സൗഹൃദത്തിന്റെ പരപ്പിനെ അനുഭവ തീക്ഷ്ണതകൊണ്ട് വിശാലമാക്കാൻ ഉതകുന്നതാണു് യാത്രകൾ. പെരിന്തൽമണ്ണയിൽനിന്നും 12 കി.മീറ്റർ അകലത്തിൽ , സമുദ്രനിരപ്പിൽനിന്നും 524 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥലമാണ് മലബാറിലെ ഊട്ടി എന്ന് അറിയപ്പെടുന്ന കൊടികുത്തിമല. മഞ്ചേരി ബോയ്സ് സ്കൂളിലെ സഹപ്രവർത്തകരായ കാളിദാസൻ, മിഥുൻ, യഹ് യ തുടങ്ങിയവരോടൊത്തുള്ള യാത്ര വേറിട്ട അനുഭവമായി.

പുത്തൻ വഴികളോടും സാഹസികതകളോടും താൽപ്പര്യമുള്ള മിഥുൻ ആയിരുന്നു വഴികാട്ടി. “പുതുവഴിയേ പോകുന്നാകിൽ പലതുണ്ടേ വിഷമങ്ങൾ ” എന്ന കവിവചനം യാഥാർത്ഥ്യമാകുന്ന യാത്ര കൂടിയായി ഇത്. ട്രെക്കിങ്ങിന്റെ ചടുലതയും വന്യതയും നേരിട്ടറിഞ്ഞു. ആദ്യം തന്നെ റോഡുമാർഗം കുന്നിലേക്കില്ല എന്ന് സംഘം ഐകകണ്ഠേന തീരുമാനമെടുത്തിരുന്നു. കുറ്റിക്കാടും പുൽമേടും വഴി കയറ്റം തുടങ്ങി.അധികം വൈകാതെ വഴിതെറ്റി. പാറപ്പുറം വഴി കുത്തനെയുള്ള കയറ്റം റിസ്കെടുത്ത് കയറി മുകളിലെത്തിയപ്പോഴാണ് അറിയുന്നത് ഞങ്ങൾ പ്രധാന വ്യൂ പോയിൻറിന്റെ തൊട്ടടുത്ത മലയുടെ മുകളിലാണ് എത്തിയത് എന്ന്. താഴേക്കിറങ്ങി വീണ്ടും കയറാം എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ അതിനെ മറ്റുള്ളവരെല്ലാം എതിർത്തു. കുന്നിൻ മുകളിൽനിന്നും തൊട്ടു താഴെയുള്ള കുത്തനെയുള്ള ഇറക്കം മുള്ളുവള്ളികൾക്കിടയിലൂടെ നൂഴ്ന്ന് കടന്നും കുത്തിപ്പിടിക്കാൻ ഉണങ്ങിയ മുളങ്കമ്പുകൾ ഒടിച്ചെടുത്തും യാത്ര തുടർന്നു. കാട്ടുവഴിയിലൂടെ എങ്ങനെയൊക്കെയോ ബ്രിട്ടീഷുകാർ കൊടികുത്തിയ മലയിലെ പള്ളയിലെത്തി.പാറയും മുൾവള്ളികളും കുറ്റിക്കാടുകളും നിറഞ്ഞതാണ് മുൻമലയെങ്കിൽ ഈ മല ഒരാൾക്കധികം ഉയരത്തിലുള്ള ഓലപ്പുല്ലുകൾ നിറഞ്ഞതായിരുന്നു. ചെങ്ങണ എന്ന് മലപ്പുറത്ത് അറിയപ്പെടുന്ന ഈ പുല്ല് വാറ്റിയാണ് പുൽത്തൈലം ഉണ്ടാക്കുന്നത്. ഇതുപയോഗിച്ച് ഞങ്ങൾ ചെറുപ്പത്തിൽ നൂറ്റാങ്കോൽ കളിച്ചിരുന്നു എന്ന് കൂട്ടത്തിൽ കാരണവരായ കാളിദാസൻ മാസ്റ്റർ പറഞ്ഞു. ഫോട്ടോഗ്രാഫറായ യഹ് യ പ്രകൃതിഭംഗിയും ഞങ്ങളെയും പകർത്താനായി ക്ലിക്കിക്കൊണ്ടിരുന്നു.

വില്ലനും നായകനും തമ്മിലുള്ള നിരവധി സംഘട്ടന രംഗങ്ങൾ ഇത്തരം പുൽമേടുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഉച്ചക്ക് 12 മണിക്കാണ് മലകയറ്റം തുടങ്ങിയത് എന്നതിനാൽ ദാഹവും പശിയും തീർക്കാനായി കൊണ്ടുവന്ന വെള്ളവും ബിസ്കറ്റും തീർക്കുന്ന പണിയെ വിശ്രമമെടുക്കുന്ന സമയം എന്ന് വിളിക്കാം. മുമ്പേഗമിക്കുന്ന ഷറഫലിതന്റെ, പിമ്പേ ഗമിക്കുന്നവരായി കുറേനേരം ഞങ്ങൾ. പുല്ലിന്റെ ഉയരം കൊണ്ടും കുത്തനെയുള്ള കയറ്റത്തിനാലും അഞ്ചു മീറ്ററിനപ്പുറത്തുള്ളവരെ കാണാൻ കഴിഞ്ഞിരുന്നില്ല. കൂവൽ മാത്രമായിരുന്നു ഞാനിവിടെ ഉണ്ടെന്നതിന്റെ തെളിവ് കുറേ നേരം. വ്യൂപോയിന്റിൽ സ്ഥാപിച്ചിട്ടുള്ള രണ്ടുനിലയിലുള്ള ഷെഡ് ലക്ഷ്യം വെച്ചാണ് ചവിട്ടുവഴി ( ചൗട്ടജ്ജ് -മലപ്പുറം ഭാഷ) യിലൂടെയുള്ള കയറ്റം. അങ്ങനെ ഏകദേശം ഒരു മണിയോടെ മുകളിലെത്തി. മുക്കാൽ മണിക്കൂർ അവിടെ ചെലവഴിച്ചു. ഫോട്ടോ പിടുത്തവും കാറ്റുകൊള്ളലും സൊറ പറയലുമായി മുക്കാൽ മണിക്കൂർ പോയതറിഞ്ഞില്ല. ചിരട്ട കമിഴ്ത്തി വെച്ചപോലെ കാണുന്ന കുഞ്ഞൻകുന്നുകൾ, കുന്തിപ്പുഴയുടെ വിദൂരദൃശ്യം, അറ്റമില്ലാത്ത പച്ചപ്പിന്റെ അപാരത ഇത്തരം മനംമയക്കുന്ന കാഴ്ച്ചകളെ ഭംഗിക്കുമാറ് മലതുരക്കുന്ന ക്വാറികളും പ്ലാസ്റ്റിക് മാലിന്യങ്ങളും . ഭംഗികേടുകളുരുവം കൊള്ളുന്നതിന് മുമ്പാ കുമല്ലോ സായിപ്പ് ഇവിടങ്ങളിൽ ആകൃഷ്ടരായി കൊടികുത്തിയിട്ടുണ്ടാവുക. ഒരു കൊടിയുണ്ടെങ്കിൽ നമുക്കും കുത്താമായിരുന്നു എന്നൊരാൾ അഭിപ്രായപ്പെട്ടു. നാട്ടിൽ തന്നെ കൊടികളുടെ ആധിക്യത്തിന്റെ ശല്യമാ, എന്നിട്ടാ ഇനിയിവിടെയും കൊടികുത്തി നശിപ്പിക്കുന്നത് എന്ന് പറഞ്ഞ് എല്ലാവരുംകൂടി പരിഹസിച്ചു.

വിശ്രമശേഷം തിരിച്ചിറങ്ങാൻ തുടങ്ങി. കയറിയവഴിയെ ഇറങ്ങണ്ട ,പുതിയവഴിയേ പോകാം എന്ന് തീരുമാനിച്ചു. കയറ്റംപോലെതന്നെ ഇറക്കവും തീവ്രമായിരുന്നു. വഴിതെറ്റിപ്പോയ അവസരം നിരവധി. വല്ലഭനു പുല്ലുമായുധം എന്ന ചൊല്ല് അനേകം തവണ യാഥാർത്ഥ്യമായി.കാൽ വഴുതാതിരിക്കാൻ പുല്ലുതന്നെ ശരണം .കാലിന്റെ മസിൽ ഇറക്കത്തിന്റെ കാഠിന്യത്താൽ വേദനിച്ചുകൊണ്ടേയിരുന്നു. ചിലരുടെ ചെരിപ്പു പണിമുടക്കി.പാറപ്പുറങ്ങളിൽ ഇരുന്ന് നിരങ്ങിയാണ് ഇറങ്ങിയത്. പാറപ്പുറത്തെ മിഥുന്റെ വീഴ്ച്ചയിൽ തകരാനാഞ്ഞത് ലൈബ്രേറിയൻ മിഥുന്റെ വലിയ വിലയുള്ള വാച്ച്. അവസാനം ചായക്കടയിലിരുന്ന് ക്ഷീണം തീർക്കലും ലഘുഭക്ഷണവുമായി കുറച്ചുനേരം. പിന്നെ മടക്കം.














