ആധുനിക ജീവിതം തിരക്കിന്റേതാണ്. മൃദു സമീപനങ്ങൾക്കോ, മൃദു ചലനങ്ങൾക്കോ, മൃദുഭാഷണങ്ങൾക്കോ ഒന്നും ഇന്ന് നമ്മുടെ ജീവിത നിഘണ്ടുവിൽ സ്ഥാനമില്ല. തിരക്കിന്റെ ഒരായിരം സംഘർഷ നിമിഷങ്ങൾ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. പക്ഷേ, നാം അറിയണം, മൃദു ചലനങ്ങൾ കൊണ്ടും സ്നേഹാർദ്ര വചനങ്ങൾ കൊണ്ടും ഊടുംപാവും നെയ്യുമ്പോഴാണ് ജീവിതത്തിന് ഒരു ചന്തമുണ്ടാവുന്നത്. തിരക്കു ജീവിതത്തിൽ മറ്റുള്ളവരുടെ ദുഃഖം തൊട്ടറിയാനും അത് തന്റേതു കൂടിയാണെന്ന് വിചാരിക്കാനും കഴിയുമ്പോഴാണ് നാം സ്വസ്ഥതയുള്ള മനസ്സിനുടമകളാക്കുകയുള്ളൂ. നൈർമല്യമുള്ള ഹൃദയത്തോടെ ഈ ലോകത്തെ കാണാനായാൽ വർത്തമാന കാല ദു:ഖങ്ങൾ നമ്മെ ബാധിക്കില്ല. തിരക്കുകളുടെ തരിശു ഭൂമിയിൽ നിന്ന് ശാന്തിയുടെ ശീതള കിരണങ്ങൾ സമ്മാനിക്കുന്ന ഫലപുഷ്ടിയിലേക്ക് നമ്മുടെ ജീവിതത്തെ പറിച്ചു നടാം.











