LIMA WORLD LIBRARY

സാഹിത്യം എന്തിന് – ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍ (Dr. P.N Gangadharan Nair)

മനുഷ്യജീവിതത്തെ കുറിച്ച് ഭാഷ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലയെയാണ് നമ്മള്‍ സാഹിത്യം എന്ന് വിളിക്കുന്നത്. ഭാഷയുടെ ഉന്നത മണ്ഡലമാണ് സാഹിത്യം. ലോകത്തില്‍ നടക്കുന്നതിനെക്കുറിച്ച് നമ്മെ അറിയിക്കുന്നത് സാഹിത്യമാണ്. സാഹിത്യ വായന മനുഷ്യാനുഭവത്തിന്റെ വിസ്തൃതിയിലേക്ക് നമ്മെ എത്തിക്കും. കടല്‍ത്തീരത്ത് ചെന്ന് അതിനുമപ്പുറമുള്ള രാജ്യങ്ങളിലെ ജനതയെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നത് പോലെ സാഹിത്യ താളുകളിലൂടെ നമ്മള്‍ കാണുന്നത് വിശ്വ ജനതയെയാണ്. ജീവിതം ദു:ഖ ദുരിതങ്ങളുടെ കടലാണെങ്കില്‍, ആശ്വാസത്തിന്റെ പച്ചത്തുരുത്താണ് സാഹിത്യം–അവ ചിലപ്പോള്‍ വേദപുസ്തകങ്ങളോ തത്വചിന്തകളോ നോവലോ കഥയോ കവിതയോ ഒക്കെയാകാം. അത് നമ്മുടെ തെറ്റായ ജീവിത സങ്കല്പത്തില്‍ നിന്നും നമ്മെ മാറ്റിയെടുക്കും. ഇത്തിരി വട്ടത്തില്‍ നിന്നും നമ്മെ മോചിപ്പിക്കുന്ന കലയാണ് സാഹിത്യം. മുന്നോട്ടുള്ള പോക്കാണ് സാഹിത്യം. സാഹിത്യത്തോടൊപ്പം അങ്ങനെ ജീവിതവും ചലനാത്മകമാകും.
അതുതന്നെയാണ് നവോത്ഥാനം.

എന്തിന് സാഹിത്യം? എന്ന ചോദ്യത്തിന്, ശാസ്ത്ര ചിന്തയെക്കുറിച്ചുള്ള പൊതുജനധാരണ മെച്ചപ്പെടുത്തിയ പ്രസിദ്ധ അമേരിക്കന്‍ ശാസ്ത്രജ്ഞനായ കാള്‍ സാഗന്‍ (Carl Sagan. 1934–1996)ന്റെഅഭിപ്രായത്തില്‍:’ സാഹിത്യ വായന കാലത്തിലൂടെയുള്ള ഒരു സമുദ്ര സഞ്ചാരമാണ്. ഏതെങ്കിലും ഒരു പുസ്തകത്തിലൂടെയുള്ള വെറുമൊരു നോട്ടം മതി നിങ്ങള്‍ മറ്റൊരാളുടെ ശബ്ദം കേട്ടുതുടങ്ങും. ഒരുപക്ഷേ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ മരണമടഞ്ഞ ഒരാളുടെ ശബ്ദം…..അപരലോകങ്ങളുടെയും അപാര അനുഭവങ്ങളുടേയും അനന്ത വിസ്തൃതിയിലേക്കുള്ള പ്രവേശന കവാടമാണ് സാഹിത്യം.അതിലൂടെ നടക്കാന്‍ തുടങ്ങുമ്പോള്‍ നാം നമ്മുടെ ചെറിയ ലോകത്തില്‍ നിന്നും പുറത്തു കടക്കുന്നു. മനുഷ്യവംശത്തിന്റെ വിശാല ലോകത്തിലേക്ക്, അതിലെ അപാരമായ അനുഭവങ്ങളിലേക്ക് കടക്കാന്‍ വഴി തുറന്നു കിട്ടുന്നു’.

രസിക്കാനായി നാലുവരി എഴുതുന്നതല്ല സാഹിത്യം. പരക്ലേശ ബോധത്തിലേക്ക് വാക്കിന്റെ സഞ്ചാരത്തെ നയിക്കുന്നതാണ് സാഹിത്യം.
‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കു മമലേ വിവേകികള്‍’ എന്ന കുമാരനാശാന്റെ വരികള്‍ ഈ ആശയത്തെ സാര്‍ത്ഥകമാക്കുന്നു.
ഒരുസാഹിത്യകാരന്‍ ഏകാന്തതയില്‍ ഇരുന്നെഴുതുന്ന വരികള്‍ ഏതോ ദേശത്ത് ഏതോ കാലത്ത് ഏതോ ഒരു വായനക്കാരന്‍ വായിച്ച് ആസ്വദിക്കുന്നതിലെ ആനന്ദമാണ് എഴുത്തിലെ, സാഹിത്യത്തിലെ ഏറ്റവും പരമമായ അവസ്ഥ. വായനക്കാരന്‍ ഒരുപക്ഷേ എഴുത്തുകാരനെ കണ്ടിട്ട് പോലും ഉണ്ടാവില്ല,എങ്കിലും അയാളുടെ മനസ്സില്‍ അക്ഷരങ്ങള്‍ ജീവിക്കുന്നു. അതെഴുതിയ ആളോടുള്ള ആദരവും സാഹിത്യത്തിന്റെ രസതന്ത്രമാണ്.
കാലം മാറി.

ആസ്വാദനത്തിന്റെ തലങ്ങളും രൂപങ്ങളും മാറി.എഴുത്തുകാരും വായനക്കാരും നേരിട്ട് കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ ഇന്നുണ്ട്— സാഹിത്യോത്സവങ്ങളിലൂടെ.എഴുതുന്ന വാക്കുകള്‍ക്കപ്പുറം പറയുന്ന വാക്കിലൂടെ പ്രകടിപ്പിക്കുന്ന ഭാവങ്ങളിലൂടെ വിരിയുന്ന സാഹിത്യത്തിന്റെ ആത്മാവിഷ്‌കാരം ഇത്തരം കൂടിച്ചേരലുകളിലെ ഒരു പ്രത്യേകതയാണ്. അങ്ങനെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ ആത്മബന്ധം ഉറപ്പിക്കാന്‍ ഇതുവഴി സാധ്യമാകുന്നു. മനുഷ്യത്വം നഷ്ടപ്പെട്ട ഇക്കാലത്ത് മനുഷ്യന് അവനിലുള്ള വിശ്വാസം തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കുകയാണ് സാഹിത്യത്തിന്റെ പരമമായ കര്‍ത്തവ്യം. മലയാളം കണ്ട പ്രഗല്‍ഭരായ കുമാരനാശാന്‍, ചങ്ങമ്പുഴ,ബഷീര്‍, ജി ശങ്കരക്കുറുപ്പ്, ഒ വി വിജയന്‍, തുടങ്ങിയവരുടെ സാഹിത്യകൃതികളുടെ മഹത്വം കൊണ്ട് അവര്‍ ജനങ്ങളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. അപ്പോഴും ഒരു ചോദ്യമുണ്ട്, സാഹിത്യത്തില്‍ ഇത്രയധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോഴും നമ്മുടെ സമൂഹത്തില്‍ എന്തുകൊണ്ടാണ് സദാചാരമൂല്യങ്ങള്‍ ഇല്ലാതാവുന്നതെന്ന് ? വേദവ്യാസനെയും അലട്ടിയ പ്രശ്‌നം ഇതുതന്നെയായിരുന്നു.

സാഹിത്യകാരന്മാര്‍ സാധാരണക്കാരന് കാണാനും ഊഹിക്കാനും കഴിയാത്ത മനസ്സ് ആവിഷ്‌കരിക്കുകയാണ് അവരുടെ ചുമതല. ആരും കണ്ടിട്ടില്ലാത്ത സൗന്ദര്യാനുഭവങ്ങളും താത്വികദര്‍ശനങ്ങളും അവര്‍ എഴുത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നു. അപ്പോഴും താന്‍ അറിയുന്നതും വായിച്ചതും സമൂഹത്തിലേക്ക് പകര്‍ന്നുകൊടുക്കാന്‍ സന്നദ്ധരാകാത്ത വായനക്കാരന്റെ മനസ്ഥിതിയാണ് എഴുത്തുകാരന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന് തടസ്സമാകുന്നത്.
മൃദുല വികാരം പ്രായോഗിക ജീവിതത്തില്‍ വിനാശകരം എന്നാണ് ബ്രഹ്റ്റിന്റെ ‘Three penny novel’ എന്ന കൃതിയിലെ ആശയം. കയ്യില്ലാത്ത ഒരു വ്യക്തിയെ ആദ്യമായി കണ്ടാല്‍ ഞെട്ടല്‍ കൊണ്ട് രണ്ട് പെന്‍സ് കൊടുക്കും. പിന്നീട് അയാളെ കണ്ടാല്‍ കൊടുക്കുന്നത് അരപെന്‍സാകും. മൂന്നാമതും യാചിക്കാന്‍ വന്നാല്‍ യാചകനെ അയാള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെന്നു വരും. എന്നാല്‍ സാഹിത്യത്തില്‍ ഇങ്ങനെ സംഭവിക്കുന്നില്ല. ഹൃദയത്തിന്റെ
മൃദുലഭാവം സ്ഥായിയായി നില്‍ക്കുന്നത് സാഹിത്യത്തില്‍ മാത്രമാണ്. ബഷീറിന്റെ ‘ശബ്ദങ്ങള്‍’ എന്ന നോവലില്‍ കുഞ്ഞിനെയും കുടുംബത്തെയും പോറ്റാന്‍ വേശ്യയാകുന്ന അമ്മയെക്കുറിച്ച് വായിക്കുന്നു. നമ്മുടെ വായനയില്‍, വ്യഭിചരിക്കുന്ന അമ്മയോട് നമുക്ക് അനുകമ്പ തോന്നുന്നു. അതാണ് സാഹിത്യം. യഥാര്‍ത്ഥ ജീവിതത്തില്‍ അതിനെ പാപമായി കണക്കാക്കി നാം തിരസ്‌കരിക്കുന്നു.

അപ്പോള്‍എന്താണ് സാഹിത്യകാരന്റെ ധര്‍മ്മം. ഏത് പ്രതിസന്ധിഘട്ടത്തിലുംഅയാള്‍ നിലനില്‍ക്കേണ്ടത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പീഡിതര്‍ക്കും ഒപ്പമാണ്. അതാണ് ഒരു സാഹിത്യകാരന്റെ ധര്‍മ്മം. രാഷ്ട്രീയത്തെ മതമായും മതത്തെ രാഷ്ട്രീയമായും മാറ്റുന്ന ഇക്കാലത്ത് അനീതികള്‍ക്കെതിരെ എഴുത്തുകാരന്റെ ഉള്ളിലുള്ള കലാപകാരിയുടെ ശബ്ദം സാഹിത്യ സൃഷ്ടികളിലൂടെ ഉയര്‍ന്നു വരണം. സമൂഹത്തിന്റെയും മനുഷ്യന്റെയും നന്മയ്ക്കു വേണ്ടിയുള്ള ശബ്ദമായി അത് മാറണം. അത്തരം സാഹിത്യം എക്കാലത്തും ഉണ്ടാകും. അതില്ലാതെ ജീവിതമില്ല. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇരുട്ടിനെ ലഘൂകരിക്കാന്‍ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് ഏകമാര്‍ഗ്ഗം. തലമുറകള്‍ക്ക് ശേഷമാണെങ്കിലും, എല്ലാവര്‍ക്കും സന്തോഷകരമായി സമത്വപൂര്‍ണ്ണമായ സമൂഹം ഉണ്ടായിത്തീരണം. കാള്‍ മാര്‍ക്‌സിന്റെ സാമൂഹിക സാമ്പത്തിക ആശയങ്ങളുടെ സ്വാധീനം ഇവിടെ പ്രസക്തമാണ്.

അസംതൃപ്തമായ മനസ്സില്‍ നിന്നാണ് ഉദാത്തസാഹിത്യം പിറക്കുന്നത്. മനസ്സിന്റെ കലാപങ്ങളെയും വിലാപങ്ങളെയും തിരിച്ചറിയുമ്പോള്‍ ഒരു സാഹിത്യരൂപം, വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് ഉതകുന്ന രീതിയില്‍ സൃഷ്ടിക്കപ്പെടുന്നു, കഥയായോ കവിതയായോ. നാറാണത്ത് ഭ്രാന്തന്റെ കഥ ഒരു ഉദാഹരണമാണ്. ആ കഥ ബാല്യകാലത്ത് കേട്ടപ്പോള്‍ ഭ്രാന്തിനെ കുറിച്ച് ഓര്‍ത്ത് ആര്‍ത്തു ചിരിക്കും. ഇതേ കഥ യൗവനത്തിനും വാര്‍ദ്ധക്യത്തിലും വായിക്കുമ്പോള്‍ അര്‍ത്ഥതലങ്ങള്‍ മാറിവരും. കഥ ഏതുകാലത്തും ഒന്നാണ്.അതിന്റെ അപഗ്രഥനം മാത്രമാണ് മാറുന്നത്.മനസ്സില്‍ കഥ തങ്ങിനില്‍ക്കാന്‍ അതില്‍ ജീവിതത്തിന്റെ ആവിഷ്‌കാരം ഉണ്ടാകണം.

എം ടി വാസുദേവന്‍ നായര്‍ സാഹിത്യത്തെക്കുറിച്ച് യുവ എഴുത്തുകാരോട് സംവദിച്ചതിലെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കാം :
‘ചുറ്റുവട്ടത്ത് എന്ത് നടക്കുന്നു എന്നും മനുഷ്യന് എന്ത് സംഭവിക്കുന്നു എന്നും നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കണം. ശരിയായ ഉത്തരം കാണാനാകില്ലെങ്കിലും ദുരന്തത്തിന്റെ പടുകുഴിവക്കിലൂടെ യാണ് നടക്കുന്നത് എന്ന് കുറെ പേരെയെങ്കിലും ഓര്‍മ്മിപ്പിക്കാന്‍ ആകും. ചുറ്റുവട്ടത്ത് എന്ത് നടക്കുന്നു എന്നും മനുഷ്യന് എന്ത് സംഭവിക്കുന്നു എന്നും നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കണം. ശരിയായ സമാന മനസ്‌കരില്‍ ഉല്‍ക്കണ്ഠകള്‍ കടത്തിവിടാന്‍ സാധിച്ചാല്‍ എഴുത്തിന് ന്യായീകരണമായി. എഴുത്ത് എളുപ്പമാര്‍ഗ്ഗമല്ല. നിയതമായ പാതയിലൂടെ എഴുതിയെഴുതി സ്വന്തം വഴി കണ്ടെത്തണം….. ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ലെങ്കിലും എന്നും ഉത്കണ്ഠകളും അസ്വസ്ഥകളും ഉണ്ടാകണം.വരണ്ട ഭൂമിക്കപ്പുറത്ത് പച്ചപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷയില്‍ മുന്നോട്ടുപോകുക.
( ‘If Winter comes,can Spring be far behind?’ എന്ന് ചോദിച്ച ബ്രിട്ടീഷ് കവി പി ബി ഷെല്ലിയെ ഇവിടെ ഓര്‍ക്കാം.) അതാണ് എഴുത്തുകാരന്റെ ദൗത്യവും ധര്‍മ്മവും. കുളിരായുംതണലായും വായനക്കാരനെ കൂടെ കൊണ്ടുനടക്കാന്‍ അനുഭവിപ്പിക്കുന്ന ഭാഷ സൃഷ്ടിക്കണം. നമ്മുടെ രാജ്യത്തേത് പോയിട്ട് കുടുംബത്തിലെന്ത് നടക്കുന്നു എന്ന് തിരിച്ചറിയാന്‍ ആവാത്ത കാലമാണിത്.സ്വന്തം ഹൃദയത്തെ നോക്കിയാലും മനസ്സിലാക്കാന്‍ ആകുന്നില്ല.ഇത് എഴുത്തുകാരന്‍
ഇന്ന് നേരിടുന്ന വെല്ലുവിളിയാണ്. ആത്മാവിനേറ്റ മുറിവുകളും നോവുകളും വിളിച്ചു പറയാന്‍ അവകാശമില്ലാത്ത ലോകമാണിത്. അനുഭവമാണ് സമരം ചെയ്യാനും, പ്രതിരോധിക്കാനും, പ്രതിഷേധിക്കാനും നമ്മെ പഠിപ്പിക്കുന്നത്. അതിനാലാണ് അധികാരകേന്ദ്രങ്ങള്‍ അനുഭവങ്ങളെ ഇല്ലാതാക്കുന്നത്.ഈ അനുഭവങ്ങളെ കണ്ടെത്തി ആവിഷ്‌കരിക്കുന്നതിലാണ്എഴുത്തുകാരന്റെ വിജയം.ചുറ്റുമുള്ളത് കാണാതെ അനക്കമില്ലാതിരുന്നാല്‍ എഴുത്തെന്ന പ്രക്രിയ, സാഹിത്യം പൂര്‍ണ്ണമാവില്ല. അക്ഷരംകൊണ്ടല്ല.

ജീവിതം പഠിച്ചാണ് സാഹിത്യസൃഷ്ടി നിര്‍വഹിക്കേണ്ടത്. നാട്ടിലും വീട്ടിലും രാഷ്ട്രീയം പല രൂപത്തില്‍ കടന്നുവരുമ്പോള്‍ സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും മണ്ഡലത്തില്‍ ഉണ്ടാകുന്ന ജീര്‍ണ്ണത എഴുത്തുകാര്‍ക്ക് കാണാതിരിക്കാന്‍ ആകില്ല’.
രാഷ്ട്രീയക്കാരേക്കാള്‍ സാഹിത്യകാരന്മാരാണ് ഈ ലോകത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കുന്നത്. മരിച്ചാലും മരിക്കാതിരിക്കുന്നവരുടെ ഓര്‍മ്മകളില്‍ സാഹിത്യകാരന്മാരും അവരുടെ സൃഷ്ടികളും ജീവിക്കും.സമൂഹത്തെ നേര്‍വഴിക്ക് നടത്താന്‍ സാഹിത്യകാരന്മാരുടെ ഇടപെടല്‍ ഉണ്ടാകണം നല്ല മനസ്സുള്ളവര്‍ ആയിരിക്കണം അവര്‍. എല്ലാത്തരത്തിലും ഉള്ള രോദനങ്ങളും ഇല്ലാതാക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. അതുകൊണ്ടാണ് സാഹിത്യകാരന്മാരെ പ്രവാചകന്മാരായിട്ട് കണക്കാക്കപ്പെടുന്നത്.

തുറന്നെഴുതുമ്പോഴും അഭിപ്രായം പറയുമ്പോഴും ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ച് ആലോചിക്കുകയും, മൗനം പാലിച്ചു കഴിഞ്ഞാല്‍ ഉണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തുകൂടാ. അവനവന്റെ ആത്മാവിന് ശരിയെന്ന് തോന്നുന്നത് എഴുതണം.അങ്ങനെ എഴുതുമ്പോള്‍ ശത്രുക്കള്‍ സ്വാഭാവികമാണ്. ‘നിങ്ങള്‍ക്ക് ശത്രുക്കള്‍ ഉണ്ടെങ്കില്‍ ശരിയായ കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ നിലകൊള്ളുന്നുണ്ട്’, എന്നതാണ് അതിനര്‍ത്ഥമെന്ന് ചര്‍ച്ചില്‍ ഒരിക്കല്‍ പറഞ്ഞു. സാഹിത്യത്തില്‍ വാദപ്രതിവാദം നല്ലതാണ്. സാഹിത്യ പണ്ഡിതനായിരുന്ന പ്രൊഫ. എന്‍ കൃഷ്ണപിള്ള ആരോടും വാദപ്രതിവാദത്തിന് പോകാറില്ല.എങ്കിലും പി കേശവദേവുമായി അദ്ദേഹത്തിന് ഒരിക്കല്‍ ഇടയേണ്ടിവന്നു. വലിയ കലാകാരനാണ് താനെന്ന് പലപ്പോഴും പറഞ്ഞ ദേവ് ഒരിക്കല്‍ ഒരു യോഗത്തില്‍ പറഞ്ഞു, ‘ ഞാന്‍ ഇവന്മാരുടെ (സായിപ്പന്മാരുടെ) കൃതികള്‍ ഒന്നും വായിക്കാറില്ല’ എന്ന്. അപ്പോള്‍ അവിടെ സന്നിഹിതനായിരുന്ന പ്രൊഫ.എന്‍ കൃഷ്ണപിള്ള അതിനു മറുപടി നല്‍കി : ‘വെള്ളായണിപ്പരമു വിവാഹങ്ങള്‍ക്ക് ക്ഷണിച്ചാല്‍ പോകുമായിരുന്നില്ല. എന്താണ് കാരണമെന്ന് പരമുവിനോട് ചോദിച്ചപ്പോള്‍ ഉത്തരം ഇങ്ങനെയായിരുന്നു, ‘ഞാന്‍ പോയാല്‍ അവിടെ വല്ല കിണ്ടിയോ മൊന്തയോ കണ്ടാല്‍ അത് എടുത്തു കൊണ്ടു പോരും. ക്ഷണിച്ചവന്റെ വീട്ടില്‍ ചെന്ന് മോഷ്ടിക്കുന്നത് ശരിയല്ലല്ലോ’. ഈ സദാചാരബോധം നമ്മുടെ പല സാഹിത്യകാരന്മാര്‍ക്കും ഇല്ല എന്ന് കൃഷ്ണപിള്ള സാറ് പറഞ്ഞുവെച്ചു.
ജി ശങ്കരക്കുറുപ്പ് കവിയല്ലെന്ന് സംസ്‌കൃത പണ്ഡിതനായിരുന്ന പ്രൊഫ.എന്‍ ഗോപാല പിള്ള പറയുമായിരുന്നു. ജി യുടെ ‘ആ സന്ധ്യ’ എന്ന കാവ്യം പ്രൊഫ. എം കൃഷ്ണന്‍നായര്‍ ചൊല്ലി കേള്‍പ്പിച്ചു . അതിനുശേഷം നന്നായിരിക്കുന്നില്ലേ എന്ന് ഗോപാലപിള്ള സാറിനോട് ചോദിച്ചു.അദ്ദേഹം മറുപടി പറഞ്ഞു, ‘നന്നായിരിക്കുന്നു,
ഇനി ഒറിജിനല്‍ കണ്ടുപിടിച്ചാല്‍ മതി’.

വാദപ്രതിവാദങ്ങള്‍ അനുവാചകര്‍ക്ക് സാഹിത്യ ലോകത്തെക്കുറിച്ച് പുത്തന്‍ അറിവുകള്‍ പകര്‍ന്നു നല്‍കും.
ഒരുകാലത്ത് ശൈലിയിലും മറ്റും പ്രത്യേക പരീക്ഷണങ്ങള്‍ നടത്തിയിരുന്ന ഇംഗ്ലീഷ് സാഹിത്യകാരനായ ജോസഫ് കോണ്‍റാഡിനോട്, അദ്ദേഹത്തിന്റെ പ്രത്യേകമായ ശൈലി ആരും വായിക്കില്ല എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു, ‘ഞാന്‍ അവരെക്കൊണ്ട് വായിപ്പിക്കു’മെന്ന്.
(I will make them read.) പ്രശസ്ത ഇംഗ്ലീഷ് കവി കോളറിഡ്ജും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. ഇത് എഴുത്തുകാരന്‍ നേരിടുന്ന ഒരു
വെല്ലുവിളിയാണ്. സാമൂഹ്യ മാറ്റത്തിനായി സാഹിത്യകാരന്‍ നിശബ്ദമായി ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്.

 

 

 

 

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px