വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 17 – ( മേരി അലക്സ് {മണിയ} )

Facebook
Twitter
WhatsApp
Email

അദ്ധ്യായം 17

 

 ” അത്ര മുട്ടി നിൽക്കുന്നെങ്കിൽ സ്വയം ആയിക്കൊ . പറ്റിയ സമയമായിട്ടുണ്ടല്ലൊ അടുത്തതിന്. മറ്റുള്ളവരുടെ സന്തോഷം തല്ലിക്കെടുത്താൻ വരണ്ടാരും .”
          അമ്മ സോളിയെ ഒന്ന് നോക്കി പിന്നെ മേരിമ്മയേയും. അമ്മ കേട്ടതിൽ ഒന്നും തോന്നിയില്ല. പുതുതായി ഒരാൾ കൂടി കേട്ടല്ലൊ അനുജത്തിയുടെ തന്നോടുള്ള സംഭാഷണ രീതി എന്നായിരുന്നു മേരിമ്മയുടെ മനസ്സിൽ. തന്റെ അഭാവത്തിൽ സോളിയുടെ വീട്ടുകാർ ഒരു സ്ത്രീയെ എത്തിച്ചത് കോരച്ചൻ തന്ന വീട്ടു വിശേഷങ്ങളിൽ നിന്നറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അമ്മയ്ക്കു കൂട്ടായി കുറച്ചു ദിവസം കൂടി നിന്നിട്ട് വന്നു കൊണ്ടുപോന്നോളാം എന്നു പറഞ്ഞേൽപ്പിച്ചാണ് കുഞ്ഞന്നാമ്മയെ യാത്രയാക്കീട്ട് അവിടെ നിന്നു തന്നെ ബസ്സ് കയറി തിരികെ കോരച്ചൻ പോന്നത്. കൂട്ടത്തിൽ പോയ കുഞ്ഞുമോൻ മാത്രം ആ ടാക്സിയിൽ തിരികെ വീട്ടിലെത്തി തന്റെ നിർബന്ധത്തിനു വഴങ്ങി മാത്രമാണ് അവനിപ്പോൾ തന്നോടൊപ്പം പോന്നിരിക്കുന്നത്. തനിക്കറിയാം അല്ലെങ്കിൽ അനുജന്റെ പഠന സംബന്ധമായി ഏതെങ്കിലും കോളജിൽ ചേർക്കേണ്ട അവസരത്തിലെ ഇനി കോരച്ചായൻ എത്തുക യുള്ളെന്ന്. അത്രയും താമസിച്ച് വരവ് വേണ്ടല്ലൊ എന്നു കരുതി താൻ ഓടിപ്പോന്നത് ഈ വിധത്തിലായി. ഛെ! വേണ്ടായിരുന്നു. ഒന്നും പറയണ്ടായിരുന്നു. മേരിമ്മ നഖം കടിച്ചു നിന്നു .
                 ഊണു കഴിഞ്ഞയുടൻ കുഞ്ഞുമോൻ തിരികെപ്പോയി. അമ്മയ്ക്കു കൂട്ടായി ആരെയും ഏൽപ്പിക്കാതുള്ള വരവാണ്. അന്നു തന്നെ തിരികെ എത്തിയെ ഒക്കു .കോരച്ചൻ അവനോടൊപ്പം കടയിലേക്കും.മേരിമ്മ ബാഗിൽ നിന്നും സാധനങ്ങൾ അലമാര ക്കുള്ളിൽ അടുക്കി വച്ചു കൊണ്ടിരുന്നു. നാലു മണിക്കാപ്പിക്കു സമയമാകുന്നു.
എന്തൊ വീണ്ടും അടുക്കളവശ ത്തേക്ക് ചെല്ലാൻ മേരിമ്മക്കു തോന്നിയില്ല. സാധാരണ ചെന്ന് പലഹാരമൊ പുഴുക്കൊ എന്തെങ്കിലും ചെയ്തു വയ്ക്കുന്നതാണ്. ഇനി അങ്ങനെ ഓടിച്ചെന്നില്ലെങ്കിലും കുഴപ്പമില്ല.അപ്പനു കൊടുക്കാൻ അമ്മയുണ്ട്. ബേവച്ചന് സോളിയും. സഹായത്തിനൊരു പെണ്ണും കോരച്ചായൻ കട പൂട്ടി സന്ധ്യയോടെയെ എത്തു. ചായ അവിടെത്തന്നെ ചായക്കടയിൽ നിന്നു കൊണ്ടു ചെന്നു കൊടുക്കും. പിന്നുള്ളത് സോജു മോനാണ്. സോജുമോൻ വല്യപ്പച്ചന്റെ കൂടെ കൂടിക്കൊള്ളും. മാത്രമല്ല താനില്ലാഞ്ഞ ഇക്കഴിഞ്ഞ നാളുകളിൽ അവർ തന്നെയല്ലേ കാര്യങ്ങൾ നടത്തി പോന്നത്. മേരിമ്മ അവിടെത്തന്നെ ചടഞ്ഞു കൂടിയിരുന്നു, ശോശാമ്മ അന്വേഷിച്ചെത്തുന്നതു വരെ.
“എന്താ മേരിമ്മേ ഇന്നു കാപ്പിയൊന്നും വേണ്ടെ? അവൾ വല്ലതും പറഞ്ഞെന്നു കരുതി. നീ അതു കാര്യമാക്കണ്ട “
                 ഒരു വിധത്തിൽ അമ്മയോടൊപ്പം അടുക്കള യിലേക്ക് കടന്നു ചെന്നെങ്കിലും മേരിമ്മക്ക് ഒരസ്വാതന്ത്ര്യം ആദ്യമായി ആ വീട്ടിൽ അനുഭവപ്പെട്ടു. സോളിയൊ അടുക്കളക്കാരിയൊ ആ ഭാഗത്തുണ്ടായിരുന്നില്ല .തട്ടി മുട്ടി ഒരു ഗ്ലാസ്സ് കാപ്പി കുടിച്ചെന്നു വരുത്തി മേരിമ്മ സോജു മോനെ കുളിപ്പിക്കാനായി ഉടുപ്പും നിക്കറുമെടുത്ത് കുളിമുറിയിലേക്കു നടന്നു. കുളിപ്പിച്ച് ഡ്രസ്സും മാറ്റി അപ്പച്ചന്റെ അടുത്താക്കിയാൽ അപ്പച്ചൻ വേദപുസ്തകം വായിപ്പിച്ച്, പ്രാർത്ഥന ഒക്കെ പഠിപ്പിച്ചു കൊടുക്കും. പിന്നെ തനിക്കും കുളിച്ചു കയറാം .കോരച്ചൻ വരുമ്പോൾ തന്നെ അങ്ങനെ കാണുന്നതാണിഷ്ടം.
        കോരച്ചൻ വന്നപ്പോൾ താനൊറ്റക്കല്ല എന്നൊരു ധൈര്യം മേരിമ്മയിൽ ഉടലെടുത്തു. പ്രാർത്ഥനയും അത്താഴവും കഴിഞ്ഞു. കിടക്കുന്നതിനു മുൻപ് സോജു മോന് ഒരു ഗ്ലാസ്സ് പാൽ കൊടുക്കുന്ന പതിവുണ്ട്. ഒപ്പം അമ്മക്കും അപ്പനും. കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും പാൽ ഒരു സമീകൃതാഹാരമാണല്ലൊ. മേരിമ്മ അടുക്കളയിലേക്കു ചെന്നു.പാൽക്കലം കഴുകി കമഴ്ത്തി വച്ചിരിക്കുന്നു. അടുക്കള തൂത്തു വൃത്തിയാക്കി ക്കൊണ്ടിരുന്ന സ്ത്രീ പറഞ്ഞു.
 “പാൽ തീർന്നു പോയി.കുറച്ച് ഒറയ്ക്കാൻ ഒഴിച്ചു ,ബാക്കി അമ്മച്ചിക്കും അച്ചായനും കൊടുത്തു.”
മേരിമ്മ ഒന്നും പറഞ്ഞില്ല. രാവിലെ കുടിച്ചിട്ടാണ് വന്നത്. നാലു മണിക്കാപ്പിയും കുടിച്ചതാണല്ലൊ. അമ്മയോടു പറഞ്ഞ് നാളെ മുതൽ കൂടുതൽ വാങ്ങാം. മേരിമ്മ സമാധാനിച്ചു.
               കീച്ചേരിയിൽ ഗീത ഇല്ലാത്തതു കൊണ്ട് പ്രഭാകരൻ ഇപ്പോൾ കൂടുതൽ സമയം വൈകുന്നേരങ്ങളിൽ ബേവച്ചനോടൊത്തുണ്ട്. സോളിക്ക് സായന്തനങ്ങളിലുള്ള ബേവച്ചന്റെ ഈ കൂടിക്കാഴ്ച പ്രോഗ്രാം അല്പം ബുദ്ധിമുട്ടുണ്ടാ ക്കാറുണ്ട് .പല തവണ അവൾ അതു സൂചിപ്പിക്കയും ചെയ്തിട്ടുണ്ട്. അല്‌പനേരം ഭർത്താവ് തന്നോടൊപ്പം ഒരുമിച്ചിരിക്കാൻ കിട്ടുന്ന അവസരം അങ്ങനെ നഷ്ടപ്പെടുമെന്നതിലല്ല സങ്കടം. ആവശ്യമുള്ളതും ഇല്ലാത്തതും തമ്മിൽ തമ്മിൽ ചർച്ച ചെയ്യുമെന്നുള്ളതാണ് കാരണം കാരണം . ഒരിക്കൽ അങ്ങനെ ഒരു സംഗതി ഉണ്ടാവുക കൂടി ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *