കമ്മ്യൂണിസവും മാർക്സിസ്റ്റ് പാർട്ടിയും – അഡ്വ. പാവുമ്പ സഹദേവൻ

Facebook
Twitter
WhatsApp
Email

മാർക്സിസ്റ്റ് പാർട്ടിയിലെ അഴിമതിക്കും മുതലാളിത്ത വൽക്കരണത്തിനുമെതിരെ ആദ്യവെടി പൊട്ടിച്ചത് എം.എൻ.വിജയനും പ്രൊഫ: എസ്സ്. സുധീഷും ‘പാഠം ‘ മാസികയുമാണ്. പാർട്ടിയോട് അങ്ങേയറ്റം ആത്മാർത്ഥതയുള്ളവരായിരുന്നു അവർ. പാർട്ടിയുടെ ജീർണ്ണതയിലും തകർച്ചയിലും മനം നൊന്താണ് അവർ CPM ന് എതിരെ വിമർശനത്തിൻ്റെ കൂരമ്പുകൾ എയ്ത് വിട്ടത്. പാർട്ടിയെ ആകമാനം ആ വമർശനശരങ്ങൾ പിടിച്ചുകുലുക്കിയെങ്കിലും പാർട്ടി നേതൃത്വം അതിൽ നിന്നും പാഠം പഠിക്കാൻ തയ്യാറായില്ല. അവർ മാറ്റത്തിന് തയ്യാറല്ല എന്ന് വണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അടിത്തറ ഇപ്പോഴും ശക്തമാണ്. പാർട്ടിയെ അഴിമതി വിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചാൽ, പാർട്ടിക്ക് ഇനിയും ഭാവിയുണ്ടാവും. വർഗ്ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കഴിഞ്ഞ ഒരു പ്രസ്ഥാനമാണ് മാർക്സിസ്റ്റ് പാർട്ടി. കമ്മ്യൂണിറ്റ് പ്രസ്ഥാനം ചരിത്രം കണ്ട ഒരു മഹാപ്രസ്ഥാനമാണ്. അതിനെ ജനാധിപത്യപരമായി വളർത്തി സംരക്ഷിച്ചുകൊണ്ടുപോകേണ്ടത് ജനങ്ങളുടെയും നേതൃത്വത്തിൻ്റെയും ആവശ്യമാണ്. സമത്വസുന്ദരമായ ഒരു സാമൂഹികവ്യവസ്ഥയെപ്പറ്റി ആയിരക്കണക്കിനുപേർ സ്വപ്നം കണ്ട ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ആയിരക്കണക്കിനുപേർ രക്തസാക്ഷികളായ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. വെടിയുണ്ടകളെ വാരിക്കുന്തംകൊണ്ട് നേരിട്ട നൂറ് കണക്കിനുപേരാണ് വയലാറിലെ വിപ്ലവഭൂമിയിൽ മരിച്ചുവീണത്. ലക്ഷക്കണക്കിനുപേർ ആവേശംകൊണ്ട പ്രസ്ഥാനമാണ് മാർക്സിസ്റ്റ് പാർട്ടി. കർഷക തൊഴിലാളികൾക്കും വ്യവസായ തൊഴിലാളികൾക്കും വിദ്യാർത്ഥകൾക്കും യുവാക്കൾക്കും ബുദ്ധിജീവികൾക്കും മധ്യവർഗ്ഗത്തിനും അധ:സ്ഥിത വർഗ്ഗത്തിനും അഭയ കേന്ദ്രമായി മാറിയ പ്രസ്ഥാനമാണ് മർക്സിസ്റ്റ് പാർട്ടി. അതിനെ തകർച്ചയിലേക്ക് വിട്ടുകൊടുക്കാൻ പാടില്ല. അതിന് പുതിയ ഊർജ്ജവും മനുഷ്യമുഖവുമുണ്ടാക്കി നിലനിർത്തേണ്ടത് ജനങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെയും ചരിത്രപരമായ കടമയാണ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ജീവനുള്ള എല്ലാറ്റിനും ഉത്ഭവവും വളർച്ചയും വികാസവും നാശവുമുണ്ടെന്നുള്ളത് പ്രകൃതിനിയമമാണെങ്കിലും, നാശത്തിൽ നിന്നും കരകയറ്റാൻ മനുഷ്യവർഗ്ഗത്തിൻ്റെ ബോധപൂർവ്വമായ ഇടപെടലിന് കഴിയും. പ്രസ്ഥാനങ്ങൾക്കുള്ളിൽ നിന്നുതന്നെ അതിജീവനഗ്രൂപ്പുകളും പരിഷ്കരണഗ്രൂപ്പുകളുടെ മുന്നേറ്റങ്ങളും ഉയർന്നുവരാറുള്ളത് ചരിത്രത്തിൻ്റെയും പ്രകൃതിയുടെയും സഹജമായ സ്വഭാവമാണ്. അങ്ങനെയൊരു മുന്നേറ്റം പുതുതലമുറയിൽ നിന്നും യുവാക്കളിൽ നിന്നുമാണ് ഉണ്ടാകേണ്ടത്. അങ്ങനെയൊന്ന് സമീപഭാവിയിൽ സംഭവക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. യുവാക്കൾ തന്നെ വേണമെന്നില്ല; മൂല്യബോധമുള്ള ഏതെങ്കിലും കുറെ മുതിർന്ന നേതാക്കൾ പാർട്ടിക്കകത്ത് വിമർശനത്തിൻ്റെ വെടിയുണ്ട ഉതിർത്താൽ മതി; പത്രമാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും, അത് പാർട്ടിയിൽ പുതിയൊരു നവീകരണ ശുദ്ധീകരണ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയും ചെയ്യും. ഇന്ന് പാർട്ടിയിൽ സമഗ്രമായ ഒരു ശുദ്ധീകരണം അനിവാര്യമാണെന്ന് CPM നോട് ആത്മാർത്ഥത പുലർത്തുന്നവരെല്ലാം ചിന്തിക്കുന്നുണ്ട്. കമ്മ്യൂണിസം കച്ചവട ചരക്കാക്കുന്ന ചില നേതാക്കളാണ് പാർട്ടിയെ അകത്തുനിന്ന് നശിപ്പിക്കുന്നത്. നേതാക്കൾ അല്പമെക്കെ സുഖമായി കഴിയുന്നതിനോട് ജനങ്ങൾക്ക് വല്യ എതിർപ്പുണ്ടാകില്ല. എന്നാൽ അഴിമതിയിലൂടെ, അവർ പല തലമുറകൾക്ക് ജീവിക്കാനായി സമ്പാദിച്ചുകൂട്ടുന്നതിനെ ജനങ്ങൾ വെച്ചുപൊറുപ്പിക്കത്തില്ല എന്ന് നേതാക്കൾ മനസ്സിലാക്കുന്നത് നന്നായിരിക്കും. ആഗോളവൽക്കരണത്തിൻ്റെ ഈ പുതുയുഗത്തിൽ, ലിബറൽ നയങ്ങൾ സ്വീകരിക്കാൻ ഇടതുപക്ഷ സർക്കാർ നിർബ്ബന്ധിതമാകുന്ന സാഹചര്യങ്ങളോടും ഒരു പക്ഷെ ജനങ്ങൾ കുറെയൊക്കെ യോജിച്ചേക്കും. എന്നാൽ ഭരണത്തിൻ്റെ പിൻബലത്തിൽ നടത്തുന്ന പലതരത്തിലുള്ള കൊടിയ അഴിമതികളോട് ജനങ്ങൾ യോജിച്ച് പോകുമെന്ന് വിശ്വസിക്കുമ്പോഴാണ്, കഴിഞ്ഞ പാർലമെൻ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ ഇനിയും വർദ്ധിതമായ തോതിലുണ്ടാകാനുള്ള സാധ്യത ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ, നേതാക്കളുടെ പലതരത്തിലുള്ള കച്ചവടലാഭത്തിന് വേണ്ടി മാർക്സിസ്റ്റ് പാർട്ടിയെ ബലികൊടുക്കാൻ ജനങ്ങളും കമ്മ്യൂണിസ്റ്റ് പ്രവർത്തകരും അനുവദിക്കരുത്. പാർട്ടിയെ ഏത് വിധേനെയും കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിക്കേണ്ടത് ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും മൂല്യബോധമുള്ള നേതക്കളുടെയും കടമയും ഉത്തരവാദിത്വവുമാണ്. കമ്മ്യൂണിസ്റ്റാശയങ്ങൾ ഇപ്പോഴും ലോകത്തിൻ്റെ യൗവ്വനം തന്നെയാണ്. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജരാനരകൾ ബാധിച്ച ജഢബിംബവും ശകുനം മുടക്കികളായും മാർഗ്ഗമധ്യത്തിൽ നിലകൊള്ളുകയാണ്. ഈ ഒരു ചരിത്രപശ്ചാത്തലത്തിലാണ്, എം.ടി വാസുദേവൻ നായർ CPM ഭരണനേതൃത്വത്തിന് നേരെ സമീപകാലത്ത് ശക്തമായ വിമർശന ശരങ്ങൾ തൊടുത്തുവിട്ടത്. മാർക്സിസ്റ്റ് പാർട്ടിയിലെയും ഭരണത്തിലെയും ഏകാധിപത്യ സ്വേച്ഛാധിപത്യ ധാർഷ്ട്യങ്ങളെ, എം.ടി. വാസുദേവൻ നായർ, ഒരു വേദിയിൽ വെച്ച് വളരെ പരസ്യമായി വിമർശിക്കുകയുണ്ടായി. എം.ടി വാസുദേവൻ നായർ മലയാള സാഹിത്യത്തിലെ ഒന്നാംകിട സർഗ്ഗാത്മക സാഹിത്യകാരനാണ് എന്നത് എല്ലാവർക്കും അറിയാമല്ലോ. ഈ വിമർശനത്തിലൂടെ അദ്ദേഹം നൂറ് ശതമാനം ഒരു സർഗ്ഗാത്മകസാഹിത്യകാരനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. കാരണം ഒരു സർഗ്ഗാത്മക സാഹിത്യകാരൻ ഒരിക്കലം തൻ്റെ കാലഘട്ടത്തിലെ ഏകാധിപത്യ പ്രവണതകളെയും അഴിമതിയെയും വെച്ചുപൊറുപ്പിക്കുകയില്ല. സുകുമാർ അഴീക്കോടിനെപ്പോലെ നട്ടെല്ലും ചങ്കൂറ്റവുമുള്ള ഒരു എഴുത്തുകാരനാണ്
എം.ടി.വാസുദേവൻ നായർ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.


2.07.2024.

Written by അഡ്വ. പാവുമ്പ സഹദേവൻ.

ഫോൺ. 9744672832.

About The Author

Leave a Reply

Your email address will not be published. Required fields are marked *