LIMA WORLD LIBRARY

കാൽവരിയിൽ നിന്ന്! – (ജയൻ വർഗീസ്)

( കഠിന  പീഡനങ്ങൾ   ഏറ്റുവാങ്ങിക്കൊണ്ട്   കുരിശുമരണത്തിലേക്ക്   നടന്നടുക്കുന്ന   അരുമപ്പുത്രനെ   അകലെ നിന്ന്  വീക്ഷിക്കുന്ന   

അമ്മമനസ്സിന്റെ   തേങ്ങലുകളാണ്  ഈ  കവിത.)


പൊന്നോമൽകരളേ   നിൻ

ചെന്നിണപൂമേനിയിൽ

ഒന്നുമ്മ  വയ്‌ക്കാൻ   പോലും

അമ്മക്കിന്നാവില്ലല്ലോ ?

ചമ്മട്ടി   വീശാൻ   മാത്രം

തെമ്മാടിക്കൂട്ടം  നിന്റെ –

യുള്ളിലെ  സ്നേഹത്തിന്റെ

കിളിയെ  കശക്കുന്പോൾ ,

തറഞ്ഞ   മുള്ളിൽ  നിന്നും

കിനിഞ്ഞ   ചോരത്തള്ളി

പരന്നു   വീണിട്ടേവ –

മുഴന്നു   നീ   നോക്കുന്പോൾ ,

ചുമലിൽ   നീ   പേറുന്ന

കുരിശിൻ   ഭാരത്താലേ

കുനിഞ്ഞു  പോകും  നിന്റെ –

യുടലിൽ  നീ  വീഴുന്പോൾ,

ഒന്നടുത്തെത്താൻ   കൂലി –

പ്പടയെ   രൗദ്രത്തിന്റെ

ചെങ്കനൽത്തീയിൽ   തള്ളി

നിന്നെ   വീണ്ടെടുക്കുവാൻ,

അമ്മതൻ  മോഹം  പറ-

നടുത്തെത്തുന്നൂ   പക്ഷെ,

ഒന്നുമാവാതെ   തക –

ർന്നടിഞ്ഞു   വീണീടുന്നു!

എന്തപരാധം   നിന്നെ

കൊലക്കു   കൊടുക്കുവാൻ?

ചിന്തയിൽ   സ്നേഹത്തിന്റെ

മുന്തിരി   നിറച്ചതോ?

അദ്ധ്വന   ഭാരം   പേറി –

ത്തളർന്ന  മനുഷ്യനോ –

രത്താണിയായി   ത്തീർന്നീ

സത്യങ്ങൾ   പറഞ്ഞതോ?

പാപ  പുസ്തകത്തിന്റെ

താളുകൾ   കീറിക്കീറി

പാപിനിപ്പെണ്ണിൻ   ജീവൻ

ഏറിൽ   നിന്നണച്ചതോ ?

കടലും,  കാറ്റും,  പിന്നെ

വയലിൽപ്പൂവും,  മീനും,

ഇടയപ്പാട്ടും,  വിത –

ക്കിറങ്ങാ  പ്പക്ഷികുഞ്ഞും,

ഒരുപോൽ   കരളിലെ

കനവായ്   പേറിത്തനി –

തെരുവിലലയുന്ന

തെണ്ടിയായ്   നടന്നതോ?

തല  ചായ്‌ക്കുവാൻ   പോലു –

മിടമില്ലാതെ   യൊറ്റ-

തുണിയിൽ   വിശപ്പിന്റെ

വേദന  യറിഞ്ഞതോ?

xxxx…….xxxx………xxxx

മാനവ   സമൂഹത്തിൻ

നീതി   ശാസ്ത്രങ്ങൾ   നിന്നെ –

യാണിയിൽ   തറക്കുന്പോ –

ളൊന്നവരറിഞ്ഞില്ലാ ,

കാലമാകുന്നൂ   വധി –

ച്ചൊടുക്കാൻ   കഴിയാത്ത

ഭാവമാകുന്നൂ   വീണ്ടും

ജനിക്കാനിരിക്കുന്നു !

ഏതു   കാലത്തും   പീലാ –

ത്തോസുമാരുയിർക്കുന്നൂ ,

നീതി  ശാസ്ത്രത്തിൻ   കഴു –

മരങ്ങളുയർത്തുന്നു !

പിടഞ്ഞു   പിടഞ്ഞു   നീ

കുരിശിൽ   മരിക്കുന്പോൾ,

ഇരുളിൽ   പുലരിയായ്

ഇനിയുമുയിർക്കുന്നു !!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px