അധ്യായം 10
ഒന്നും രണ്ടും വിരുന്നുവിളികൾ. അത്യാവശ്യം വിളിക്കേണ്ടവർ മാത്രം വിളിക്കുകയും ഊണൊരുക്കുകയും ചെയ്തു. സോളിക്ക് ഒന്നും അത്ര തൃപ്തി യാകുന്നില്ലെന്നു മുഖഭാവം വിളിച്ചറിയിച്ചു. ബേവച്ചൻ അതത്ര കാര്യമാക്കിയില്ല. നാട്ടുമ്പുറം , പുതുമയുള്ള പലഹാരങ്ങൾ അവർക്കറിയില്ല. സാധാരണ ഊണ് .ഒപ്പം മീനും ഇറച്ചിയും കാണും. പിന്നെ പച്ചക്കറികളൊ മോരോ ഉപ്പിലിട്ടതൊ പപ്പടമൊ? കാപ്പിക്കാണ് വിളി എങ്കിൽ അപ്പവും കോഴിക്കറിയും അല്ലെങ്കിൽ മുട്ടക്കറിയൊ പോത്തോ ഇതിൽക്കൂടുതൽ ഒന്നും ആ നാട്ടുമ്പുറത്തുകാർക്ക് അറിവില്ല ചിലപ്പോൾ മുട്ടയൊ ഏത്തപ്പഴമൊ പുഴുങ്ങിയതാവാം തേങ്ങ ചിരണ്ടി മധുരമിട്ടു നനച്ചതൊ വിളയിച്ചതൊ ആയ അവൽ, അവലോസുണ്ടയൊ അച്ചപ്പമൊ ഒക്കെയാവും നാലു മണിയാണെങ്കിൽ. അല്ലെങ്കിൽ ചേമ്പ്, ചേന, കപ്പ ,കാച്ചിൽ, കിഴങ്ങൊ ഒക്കെ പുഴുങ്ങി സമ്മന്തി പൊട്ടിച്ചതുമാവും. എന്തായാലും ബേവച്ചൻ സോളിയുടെ ഭാവമാറ്റത്തിനു വലിയ മുൻതൂക്കം കൊടുത്തില്ല.
ദിവസങ്ങൾ കടന്നുപോയി. അവധി തീർന്ന് ബേവച്ചൻ ജോലിക്കു പോയിത്തുടങ്ങി . സോളി ആ മുറിയിലെ കട്ടിലിൽ ക്കിടന്ന് എന്തെങ്കിലും വായിക്കുകയൊ അല്ലെങ്കിൽ അപ്പുറത്തെ വീട്ടിലെ ഉമയമ്മ യോട് കുശലം പറഞ്ഞിരിക്കയൊ ഒക്കെയാവും. മുറിയിൽ നിന്ന് ഇറങ്ങി വന്നു അടുക്കളയിൽ സഹായിക്കണ്ടതില്ല ഒന്നു സംസാരിച്ചിരിക്ക അതിനു പോലും സോളി കൂട്ടാക്കാറില്ല.ഒരു ദിവസം രണ്ടും കൽപ്പിച്ച് മേരിമ്മ സോളിയെ തുണി നനക്കാൻ കൂട്ടിനു വിളിച്ചു. അനുജത്തിയെ തന്നോടൊപ്പം ചേർത്തു കൊണ്ടു നടക്കാൻ മാത്രമായിരുന്നു ആ വിളി. പക്ഷെ സോളി അതിനു കൊടുത്ത മറുപടി
“എന്റെയെല്ലാം നല്ല ഡ്രസ്സുകളാ. അതങ്ങനെ കല്ലിൽ അടിച്ചലക്കാൻ പറ്റുകയില്ല”.
“അത്തരമൊക്കെ നമുക്ക് ഇവിടെ കുത്തിപ്പിഴിയാം. അല്ലാത്തതൊക്കെ എടുത്തൊ നല്ല തെളിനീരൊഴുക്കുണ്ട് തൊട്ടടുത്ത്”
“എനിക്കു തുണി നനച്ചു ശീലമില്ല. ഞങ്ങടെ അവിടെയൊക്കെ പരുത്തി വരും . അല്ലാത്തത് ഡോബി വന്നെടുക്കും ആഴ്‌ച്ചേലാഴ്ച്ചേൽ.”
” ഈ നാട്ടിലിപ്പോ അതിനൊന്നും തരപ്പെടുകില്ല സോളി! നമ്മുക്കുള്ളതൊക്കെ നമ്മൾ തന്നെ കഴുകണം.”
“എങ്കിൽ ബേവച്ചന്റെ കയ്യിൽ കൊടുത്തു വിടും. അവിടെ നല്ല ഡോബിയൊ ഡ്രൈക്ലീനേഴ്സോ ഒക്കെ കാണുമല്ലൊ.”
പാവം! മേരിമ്മ സോളിയെ കൂട്ടത്തിൽ കൂട്ടാൻ പരമാവധി ശ്രമിച്ചു നോക്കുകയാണ്. എന്നാൽ സോളിയൊ? അവളോടൊ അമ്മയോടൊ എന്തിന് സോജു മോനോടു പോലും ഒരടുപ്പവും കാണിക്കാത്ത പ്രകൃതം.
എന്നാൽ വളരെ വേഗത്തിലാണ് ഉമയമ്മയുമായി സോളി സൗഹൃദം പുലർത്തിത്തുടങ്ങിയതും അതു തീക്ഷ്ണമായതും.
ബേവച്ചൻ ഇറങ്ങിയാലുടൻ സോളിയും നേരെ കീച്ചേരിയിലേക്ക് .പക്ഷെ വീട്ടിലല്ല തൊടിയിലോ കപ്പക്കാലായിലോ തോട്ടിൻ കരയിലൊ അങ്ങനെ ഏതെങ്കിലും ഒരു കോണിൽ പോയിരുന്ന് സൊറ പറയും. പറഞ്ഞാൽ തീരാത്ത ചരിത്രങ്ങളുണ്ടൊ ഈ ഒരു പ്രായത്തിൽ. ഇടക്ക് കുറ്റങ്ങളും സോളിക്ക് മേരിമ്മയെക്കുറിച്ച്, ഉമയമ്മക്ക് ഗീതയെക്കുറിച്ച്. മേരിമ്മയും ഗീതയും ചേച്ചിയും അനുജത്തിയുമായി ഇടപെടു ന്നത് രണ്ടു പേർക്കും സുഖിക്കുന്നില്ല. അതുകൊണ്ടു തന്നെ പറയുന്നതുംനോക്കുന്നതും ഒക്കെ ആയി പല പല കുറ്റങ്ങൾ.
ഗീതയുടെ ആ വീട്ടിലെ പരാധീനതകളും ബുദ്ധിമുട്ടുകളും മേരിമ്മ അറിയുന്നുണ്ട്.അതു പക്ഷെ ഒരിക്കലും ഗീതയിൽ നിന്നായിരുന്നില്ല . കുഞ്ഞു മറിയത്തിൽ നിന്നൊ പീലിയിൽ നിന്നൊ ഒക്കെയായി. തിളപ്പിച്ചിറക്കുന്ന കാപ്പിയിൽ വെള്ളം ചേർക്കുന്നത്. കറിയിൽ വീണ്ടും ഉപ്പൊ മുളകൊ ചേർത്ത് കറി കൊള്ളില്ലാന്നു ആണുങ്ങളെ ക്കൊണ്ടു പറയിക്കുന്നത്. അഥവാ അവർ പറഞ്ഞില്ലെങ്കിൽ എന്തെങ്കിലും പറഞ്ഞു പറയിപ്പിക്കുന്നത്. അമ്മയും മകളും മാറി മാറിയാണ് പോര്. ഒരിക്കൽ ഗീതയുടെ സാരി ഉടുക്കാൻ കൊടുക്കാഞ്ഞതിൽ വഴക്കുണ്ടാക്കിയത്രേ. അതും കല്യാണസാരികളിൽ ഒന്ന് . അതു സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നാശമാകും . കുറെക്കാലമെങ്കിലും അതിന്റെ പുതുമ നശിക്കാതെ സൂക്ഷിക്കണ്ടെ? സാധാരണ സാരികൾ ഗീതക്ക് ദിവസവും ഓഫീസിൽ കൊണ്ടുപോകണം, എണ്ണത്തിൽ വളരെ കുറവും . ഇപ്പോഴേ എങ്ങനെ സാരി വാങ്ങണമെന്ന് ഭർത്താവിനോടു പറയും? ചോദിച്ചു വാങ്ങുന്നതിൽ നല്ലത്,അറിഞ്ഞു തരുന്നതല്ലേ? ഈ സമയത്തു പോലും ആ കൊച്ചിനെ ഇങ്ങനെ ബുദ്ധിമുട്ടി ക്കാമൊ? ഉമയമ്മക്കു ആവക പ്രയാസങ്ങൾ അറിയില്ല എന്നു വയ്ക്കാം എന്നാൽ ആയമ്മക്ക റിയാമല്ലൊ. ഒന്നുമല്ലെങ്കിലും മൂന്നു പെറ്റതല്ലേ അവർ.
About The Author
No related posts.