അദ്ധ്യായം 9
നാലു ദിവസങ്ങൾ നാലു യുഗങ്ങൾ പോലെയാണിഴഞ്ഞു നീങ്ങിയതെന്നവനു തോന്നി. പകലുകളിൽ പടിക്കൽ വന്നു നിൽക്കുന്ന കാറിൽ പല തവണ അവളോടൊത്തു കയറി. പല വീടുകളുടേയും മുന്നിൽ ചെന്നിറങ്ങി. പരിചയപ്പെടുത്തലുകൾ, കുശലാന്വേഷണങ്ങൾ, ചുറ്റി നടക്കൽ .വീടും പുരയിടവും നടന്നും കാറിലും കൊണ്ടുപോയി കാണിക്കൽ,എല്ലാം സഹിക്കാം ഒന്നാണ് സഹിക്കാൻ പറ്റാത്തത് സ്വന്തമുള്ള ആസ്തിയുടെ വിശദീകരണം. ഒടുവിൽ വിഭവസമൃദ്ധമായ മേശക്കു മുന്നിൽ ഇരുപ്പും. എല്ലാ വീടുകളിലും ഇതു പോലൊക്കെ തന്നെ. വിഭവങ്ങൾക്കു മാത്രം വ്യത്യാസം . നേരമനുസരിച്ചുള്ള മാറ്റം. കാറുകൾക്കും. ബ്രേക്ക് ഫാസ്റ്റ് ഒരിടത്തു കഴിയുമ്പോൾ, ഊണു തയാറാക്കിയിരിക്കുന്ന വീട്ടിൽ നിന്നുള്ള കാറെത്തും . ഊണിനു ശേഷം ചിലപ്പോൾ തിരികെ . ചായ കഴിഞ്ഞ് അല്പം വിശമം, കുളി .അപ്പോഴേക്കും അടുത്ത വീട്ടിലെ കാറെത്തും. ഡിന്നറിന് . ഓരോ വിരുന്നു കഴിഞ്ഞെത്തുമ്പോഴും സോളിയുടെ പരിഭവം. അവിടെയുള്ളവരോട് നീതി പുലർത്തിയില്ലെന്ന്. പെരുമാറിയ രീതി ശരിയായില്ലെന്ന്. ശരിയായിരിക്കാം. ഒന്നിനുമുള്ള മന:സാന്നിദ്ധ്യം ഇല്ലായിരുന്നു. മാത്രമല്ല ആൾക്കാരെ തെല്ലു പരിചയക്കുറവും.അങ്ങനെ രണ്ടു മൂന്നു രാത്രികളും പകലുകളും
കടന്നു പോയി.എങ്കിലും ഏതോ ഒരു നിമിഷത്തിൽ അതും സംഭവിച്ചു. ഒരു പുരുഷനെന്നനില യിൽ എല്ലാം തികഞ്ഞൊരു പെണ്ണിനോടൊപ്പം അതും അവൾ തന്നെ എന്തിനും മുന്നിട്ടു നിൽക്കുമ്പോൾ ! എങ്കിലും എല്ലാം തികച്ചും യാന്ത്രികമായിരുന്നു എന്ന് അവനു തന്നെ തോന്നി.
നാലു ദിവസങ്ങൾ കഴിഞ്ഞു, ആരെയും ബുദ്ധിമുട്ടിക്കേണ്ട തില്ലല്ലൊ എന്നു കരുതി തിരികെ വിളിക്കാൻ കാറുമായി എത്തേണ്ടതില്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും കാലായിൽ നിന്ന് പെണ്ണു കാണാൻ പോയ കാറിൽത്തന്നെ ഒരു സഹോദരിയും ഭർത്താവും ചെന്നാണ് അവരെ കൂട്ടിക്കൊണ്ടു വന്നത്.മേരിമ്മച്ചേടത്തിയാ
ണെങ്കിൽ വീട്ടിൽ അമ്മ ഒറ്റക്കാകും ചെറിയ രീതിയിലാണെങ്കിലും ആ ദിവസവും അടുത്ത ദിവസങ്ങളിലും വിരുന്നൊരുക്കങ്ങൾ വേണമല്ലൊ.കെട്ടി വന്ന പെണ്ണിനേയും പെറ്റു വീണ കുഞ്ഞിനേയും കാണാൻ ആരും അത്ര ധൃതി കൂട്ടാറുമില്ല. ഒരു വിധപ്പെട്ട എല്ലാവരും പള്ളിയിൽ കണ്ടു. അതുകൊണ്ടു തന്നെ വിരുന്നുകളും ഓരോരുത്തരുടെ സൗകര്യം പോലെയായിരിക്കും കൊടുക്കുക.
എങ്കിലും നാട്ടുമര്യാദയ്ക്കായി അടുത്ത ബന്ധുക്കളും അയൽ പക്കക്കാർ സ്ത്രീകളും ഒത്തു കൂടിയിരുന്നു, കാലായിൽ. കാറിൽ നിന്നിറങ്ങുമ്പോൾ അമ്മ വന്നു കൈ പിടിച്ചു കയറ്റി അകത്തേക്ക് കൊണ്ടുപോയി.
“മണവാട്ടീ! ഒന്നിങ്ങു വന്നിട്ടു പോകൂ ഞങ്ങളൊന്നു കാണട്ടെ !”
അയലത്തുകാരും പണിക്കാരു മൊക്കെയായി കൂട്ടം കൂടിയ സ്ത്രീകളിലാരൊ രണ്ടും കല്പിച്ചു വിളിച്ചു.അവൾ തല ചെരിച്ചൊന്നു നോക്കിയതല്ലാതെ അവരുടെ നേരെ ഒന്നു പുഞ്ചിരിക്കുകയൊ അകത്തു കയറിയിട്ടു വരാം എന്നൊരാംഗ്യം കാട്ടുകയോ ചെയ്തില്ല.കണ്ട ഭാവം പോലും കാണിച്ചില്ല. പകരം അവളുടെ മുഖത്ത് ഒരു പുഛഭാവം തത്തിക്കളിച്ചു. അവർ പരസ്പരം നോക്കി. കയറി വന്ന ഒന്ന് അന്നു മുതലേ അവരോട് ചേർന്നു നിന്ന് കുശലം പറഞ്ഞും ക്ഷേമം അന്വേഷിച്ചും മുന്നോട്ടു പോകുന്നവൾ. ഇപ്പോൾ വന്നു കയറിയതോ തെല്ലഹങ്കാരമല്ലേ കാണിച്ചത്? അതായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം. അവർ പിന്നെ ആ പരിസരത്തു നിൽക്കുകയൊ വന്ന പെണ്ണിനെ കാണാൻ നിർബന്ധം കാണിക്കുകയോ ചെയ്തില്ല. അവിടം വിട്ടു അവരവരുടെ വീടുകളിലേക്കു നീങ്ങി.
സോജുമോൻ അപ്പാപ്പനെ വട്ടം പിടിച്ചു. ഉമ്മകൾ കൊണ്ടു പൊതിഞ്ഞു. രണ്ടു മൂന്നു ദിവസം അപ്പാപ്പനെ കാണാതെ ആ കുരുന്നു മനസ്സു വെമ്പി നിൽക്കയായിരുന്നു.ചെറിയ
കാപ്പി സൽക്കാരവും കുശലാന്വേഷണവും കഴിഞ്ഞു ബന്ധുക്കാർ ഓരോരുത്തരായി പിരിഞ്ഞു. ഒപ്പം അവരോടൊപ്പം വന്നവരും. ധൃതിയില്ലാത്തവർ മാത്രം അവിടെ ചുറ്റി പറ്റി നിന്നു.
സോളിയെ അകത്തെ സ്ത്രീകളോടൊപ്പം കണ്ട ബേവച്ചൻ അവരുടെ പതിവു കൂടിക്കാഴ്ച സ്ഥലത്തേക്ക് നടന്നു. എത്ര ദിവസമായി കൂട്ടുകാരനെ ഒന്നു കണ്ടിട്ട്? എന്തെല്ലാം വിശേഷങ്ങൾ പങ്കുവയ്ക്കാനുണ്ട് പരസ്പരം ?







