അദ്ധ്യായം 16
ഒറ്റയ്ക്ക് കടന്നുവരുന്ന കോരച്ചനെ കണ്ട് ശോശാമ്മയും ചാക്കോച്ചനും എന്തിന് ബേവച്ചൻ പോലും അന്തം വിട്ടു.
” മേരിമ്മയും മോനും എവിടെ?”
അക്ഷമയോടെ ശോശാമ്മ ചോദിച്ചു. “അവളും മോനും കുറച്ചു ദിവസം കൂടി അവിടെ നിൽക്കട്ടെ അമ്മക്ക് ഒരു കൂട്ടായി. ഇവിടിപ്പോ അടുക്കളയിൽ ആളുണ്ടല്ലൊ അവളും കൂടിയായാൽ തട്ടീം മുട്ടീം നടക്കാൻ പറ്റാതാകും.”
ജോലിക്കാളു വന്നതിനെക്കുറി ച്ചാണ് കോരച്ചൻ പറഞ്ഞതെന്നു ശോശാമ്മക്കു മനസ്സിലായി. താൻ ആവശ്യപ്പെട്ടിട്ടല്ല സോളി ആളെ കൊണ്ടുവന്നത്. പക്ഷെ അവന്റെ ഭാര്യയുടെ സ്ഥാനം ഇവിടത്തെ അടുക്കളക്കാരിക്കു സമം എന്നാണൊ കോരച്ചൻ ഉദ്ദേശിച്ചത് കഷ്ടം ! ഇവിടെയും തനിക്ക് ഉത്തരം മുട്ടിയിരിക്കുന്നു. താൻ ഒറ്റപ്പെടുകയാണൊ?
ചാക്കോച്ചൻ ഇത്രമാത്രം പറഞ്ഞു , ഇലയ് ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ:-
“മോനെ കാണാഞ്ഞിട്ട് എന്തോ പോലെ “
ബേവച്ചനും അതിനോടനുകൂലിച്ചു.
“ശരിയാ അച്ചായൻ പറഞ്ഞത്. അവനില്ലാഞ്ഞിട്ട് എന്തോ ഒരു സുമാറില്ല”
സോളിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. മേരിമ്മയുടെ അഭാവം അവൾക്കും സിന്ധു വിനും അഭികാമ്യമായി തന്നെ തോന്നിപ്പിച്ചു. ഓരോ ദിവസത്തെയും മെനു സോളി പറയുന്നതു പോലെ . മേശയിൽ നിരക്കുമ്പോഴാണ് ശോശാമ്മ പോലും അറിയുന്നത്. മേരിമ്മ യാണെങ്കിൽ ഓരോ ദിവസവും ചോദിക്കും ഉച്ചക്കെന്താമ്മെ?, ചായക്കെന്താമ്മെ ? പ്രാതലിനെന്താമ്മേ?താൻ പറയും അവൾ കേൾക്കും, അതു വേണ്ടമ്മെ ഇന്നതു മതി എന്നു പോലും പറഞ്ഞു കേട്ടിട്ടില്ല. ഒരിക്കൽപ്പോലും.തന്നിൽ നിന്നും കുടുംബത്തിലെ കാരണവത്തി യുടെ സ്ഥാനവും പൊയ്പോവുക യാണൊ? ഉള്ളിൽ ഒരു വിമ്മിഷ്ടവുമായി അവർ അകത്തേക്കു വലിഞ്ഞു.
കീച്ചേരിയിൽ ചെറിയ ഒരു വിശേഷം നടന്നു. ഗീത പ്രസവത്തിനു വീട്ടിലേക്കു പോയി. സാധാരണഗതിയിൽ അങ്ങനെ ഒരു പതിവില്ല. കല്യാണം കഴിഞ്ഞു വന്നാൽ പിന്നെല്ലാം ഭർത്താവിന്റെ വീട്ടിലാണ്. ഗീതക്ക് സ്വന്തം വീട്ടിൽ ആവണം എന്ന ആഗ്രഹം . സ്വന്തം വീടു പോലെ സ്വാതന്ത്ര്യം ഉണ്ടാവി ല്ലല്ലൊ ഭർത്താവിന്റെ വീട്. പ്രത്യേകിച്ച് ഉമയമ്മയെപ്പോലെ ഒരു സഹോദരിയും നാണിയമ്മ യെപ്പോലെ ഒരമ്മയും ഉണ്ടായാൽ. കുറച്ചു ദിവസമെങ്കിലും മന:സമാധാനത്തോടെ കുഞ്ഞുമായി പ്രസവശുശ്രൂഷ ചെയ്തു മടങ്ങിവരാം.അതു കൊണ്ടു തന്നെ ഗീത സ്വന്തം വീടിനടുത്തുള്ള ആശുപത്രി യിലാണ് ഡോക്ടറെ കണ്ടു കൊണ്ടിരുന്നത്. എല്ലാം പ്രഭാകരന്റെ അറിവോടും സമ്മതത്തോടും കൂടി തന്നെ.
രണ്ടാഴ്ച കഴിഞ്ഞില്ല. മേരിമ്മയും സോജുമോനും കുഞ്ഞുമോനുമായി കടന്നുവന്നു. അവന്റെ തോളിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും. കാനഡായിൽ നേഴ്സുമാർക്ക് വേറെ യൂണിഫോം ആണ്. പള്ളി, മലയാളികൾ ഒക്കെ പരിചയപ്പെട്ടു വന്നിട്ടു വേണം ആ വഴിക്കുള്ള ഒരു ജീവിതം തുടങ്ങാൻ. തൽക്കാലം ജോലിക്കു കയറി അതുമായി പൊരുത്തപ്പെടണം . ആയതിന് ആ നാട്ടിലുപയോഗി ക്കുന്ന വേഷങ്ങൾ, തണുപ്പിനുള്ള സ്വൈറ്റർ,ജാക്കറ്റ് ഒക്കെ കരുതണം. അതൊക്കെ തന്നെ നല്ല വെയിറ്റ് കാണും .മാത്രമല്ല അതു ധരിച്ചാൽ അകത്തെന്തു വേഷം എന്നാരറിയാൻ? അതിനാവശ്യമുള്ളതൊക്കെ മതി. പിന്നെ യാത്രയ്ക്കും സാധാരണ ഉപയോഗത്തിനും സൗകര്യം ചുരിദാറാണ്. പുതുതായി വാങ്ങിയവയിൽ ഒന്നൊ രണ്ടൊ സാരികളൊഴിച്ച് ബാക്കിയുള്ളതും ഉപയോഗിച്ചു കൊണ്ടിരുന്ന സാരികളും അതിനാവശ്യമായ മാച്ചിംഗ് ബ്ലൗസുകളും അണ്ടർ ഗാർമെൻസും ആയിരുന്നു ആ ബാഗു നിറയെ.
പക്ഷെ ഇതൊന്നും മനസ്സിലാക്കാതെ അടുക്കളയിൽ തകൃതിയായ ചർച്ചയിലായിരുന്നു
സോളിയും അടുക്കളക്കാരിയും . കോരച്ചന്റെ തേങ്ങാക്കച്ചവടത്തി ന്റെ പങ്കാണതെന്നായിരുന്നു ആ സംഭാഷണത്തിന്റെ സംക്ഷിപ്തം. കടന്നുചെന്ന ശോശാമ്മയുടെ ചെവികളിൽ അതിന്റ നുറുങ്ങു കൾ പതിഞ്ഞു.അതോടെ സംഭാഷണവും നിലച്ചു. മേരിമ്മയും കുഞ്ഞുമോന്റെ കയ്യിൽ നിന്ന് ബാഗു വാങ്ങി അവരുടെ മുറിയിൽ കൊണ്ടു ചെന്ന് വച്ചിട്ട് ഡ്രസ്സു മാറി അടുക്കളയിലേക്കു കടന്നു ചെന്നതോടെ അവിടെ പൂർണ്ണ നിശബ്ദത തളം കെട്ടി. ശോശാമ്മ മേരിമ്മയോട് അനുജത്തി കുഞ്ഞന്നാമ്മ പോയതിനെപ്പറ്റി ചോദിച്ചറിഞ്ഞ് കൂട്ടുകാരി പ്രസവത്തിനു വീട്ടിലേക്കു പോയ വിശേഷവും പറഞ്ഞുകേൾപ്പിച്ച് പഴയ സ്നേഹസൗഹൃദം തുടങ്ങി. പാവം മേരിമ്മ! ഒരു ശുദ്ധഗതി ക്കാരി,ഉള്ളു ശുദ്ധമായിരുന്നതി
നാൽ അനുജത്തിയോട് എന്താ സോളി ഇനി നമുക്കും വേണ്ടെ ഒരു കുഞ്ഞുവാവ എന്ന് പാതി തമാശയായും പാതി കാര്യമായും സൂചിപ്പിച്ച് ഒന്നു ചോദിച്ചു പോയി. സോളിയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി തിരിച്ചടി പോലെ മേരിമ്മയുടെ കർണ്ണപുടങ്ങളിൽ പതിഞ്ഞു.
About The Author
Related posts:
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 9 – ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 8 – ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 6 – ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 5– ( മേരി അലക്സ് {മണിയ} )
- വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 3– ( മേരി അലക്സ് {മണിയ} )