അദ്ധ്യായം 15
അനുജത്തി പോകുന്നത് പ്രമാണിച്ച് കോരച്ചൻ ആ ശനിയാഴ്ച കട നേരത്തെ പൂട്ടി അങ്ങോട്ടു പുറപ്പെട്ടു.ആ വീട്ടിലെ അപ്പന്റെ സ്ഥാനം തനിക്കവർ നൽകി ബഹുമാനിച്ചിട്ടുള്ളതാണ് .
അതിനു വിഘ്നം വരാൻ പാടില്ല. താൻ കൂടിച്ചെന്നു വേണം അവളെ യാത്രയാക്കാൻ. ഇനി എത്ര കാലം കഴിഞ്ഞാണ് അവൾ വരിക? കയ്യിൽ കരുതൽ വല്ലതും വേണം . അവൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ കൊടുക്കണം, എയർ പോർട്ടിലേക്ക് ടാക്സി , ഇടക്ക് എന്തെങ്കിലും കഴിക്കുകയും വേണം .താൻ കൂടെ പോകുമ്പോൾ മറ്റാരെക്കൊണ്ടും ആ വക ചെലവുകൾ ഏൽപ്പിക്കാൻ കഴിയില്ല. കോരച്ചൻ എല്ലാം മനസ്സിൽ കണക്കുകൂട്ടി ചില മുൻകരുതലൊക്കെ ചെയ്തു.
ആ കണക്കുകൂട്ടലും മുൻകരുതലും കാലായിൽ ഒരു ഭൂകമ്പം തന്നെ സൃഷ്ടിച്ചു. കുട്ടൻ നായരിൽ നിന്ന് നാണിയമ്മയി ലൂടെയാണ് കാലായിൽ അതറി ഞ്ഞതെന്ന് മേരിമ്മയുടെ വീടെത്തിയ കോരച്ചനൊ കോരച്ചനെ സ്വീകരിച്ച് അകത്തേക്ക് കയറ്റിയ മേരിമ്മയൊ അറിഞ്ഞില്ല. ബേവച്ചന് സ്ത്രീധനം കിട്ടിയ കാശു കൊണ്ട് വാങ്ങിയ തെങ്ങിൻ തോപ്പിലെ തേങ്ങ അവിടെത്തന്നെ തേങ്ങാപ്പുര
യിൽ കൂട്ടിയിടുകയാണ് പതിവ്. ആ തേങ്ങ കുട്ടൻ നായരെ കൂട്ടി കോരച്ചൻ എടുത്ത് കൊപ്രാ വെട്ടുകാരന് വിറ്റിട്ടാണ് പണവു മായി ഭാര്യവീട്ടിലേക്കു പോയിരിക്കുന്നത്. തെങ്ങിൻ തോപ്പു വാങ്ങിയതിന്റെ പിന്നിലും ഒരു കോളിളക്കം ഉണ്ടായിരുന്നു. എന്തും കോരച്ചനും ചാക്കോച്ചനും ആലോചിച്ചേ ചെയ്യാറുള്ളു. സ്ത്രീധനം കിട്ടിയ കാശു കൊണ്ട് കോരച്ചന്റെ കട കുറേക്കൂടി ഒന്നു വിപുലീകരിക്കാൻ ചാക്കോച്ചൻ അഭിപ്രായപ്പെട്ടിരുന്നു. രണ്ടു പേരും അതിനെക്കുറിച്ച് ചർച്ചയും ചെയ്തിരുന്നു. എങ്കിലും കോരച്ചന്റെ മനസ്സിൽ ആ പണം അവരുടെ പേരിൽ എന്തെങ്കിലും ചെയ്യണം എന്നുള്ളതു തന്നെയായിരുന്നു. അതു ചാക്കോച്ചനോട് വെളിപ്പെടുത്തു ന്നതിനു മുൻപ് തന്നെ സോളി അടുക്കളയിൽ പുകിലുണ്ടാക്കി ക്കഴിഞ്ഞു.
“എന്റെ അപ്പൻ തന്നതു എനിക്കും എന്റെ ഭർത്താവിനും മാത്രമുളളതാ. അതെടുത്ത് സ്വന്തം കാര്യം നേടാൻ ഞാൻ സമ്മതിക്കേല കേട്ടല്ലൊ.”
തന്നെ നോക്കിക്കൊണ്ടാണു സോളി അതു പറഞ്ഞതെങ്കിലും പാവം മേരിമ്മ,എന്തിനെപ്പറ്റി
ആണ് അനുജത്തി എങ്ങും തൊടാതെ പറഞ്ഞു വച്ചതെന്ന റിയാതെ വിറങ്ങലിച്ചു നിന്നു.
” ഒന്നുമറിയായ്ക ഭാവിക്കയൊന്നും വേണ്ട. അപ്പനും കെട്ടിയോനും കൂടെ അതിനു വച്ച വെള്ളമങ്ങു വാങ്ങിയേക്കാൻ പറയണം.”
വീണ്ടും സസ്പെൻസ്! അമ്മ സോജു മോനെയും കൊണ്ട് അവരുടെ മുറിയിലായിരുന്നു.
അമ്മ കേട്ടിരുന്നെങ്കിൽ അമ്മ ചോദിച്ചേനെ എന്തിനേ പറ്റിയാണ് പറയുന്നതെന്ന്.
കോരച്ചനെ തക്കത്തിനു കിട്ടാൻ കാത്തിരിക്കയായിരുന്നു മേരിമ്മ. അത്താഴം കഴിഞ്ഞു കിടപ്പു മുറിയിലെത്തണം അങ്ങനെയൊരവസരത്തിന്. അടുക്കളയിൽ നടന്നതൊന്നും ശോശാമ്മയൊ ചാക്കോച്ചനൊ അറിഞ്ഞില്ല. മേരിമ്മയൊട്ടു പറഞ്ഞതുമില്ല.കോരച്ചൻ കാര്യമറിഞ്ഞപ്പോൾ പറഞ്ഞ മറുപടി,ഞാനതു നേരത്തെ മനസ്സിൽ കണ്ടു. നമുക്കെന്തിന് അവരുടെ പണം. അപ്പനഭിപ്രായം പറഞ്ഞല്ലേ ഉള്ളു. ഞാനതൊന്നും തൊടില്ല അതവർക്കു തന്നെ. അങ്ങനെയാണ് ഒത്തു കിട്ടിയ തെങ്ങിൻ തോപ്പ് ബേവച്ചന്റെ പേരിൽ വാങ്ങിയിട്ടത്. ആ തെങ്ങിൻ തോപ്പിലെ തേങ്ങയാണ് കോരച്ചൻ വിറ്റിരിക്കുന്നത്. ഉമയമ്മ പറഞ്ഞാണ് സോളി അതറിയുന്നത്. സോളി കലി തുള്ളി ചോദിച്ചു.
” അമ്മയും കൂടി അറിഞ്ഞാണൊ ഈ കച്ചവടം,?വിദേശത്തു ജോലിക്കു പോകുന്ന അനുജത്തി ക്കെന്തിന് പണം കൊടുക്കണം ? ഒരു വർഷം കഴിഞ്ഞില്ലേ പോയിട്ട് ജോലി ചെയ്ത കാശു കാണില്ലേ?”
ശോശാമ്മക്ക് ഉത്തരം മുട്ടി. എന്തു മറുപടി കൊടുക്കും. മകനോ അപ്പനോ തന്നോടൊന്നും പറഞ്ഞിട്ടില്ല.എന്തായാലും കോരച്ചൻ തിരികെ വരട്ടെ. മേരിമ്മയും കൂടെ കാണുമല്ലൊ. എന്തായിരുന്നു ആവശ്യം എന്നു ചോദിച്ചു മനസ്സിലാക്കാം അതല്ലേ നല്ലത്.അതല്ലാതെന്തു പറയാൻ.
അല്ലാതെ ഒരു തുടക്കമിട്ടാൽ ഒരു വാക്ക് പോര് തന്നെ ഉണ്ടായെന്നി രിക്കും. വേണ്ട. ശോശാമ്മ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു .
(തുടരും .. .. )
About The Author
Related posts:
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 14 – ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 13 – ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 12 – ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 7 – ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 3– ( മേരി അലക്സ് {മണിയ} )