വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 14 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 14

ബേവച്ചനും സോളിയും മടങ്ങിയെത്തി. ശോശാമ്മ സമാധാനിച്ചു.മേരിമ്മയുടെ അഭാവത്തിൽ രണ്ടു ദിവസങ്ങൾ തള്ളി നീക്കിയെങ്കിലും ആൾ ആകെ വലഞ്ഞു കഴിഞ്ഞിരുന്നു. മറിയ മുറ്റമടിച്ച് പാത്രം കഴുകി ക്കൊടുക്കുകയും അത്യാവശ്യം തുണി നനച്ചു പിഴിഞ്ഞ് വിരിച്ചിട്ടു കൊടുത്തു സഹായിക്കുകയും ചെയ്തതു കൊണ്ട് അകത്തുള്ള പാചകം മാത്രം ചെയ്താൽ മതിയായിരുന്നു.എന്നിട്ടു പോലും . പക്ഷെ ശോശാമ്മ വിചാരിച്ചതു പോലെ കാര്യങ്ങൾ നീങ്ങിക്കണ്ടില്ല.. സോളി പഴയ രീതിയിൽ തന്നെ, താമസിച്ച് എഴുന്നേൽക്കുകയും ഭക്ഷണം ഉണ്ടാക്കിക്കഴിയുമ്പോൾ വന്നിരുന്ന് കഴിക്കുകയും ചെയ്തു. രണ്ടു ദിവസം വീണ്ടും കടന്നുപോയി. വീട്ടിൽ അംഗങ്ങൾ കൂടുന്നതുസരിച്ച് ജോലിഭാരവും കൂടുന്നു.ശോശാമ്മ ബേവച്ചനോട് പറഞ്ഞു.
 “നീ അവളെ പറഞ്ഞു മനസ്സിലാക്കണം”
“എന്തു്?”
           ബേവച്ചൻ കേട്ടില്ലാത്ത മട്ടിൽ ഒന്നുമറിയാത്തവനെ
പ്പോലെ അമ്മയുടെ മുന്നിലിരുന്നു. അനുഭവിക്കട്ടെ. അമ്മക്കായി രുന്നല്ലൊ നിർബന്ധം മുഴുവൻ. ജോലിയില്ലാത്ത പെണ്ണിനെ കെട്ടാൻ. ശോശാമ്മ പിൻവാങ്ങി. മകൻ പകരം വീട്ടുകയാണോ?
അവർക്കു തോന്നി.
                 പിറ്റേന്ന് വീട്ടുമുറ്റത്തു വന്നു നിന്ന കാറിൽ നിന്ന് സോളിയുടെ അപ്പനും ഒരു സ്ത്രീയും പുറത്തിറങ്ങി. കെട്ടും മട്ടും കണ്ടിട്ട് ബന്ധത്തിൽപ്പെട്ട ആരും ആണെന്നു തോന്നുന്നില്ല. ശോശാമ്മ അവരെ സംശയാസ് പദമായി നോക്കി നിന്നു. “ഇവിടത്തേക്കൊരു ജോലിക്കാരിയാ സിന്ധു”
സോളിയുടെ അപ്പൻ ശോശാമ്മയെ നോക്കി പറഞ്ഞു.
താൻ തലേന്ന് മകനോട് സൂചിപ്പിച്ചതിന്റെ പ്രതിഫലനമല്ലേ ഇതെന്ന് ശോശാമ്മക്കു മനസ്സിലായി .
“പപ്പാ എത്തിയൊ ?
ഇത്ര വേഗം ആളെ കിട്ടിയൊ?”
സോളി അകത്തു നിന്നും ചോദിച്ചു കൊണ്ടിറങ്ങി വന്നു. അപ്പോൾ മോനല്ല മകൾ തന്നെ. ഇതെങ്ങനെ ഒത്തു. അങ്ങോട്ടു പോയത് ബസ്സിൽ. തിരികെ എത്തിയത് കാറിൽ. ഇതേ വണ്ടി ഈ ആൾ തന്നെ വണ്ടി ഓടിച്ചതും. കാപ്പി കുടി കഴിഞ്ഞ് ആൾ തിരികെ പോകാൻ കാറിൽ കയറുമ്പോൾ സോളി പുറകെ ചെല്ലുന്നതും എന്തൊ പതിയെ സംസാരിക്കുന്നതും കണ്ടിരുന്നു. ശോശാമ്മ മനസ്സിൽ ഓർത്തു
കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ താൻ മേരിമ്മയുടെ അനുജത്തിയും ആങ്ങളയും വന്നതും അവർ വന്നതിന്റെ ഉദ്ദേശവും മേരിമ്മയും മോനും ഒപ്പം പോയതും ബേവച്ചനോട് പറഞ്ഞിരുന്നു.
        കടയിൽ നിന്നെത്തിയപ്പോൾ അടുക്കളയിൽ പുതിയ ഒരാളെ ക്കൂടിക്കണ്ടു് കോരച്ചന് അത്ഭുതം തോന്നി. വിവരങ്ങൾ അറിഞ്ഞപ്പോൾ തെല്ല് നീരസവും. വന്നു കയറിയ കാലം മുതൽ മേരിമ്മയും അമ്മയുമാണ് അടുക്കളയിൽ. ഇടക്ക് അവൾ പ്രസവത്തിനു വീട്ടിൽ പോയി നിന്നപ്പോഴല്ലാതെ അവൾ മാറി നിന്നിട്ടുമില്ല. ഇപ്പോൾ ഒരാഴ്ചത്തേക്ക് അവൾ മാറിയപ്പോൾ! അമ്മക്കും സോളി ക്കുമായി ചെയ്യാവുന്നതല്ലേയുള്ളൂ
 ഈ വീട്ടിലെ ജോലികൾ, പുറം പണിക്കു മറിയയുണ്ട് കൂടാതെ മകനുമുണ്ട്. പിന്നെന്തിന് ഒരു പുതിയ അംഗം കൂടി? അന്യ ഒരാൾ വീട്ടിനുള്ളിൽ അതും ഒരു സ്ത്രീ എപ്പോഴുമുണ്ടാകുന്നത് ഒരു തികഞ്ഞ അരക്ഷിതത്വമാണ്. അവരുടെ കണ്ണും കാതും എത്താത്ത ഒരു കാര്യവും ആ വീട്ടിലുണ്ടാവില്ല. അത് സ്ത്രീകളുടെ ഒരു പ്രത്യേക കഴിവാണ്. പുരുഷനാണെങ്കിൽ അത്ര വരികയില്ല. ഇവരെ ഒരിക്കലും സൂക്ഷിക്കാനാവില്ല. എന്തിനാണിങ്ങനെ? ആരു പറഞ്ഞിട്ട്? ആരോട് ചോദിച്ചിട്ട്? അപ്പൻ തന്നോടാലോചിക്കാതെ ഒന്നിനും ഇറങ്ങിപ്പുറപ്പെടുകയില്ല താനും അങ്ങനെ തന്നെ . പിന്നിപ്പോൾ ! അനുജന്റ ഇംഗിതം നടത്തിക്കൊടുക്കാതെ അമ്മ സ്വന്തം ചിന്താഗതിയിൽ അവനു പെണ്ണിനെ കണ്ടെത്തി. അതു മുതൽ അവനിൽ ഒരു നിസംഗത ആണു കാണുന്നത്.വന്നു കയറിയവളോ ? പല ദിവസങ്ങളിൽ പല രീതിയിലുളള സംഭാഷണങ്ങൾ, പെരുമാറ്റങ്ങൾ, നിസ്സാരമെങ്കിലും ചെറുതും വലുതുമായ സംഭവങ്ങൾ കുടുംബത്ത് ഉണ്ടാവാറുണ്ടെന്നറി യാറുണ്ട്.വീട്ടിലെ സ്വശ്ചമായ അന്തരീക്ഷത്തിനു തന്നെ മാറ്റം വരികയാണൊ? കുടുംബാംഗങ്ങൾ തമ്മിലുള്ള
സ്നേഹബന്ധങ്ങളിൽ വിള്ളൽ വീഴുകയാണോ?
(തുടരും .. .. )

About The Author

Leave a Reply

Your email address will not be published. Required fields are marked *