വർണ്ണമോലുംചിരിതൂകിനില്പതുണ്ടല്ലോ-
യെന്നങ്കണത്തിലേറെയായരളികളിന്നും!
ഹാരമാക്കിക്കൊണ്ടേയെൻ ദേവപൂജയ്ക്കായി ഞാൻ
കൊണ്ടുപോകാറുള്ളതാണേയമ്പലത്തിങ്കൽ!
ധന്യതയാലെത്രകാലം, അർച്ചനയ്ക്കും മറ്റുമായ് നീ
പൂത്തുനിന്നു പൊന്നരളീ ഋതുകൾനോക്കാതെ!
നിന്നെയല്ലോ, ചൂണ്ടി ഞങ്ങൾ കുറ്റമോതുന്നു;
നീ ഗരളമാകെ ചൂടിയല്ലോ നില്പതുണ്ടെന്ന്!
വർണ്ണങ്ങളാലെ മിഴികൾ കുളിർപ്പിച്ച്,
വാസന്തമാവോളമുള്ളോടുപ്പിച്ച്,
നീയെന്നെയെത്രയോ കോരിത്തരിപ്പിച്ചൊ-
രാമാനസം മരവിക്കയായല്ലോ!
സമർത്ഥഭാവത്തിലിത്രനാളുമേ പൂജാമലരായ് നീ
ദേവസവിധത്തിലാത്മനിർവൃതികൊണ്ടുനിന്നതല്ലേ!
നിന്നെയിന്നീ ലോകമാകെയുറ്റുനോക്കീടുന്നു;
നിൻവിഷംതീണ്ടിയുറ്റജീവൻ പൊലിഞ്ഞഭീതിയാലെ!
ഇത്രനാളും,മിത്രമായിയെന്നോടൊപ്പംകൂടിയോൾ;
എന്റെ തൊടിയിലെ ചെടികളിന്മേൽനിന്നലംകൃതയായവൾ;
ദേവഹാരമായേറെക്കാലമായ് പൂജ്യയായ് ചരിച്ചവൾ;
പുഞ്ചിരിച്ചൊരു പുണ്യശോഭയാലതെത്രയുഗ്രം ചതിച്ചുവോ!
പൊന്നരളീ, നിന്നിലാകെ തിരളുകയോ ചാരകം,
ചന്തമേറുംചിരിതൂകും മാനവർപോലെ,
വിഷംചീറ്റുംമനസ്സാലെയഴിഞ്ഞാടുന്നോർ
നീ ചിരിക്കുംപോലെയല്ലോ പലനേരവും.
മാനവർക്കുള്ളിലുള്ള കാകോളമാകുമോ നിൻവിഷം,
മാനമില്ലാതെ പായുവോർക്കതു സാമ്യമായീടുമോ?
പുഞ്ചിരിയാൽ മൂടിവച്ചതാം വഞ്ചനയ്ക്കുതുല്യം,
മാനവർക്കൊപ്പമായി നീയും താദാത്മ്യംകൊണ്ടോ?
ശാസ്ത്രലോകം പുതുക്കി നമ്മൾ കേമരാണെന്നോർക്കിലും
തോല്‌വിതന്നെകൂടെയെന്നതുമോർക്കുവാനൊരു വേളയായ്!
പൂജചെയ്യാനുള്ള ദ്രവ്യമായി നമ്മളുള്ളിൽ ഗണിച്ചതോ,
പൂച്ചുകാട്ടിവന്നതേറെ വൈകിയോയെന്നറിക നാം!
ഗരളം, ചാരകം = വിഷം
About The Author
No related posts.