അന്വേഷണം – മാത്യു നെല്ലിക്കുന്ന് (അമേരിക്ക)

Facebook
Twitter
WhatsApp
Email

ഇനിയും തുടരണമോ എന്നുപോലും യാത്രയുടെ ഒരു ഘട്ടത്തില്‍ അയാള്‍ ശങ്കിച്ചു. അത്രമാത്രം ക്ലേശകരമായിരുന്നു അയാളുടെ അന്വേഷണം.
വളരെ ദൂരം സഞ്ചരിച്ചപ്പോള്‍ അയാള്‍ പരിക്ഷീണനായി. ഏറിയാല്‍ ആറുമാസം. അതാണ് അയാള്‍ക്കുണ്ടായിരുന്ന ബാക്കി സമയം.
വൈദ്യോപദേശങ്ങള്‍ ധിക്കരിച്ചുകൊണ്ടും ബന്ധുക്കളുടെ സമ്മതമില്ലാതെയുമാണ് ഇറങ്ങിത്തിരിച്ചത്.
“എല്ലാം അവസാനിക്കുന്നതിനുമുമ്പ് കുറെ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കണം.” അയാളെ അറിയുന്നവര്‍ക്ക് അതു വിശ്വസിക്കാന്‍ പ്രയാസം തോന്നി. ജീവിതത്തിലുടനീളം ഭൗതികവാദിയോ മതങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നവനോ ആയിരുന്നു അയാള്‍. അതുകൊണ്ട് ഇപ്പോഴത്തെ മനംമാറ്റം ബന്ധുക്കളെ സന്തോഷിപ്പിച്ചു.
ഒറ്റയ്ക്കുള്ള യാത്രയെ പലരും ആദ്യം എതിര്‍ത്തെങ്കിലും എന്നും നിര്‍ബന്ധബുദ്ധിയായിരുന്ന അയാളെ പിന്തിരിപ്പിക്കാന്‍ ആരും മിനക്കെട്ടില്ല. താമസിയാതെ മടങ്ങിവരുമെന്ന് അടുത്ത സുഹൃത്തുക്കളോടു പറഞ്ഞുകൊണ്ട് അയാള്‍ പുറപ്പെട്ടു.
നാട്ടിലെ പഴയ സുഹൃത്തുക്കളോടു പലതും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. ചികിത്സ അസാധ്യമായിത്തോന്നി. പടര്‍ന്നുകയറിയ ശ്വാസകോശാര്‍ബുദമായിരുന്നു അയാളുടെ രോഗം.
അവ്യക്തമായ ധാരണകളുമായി അയാള്‍ ആദ്യം കല്‍ക്കട്ടയിലേക്കാണ് പോയത്. അവിടെ ചുറ്റിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. അയാള്‍ അന്വേഷിക്കുന്ന വ്യക്തി സ്ഥലം മാറി ബോംബെയിലേക്കു പോയിരിക്കുന്നു. ബോംബെയിലെ അന്വേഷണം എളുപ്പമായിരുന്നില്ല. എങ്കിലും അവളെ കണ്ടെത്തുമെന്ന പ്രത്യാശ അപ്പോഴും നിലനിന്നു.
പിന്നീട് അവള്‍ ഡല്‍ഹിയിലേക്കു മാറിയിരിക്കുന്നുവെന്നറിഞ്ഞ് അയാള്‍ അങ്ങോട്ടു തിരിച്ചു.
മരിക്കുന്നതിനുമുന്‍പ് അവളെ കാണണമെന്നും തന്‍റെ പിഴകള്‍ ഏറ്റു പറയണമെന്നും അയാള്‍ ഉറച്ചിരുന്നു. അന്ന് ഭീരുവിനെപ്പോലെ അവളെ വിട്ട് ഓടിപ്പോയതാണ്. അയാളോര്‍ത്തു. ഇന്ന് രോഗവും വാര്‍ദ്ധക്യവും മൂലം വിവശനായിരിക്കുന്നു.
എങ്കിലും വളരെക്കാലമായി സൂക്ഷിച്ചിരുന്ന മോഹത്തിന്‍റെയോ പശ്ചാത്താപത്തിന്‍റെയോ ഉള്‍വിളി അയാളെ മുന്നോട്ടു നയിച്ചു.
ഒടുവില്‍ അന്വേഷണത്തിന്‍റെ അവസാനഘട്ടം അടുത്തുവെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു. നഗരപ്രാന്തത്തില്‍ ഒറ്റപ്പെട്ടുനിന്ന ഒരു ഇടത്തരം വീട്ടിലേക്കയാള്‍ കയറിച്ചെന്നു. പ്രൗഢയായ ഒരു സ്ത്രീ അയാളെ സ്വീകരിക്കുവാന്‍ ഇറങ്ങിവന്നു.
അതവളായിരുന്നുവെന്ന് അയാളറിഞ്ഞു. വാര്‍ദ്ധക്യം അവളില്‍ മൊട്ടിട്ടിരുന്നു.
“നിങ്ങള്‍ക്ക് ആരെയാണ് കാണേണ്ടത്…?”
അവളുടെ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *