വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 8 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 8

മറ്റൊരു മുറിയിൽ ആണ് മണിയറ ഒരുക്കിയിരുന്നത്. രണ്ടാം നിലയിൽ. നല്ല വിശാലമായ മുറി.ഒറ്റ മകൾ മാത്രമുള്ള ഒരു വീട്ടിൽ എന്തിനിത്ര മുറികൾ? അപ്പനും അമ്മയ്ക്കും ഒരു മുറി,മകൾക്ക് ഒന്ന്
പിന്നെ ഒന്നോ രണ്ടോ മുറികൾ കൂടുതൽ ഉണ്ടായാൽ പോരെ? ആരെങ്കിലും വിരുന്നുകാർക്കു വേണ്ടി, ജോലിക്കാർക്ക് വേണ്ടി. ബേവച്ചൻ പുതിയ മുറി ശ്രദ്ധിച്ചു. മുറിയിൽ എല്ലാവിധ സംവിധാനങ്ങളും.ഇന്റർ കോം ടെലഫോൺ മുതൽ റ്റി വി വരെ. സാധാരണ ഇന്റർകോം കാണാറുള്ളത് ഓഫീസുകളിലൊ ക്കെയാണ് . ഇവിടെന്തിന്?
നിലത്തു വിരിച്ചിരിക്കുന്ന പരവതാനിക്കു പോലും നല്ല ഭംഗി. അപ്പോൾ കിടക്കേണ്ട കട്ടിലും അതിലെ വിരികളും എത്ര ഭംഗി യായിരിക്കും? അതു നിറയെ മുല്ലപ്പൂക്കൾ കോർത്തമാലകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
വിലകൂടിയ വിരിയും ഒരേ പോലെയുള്ള തലയിണകളും. മേൽക്കട്ടിയിൽ നിന്ന് മുല്ലപ്പൂമാലകൾ തോരണം തൂക്കിയിരിക്കുന്നു. വിരിയിലും വിതറിയിട്ടുണ്ട്.മേശപ്പുറത്ത് ഫ്ളവർ വേസിൽ വിവിധയിനം പൂക്കളുടെ തണ്ടുകൾ ഇലകൾ സഹിതം നിറച്ചിരിക്കുന്നു.ആകെ ഒരു പൂന്തോട്ടത്തിലേക്കു കയറിയ പ്രതീതി.
            ബേവച്ചന് എന്തൊ ആ കട്ടിലിൽ ഇരിക്കാൻ തോന്നിയില്ല. എല്ലാവർക്കും ആദ്യരാത്രി ഒരിക്കലും മറക്കാനാവാത്ത രാത്രിയാവും. പക്ഷെ അവനൊ ! താൻ പാതി വഴിയിലുപേക്ഷിച്ച തന്റെ പ്രേമഭാജനത്തെക്കുറിച്ചു ള്ള ചിന്ത മാത്രമായിരുന്നു അവന്റെ മനസ്സിൽ. ബേവച്ചൻ മാറ്റിയിട്ടിരുന്ന ഒരു സോഫാ കം ബെഡ്ഡിൽ ചാരിയിരുന്ന് ചിന്തയിലാണ്ടു. അവന്റെ പ്രക്ഷുബ്ദമായ മനസ്സ് ലിസായെ ത്തേടി അലഞ്ഞു . പകൽ മുഴുവൻ കല്യാണത്തിരക്കിന്റെ രണ്ടു വീട്ടിലേയും ചടങ്ങുകളുടെ പിന്നുള്ള സൽക്കാരങ്ങളുടെ ബുദ്ധിമുട്ടുകൾ. എല്ലാറ്റിനും യാന്ത്രികമായി നിന്നു കൊടുത്തു എന്നു മാത്രം . പക്ഷെ ഇപ്പോൾ മനസ്സു പിടിച്ചിടത്തൊന്നും നിൽക്കുന്നില്ല. അതു കടിഞ്ഞാണില്ലാത്ത പടക്കുതിരയെപ്പോലെ പായുകയാണ്.
          പക്ഷെ ഒരു പെണ്ണിന്റെ മനസ്സൊ? അവൾ പലതും പ്രതീക്ഷിക്കുന്ന ഒരു ദിനമാണത് ആദ്യരാത്രി. പ്രിയതമന്റെ വിരി മാറിൽ തല ചായ്ച്ച് ആ ഹൃദയമിടിപ്പുകളോട് ചേർന്നു നിൽക്കാൻ തുടി കൊട്ടുന്ന മനസ്സുള്ള ഏതു പെണ്ണാണാഗ്രഹി ക്കാത്തത്? പക്ഷെ ആദ്യരാവിന്റെ പാതി കഴിഞ്ഞിട്ടും വികാരരഹിത നായി ചടഞ്ഞു കൂടിയിരിക്കുന്ന മണവാളനെക്കണ്ടപ്പോൾ അവൾ തെല്ലു ക്ഷുഭിതയായി . രണ്ടും കൽപ്പിച്ചവൾ വിളിച്ചു.
“ബേബി !”
ബേവച്ചൻ ഞെട്ടിയുണർന്നു. എന്ത് ബേബിയോ?ആരും തന്നെ അങ്ങനെ പേര് ചൊല്ലി വിളിക്കാറില്ല.ഓഫീസിൽ ഓഫീസർ ചിലപ്പോൾ. അല്ലെങ്കിൽ ഒരു പരിചയവും ഇല്ലാത്തവർ മിസ്റ്റർ ബേബി എന്നൊ ബേബി സാറെന്നോ.
മാത്രമോ വിവാഹരാത്രിയിൽ വ്രീളാവിവശയായി വാതിൽ പ്പടിയിൽ കൈയിൽ പാലുമായി വന്നു ലജ്ജാവതിയായി നിൽക്കേണ്ടവൾ, കൈ പിടിച്ച് കൊണ്ടുവന്നിരുത്തുമ്പോൾ മാത്രം കൂടെയിരിക്കേണ്ടവൾ, അവൾ തന്റെ മുന്നിൽ വന്നു നിന്ന് ഒട്ടും കൂസാതെ തന്നെ പേരു ചൊല്ലി വിളിക്കുന്നു ? അമ്മ ഒരിക്കലും ചാക്കോച്ചാ എന്ന് പേരു ചൊല്ലി വിളിച്ചിട്ടില്ല. എന്തിന് ?ചേട്ടത്തി ഒരിക്കൽപ്പോലും കോരച്ചായനെ പേരു ചൊല്ലി വിളിക്കുന്നതു കേട്ടിട്ടില്ല. ഗീത എന്താണാവോ പ്രഭാകരനെ വിളിക്കാറ്? ചേട്ടാ എന്നൊ അതോ പ്രഭേ എന്നൊ? ലിസാ ആയിരുന്നെങ്കിൽ തന്നെ എന്തു വിളിക്കുമായിരുന്നു ? താനെത്ര നിർബന്ധിച്ചിട്ടാണ് അവൾ തന്നെ ഒരിക്കലൊ മറ്റൊ പേരു ചൊല്ലി വിളിച്ചത്? “ബേബിയെന്താ സ്വപ്നം കാണുകയാണൊ? “
         സോളി ഭർത്താവിന്റെ തോളിൽ രണ്ടു കൈകളും ചേർത്ത് കുലുക്കി.പിന്നെ ആ കൈകൾ അവന്റ മുഖം ചേർത്ത് സ്വന്തം മാറോടടുപ്പിച്ചു.ഇവൾ എപ്പോഴെത്തി? ഡിന്നറിനു മുൻപ് ഒരിക്കൽ കുളിച്ച് ഡ്രസ്സു മാറിയതല്ലേ? ഇപ്പോഴൊ ? ഇതെന്തു ഡ്രസ്സ്‌? നൈറ്റി എന്നു പറയാനാവില്ല, വളരെ നേർമ്മയായ ഒരു ഡ്രസ്സ് കൈയിൽ പാലുമില്ല, മേശപ്പുറത്ത് പഴങ്ങളുമില്ല. ഒരു ജഗ്ഗ് വെള്ളം മാത്രം.
  “ബേബിക്ക് എന്താ ഒരരുതായ്കപോലെ?”
” ഒന്നുമില്ല………………... സോളി!”
പേരു പറയാൻ എന്തൊ ഒരു വിമ്മിഷ്ടം. അതു ലിസാ എന്നായിരുന്നെങ്കിൽ !
സോളി വീണ്ടും ആ മുഖമുയർത്തി സ്വന്തം മുഖത്തോടു ചേർക്കാൻ ശ്രമിച്ചു. ആ ചുണ്ടുകൾ എന്തിനോ ദാഹിച്ചു .ആ ഹൃദയം എന്തിനൊക്കെയോ പിടഞ്ഞു.
ബേവച്ചൻ അല്പം മുഖം തിരിച്ചു പോയി.
” രാവിലെ മുതലുള്ള ചടങ്ങുകളും യാത്ര ചെയ്തതിന്റെ ക്ഷീണവും പിന്നെ ഇവിടത്തെ സൽക്കാരവും രാത്രിയിലെ ഹെവി ഫുഡും എല്ലാമായിരിക്കും. കുറച്ചൊന്നുറങ്ങിയാൽ മാറിക്കൊള്ളും”
‌ താൽക്കാലികമായ ഒരു രക്ഷപെടൽ.അവൻ അവിടെത്തന്നെ ഒരു കുഷ്യൻ ശരിയാക്കി തലക്കൽ വച്ച് തിരിഞ്ഞു കിടന്നു.സോളിക്ക് അത്ഭുതവും അതിലേറെ വൈമനസ്യവും തോന്നി. മിന്നു ചാർത്തിയ ആൾ ഇങ്ങനെ ആദ്യരാത്രിയിൽ വിമുഖത കാട്ടാമോ?എല്ലാവർക്കും ധൃതി യാണെന്നാണ് കേട്ടുകേൾവി. ഇതോ?ഇതെന്താണിങ്ങനെ? ചെയ്തത് ഒട്ടും ശരിയായില്ല എന്നതിന് ഒരു താക്കീതെന്നോണം,മുന്നറിയിപ്പെന്നോണം സോളി അമർത്തി ഒരു മൂളൽ കൊണ്ട് തന്റെ വിദ്വേഷം വ്യക്തമാക്കി മനസ്സില്ലാമനസ്സോടെ സ്വന്തം ആദ്യരാത്രിക്കു വേണ്ടി വിരിച്ചൊരുക്കിയിട്ട കട്ടിലിനരികിലേക്കു നീങ്ങി.

About The Author

Leave a Reply

Your email address will not be published. Required fields are marked *