“അനക്ക് അഹമ്മതിയാണെടി.. ഇല്ലെങ്കി ഇച്ചേല് കാണിക്യോ..?, കണ്ട തെറീം പറഞ്ഞു നടക്കണ തമയൻ ചെക്കന്മാരോട് കളിച്ച്, തോന്ന്യാസോം പഠിച്ച് അവനാന്റെ മൊതലും കളഞ്ഞു വന്ന്ക്ക്.. ”
“മ്മച്ചിയെ ഞാമ്പറഞ്ഞതാ ഓരോട്, കാട്ടിൽക്ക് കളിക്കാനില്ലാന്ന്.. ഓരു കേട്ടില.. ” മടല് വെട്ടിയ തുമ്പ് കയ്യിൽപ്പിടിച്ചു ഹാലിളകുന്ന സൂറാബിയുടെ കണ്ണില്നോക്കി സൈനബ തേങ്ങിപ്പറഞ്ഞു.
“മൻസൻ നേരം വെളുക്കോളം ആരാന്റെ തുണിതുന്നിണ്ടാക്കിയ പൈസക്ക് വാങ്ങിക്കൊടുത്ത ഒരിത്തിരി പൊന്നാണ് കൊണ്ടോയിക്കളഞ്ഞിട്ട് വന്ന്ട്ട് നിക്കണത്, എന്തേലൊക്കെക്കാട്ടെടി കുരുത്തങ്കെട്ടതെ ”
ഊരവളഞ്ഞുനിൽക്കുന്ന സൈനബയുടെ എല്ലുമുഴച്ച കൈത്തണ്ടക്ക്പിടിച്ചു സൂറ അകത്തേക്ക് തള്ളി.
അകം !,
അങ്ങനെ വിശദീകരിക്കാൻ മാത്രമുള്ള ഗേഹമുണ്ടോ? സംശയമാണ്. നാലുചുമരുകൾക്കുള്ളിൽ ആ ഒരൊറ്റ ഭാഗം മാത്രമേയുള്ളു. കരിപിടിച്ച മൺചുമരുകൾക്കിടയിൽ ദാരിദ്ര്യം വിളിച്ചോതുന്ന മെലിഞ്ഞകാലുള്ള കട്ടിലിന്റെ മുകളിലെ പകുതികീറിയഭാഗം തുന്നിവിരിച്ച “മെത്ത “,
“ഗ്ളീക്ക് ഗ്ളീക്ക് “എന്ന ശബ്ദത്തിൽ നിരങ്ങുന്ന സിംഗിൾ മെഷീൻ അടുപ്പിന്റെ മുഖവശത്തേക്ക് നീക്കിവെച്ചിരിക്കുന്നു. നാട്ടിൽ തുണിതുന്നാനുള്ള ഏക തയ്യൽക്കാരിയാണ് സൈനബയെങ്കിലും കടം പറഞ്ഞ കണക്കുകൾ കൂട്ടിക്കൂട്ടി വെച്ച്, കൈയിൽക്കിട്ടിയ നോട്ടുകൾ പുകച്ചു തീർക്കാതെ ആകെയുള്ള പെൺകരടിന് ചുമന്നകല്ലുവെച്ച ഒരു കമ്മൽ സ്വന്തമാക്കിയിരുന്നു. അതിന്നു കാടു “മിണുങ്ങി’.
മൂലയിലിരുന്ന് സൈനബ മോങ്ങുന്നുണ്ട്.
“രാവിലെയെറങ്ങിക്കോളും ഊര് ചുറ്റാൻ, കിബിറുകാട്ടിയൊള്ള മൊതല് കളഞ്ഞു. ഇഞ്ഞിപ്പോ അങ്ങനൊന്നു കിട്ടോ..ആ ചെക്കന്മാര് തട്ടിപ്പറച്ചതാകും ” എണ്ണയില്ലാതെ വലിഞ്ഞ തയ്യൽ മെഷീൻ അമർത്തിച്ചവിട്ടിക്കൊണ്ട് സൂചികോർക്കുന്ന ഹോൾസിലേക്ക് സൂറ വിളക്ക് ചേർത്തുവെച്ചു. അവർക്കു കണ്ണല്പം പിറകോട്ടാണ്.
“ധൊന്ന് വന്ന് കോർക്ക് ബലാലെ.. ” കയ്യിൽ കോർത്തുപിടിച്ച ചുമന്നനൂലിനെ അവർ മൂലക്കിരിക്കുന്ന സൈനബയുടെ നേർക്കു നീട്ടിപ്പിടിച്ചു ചീറ്റി. അവൾ ആശ്വാസത്തോടെ വന്നു ഹോൾസിലേക്ക് നൂലുകടത്തി, കരഞ്ഞു മൂക്കൊലിച്ചപ്പോൾ മേലേക്ക് ആഞ്ഞുവലിച്ച സൈനബയുടെ മൂക്കോട്ടയിലേക്ക് ഒണങ്ങിയ മണ്ണെണ്ണയുടെ മണം അരിച്ചുകയറി.
“ഇതീല് വെളിച്ചെണ്ണ ഒയ്ച്ചണം.. മണ്ണെണ്ണന്റെ മണം കേക്കുമ്പോ ശർധിക്കാൻ വരണ്.. ”
ദേഷ്യംപിടിച്ചുനിൽക്കുന്ന സൂറയെ ആറിത്തണുപ്പിക്കാൻ എന്തെങ്കിലുമൊക്കെ പറഞ്ഞുതുടങ്ങിയയവളെയവർ രൂക്ഷമായി നോക്കി.
“ഹാ.. അടുപ്പിലൊയ്ക്കാൻ കിട്ടണില്ല.. പോടിയാട്ന്ന്.. ” വീണ്ടും അവൾ മൂലയിലേക്ക്, പക്ഷെ സൈനബയുടെ നേരെ കൈവീശിയതെ അവർക്കോർമയുള്ളു, ആഞ്ഞു ചവിട്ടിയ തയ്യൽമെഷീൻ ചക്രമൊടിഞ്ഞവരുടെ കാലിലേക്ക് വീണു.
“മോളെ.. ഹുമ്ഹ.. ”
“ഉമ്മച്ചിയേ… ” ആളുകളെ കാറിക്കൂവി വിളിച്ചടുപ്പിക്കാൻ സമയമുണ്ടായില്ല ഉരുണ്ടവീലിനെ സൂറയുടെ കാലിൽനിന്നും എട്ടുവയസുകാരി നീക്കിയിട്ടു. സൂറ തൈക്കാനെടുത്ത രാജമ്മയുടെ ബ്ലൗസിന്റെ തുണികൊണ്ട് ചോരപാരുന്ന കാലുകൾ കൂട്ടിക്കെട്ടി. പിന്നൊരോട്ടമായിരുന്നു, നെട്ടോട്ടം ! പലിശക്കാരൻ പരീതിന്റെ കൈയിലെ ചൂടുള്ള നോട്ട് എണ്ണിവാങ്ങുമ്പോൾ അയാൾ അവളുടെ കിതപ്പിലേക്കായിരുന്നു നോക്കിയത്. ആസ്പത്രിയിലേക്കെത്തിച്ച കള്ളുകുടിയൻ കണാരനും അവളുടെ മെലിഞ്ഞ ബെറ്റിക്കോട്ടിലെ ഇരുനിറത്തിലുള്ള മുലക്കണ്ണ് കണ്ടു. ഉമ്മയുടെ എല്ലു പൊട്ടിയെന്നുപറഞ്ഞു പിൻവാങ്ങിയ വെളുത്ത കുപ്പായക്കാരനും അവളുടെയിടുപ്പിൽപ്പിടിച്ചു തലോടി.
“പോ പന്നിയേളെ.. ” അന്നുതൊട്ടവൾ ഓരോരുത്തരെയും മുഖത്തുനോക്കി തെറിവിളിക്കാൻ തുടങ്ങി. സൂറ പറഞ്ഞ കൂട്ടുകെട്ടിൽനിന്നും അവൾ പഠിച്ച തെറിശൂലങ്ങൾ ഓരോരുത്തരുടെ മേത്തും കൊണ്ടുപോയി കുത്തി. പലിശക്കാരന്റെ വായ്പൊത്താൻ ഉമ്മാന്റെ കാലൊടിഞ്ഞ മെഷീൻ ഇരുമ്പുവിലക്ക് വിറ്റു. അതയാളെ ആറിത്തണുപ്പിക്കാൻ പാകത്തിനുള്ളതുണ്ടായിരുന്നു. ആസ്പത്രിക്കക്കൂസ് കഴുകാൻ ആളെ വേണമെന്ന് കേട്ട അന്നുമുതൽ സൂറയുടെ പഴുത്തകാലുകൾ ഉണങ്ങിത്തുടങ്ങി., അടുപ്പ് പുകഞ്ഞുതുടങ്ങി. നാക്കിലെ നാറിത്തരം കൂടിയ പെണ്ണെന്ന വിളിപ്പേരുള്ള മോളെക്കണ്ടു
സൂറ കരഞ്ഞു.,
പിന്നേ ചിരിച്ചു !, നഷ്ടപ്പെട്ട ചുമന്നകല്ലിനേക്കാൾ ഉറപ്പുള്ള കൽമനസ്സുമേറ്റി സൈനബയും ചിരിച്ചു.
(ശുഭം )
About The Author
No related posts.