്കും തടയാനായില്ല. ഇഷ്ടമില്ലാഞ്ഞിട്ടു കൂടി ഉമയമ്മയോടൊത്ത് മേരിമ്മയും കോരച്ചനും കൂടി, വകയിൽ ഒരു അപ്പാപ്പന്റെ മകന്റെ കാറിൽ യാത്ര, എണ്ണം അപ്പോൾ ആളുകൾ ആറ്. ആറും നൂറും വാഴുകേലെന്നു പഴമ്പുരാണം. സോജുമോനെയും കൂട്ടത്തിൽ ചേർത്തു,,അങ്ങനെ എണ്ണം തികച്ചാണ് അവർ പോയത്.തുണിയെടുക്കാനും അതെ അടവ്. പക്ഷെ അതിനു ഗീതയെയും കൂട്ടാൻ ബേവച്ചന് കഴിഞ്ഞു. പ്രഭാകരൻ വേണമെന്നില്ലല്ലോ. ജവുളിക്കടയിൽ സ്ത്രീകൾ അല്ലെ വേണ്ടത്? അവരും വന്നു അത്ര തന്നെ ആൾക്കാർ. തിരച്ചിലിനിടയിൽ ബേവച്ചൻ നിന്നു കുഴങ്ങി. തന്റെ ഇഷ്ടം ഒന്നുമല്ല ശ്രദ്ധിക്കുന്നത്. കാണാൻ ചെന്ന പരിചയം കൊണ്ടാവാം ഉമയമ്മ നന്നായി ഷൈൻ ചെയ്തു കൊണ്ടിരുന്നു. ഗീതയോ മേരിമ്മയോ പങ്കാളിത്തം മാത്രം കാട്ടി നിന്ന് മന്ത്രകോടി എടുത്തു, അതിനുള്ള മറ്റുകാര്യങ്ങളും. ബ്ലൗസ്സിനുള്ള തുണി മുറിച്ചു പെൺ കൂട്ടരെ ഏൽപ്പിച്ചു.പതിവു തയ്യൽക്കാർ ആകുമ്പോൾ ഭംഗിയായി തയ്ക്കുമല്ലോ. കല്യാണദിവസം ബ്ലൗസ് പള്ളിയിൽ എത്തിച്ചാൽ മതിയല്ലോ .
സ്വർണക്കടയിൽ തിരക്കായിരുന്നു.ചെറുക്കനും പെണ്ണിനും മോതിരവും കെട്ടിനുള്ള മിന്നും താലിമാലയും വാങ്ങി.അപ്പോഴേക്കും ഊണിന് നേരമായി.അവരോടൊപ്പം ഊണും കഴിച്ച് അവർ മാറിയപ്പോൾ മറ്റൊരു കടയിലേക്ക് കയറി എല്ലാവർക്കും ഡ്രസ്സ് എടുക്കണം വീട്ടിലെ ഓരോരുത്തർക്കും കുടുംബത്തിലെ എല്ലാർക്കും, കെട്ടിച്ചു വിട്ടവർക്കും കെട്ടിക്കൊണ്ടു പോയവർക്കും കെട്ടിവന്നവർക്കും മക്കൾക്കും. അവിടെയും ഉമയമ്മ മുൻപിൽ നിന്നു അവൾക്കായി അവൾ തന്നെ വിലകൂടിയ ഒരു സാരി കണ്ടെത്തിക്കഴിഞ്ഞിരുന്നു. ആരോടും ചോദിക്കാതെ ആരും പറയാതെ.എന്തോ ഒരു അവകാശം പോലെ.പിന്നെ ഗീതയെ, പ്രഭാകരനെ, അച്ഛനെ അമ്മയെ അങ്ങനെ ആ വീട്ടിലെയും കുടുംബമടച്ചു്.
ആരെ ഒഴിവാക്കും?
എല്ലാറ്റിനും കോരച്ചൻ ഒരു മടിയും കാണിച്ചില്ല,സ്ത്രീധനമായി നല്ല ഒരു തുക ലഭിച്ചിട്ടുണ്ട്. അതു പക്ഷെ കോരച്ചൻ തൊട്ടില്ല.അതു തൊടുന്നത് ശരിയല്ലല്ലോ അല്ലാതെ തന്നെ ആവശ്യത്തിനു കരുതിയിരുന്നു. ബേവച്ചൻ മാസാമാസം ഒരു തുക ചെലവിനെന്നു പറഞ്ഞ് ഏല്പിച്ചിരുന്നു. ചാക്കോച്ചനും ഒരു തുക മകനെ ഏല്പിച്ചു. കൃഷിയും കാര്യങ്ങളും ഉള്ളതല്ലേ.കയ്യിൽ അല്പസ്വല്പം ഇല്ലാതെയിരിക്കുമോ? മൂത്തമകന്റെ കടയിലെ സാധനങ്ങൾ വീട്ടിൽ എത്തും. പിന്നെ ഇളയവന്റെ സ്ത്രീധനം അല്ലെങ്കിൽ അതിന്റെ പങ്കു കൂടി എന്തിന് എടുക്കണം?അതവളുടെ വീട്ടുകാർ പിതൃ സ്വത്തായി പ്രീയ മകൾക്ക് നൽകുന്നതല്ലേ?
കല്യാണത്തിന്റെ ചടങ്ങുകൾ അതിന്റെ മുറയ്ക്കു നടന്നു. ബേവച്ചൻ ഒരു യന്ത്രം കണക്ക് എല്ലാറ്റിനും നിന്നു കൊടുത്തു. പൗഡറും സ്‌നോയും കൊണ്ട് കട്ട പിടിച്ച പിൻകഴുത്തിൽ തലേ രാത്രിയിൽ മന്ത്രകോടിയിൽ നിന്ന് എടുത്ത എഴു നൂലുകൾ ചേർത്തു പിരിച്ച ചരടിൽ മിന്നു കോർത്ത് അച്ചൻ രണ്ടറ്റവും ഏൽപ്പിച്ചത്
കെട്ടുമ്പോൾ അവന്റെ കൈകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞു. ഒരു നിമിഷം അവന്റെ മനസ്സു ലിസാ എന്ന പെൺകുട്ടിയുടെ പിൻ കഴുത്തിൽ ഉടക്കി നിന്നു.
ആ സമയത്ത് ഗീതയുടെ ചിന്തകളും മറ്റെങ്ങുമായിരുന്നില്ല. അവളുടെ കണ്ണുകളിൽ നിന്നും അവൾ അറിയാതെ രണ്ടു തുള്ളി
കണ്ണുനീർ ആ കൂട്ടുകാരിക്കു വേണ്ടി അടർന്നു വീണു.’പുതിയ കുടുംബത്തിൻ ‘എന്നു തുടങ്ങുന്ന ഗാനം വളരെ ഭംഗിയായി പാട്ടുകാർ ആലപിക്കുന്നു..
കെട്ടിന് എത്ര മിനിറ്റെടുക്കും
എന്ന് വാച്ചുനോക്കുന്ന കുസൃതി ചെറുപ്പക്കാർ..ധരിച്ചിരിക്കുന്ന വേഷത്തിന്റെ മേനി പറയുന്ന പെൺകുട്ടികൾ.വിവാഹത്തിന് എത്താത്തവരെക്കുറിച്ച് കുറ്റം പറയുന്ന സ്ത്രീകൾ.എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞ ഒരു നല്ല വിവാഹാഘോഷം .
വിവാഹശേഷമുള്ള വധൂവരന്മാരുടെ ആദ്യനേർച്ച, പെണ്ണിന്റെ വശത്തുനിന്ന് ചെറുക്കന്റെ നേർച്ചക്കുള്ള പണം കൊടുക്കണം.അതു പോലെ ചെറുക്കന്റെ വശത്തുനിന്നും പെണ്ണിനുള്ളതും.അടുത്തത് രജിസ്റ്ററിൽ ഒപ്പുവയ്ക്കൽ . രണ്ടു ഭാഗത്തു നിന്നും ഈരണ്ടു സാക്ഷികളും.ഇടവകയുടെ വകയായി ഒരു വേദപുസ്തകം പുതിയ കുടുംബത്തിന് സമ്മാനം. പിന്നെയാണ് മദ്ബഹായ്ക്കു മുന്നിൽ നിന്നുള്ള ഫോട്ടോ യെടുപ്പും മറ്റുകാര്യങ്ങളും. പള്ളിയുടെ പ്രധാന കവാടത്തിനു മുന്നിൽ കൊച്ചുകുട്ടികളെ മാലയും ബോക്കെയും പിടിപ്പിച്ച് കാത്തുനിൽക്കുന്ന ഒരു കൂട്ടർ. ചെറുക്കനും പെണ്ണും ഇറങ്ങി വരുന്നത് കാണാൻ കാത്തു നിൽക്കുന്ന മറ്റുള്ളവർ. അവരോടൊപ്പം ഫോട്ടോ എടുത്തെടുത്തു പുറകോട്ടു നടന്നു വരുന്ന ഫോട്ടോ ഗ്രാഫർമാർ. ആൾക്കാരും അതനുസരിച്ച് പുറകോട്ടു പുറകോട്ട്. വെളിയിൽ ഇരുഭാഗത്തു നിന്നും ചെറുക്കനും പെണ്ണിനും മാലയിടീക്കാനും ബാെക്കെ കൊടുക്കാനും റിഹേഴ്സൽ നടത്തുന്ന മാതാപിതാക്കളും ചെറുപ്പക്കാരും. അങ്ങനെ ആകെ ബഹളം നിറഞ്ഞ അന്തരീക്ഷം.
പെണ്ണിനെ മന്ത്രകോടി ഉടുപ്പിക്കാൻ ഇരുഭാഗത്തുനിന്നും ചെറുപ്പക്കാരായ സ്ത്രീകൾ ഒരു ഭാഗത്തേക്ക് മാറുമ്പോൾ ആളുകൾ സദ്യക്കുള്ള ഹാളിലേക്ക് ഓട്ടം കഴിഞ്ഞിരിക്കും അവിടെയാണ് കാണേണ്ട പുകിൽ. ഷട്ടർ ഉയർത്താൻ നോക്കി നിൽക്കുന്നിടത്തെ ബഹളം ആരാലും നിയന്ത്രിക്കാൻ സാധിക്കില്ല. സീറ്റ് ഉറപ്പിച്ചിട്ടേ കൈ കഴുകാൻ പോലും പോകയുള്ളു ആൾക്കാർ.ചുരുക്കം ചിലർ സ്വ ന്തം സീറ്റും ഒപ്പമുള്ളവർക്കും ബുക്ക് ചെയ്തു ബാഗൊ കുടയോ കർച്ചിഫോ വച്ച് കാത്തിരിക്കും. ചിലർ സമാധാനമായി ഒരു വശത്തേക്ക് മാറിനിൽക്കും.സ്റ്റേജ് കാണാൻ പാകത്തിൽ. അവിടെ യാണല്ലോ ആദ്യചടങ്ങുകൾ.
ബഹുജനം പലവിധം എന്നാണല്ലോ.
ചെറുക്കനും പെണ്ണും സ്റ്റേജിൽ കയറി. ഒപ്പം കെട്ടിച്ച പുരോഹിതൻ,ക്ഷണിക്കപ്പെട്ടു വന്ന പുരോഹിതർ,രണ്ടുവശത്തു മുള്ള കുടുംബാംഗങ്ങൾ.ഒരച്ചൻ മൈക്ക് കയ്യിലെടുത്ത് ഓരോന്നും അതാതിന്റെ അടുക്കിന് പറഞ്ഞു കൊടുത്ത് ഓരോ കാര്യങ്ങൾ ചെയ്യിച്ചു.ഒരേ പാത്രത്തിൽ നിന്നു ജ്യൂസ് കുടിക്കലും വിളക്ക് കൊളുത്തലും കേക്ക് മുറിക്കലും
എന്നു വേണ്ട മേടയിൽ ഈ വക കാര്യങ്ങൾ നടക്കുമ്പോൾ ഹാളിൽ സദ്യ തകർക്കുക യായിരുന്നു.അത്യാവശ്യം ചിലർ സമ്മാനപ്പൊതികളുമായി ഫോട്ടോയ്ക്കു പോസ് ചെയ്തു. ചെറുക്കനും പെണ്ണും ഇറങ്ങി ഹാളിൽ ഒരു ചുറ്റു നടന്നു പരിചയപ്പെടൽ, പെടുത്തൽ ചടങ്ങു നടത്തി. ആ തിരക്കു പിടിച്ച അവസരത്തിൽ കാണുന്നവരെ ആരോർമ്മിക്കാൻ
ആരറിയാൻ.അപ്പോഴേക്കും ആദ്യമിരുന്നവർ ഊണ് കഴിച്ചു എഴുനേറ്റുകഴിഞ്ഞു. അടുത്ത തവണക്കായി വീണ്ടും ഉന്തും തള്ളും. ചെറുക്കനും പെണ്ണും ഊണ് കഴിച്ചോ കഴിക്കാതെയോ അടുത്ത ഫോട്ടോയെടുപ്പിന് സ്റ്റേജിലേക്ക്.ഊണ് കഴിച്ചവർ
കുറേപ്പേർ ആ പുറകേ സ്റ്റേജിലേക്ക്.വിവാഹദിവസം ചെറുക്കനും പെണ്ണും ഇരു വീട്ടുകാരും ഭക്ഷണം കഴിക്കുന്നത് ഒരു നേരത്താവും.
പിന്നെ കെട്ടിക്കയറ്റത്തിന് വീട്ടിലേക്ക് അങ്ങനെ തിരക്കു നിറഞ്ഞ ദിവസം. വീട്ടിൽ നെല്ലും നീരും വെപ്പും. വിളക്ക് പിടിപ്പിച്ച് അകത്തു പ്രവേശനവും എല്ലാ മുറികളും കയറിയിറങ്ങി പ്രാർത്ഥനാ മുറിയിൽ വിളക്ക് വച്ച് എല്ലാരും ചേർന്നു പ്രാർത്ഥനയും കഴിഞ്ഞാണ് പാലുകൊടുത്തതും കെട്ടിച്ചു കയറ്റാൻ വന്നവർക്ക് ജ്യൂസും മധുരപലഹാരങ്ങളും വിളമ്പിയതും. പതിവിനു വിപരീത മായി ഒരു കാര്യം മാത്രം അവിടെ നടന്നു. പെണ്ണും ചെറുക്കനും ആദ്യരാത്രി പെണ്ണിന്റെ വീട്ടിൽ ആകട്ടെ എന്ന തീരുമാനം. ബേവച്ചന് ഒരു മാറ്റം അനിവാര്യമാണെന്നു വീട്ടു കാർക്കു തോന്നിയിരിക്കാം. അതോ പുതിയ പെണ്ണിന് ഒറ്റപ്പെടലിന്റെ അനുഭവം ആ വീട്ടിൽ ഉണ്ടാകാതിരിക്കാനോ ? അവളുടെ വീട്ടുകാരുടെ കാഴ്ചപ്പാടൊ? എന്തായാലും!