LIMA WORLD LIBRARY

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 11 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 11
അകലം അല്പം കൂടുതലായതിനാൽ വീട്ടിൽ പോകാൻ പറ്റാതെ കടിച്ചു പിടിച്ചാണ് സോളി കാലായിൽ കഴിഞ്ഞു കൂടിയത്. അപ്പോഴാണ് ഒരു അവസരം ഒത്തു കിട്ടിയത്. ഓണം. ഓണത്തിനും ക്രിസ്മസ്സിനും ഈസ്റ്ററിനുമൊക്കെ രണ്ടു പേരും ചേർന്ന് ഭാര്യ വീട്ടിൽ പോകുന്നത് നാട്ടു നടപ്പാണ്. സ്വന്തം വീട്ടിൽ എല്ലാരുമൊത്ത് ഊണു കഴിച്ചതിന് ശേഷം അങ്ങോട്ട്. ഓണമാണെങ്കിൽ നിലത്ത് പായിട്ട് എല്ലാവരും അതിലിരുന്ന് ഇലയിട്ട് വിളമ്പി അതിൽ ഉണ്ട് പായസോം കുടിച്ച്. അത്താഴവും പിറ്റേന്ന് ഭാര്യ വീട്ടിലെ പ്രഭാത ഭക്ഷണവും വിശാലമായ ഊണും കഴിഞ്ഞ് ഇങ്ങോട്ട് . ബേവച്ചനും മടിച്ചില്ല.
     സോളി പറഞ്ഞു. എല്ലാവർക്കും ജവുളി കൊണ്ടുപോകണം ഓണക്കോടി കൊടുക്കണം. അതും ന്യായം തന്നെ. വൈകുന്നേരം കടന്നു വന്നപ്പോൾ ബേവച്ചന്റെ കയ്യിൽ സാമാന്യം വലിയ ഒരു ബാഗു തന്നെയുണ്ടായിരുന്നു. അതപ്പാടെ മേശപ്പുറത്തു വച്ച് ബേവച്ചൻ കാപ്പി കുടിച്ചു. ഒപ്പം ഉണ്ടായിരുന്ന അവൽ പഴവും കുഴച്ച് കഴിക്കുകയും ചെയ്തു. ആകാംക്ഷ കൊണ്ടു സോളി ബാഗുമായി മുറിയിലേക്ക് പോകാൻ തിരിഞ്ഞു .
” എങ്ങോട്ടു പോകുന്നു ? തുറന്നു ഓരോന്നും എടുത്തു നോക്ക് .അവർ കൂടി കാണട്ടെ..”
ഭർത്താവിന്റെ വാക്കുകൾ അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും അവൾ അവിടെ നിന്ന് ബാഗു തുറന്ന് എല്ലാം എടുത്തു നിരത്തി. ശോശാമ്മയും മേരിമ്മയും എല്ലാം കാണുന്നുണ്ടായിരുന്നു.
” അമ്മേം ചേടത്തീം എന്താ മാറി മാറി നിൽക്കുന്നത്? വന്നു നോക്ക്!അമ്മക്ക് മുണ്ടും ചട്ടയ്ക്ക് തുണിയും ഉണ്ട്.”
അവരും വന്ന് ഒപ്പം കൂടി. സോളി എടുത്തു വച്ച തുണിത്തരങ്ങൾ ഒന്നൊന്നായ് കണ്ടു. അമ്മയ്ക്കുള്ളത് അമ്മ മാറ്റിവച്ചു. വീട്ടിലുടുക്കാൻ മുണ്ടും ചട്ടയും വാങ്ങീട്ട് കുറെയായിരുന്നു.
കോരച്ചനുള്ള ഷർട്ടും മുണ്ടും
മോനുള്ള ഷർട്ടും നിക്കറും മേരിമ്മക്ക് ഇഷ്ടപ്പെട്ടു. എങ്കിലും പറഞ്ഞു.
“എന്തിനാ ബേവച്ചാ! കല്യാണം കൂടാൻ ഈയിടെ എടുത്തതല്ലേ?”
ചാക്കോച്ചനുള്ള ജുബ്ബയും ഡബിളും നേര്യതും കണ്ടപ്പോൾ ശോശാമ്മയും പറഞ്ഞു
“ബേവച്ചാ! കല്യാണത്തിനെല്ലാർക്കും എടുത്തതല്ലേ?
ഇപ്പോൾ അങ്ങോട്ടുള്ളതു മാത്രം മതിയായിരുന്നല്ലൊ. “
സോളി സാരികൾ ഓരോന്നും മറിച്ചു നോക്കി. മൂന്നു സാരികൾ!
 “സോളി! നിനക്കും അമ്മക്കും ഉള്ളതെടുത്തിട്ട് ഇനിയുള്ളത് ചേടത്തിക്ക് കൊടുക്ക്.”
“അതെങ്ങനാ അവിടെ ഒരാൾ കൂടിയില്ലേ?
അവർക്കു വേണ്ടെ?”
“അതാര്?”
“ഞങ്ങളുടെ ഒപ്പം നിൽക്കുന്ന “
“അവർക്കുള്ളത് കയ്യിൽ കൊടുക്കാം അവർ ഇഷ്ടമുള്ളത് നോക്കി വാങ്ങി ക്കൊള്ളട്ടെ.”
“അതു പറ്റില്ല അവൾ പ്രതീക്ഷിക്കും”
സോളി ആ പിടിവാശിയിൽ ഉറച്ചു നിന്നു.
“അതു കുഴപ്പമില്ല ബേവച്ചാ എനിക്ക് ഇപ്പോഴുള്ളതു തന്നെ ധാരാളം.”
മേരിമ്മ അവിടെ നിന്ന് പിൻവലിഞ്ഞു. അനുജൻ തനിക്ക് വാങ്ങിയ സാരി കിട്ടാത്തതിലല്ല സോളിക്ക് അവളുടെ വീട്ടിൽ നിൽക്കുന്ന ജോലിക്കാരി
പെണ്ണിനോടുള്ള കരുതലും സ്നേഹവും കണ്ടിട്ട്. അത്ര പോലും അടുപ്പം അവൾ തന്നോട് കാണിക്കുന്നില്ലല്ലോ എന്ന ചിന്തയിൽ. ശോശാമ്മക്ക് മേരിമ്മ അകത്തേക്കു വലിഞ്ഞത് അല്പം മാനസീക പിരിമുറുക്കം തന്നെയുണ്ടാക്കി.
“ആട്ടെ പപ്പാക്കു ഒന്നും എടുത്തില്ലല്ലൊ. അപ്പാപ്പനും.അവർക്കും വേണ്ടെ?”
സോളിയുടെ പപ്പായുടെ ഒരു സഹോദരൻ, ഒപ്പം ഉള്ളത് അറിഞ്ഞിരുന്നു
സോളിയുടെ ചോദ്യം പെട്ടെന്നുണ്ടായി
“അതിനി അവിടെ ചെന്നിട്ട് അവരുടെയിഷ്ടം എനിക്കറിഞ്ഞു കൂടല്ലൊ. അല്ലെങ്കിൽത്തന്നെ പുരുഷന്മാർക്കെന്ത് ഓണവും വിഷുവുമൊക്കെ?”
“അതു ശരി അപ്പോ ഇവിടുള്ളവരെല്ലാം പെണ്ണാ അല്ലേ?”
സോളിയുടെ വാക്കുകളിലെ പരിഹാസം
“കേട്ടു നിന്ന ശോശാമ്മക്കും അകത്തു നിന്ന മേരിമ്മക്കും മനസ്സിലായി”
കഷ്ടം വേണ്ടായിരുന്നു അവൻ അപ്പനു വേണ്ടി ഒന്നും
വാങ്ങരുതായിരുന്നു
അനുജൻ കോരാച്ചായന് ഒന്നും വാങ്ങേണ്ടതില്ലായിരുന്നു. വെറുതെ നാണം കെടാൻ. രണ്ടു പേരും അവരവരുടെ വഴിക്കു ചിന്തിച്ചു.
ബേവച്ചൻ മനസ്സിലാക്കിയത് മറ്റൊരു വിധത്തിലായിരുന്നു ആദ്യരാത്രിയിലെ തന്റെ നിസ്സംഗത, പിന്നെയുളള ദിനങ്ങളിലെ വിമുഖത ഒക്കെ ആയിരിക്കും അവളെക്കൊണ്ട് അങ്ങനെ പറയിച്ചത്. ഏതായാലും ഇനി ആ ടോപ്പിക്ക് തുടരാതിരിക്കയാണ് നന്ന്.
ഓണത്തിന് നാലഞ്ചു ദിവസങ്ങൾ അവധിയുണ്ട് രണ്ടു മൂന്നു ദിവസം കൂടി അവധിയെടുത്താൽ ഒരു ചെറിയ ടൂർ ഒക്കെയാവാം എല്ലാം അവിടെ ചെന്നിട്ട് പപ്പായോടാലോചിച്ചു വേണ്ടതു ചെയ്യാം.
പഴയതെല്ലാം മറന്നല്ലേ പറ്റു. മാത്രമല്ല ഇനിയും തന്നോടൊത്തു ജീവിക്കേണ്ടവൾ ഇവളും .അപ്പോൾ പിന്നെ…… ബേവച്ചൻ അമ്മയോടായി പറഞ്ഞു.
” ഞങ്ങൾ ഊണിനു നിൽക്കുന്നില്ല. രാവിലെ പോയാൽ വൈകുന്നേരത്ത് അവിടെത്താം ഇടക്കു വല്ലതും കഴിച്ചോളാം. ഇനിയിപ്പൊ ടാക്സിയൊന്നും വേണ്ടല്ലൊ.”
ശോശാമ്മക്ക് എതിർപ്പുണ്ടായിരുന്നു. എങ്കിലും എതിരു പറഞ്ഞില്ല.
(തുടരും .. .. .. )

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px