LIMA WORLD LIBRARY

ഇന്ത്യയിലെ അവസാന ഗ്രാമത്തിലേക്ക് – (ഡോ.പ്രമോദ് ഇരുമ്പുഴി )

ബദ്രീനാഥിൽനിന്നും 3 കി.മീ ദൂരമേയുള്ളൂ മന ഗ്രാമത്തിലേക്ക്. സമുദ്ര നിരപ്പിൽനിന്നും 11,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം വടക്കേയറ്റത്തെ അവസാന ഇന്ത്യൻ വില്ലേജ് എന്നറിയപ്പെടുന്നു. അവിടെ നിന്നും അധികം ദൂരമില്ല ചൈന അതിർത്തിയിലേക്ക്. മംഗോളിയൻ ഛായയുള്ള ആളുകൾ വസിക്കുന്ന ഒരു കുഞ്ഞു ഗ്രാമം. നേർത്ത ശിലാപാളികൾ കൊണ്ട് മേൽക്കൂര പണിതിരിക്കുന്ന കുഞ്ഞു വീടുകൾ. വീട്ടുമുറ്റത്തിരുന്ന് കമ്പിളിത്തൊപ്പിയും മഫ്ലറും സ്വെറ്ററും തുന്നിക്കൊണ്ട് വിൽപന നടത്തുന്ന മുത്തശ്ശിമാരും യുവതികളും. ചിലർ ഔഷധങ്ങളും ഭൂർജ് പത്രവും (പുരാതന കാലത്ത് ഈ മരത്തിന്റെ തൊലിയിലായിരുന്നുവത്രെ മഹർഷിമാർ എഴുതിയിരുന്നത്. 150 രൂപ വില കൊടുത്ത് ഞാൻ രണ്ടെണ്ണം വാങ്ങി ) വിൽപന നടത്തുന്നു. തങ്ങൾക്കുള്ള ചെറിയ സ്ഥലത്തു പോലും ഇവർ കൃഷി ചെയ്യുന്നതു കാണുമ്പോൾ നമുക്ക് ലജ്ജ തോന്നും.

 

ദ ലാസ്റ്റ് ഇന്ത്യൻ ടീ ഷോപ്പ് ആണ് മനയിലെ വലിയ ആകർഷണം. ചന്ദ്രപ്രകാശ് ആണ് കട നടത്തുന്നത്. അവിടെയെത്തുന്ന എല്ലാവരും 15 രൂപ കൊടുത്ത് ചായ കുടിച്ച് കടയുടമയായ ചന്ദ്രപ്രകാശുമായി സെൽഫിയെടുത്തേ മടങ്ങൂ. ഞങ്ങൾ അദ്ദേഹവുമായി ഏറെ നേരം സംവദിച്ചു. തന്നെക്കുറിച്ച് വിവിധ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകൾ കാണിച്ചു തന്നു. കൂടെ എം.കെ രാമചന്ദ്രന്റെ കൂടെ നിൽക്കുന്ന ഫോട്ടോയും കാണിച്ചു. രാമചന്ദ്രന്റെ ‘തപോഭൂമി ഉത്തരാഖണ്ഡ് ‘ എന്ന പുസ്തകം ഞാൻ കാണിച്ചു കൊടുത്തു. സന്തോഷമായി അദ്ദേഹത്തിന്.
തുടർന്ന് വ്യാസൻ തപസ്സു ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന വ്യാസ ഗുഹ കണ്ടു. തുടർന്ന് ഭീം ശില, വെള്ളച്ചാട്ടം തുടങ്ങിയവ സന്ദർശിച്ചു. തുടർച്ചയായ യാത്രയിൽ ക്ഷീണിതരായിരുന്ന സംഘാംഗങ്ങൾ ഉണർന്ന് ഊർജസ്വലരായത് ഇവിടെ വെച്ചാണ്. പാട്ടുപാടിയും തമാശ പറഞ്ഞും മംഗോളിയൻ വിഭവമായ മെമോ കഴിച്ചും സാധനങ്ങൾ വാങ്ങിയും നേരം പോയതറിഞ്ഞില്ല. ബദ്രീനാഥ് ദർശനം തന്നെ ഞങ്ങൾ മറന്നു.

 

എന്റെ മനസ്സിൽ ബദ്രീനാഥിലേറെ പ്രാധാന്യം മന ഗ്രാമത്തിനു തന്നെയായിരുന്നു. എത്ര വായിച്ചതാണ്, യൂടൂബിൽ എത്ര വീഡിയോ കണ്ടതാണ്, അതിലേറെ മോഹിച്ചതാണ്, സ്വപ്‌നം കണ്ടതാണ് മനയെപ്പറ്റി. ആരാണാവോ ഈ ഗ്രാമത്തിന് മന (മാന) എന്ന് പേർ കൊടുത്തത്. മന എന്നതിന് കേരളത്തിൽ ബ്രാഹ്മണ വീട് എന്നാണെങ്കിലും കന്നടയിൽ എല്ലാവരും വീടിന് മന എന്നാണ് പറയുക. പ്രാക്തന ഗോത്രവർഗമായ നിലമ്പൂരിലെ ആദിവാസികളായ ചോലനായ്ക്കർ അവരുടെ ഗുഹക്കും വീടിനും മനെ എന്നാണ് പറയുക. അവരുടെ സംഭാഷണത്തിലെ കന്നടച്ചുവ ചോലനായ്ക്കർ കന്നട ദേശത്തു നിന്നും പലായനം ചെയ്തതാണ് എന്നതിലെത്തിച്ചേരാവുന്നതാണ്.
ഭാവികാലം മനയിൽ കൂടിയാലോ എന്ന് തോന്നിപ്പോയി. മന ഗ്രാമവാസികളും ആറ് മാസം മാത്രമേ ഇവിടെയുണ്ടാകൂ. തണുപ്പേറി മഞ്ഞുപുതച്ചാൽ അവർ ബദ്രീനാഥനോടൊപ്പം ഹിമാലയത്തിന്റെ താഴ്‌വാര പ്രദേശങ്ങളിലേക്ക് കൂടുമാറ്റുന്നു. അനിശ്ചിതത്ത്വത്തിന്റെയും കാലാവസ്ഥയുടെയും ആവേശകരമായ ജീവിതം ഒരുപാട് കൊതിപ്പിക്കുന്നു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px