പ്രസാദം എന്ന ഔഷധം – ജയരാജ് മിത്ര

Facebook
Twitter
WhatsApp
Email

പാലക്കാട്ടെ കൊടുവായൂരിലുള്ള ഹോമിയോ ഡോക്ടർ ബാലകൃഷ്ണൻഡോക്ടറിൽനിന്നാണ് ക്ഷേത്രത്തിൽനിന്നും ലഭിക്കുന്ന പ്രസാദത്തേപ്പറ്റി,
ചിന്തിക്കാൻ സുഖമുള്ള ആദ്യത്തെ സൂചന എനിക്ക് കിട്ടുന്നത്.

“ബ്രഹ്മാ-വിഷ്ണു – മഹേശ്വരൻമാരെ ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ എന്ന തരത്തിലും ഒന്നാലോചിച്ചുനോക്കൂ ” എന്ന് ഡോക്ടർ പറഞ്ഞു.

‘പുഷ്പാഞ്ജലിപ്രസാദം മുഴുവൻ നമ്മൾക്ക് കഴിക്കാൻ പറ്റുന്നതാവണം’ എന്ന അറിവ് ആദ്യമുണ്ടായത് ഡോക്ടറുമായുള്ള സംസാരത്തിൽനിന്നാണ്.

ശരിയാണ് . എൺപതുകളുടെ ആദ്യത്തിൽ എല്ലായിടങ്ങളിലും പുഷ്പാഞ്ജലിപ്രസാദം തന്നിരുന്നത് വാഴയിലയിലായിരുന്നു.
താമരയില,പ്ലാശിൻ്റെ ഇല,വഴയില എന്നിവയും ആവാം എന്ന് കേട്ടിട്ടുണ്ട്.

തുളസി, കൂവളം, മരുന്നുതെച്ചി , നാടൻചെമ്പരത്തി, നന്ത്യാർവട്ടം എന്നീ പൂക്കളും ;
ചന്ദനമുട്ടി ചാണയിലരച്ച ചന്ദനവും
നാടൻപശുവിൻ്റെ ചാണകത്തിൽനിന്ന് വിധിയാംവണ്ണം ഉണ്ടാക്കിയെടുത്ത ഭസ്മവും
നെയ്യും വെണ്ണയും
അവിലും മലരും കൽക്കണ്ടവും ശർക്കരയും തേനും ഉണക്കമുന്തിരിയും
അപൂർവ്വമായി, കരിമ്പും ഗണപതി നാരങ്ങയും
അടയും അപ്പവും പായസവും ഒക്കെയായിരുന്നു അന്നൊക്കെ പ്രസാദമായി അമ്പലങ്ങളിൽനിന്നും കിട്ടിയിരുന്നത്.

ഇതിലെ ഏതും കഴിക്കാം.
പൊതുവേ ; കൂവളത്തിലയോ തുളസിയിലയോ ചെമ്പരത്തിപ്പൂവോ നന്ത്യാർവട്ടപ്പൂവോ ആരും കഴിക്കുമായിരുന്നില്ല.
എന്നാൽ, ഇവകൂടി കഴിച്ചാലും ദോഷമൊന്നും സംഭവിക്കില്ല. ഗുണമുണ്ടുതാനും.

ആദ്യമായി,
പൂജിക്കാൻ മഞ്ഞക്കോളാമ്പിയും അശോകത്തെച്ചിയും നാടനല്ലാത്ത ചെമ്പരത്തിയും ചെണ്ടുമല്ലിയുമൊക്കെ കടന്നുവരുന്നത്; എൻ്റെ ശ്രദ്ധയിൽ , സായിബാബയുടെ ഭജനമണ്ഡലികളിലൂടെ ആണ്.

ഈ ആരാധനാരീതി ശരിക്കും പറഞ്ഞാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കടന്നുവരലായിരുന്നു.
മറ്റൊരു തരം അമ്പലം.
മറ്റൊരു രീതിയിലെ പൂജകൾ.
പാരമ്പര്യരീതികൾ മാറിനടന്ന ആരാധന.

പിന്നെപ്പിന്നെ,
റോസ്പ്പൂവും പലതരം ചെത്തി (തെച്ചി )കളും അറളിയും അരളിയും പലതരം ചെമ്പരത്തികളും മുല്ലയും ചെണ്ടുമല്ലിയും വാടാമല്ലിയും ചെമ്പകവും ഒക്കെ പല പല സ്ഥലങ്ങളിൽ കയറി സ്ഥാനം പിടിച്ചു.

അന്ന്,
ഈ പാടില്ലാത്ത പൂജാദ്രവ്യങ്ങളുടെ ക്ഷേത്രത്തിലേയ്ക്കുള്ള അതിക്രമിച്ചുകയറലിനെ കണ്ടില്ലെന്ന് നടിച്ചതുകൊണ്ടാണ്; ഇന്ന്, ‘അരളി ‘ ഇങ്ങനെയൊരു വില്ലനായി നിൽക്കുന്നത്.

പടിക്കു പുറത്ത് നിറുത്തേണ്ടവയെ നിർദ്ദാക്ഷിണ്യം പുറത്തുതന്നെ നിറുത്തണം എന്ന പാഠം.

ക്ഷേത്രങ്ങളിൽ, നല്ല എള്ളെണ്ണ ഒഴിച്ച്, നല്ല പരുത്തിത്തിരി കത്തിച്ച വെളിച്ചമാണ് വേണ്ടത് എന്ന്,
കാര്യ-കാരണസഹിതം പൂർവ്വികർക്കറിയാമായിരുന്നു.
തട്ടകത്തിലെ ആൾക്കാരുടെ ആരോഗ്യവുമായി, ക്ഷേത്രസാമഗ്രികൾക്കുള്ള ബന്ധം അറിയുന്നവരായിരുന്നു; പണ്ട്, ക്ഷേത്രത്തിനകത്തും പുറത്തുമുണ്ടായിരുന്നത്.

വൈദ്യുതാലങ്കാരങ്ങളും ശീതീകരിച്ച അകവും ചാൻ്റിങ് ബോക്സുകളും പുരോഗതിയാണ് എന്ന് ധരിച്ചാൽ; പിന്നെ രക്ഷയൊന്നുമില്ല.

വിശദമായി പറഞ്ഞാൽ ഈ വിഷയത്തിലെ ചർച്ച തീരില്ല.
തർക്കങ്ങൾമാത്രം ബാക്കിയാകും.
അതുകൊണ്ട്, ഏറ്റവും ചുരുക്കിപ്പറയാം;
അകത്തേയ്ക്ക് കഴിക്കാൻ കഴിയാത്ത പൂജാസാധനങ്ങൾ പ്രസാദങ്ങൾ ആയി ഒരു പൂജാരി നൽകുന്നുണ്ടെങ്കിൽ; അവിടത്തെ ദർശനം ഒഴിവാക്കുന്നതാണ് നല്ലത്.
പൂജാരിയേയും.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *