വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 12 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം12

 

ബേവച്ചനും സോളിയും പറഞ്ഞതു പോലെ രാവിലെ തന്നെ പുറപ്പെട്ടു. ഒപ്പം കോരച്ചൻ കടയിലേക്കും .ചാക്കോച്ചൻ പറമ്പിലേക്കും . ചുറ്റി നടന്ന് തിരികെ വരുമ്പോൾ ഒന്നൊ രണ്ടൊ കറിക്കും നാലു മണി കാപ്പിക്കും ഉള്ള വകകൾ കയ്യിൽ കാണും.പിന്നെ  കാലായിൽ എന്തിനാണ് പഞ്ഞം ഉണ്ടാവുക. ഓണത്തിനുള്ള ഊണൊരുക്കത്തിന് ഒരു മന്ദത തോന്നിയെങ്കിലും ശോശാമ്മ മടി കാണിച്ചില്ല.  നാട്ടുമ്പുറം. സാമാന്യം ഭേദപ്പെട്ട കുടുംബം എന്തു കാരണം പറഞ്ഞാണ് ഊണ് വേണ്ടെന്നു വക്കുക. സാധാരണ ഊണിനു വേണം രണ്ടു മൂന്നു കൂട്ടം . പിന്നെ ഒന്നോ രണ്ടൊ കൂടി ആയാലെന്താ? തലേന്നു തന്നെ ഒരുക്കി ചിലതൊക്കെ  വച്ചിരുന്നു താനും. ഇഞ്ചിക്കറിയും, പച്ചടിയും, മോരുകൂട്ടാനും അങ്ങനെ വച്ച് സൂക്ഷിക്കാൻ പറ്റിയത്. ബാക്കിയുള്ളത് നോക്കിയാൽ മതി. ശോശാമ്മ മേരിമ്മയുമായി അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
മേരിമ്മക്ക് എന്തിനും ഏതിനും നല്ല സ്പീഡാണെന്ന് ശോശാമ്മ തന്നെ പലവട്ടം സാക്ഷ്യപ്പെടുത്തി യിട്ടുള്ളതാണ്.അതുകൊണ്ടു തന്നെ പണികളും പെട്ടെന്നു കഴിഞ്ഞു എന്നു തന്നെ പറയാം മാത്രമല്ല ചെറിയ തോതിലാണെങ്കിൽക്കൂടി  പായസവും ഉണ്ടാക്കി വച്ചു. ഇനിയുള്ളത്  സോജു മോനെ കുളിപ്പിച്ച് ഓണക്കോടി ധരിപ്പിച്ച് ഊണിനിരുത്തുകയാണ്. കോരച്ചായൻ വന്നാലുടനെ. ചാക്കോച്ചൻ രാവിലത്തെ ചുറ്റി നടപ്പു കഴിഞ്ഞു് തിരികെ എത്തിക്കഴിഞ്ഞു. കയ്യിൽ കൊട്ടയിൽ രണ്ടു മൂന്നു വാഴച്ചുണ്ടും രണ്ടു ചുവട് കപ്പയും കുറച്ചു അച്ചിങ്ങാപ്പയറും ഒപ്പം ഊണു വിളമ്പാനുള്ള നാലഞ്ചു തൂശനിലകളും ഉണ്ടായിരുന്നു. ശോശാമ്മ അതു വാങ്ങി തരം തിരിച്ച്  അകത്തെടുത്തു വച്ചു. നല്ല ഉള്ളിയും മുളകും ഇഞ്ചിയും കറിവേപ്പിലയും ചതച്ചിട്ട മോരും വെള്ളം ഉപ്പിട്ട് ഒരു മൊന്തയിലെടുത്ത് ചാക്കോച്ചന് കുടിക്കാൻ നൽകി.  തോളത്തു കിടന്ന തോർത്തെടുത്ത് വീശി ചൂടകറ്റിക്കൊണ്ടിരുന്ന്  ചാക്കോച്ചൻ  ആ മോരും വെള്ളം അപ്പാടെ കുടിച്ചു തീർത്ത് മൊന്ത തിരികെക്കൊടുത്തു. ശോശാമ്മ അതും വാങ്ങി അകത്തേക്കു പോയി. കീച്ചേരിയിലേക്കുള്ള ഓണവിഭവങ്ങൾ വെന്തതും വേകാത്തതും തരം തിരിച്ച് വക്കുകയായിരുന്നു. മേരിമ്മ കയറി വന്നിട്ടു വേണം അതുമായി വേലിക്കൽ വരെ എത്തിക്കാൻ. മറിയയ്ക്കുള്ളത് തലേന്നേ കൊടുത്തു കഴിഞ്ഞു. ബാക്കി എന്താ വാങ്ങാൻ എന്നു വച്ച് കുറച്ചു പൈസയും. എല്ലാ വിശേഷാവസരങ്ങളിലും അതൊരു പതിവാണ്. അങ്ങനെയുള്ള ദിവസങ്ങളിൽ ആരും വീടുകളിൽ പണിക്കു ചെല്ലാറില്ല. അവരവരുടെ വീടുകളിലും വേണ്ടെ ഊണൊ രുക്കങ്ങൾ? അതുപോലെ മറ്റു ആഘോഷങ്ങളും .
അല്പനേരം ചാരുകസേരയിൽ കിടന്ന് ഒന്നു മയങ്ങിയിരിക്കും അപ്പോഴേക്കും കോരച്ചനും കടയിൽ നിന്നെത്തിക്കഴി
ഞ്ഞിരുന്നു. കോരച്ചന്റെ കൂടെ നടന്നു കയറി വരുന്ന പെൺകുട്ടിയേയും തോളിൽ ഒരു ബാഗും തൂക്കി ഒപ്പം നടക്കുന്ന ആൺകുട്ടിയേയും ആദ്യം ചാക്കോച്ചനു മനസ്സിലായില്ല. അകത്തു നിന്ന് പൂമുഖത്തെ സംഭാഷണം കേട്ട് അങ്ങോട്ടു വന്ന ശോശാമ്മക്കും.

About The Author

Leave a Reply

Your email address will not be published. Required fields are marked *