നോവല്‍പഠനങ്ങളിലെ പുതുഭാവനകള് – (സുധാകരന്‍ ചന്തവിള)

Facebook
Twitter
WhatsApp
Email
ഇന്നത്തെ ജനയുഗം വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ച , പ്രസന്നരാജൻ്റെ ‘മലയാളനോവൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ‘ എന്ന പുസ്തകത്തെക്കുറിച്ചുള്ള റിവ്യൂ
നോവല്പഠനങ്ങളിലെ
പുതുഭാവനകള്
സുധാകരന് ചന്തവിള
നോവല് എന്ന സാഹിത്യരൂപം മലയാളവായനയുടെ ഭാഗമായിട്ട് ഒന്നര നൂറ്റാണ്ട് ആയിട്ടില്ലെങ്കിലും കഴിഞ്ഞ ആറേഴ് ദശകങ്ങളായി കേരളീയജീവിതത്തെയും മലയാളഭാവനയേയും നോവല് ഏറെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയജീവിതത്തിലാകമാനം നോവല് ചര്ച്ചചെയ്യുകയും പങ്കാളിത്തമേറ്റെടുക്കുകയും ചെയ്യുന്നുണ്ട്. നവോത്ഥാനത്തിന്റെ വഴിത്താരകളിലും ആധുനികതയുടെ സഞ്ചാരഗതികളിലും ഉത്തരാധുനികതയുടെ ചിന്താഘടനയിലും നോവല്പോലെ സ്വാധീനിക്കപ്പെട്ട മറ്റൊരു സാഹിത്യരൂപം ഇല്ലെന്നുതന്നെ പറയാം. ജീവിതത്തെ ആഴത്തിലും പരപ്പിലും സമഗ്രതയിലും ആവിഷ്കരിക്കാന് കഴിയുന്ന സാഹിത്യരൂപമെന്ന നിലയില് നോവലിന് ധാരാളം വായനക്കാരുണ്ടായി. പുസ്തകശാലയിലും വായനശാലയിലും അധികംപേര് അന്വേഷിച്ചുവരുന്നത് നോവലിനെയാണ്. എന്നാല് എല്ലാ നോവലുകള്ക്കും വായനക്കാരുണ്ടായോ എന്ന് പറയാനാവില്ല. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും അവാര്ഡുകളാല് ആദരിക്കപ്പെടുന്നതുമായ നോവലുകള് നല്ല വായനക്കാരുടെ ആദരവിന് പാത്രമാകാറുമില്ല. ഭാഷകൊണ്ടും ആവിഷ്കാരം കൊണ്ടും നവീനചിന്തകള് കൊണ്ടും ആവേശംകൊള്ളിക്കാത്ത നോവലുകള് കാലത്തെ അതിജീവിക്കാറില്ലയെന്നാണ് നമ്മുടെ നോവല്സാഹിത്യം തരുന്ന പാഠം.
മലയാളനോവല്സാഹിത്യത്തില് നിര്ണ്ണായകമായ സ്ഥാനം നേടിയ വിവിധകാലഘട്ടങ്ങളിലെ നോവലുകളെക്കുറിച്ചുള്ള ആഴമേറിയതും ആധികാരികവുമായ പഠനങ്ങളുടെ സമാഹാരമാണ് പ്രസന്നരാജന്റെ ‘മലയാളനോവല് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‘എന്ന പുസ്തകം. നാലുഭാഗങ്ങളായി തിരിച്ച് ഇരുപത്തിരണ്ട് അദ്ധ്യായങ്ങളില് അവതരിപ്പിക്കുന്ന ഈ പുസ്തകത്തില് പ്രാധാനമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളനോവലുകളെക്കുറിച്ചാണ് പറയുന്നതെങ്കിലും ഒന്നാം ഭാഗത്തിലെ ആദ്യത്തെ രണ്ട് അദ്ധ്യായങ്ങള് ചെലവിടുന്നത് നോവലിന്റെ ചരിത്രയാഥാര്ത്ഥ്യങ്ങളെക്കുറിച്ച് പറയാനാണ്. ‘നോവല് യാഥാര്ത്ഥ്യങ്ങളും മാന്ത്രികഭാവനകളും’എന്ന ആദ്യ അദ്ധ്യായത്തില്, എന്താണ് നോവലെന്നും എന്തായിരിക്കണം നോവലെന്നും സമര്ത്ഥിക്കുന്നുണ്ട്. വെറും കഥപറയുകയല്ല നോവലിസ്റ്റിന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്ക്കുന്നുണ്ട്. “സാമൂഹികപ്രശ്നങ്ങള്ക്ക് പരിഹാരം തേടാന് വേണ്ടിയല്ല നോവലിസ്റ്റ് നോവലെഴുതുന്നത്. യാഥാര്ത്ഥ്യത്തെ സ്വതന്ത്രമായി അന്വേഷിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാരന് തീക്ഷ്ണങ്ങളായ സാമൂഹികയാഥാര്ത്ഥ്യങ്ങളെയും രാഷ്ട്രീയാവസ്ഥകളെയും മനുഷ്യന് അനുഭവിക്കുന്ന എല്ലാവിധമായ പ്രശ്നങ്ങളെയും നേരിടുകയാണ്.” എന്ന ഗ്രന്ഥകാരന്റെ വാക്കുകള് ആദ്യമേ വായിച്ചുവയ്ക്കുന്നത് ഈ പുസ്തകത്തിന്റെ തുടര്വായനക്ക് ഏറെ സഹായകമാവും.
‘മലയാളനോവല് പാരമ്പര്യവും ചരിത്രവും’ എന്ന രണ്ടാമത്തെ അദ്ധ്യായത്തില് മലയാളത്തില് നോവല് കടന്നുവന്ന വഴികളെയും സാമൂഹികജീവിതധാരകളെയും വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ചന്തുമേനോനും സി.വി.രാമന്പിള്ളയും തുടങ്ങിവച്ച മലയാളനോവല് പാരമ്പര്യത്തിന്റെ മൂലക്കല്ലുകളും തുടര്ന്നുള്ള സാമൂഹികചരിത്രസമരകഥകളുടെ കാലവും ആധുനികതാവാദവും ഉള്പ്പെടെ വിശദമായി സൂചിപ്പിച്ച് നോവല് എങ്ങനെ നമ്മുടെ ജീവിതത്തിന്റെ പരിണാമത്തിനനുസരിച്ച് മാറിയെന്നും ജീവിതത്തെ നോവല് എങ്ങനെ മാറ്റിത്തീര്ത്തുവെന്നും എഴുതുന്നതു കാണാം.
പ്രസന്നരാജന് പൊതുവെ നവീനഭാവുകത്വത്തിന്റെ വക്താവായി മലയാളസാഹിത്യനിരൂപണത്തില് അറിയപ്പെടുന്ന എഴുത്തുകാരനാണ്. ഈ പുസ്തകത്തിലും അദ്ദേഹം അത് വ്യക്തമാക്കാന് ശ്രമിക്കുന്നുണ്ട്. സാഹിത്യത്തിന്റെ കാലികമോ ചരിത്രപരമോ ആയ അംശങ്ങളെക്കാള് അതിന്റെ സൗന്ദര്യശാസ്ത്രസാധ്യതകളെ കുറിച്ചാണ് അദ്ദേഹം എപ്പോഴും ചിന്തിക്കുന്നതും എഴുതുന്നതും. പാരമ്പര്യത്തിന്റെ നന്മകളും മൂല്യങ്ങളും സ്വീകരിക്കപ്പെടുമ്പോഴും അതിന്റെ കെട്ടുപാടുകളില്നിന്ന് മുന്നോട്ടുപോകണമെന്ന് കരുതുന്ന നവഭാവനയുടെ നിരൂപകനാണ് അദ്ദേഹം. ‘മലയാളനോവല് ഇതുപത്തിയൊന്നാം നൂറ്റാണ്ടില്‘ എന്ന മൂന്നാം അദ്ധ്യായത്തില് മാറിയ മലയാളനോവലുകളെക്കുറിച്ചാണ് എഴുതുന്നത്. മലയാളത്തിലെ വലിയ നിരൂപകരായ കേസരിയും പോളും മുണ്ടശ്ശേരിയും കെ.പി.അപ്പനും മറ്റും സ്വീകരിച്ച ദര്ശനപരതകള്ക്കു പ്രസക്തിനഷ്ടപ്പെട്ട പുതിയകാലനോവലുകളെക്കുറിച്ചാണ് പ്രസന്നരാജന് എടുത്തുപറയുന്നത്. സമൂഹത്തിന്റെ പരിച്ഛേദമായ നോവല്, മനുഷ്യാവസ്ഥകളെക്കുറിച്ചും അസ്തിത്വവ്യഥകളെക്കുറിച്ചും എഴുതിയ മുന്കാലാവസ്ഥയില്നിന്ന് ബഹുദൂരം മുന്നോട്ടുപോയതായി അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. എന്നാല് സവിശേഷവും തീവ്രവുമായ രാഷ്ട്രീയശബ്ദവും ആഴമേറിയ ചരിത്രബോധവും ഇന്നത്തെ നോവലുകള് പ്രകടിപ്പിക്കുന്നുണ്ട്. വര്ത്തമാനകാലമനുഷ്യന്റെ സ്വാതന്ത്ര്യമില്ലായ്മകളെ കുറിച്ചും ഭയാശങ്കകളെക്കുറിച്ചും അറിഞ്ഞും അറിയാതെയും എഴുതാന് ബാദ്ധ്യസ്ഥരായ ഒരു തലമുറയുടെ നോവലിസ്റ്റുകളാണ് ഇന്നുള്ളതെന്നുകൂടി സൂചിപ്പിക്കുന്നു.
രണ്ടാഭാഗത്തിലെ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ അവശിഷ്ടങ്ങള്‘, ‘രാഷ്ട്രീയമായ ഏകാന്തതയില് വീണ ജനത’, ‘അധിനിവേശവും ചെറുത്തുനില്പ്പും’ എന്നീ അദ്ധ്യായങ്ങളിലൂടെ ആനന്ദ്,എം.മുകുന്ദന്, സേതു തുടങ്ങിയ നോവലിസ്റ്റുകളുടെ എഴുത്തും നോവല്രീതികളും അവര് അവരുടെ കാലത്തോടും മനുഷ്യപ്രശ്നങ്ങളോടും ഏതെല്ലാം തരത്തില് ബന്ധപ്പെട്ടും വ്യത്യാസപ്പെട്ടും കാണപ്പെടുന്നു എന്നതും തുറന്നെഴുതുന്നുണ്ട്. ആനന്ദിന്റെ ആവിഷ്കാരത്തിന്റെയും ഭാഷയുടെയും പുതുമകളെ കുറിച്ച് എടുത്തുപറയുന്ന ഗ്രന്ഥകാരന് എം.മുകുന്ദനെക്കുറിച്ച് എഴുതി തുടങ്ങുന്നതുതന്നെ ശ്രദ്ധേമാണ്. അതിങ്ങനെയാണ്: “മലയാളസാഹിത്യത്തില് രണ്ട് മുകുന്ദന്മാരുണ്ട്. ആദ്യത്തെ മുകുന്ദന് അസ്തിത്വവ്യഥകളെക്കുറിച്ച് ഹൃദ്യവും ശുദ്ധവുമായ കവിത രചിച്ച മുന്ദനാണ്. മനുഷ്യന്റെ നിലനില്പിനെക്കുറിച്ചും മനുഷ്യാവസ്ഥയുടെ ദുരന്തവിധിയെക്കുറിച്ചും കടങ്കഥകളെ ഓര്മ്മിപ്പിക്കുന്ന കഥകളിലൂടെയും നോവലുകളിലൂടെയും എഴുതിയ മുകുന്ദന്, സാവകാശം അപ്രത്യക്ഷമാകുകയും ജീവിതത്തിലെ കഠിനയാഥാര്ത്ഥ്യങ്ങളും രാഷ്ട്രീയവിഷമാവസ്ഥകളും സാമൂഹിക ഏകാന്തതകളും സമൂഹത്തിന്റെ അബോധത്തിലെ തമോഗര്ത്തങ്ങളും പ്രകാശിപ്പിക്കുന്ന വേറൊരു മുന്ദന് പ്രത്യക്ഷപ്പെടുകയും ചെയ്തു.” ഇങ്ങനെ മാറിക്കൊണ്ടിരുന്ന മുകുന്ദന്റെ എഴുത്തുലോകത്തെ മനഃശാസ്ത്രപരമായി ഗ്രന്ഥകാരന് അപഗ്രഥിക്കുന്നുണ്ട്. സേതുവിന്റെ നോവലുകളെക്കുറിച്ച് പറയുമ്പോള്, സേതുവിന്റെ നോവല് എഴുത്തിന്റെ പ്രാരംഭത്തില്നിന്ന് അദ്ദേഹത്തിന് സംഭവിച്ച രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ വ്യതിയാനങ്ങളെയും കുറിച്ച് വിശദമായി എഴുതുന്നുണ്ട്.
മൂന്നാം ഭാഗത്തില് പ്രസന്നരാജന് പ്രധാനമായി ചര്ച്ച ചെയ്യുന്നത് കെ.പി.നിര്മ്മല്കുമാറിന്റെ ‘ജനമേജയന്റെ ജിജ്ഞാസ’, എന്.എസ്.മാധവന്റെ ‘ലന്തന് ബത്തേരിയിലെ ലുത്തിനിയകള്‘, സാറാജോസഫിന്റെ ‘മാറ്റാത്തി’, എന്.പ്രഭാകരന്റെ ‘ഒറ്റയാന്റെ പാപ്പന്‘ സി.വി.ബാലകൃഷ്ണന്റെ ‘ദിശ’, കെ.പി.രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ എന്നീ നോവലുകളാണ്. ഇതില് അദ്ദേഹം വളരെ വിപുലവും വിശാലവുമായി എഴുതാന് ശ്രമിക്കുന്നത് കെ.പി.നിര്മ്മല്കുമാറിന്റെ ‘ജനമേജയന്റെ ജിജ്ഞാസ’ എന്ന നോവലിനെക്കുറിച്ചാണ്. മഹാഭാരതകഥയെ ഉപജീവിച്ച് എഴുതിയ ഈ നോവല്, മഹാഭാരതകഥയെ എത്രത്തോളം ഘടനാപരമായി നവീനവത്ക്കരിക്കുന്നു എന്നു പറയാനാണ് പ്രസന്നരാജന് ശ്രമിക്കുന്നത്. ഒരുപക്ഷേ മഹാഭാരതകഥയ്ക്ക് കെ.പി.നിര്മ്മല്കുമാര് വരുത്തിയ വ്യതിയാനങ്ങള് പോലെ മറ്റാരും മഹാഭാരതകഥയെ മാറ്റിയെഴുതാന് ധൈര്യം കാണിച്ചിട്ടില്ലെന്നുമുള്ള കണ്ടത്തലുണ്ട്. ഇതിഹാസകാവ്യത്തിന്റെ പാരമ്പര്യാധിഷ്ഠിതവും പുരാവൃത്തപരവുമായ വശങ്ങളെ തുറന്നെഴുതാന് നോവലിസ്റ്റ് കാണിച്ച രചനാപരമായ സ്വാതന്ത്ര്യബോധംകൊണ്ടാവാം നോവലിസ്റ്റും നോവലും കുടുതല് അറിയപ്പെടാതെ പോയതെന്നുകൂടി ഗ്രന്ഥകാരന് നിരീക്ഷിക്കുന്നുണ്ട്.
നാലാം ഭാഗത്തില് ‘ഇടിമുഴക്കത്തിന്റെ മുളപൊട്ടുന്ന വിപ്ലവത്തിന്റെ കൂണുകള്‘ മുതല് ‘മലയാളനോവലിലെ കറുത്ത ഓര്ഫ്യൂസ്’ വരെയുള്ള പത്ത് പഠനങ്ങളുണ്ട്. ടി.ഡി.രാമകൃഷ്ണന്, സുഭാഷ്ചന്ദ്രന്, സുസ്മേഷ് ചന്ദ്രോത്ത്, ടി.പി.രാജീവന്, വി.ജെ.ജയിംസ്, ബെന്യാമിന്, ഇ.പി.ശ്രീകുമാര്, കെ.ആര്.മീര തുടങ്ങി ‘ചാവൊലി’ എന്ന നോവല് കൊണ്ട് ശ്രദ്ധേയനായ പി.എ.ഉത്തമന് വരെ യുള്ള നോവലിസ്റ്റുകളെക്കുറിച്ച് പ്രസന്നരാജന് എഴുതുന്നുണ്ട്. സമകാലമലയാള നോവലിന്റെ ശക്തമായ മുഖങ്ങളാണ് ഇവരുടെ നോവലുകള് പ്രതിനിധാനം ചെയ്യുന്നത്. മാറിയ മലയാളനോവലിന്റെ നാനാത്വങ്ങളാണ് ഇവരുടെ രചനകളുടെ കാതലെന്നും വായിച്ചെടുക്കാം. ഗ്രന്ഥകാരന് ഇഷ്ടപ്പെടുന്ന നോവലുകള് കാലഘട്ടത്തിന് ഏറെ പ്രിയപ്പെട്ടതുകൂടിയായി മാറുന്നു എന്നതാണ് ഇതിലെ പ്രധാനമായ കാര്യം. ഒരുപക്ഷേ പ്രസന്നരാജന് എടുത്തുപറയുന്ന സമകാലനോവലിസ്റ്റുകളും നോവലുകളും മലയാള നോവലിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നതില് സംശയമില്ല.
ചുരുക്കത്തില് ഈ ഗ്രന്ഥത്തിലെ പഠനങ്ങളെല്ലാം തികച്ചും അക്കാഡമിക്കാണ്. കോളെജ് അദ്ധ്യാപനത്തിന്റെ നാളുകളില് പഠിക്കാനും പഠിപ്പിക്കാനും വേണ്ടി വിനിയോഗിച്ച വായനയുടെ സാധ്യതകള് വേണ്ടത്ര ഒതുക്കത്തോടും ചിട്ടയോടും സൂക്ഷ്മതയോടും കൂടിയാണ് ഗ്രന്ഥകാരന് അവതരിപ്പിച്ചിട്ടുള്ളത്. ഇരുപതോളം നോവലുകളെക്കുറിച്ച് ഈ ഗ്രന്ഥത്തില് നിരൂപണം ചെയ്യുന്നുണ്ടെങ്കിലും ഓരോ നോവലിനും മറ്റ് ഓരോ നോവലിന്റെതിനെക്കാള് മേന്മയുണ്ടെന്നല്ല പറയാന് ശ്രമിക്കുന്നത്. മറിച്ച് ഓരോന്നിനും സ്വതന്ത്രമായി അവകാശപ്പെടാവുന്ന മേന്മകളെക്കുറിച്ചുമാത്രമാണ് പറയുന്നത്. അതാണ് വാസ്തവത്തില് വേണ്ടതും. കാരണം ഓരോ എഴുത്തുകാരനും ഓരോ രീതിയും വീക്ഷണവും ഉള്ളവരാണ്. പല കാലങ്ങളായി എഴുതിയ പഠനങ്ങളാണ് എന്നതിനാല്ത്തന്നെ ഇതിലെ പഠനങ്ങളുടെ രീതികള്ക്ക് ആവര്ത്തനമോ വിരസതയോ ഇല്ലെന്നു പറയാം. തികച്ചും ലഘുവാക്യങ്ങളില് ആവിഷ്കരിക്കുന്ന ഭാഷാരീതിയാണ് പ്രസന്നരാജന്റേത്. അതില് ആവശ്യമില്ലാത്ത പാണ്ഡിത്യക്കസര്ത്തോ ആശയ സങ്കീര്ണ്ണതയോ അദ്ദേഹം അടിച്ചേല്പ്പിക്കാറില്ല. ഒരു പക്ഷേ കെ.പി.അപ്പന്റെ ശിക്ഷണത്തില് നിന്നും ലഭിച്ച അവധാനതയാകാം ഇതിനു കാരണം. തന്റെ വാദഗതികള് അവസാനവാക്കായും സമഗ്രസാക്ഷ്യങ്ങളായുമല്ല പ്രസന്നരാജന് കാണുന്നത്. തന്റെ സാഹിത്യസമീപനത്തിന്റെയും അവലോകനത്തിന്റെയും നിഗമനങ്ങളായി മാത്രമാണ് അദ്ദേഹം ഇതിലെ പഠനങ്ങളെ കാണുന്നതെന്ന് മനസ്സിലാക്കാം. അതുകൊണ്ടുതന്നെ ഈ പഠനങ്ങളെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങള് പ്രകടിപ്പിച്ചാലും വികാരംകൊള്ളുന്ന പ്രകൃതക്കാരനല്ല പ്രസന്നരാജന്. വായനയും എഴുത്തും സൂക്ഷ്മവും മൗലികവുമായിരിക്കണമെന്നു വിശ്വസിക്കുന്ന ഒരു നിരൂപകന്റെ കണ്ടെത്തലുകളും ആവിഷ്കാരങ്ങളുമായി ഇതിലെ പഠനങ്ങളെ മനസ്സിലാക്കാം. അങ്ങനെ നോക്കുമ്പോള് ഈ ഗ്രന്ഥം സാഹിത്യപഠിതാക്കള്ക്ക് ഏറെ പ്രയോജനകരമാണെന്ന് സമ്മതിച്ചേ പറ്റൂ. ധാരാളം വായിച്ചും ചിന്തിച്ചും എഴുതിയ ഈ പുസ്തകം വായിച്ചുതീരുമ്പോള് സാഹിത്യനിരൂപണം വെറും മൈനര് ആര്ട്ടാണെന്ന ധാരണയെ തിരുത്തിക്കുറിക്കാന് സാധ്യതയുണ്ട്.
പ്രസാധനം:
കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം
വില: 270/-രൂപ, പേജ് 282

About The Author

Leave a Reply

Your email address will not be published. Required fields are marked *