അദ്ധ്യായം 23
വിഷാദവീചികള്‍
എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ അനര്‍ത്ഥത്തില്‍ സ
ന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ. ന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ. നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്‍റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു.
-സങ്കീര്‍ത്തനങ്ങള്‍, അധ്യായം 70
ആത്മാവിന്‍റെ നിറവില്‍ ദിനങ്ങള്‍ തള്ളി നീക്കിവര്‍ കണ്ണില്‍ നനവുകളുമായിട്ടാണ് എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിയത്.
നഷ്ടബോധത്തോടെ ചാര്‍ളി കത്തനാരെ ഓര്‍ത്തു.
എന്തെല്ലാം കള്ളക്കഥകളാണ് അദ്ദേഹത്തിനെതിരേ പലരും പറഞ്ഞു പരത്തിയത്.
സ്പെയിനില്‍ നിന്ന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കവരെ നടന്നു വന്ന സെന്‍റ് ഫ്രാന്‍സിസ്സ ഓഫ് അസ്സീസ്സിയെ ഒരു നിമിഷം ഓര്‍ത്തു.
കാറോടിക്കുന്നുണ്ടെങ്കിലും ചാര്‍ളിയുടെയും ഗ്ലോറിയയുടെയും മനസ്സ് മുഴുവന്‍ കത്താനാരിലായിരുന്നു.
മകള്‍ മാരിയോന്‍ കാഴ്ചകള്‍ കണ്ടിരുന്നു.
വീടിനുള്ളിലേയ്ക്ക് വന്ന കൈസറിനെയും സ്റ്റെല്ലയെയും ജോബിനെയും കണ്ട്, പുറത്തേക്ക് പോകാന്‍ തയ്യാറായി നിന്ന സീസ്സര്‍ മാറി മാറി നോക്കി. മകളുടെ കാറില്‍പോയവര്‍ ഇപ്പോള്‍ കൈസറുടെ കാറില്‍ മടങ്ങി വരുന്നു? മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. എന്തോ മറുപടി പറഞ്ഞിട്ട് അത് പോക്കറ്റിലിട്ടു. മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും ഭാര്യയും ഭര്‍ത്താവും പഴയതുപോലെ മിണ്ടാട്ടമില്ല. ലിന്‍ഡ വീട്ടില്‍ ഇല്ലെങ്കില്‍ അതൊരു ഊമ വീടാണ്. ഒരു ദിവസം അവളും ആംഗ്യഭാഷയില്‍ സംസാരിച്ചു. അത് കണ്ട് സ്റ്റെല്ലയും സീസ്സറും ചിരിച്ചു. രണ്ടുപേരും വാശിയിലാണ്. അതത്ര മഹത്തായ കാര്യമല്ലെങ്കിലും അതിലെ രസതന്ത്രം അവള്‍ക്ക് ഇഷ്ടപ്പെട്ടു. ഇവര്‍ കിടപ്പറയിലും ഇങ്ങനെയായിരിക്കുമോ?
അകത്തേക്ക് വന്ന ഭാര്യയെയും മകനെയും നോക്കാതെ കൈസറോട് ചോദിച്ചു, “കത്തനാര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി അയച്ചോ?” കൈസര്‍ക്ക് ആ കാര്യത്തില്‍ ആനന്ദമായിരുന്നെങ്കില്‍, സീസ്സറിന് അത്യാനന്ദമായിരുന്നു. ഇനിയെങ്കിലും ഇവിടെ മനുഷ്യന് മനഃസമാധാനത്തോടെ കഴിയാമല്ലോ. ഹെലന്‍ കത്തനാരെ പേടിച്ച് ഒരു മാസം അവധിയെടുത്ത് നാട്ടില്‍ പോയി. അവസാനം ഒരു താക്കീത്. ‘ഈ കത്തനാര്‍ ഇവിടെയുള്ള കാലമത്രയും അച്ചായന്‍ എന്‍റെ വീട്ടില്‍ വരരുത്.’ അവള്‍ പോയതിലൊന്നും ഒട്ടും ദുഃഖമില്ല. അവള്‍ അല്ലെങ്കില്‍ മറ്റൊരുവള്‍. ഇപ്പോള്‍ രാജലക്ഷ്മിയുമായി ഒത്തൊരുമിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ്.
“കത്തനാര്‍ നല്ല മനസ്സോടെ എല്ലാവരെയും അനുഗ്രഹിച്ചു തന്നെ പോയി”, കൈസര്‍ പറഞ്ഞു. “ഒരു സെക്രട്ടറിയെന്ന നിലയ്ക്ക് എനിക്ക് പോകാതിരിക്കാന്‍ പറ്റില്ലല്ലോ.”
“എന്‍റെ മോള്‍ എവിടെ പോയി?” ഒരു നിമിഷം സീസ്സറിന്‍റെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
“അവള്‍ ലൂയിസുമായി എങ്ങോട്ടോ പോയി. എന്നോട് പറഞ്ഞു, ഇവരെയൊന്നു ഡ്രോപ്പ് ചെയ്തേക്കാന്‍.”
“അവള്‍ എങ്ങോട്ടാണ് പോയത്?”
“അത് തന്‍റെ ഭാര്യയോട് ചോദിക്ക്, എനിക്കറിയില്ല.”
സീസ്സര്‍ മുഖത്തെ അസംതൃപ്തി പുറത്ത് കാട്ടാതെ കൈസറെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി. മദ്യമുറിയിലിരുന്നു. ഭാര്യയുമായുള്ള പിണക്കം ഇയാള്‍ക്കറിയില്ല. ഒരു മദ്യകുപ്പിയും ഗ്ലാസ്സുകളും കൊറിക്കാന്‍ പറങ്കിയണ്ടിയും മുന്നില്‍ വച്ച് ഗ്ലാസ്സിലേയ്ക്ക് മദ്യം പകര്‍ന്നു. മദ്യം കഴിക്കുന്നതിന് മുന്‍പായി കൈസര്‍ പറഞ്ഞു, “തന്നോട് ഒരു കാര്യം ചോദിക്കണമെന്നുണ്ട്.”
“ഇയാള് സമാധാനമായിരിക്ക്, പിതാവ് എനിക്ക് ഉറപ്പു തന്നതാണ്. പുതിയ അച്ചന്‍ വരുന്നതുവരെ ബ്രിസ്റ്റളില്‍ നിന്നും ലണ്ടനില്‍ നിന്നും അച്ചന്മാരെത്തി വിശുദ്ധബലി നടത്തും.”
“അല്ല… എനിക്ക്….” സീസ്സര്‍ കൈസറെ പറയാന്‍ അനുവദിച്ചില്ല.
“പുതിയ അച്ചന്‍ ഈ കത്തനാര്‍ പോകുന്നതിന് മുന്‍പേ എത്തേണ്ടതായിരുന്നു. എന്നാല്‍ എറണാകുളത്ത് ഇങ്ങോട്ട് വരാനുള്ള പരീക്ഷ എഴുതിയപ്പോള്‍ തോറ്റു. വീണ്ടും ഈ ആഴ്ചതന്നെ എഴുതി ജയിക്കാനുള്ള തയ്യാറെടുപ്പാണ്.”
“ഞാനും അതൊക്കെ ന്യുയോര്‍ക്കിലെ പിതാവുമായി സംസ്സാരിച്ചപ്പോള്‍ അറിഞ്ഞ കാര്യമാണ്. ഞാനതല്ല പറയാന്‍ വന്നത്?”
“പിന്നെ എന്താണ്. പള്ളിയുടെ പതിനായിരം പൗണ്ട് എനിക്ക് കടമായി തന്നതോ? അതോര്‍ത്ത് ഇയാള്‍ വിഷമിക്കേണ്ട. കണക്ക് പൊതുയോഗത്തില്‍ അവതരിപ്പിക്കുന്നതിന് മുന്‍പായി ബാങ്കില്‍ ഉണ്ടായിരിക്കും.”
“അതെനിക്കറിയാം. പണത്തിന്‍റെ തിരിമറി പുതിയ കാര്യമൊന്നുമല്ലല്ലോ”, സീസ്സര്‍ സംശയത്തോടെ നോക്കി.
“പിന്നെ എന്താ ഇയാടെ പ്രശ്നം. ആദ്യം താനിത് അങ്ങോട്ട് വലിക്ക്”, മുന്നിലിരുന്ന മദ്യം എടുത്ത് കൈയ്യില്‍ കൊടുത്തു. രണ്ടുപേരും ചിയേഴ്സ് പറഞ്ഞു മോന്തി, പറങ്കിയണ്ടി വായിലിട്ടു ചവച്ചു.
“നമ്മള്‍ എത്രയോ വര്‍ഷങ്ങള്‍ പള്ളിയുടെ വളര്‍ച്ചയ്ക്കായി കഷ്ടപ്പെട്ടു. നമ്മള്‍ പള്ളിയില്‍ വിശന്ന് വരുന്നവന് ഉച്ചക്ക് ഭക്ഷണം കൊടുക്കുന്നില്ലേ. എന്താ നമ്മള്‍ പള്ളി പണം കൊടുത്ത് പലിശ വാങ്ങുന്നുണ്ടോ? ഇയാക്കറിയാമല്ലേ ഇതിന് മുന്‍പിരുന്ന അച്ചന്‍റെ പണകൊതി. സ്വന്തക്കാര്‍ക്കും വീട്ടുകാര്‍ക്കും അയാള്‍രാഷ്ട്രീയക്കാരെപ്പോലെ കോരിവാരിയല്ലേ കൊടുക്കുന്നത്. നമ്മുടെ പണമല്ലേ? നമ്മള്‍ വീഞ്ഞടിക്കാനല്ലേ അല്പം കാശേടുക്കുന്നുള്ളൂ. അതൊരു കൊള്ളരുതാത്ത പ്രവര്‍ത്തിയെന്ന്എനിക്ക് തോന്നിയിട്ടില്ല. അല്ല താനൊന്ന് പറ. ഈ പോയ കത്തനാര്‍ക്ക് ഈ മുന്തിരിവള്ളിച്ചാറെടുത്ത് നമ്മളെ ചൊറിയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?”
“ഈ കത്തനാര്‍ സഭയുടെ ചട്ടങ്ങളെ അനുസരിക്കാത്തവനെന്നാണ് നാട്ടില്‍ നിന്നുള്ള അറിയിപ്പ്. മറ്റൊന്ന്, പള്ളിയില്‍ കുറെ പുതിയ പാര്‍ട്ടികള്‍ എത്തിയിട്ടുണ്ട്. അവരുടെ ടിക്കറ്റ് കാര്യം മറ്റാരും അടിച്ചുകൊണ്ടുപോകരുത്.”
ഇല്ലെന്ന് സീസ്സര്‍ ഉറപ്പുകൊടുത്തു.
“എന്തായാലും നമ്മടെ തലവേദന ഒഴിച്ചു വിട്ടല്ലോ. ഇനിയും പിതാക്കന്മാര്‍ അയാള്‍ക്ക് മരുന്നു കൊടുത്ത് സുഖപ്പെടുത്തട്ടെ. ങാ നിനക്ക് എന്താ ഇനിയും പറയാനുള്ളത്. ഇല്ലെങ്കില്‍ ഉച്ചയ്ക്ക് എന്‍റെ ഹോട്ടലില്‍ പോയി ഊണ് കഴിച്ച് പിരിയാം.”
“അതങ്ങനെയാ.. ഇയാള്‍ എന്നെ പറയാന്‍ സമ്മതിക്കില്ലല്ലോ. ഞാന്‍ ഒരു സംശയം പറയാം. നിന്‍റെ മോളും ആ ലൂയിസും തമ്മില്‍ എന്തെങ്കിലും….” സീസ്സറിന്‍റെ കണ്ണുകള്‍ നിശ്ചലമായി. മുഖത്ത് ഗൗരവം പടര്‍ന്നു. ആകാംക്ഷയോടെ ചോദിച്ചു.
‘നീ എന്താ ഉദ്ദേശിക്കുന്നത്. തുറന്നു പറഞ്ഞേ. എനിക്കൊന്നും മനസ്സിലാകുന്നില്ല.”
“ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പിരിയുന്ന സമയം. അവടെ കാര്‍ എന്‍റെ പിറകിലായിരുന്നു. ഞാന്‍ ഗ്ലാസ്സിലൂടെ കണ്ട കാഴ്ച രണ്ടുപേരും കൂടി… ഏതാ…. അതു തന്നെ. ഞാന്‍ കാര്‍ വിട്ട് പോരുകയും ചെയ്തു. എന്‍റെ ആത്മസുഹൃത്തിന്‍റെ മോള്‍ ഇങ്ങനെ ചെയ്തപ്പോള്‍ തന്നോട് ഒന്ന് പറയണമെന്ന് തോന്നി. അവര്‍ തമ്മില്‍ വല്ല….”
സീസ്സറിന്‍റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ഇന്നുവരെ അങ്ങനെയൊന്നും തോന്നിയിട്ടില്ല.
“ഇയാളന്താ ഒന്നും മിണ്ടാതിരിക്കുന്നേ?”
“ഞാനും നീ പറഞ്ഞതുതന്നെ ആലോചിക്കയായിരുന്നു. ഇന്നുവരെ അതിന്‍റെ സൂചനപോലും ലഭിച്ചിട്ടില്ല. അവന്‍ പീയാനോ വായിക്കും. പാട്ടുപാടും ഇതൊക്കെ അറിയാമെന്നല്ലാതെ അവള്‍ക്ക് അവനെപ്പറ്റി എന്തറിയാം. എന്‍റെ മോള്‍ ഒരുത്തന്‍റെ മായക്കാഴ്ചയില്‍ വീഴുന്നവളല്ല എന്നാണ് എന്‍റെ വിശ്വാസം. ഞാനറിയാത്ത ഒരു ബന്ധം…” സംശയത്തോടെ നോക്കി.
“അല്ല ഞാന്‍ കണ്ടത് ഒന്നു പറയുന്നത് മാത്രം. അതിന് മറ്റൊരു നിറം കൊടുക്കേണ്ടതില്ല. എന്നാല്‍ നമ്മുക്കിറങ്ങാം.”
“ഞാന്‍ അവളെയൊന്ന് വിളിക്കട്ടെ.”
“എന്തിനാ ഈ കാര്യം പറയാനാ?”
“എവിടെയെന്ന് അറിയാനാണ്.”
പോക്കറ്റില്‍ കിടന്ന മൊബൈല്‍ എടുത്ത് അവളുടെ ഫോണിലേക്ക് വിളിച്ചു. അവര്‍ ഫോണെടുത്തു.
“മോളേ നീ എവിടെയാ?”
അവള്‍ മറുപടി പറഞ്ഞു.
“പപ്പ എനിക്കിന്ന് ബാര്‍ക്കിംഗ് ജോബ് സെന്‍ററില്‍ വെച്ച് മൂന്നുമണിക്ക് ഇന്‍റര്‍വ്യു ഉണ്ട്. അത് കഴിഞ്ഞേ വീട്ടിലേത്തു.”
“എന്നിട്ട് നീ ആ കാര്യം എന്നോട് പറഞ്ഞില്ലല്ലോ.”
“അതിന് പപ്പായെ കാണേണ്ട. കഴിഞ്ഞ രാത്രി പപ്പ വന്നപ്പോള്‍ ഞങ്ങള്‍ നല്ല ഉറക്കം. രാവിലെ ഞങ്ങള്‍ പോരുമ്പോള്‍ പപ്പ നല്ല ഉറക്കം. ഞാന്‍ മമ്മിയോട് പറഞ്ഞിരുന്നു. നിങ്ങള്‍ തമ്മില്‍ മിണ്ടാത്തതിന് ഞാനെന്തു പിഴച്ചു. ഒ.ക്കെ. പപ്പാ. ബൈ.”
അവള്‍ ഫോണ്‍ വെച്ചു. അവര്‍ പുറത്തിറങ്ങി ഹോട്ടലിലേയ്ക്ക് പോയി.
കുളി കഴിഞ്ഞെത്തിയ ജോബിന്‍റ തലയില്‍ സ്റ്റെല്ല വീണ്ടും തോര്‍ത്തുകൊണ്ട് തുടച്ച് തലയില്‍ വെളിച്ചെണ്ണ പുരട്ടി മുടി ചീകി.അവനെ മേശയ്ക്കരുകില്‍ ഇരുത്തിയിട്ട് അടുക്കളിയില്‍ ചെന്ന് കഴിക്കാനാള്ള ആഹാരമെടുത്തു കൊടുത്തു. വെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ അത് മാറ്റിയിട്ടു പറഞ്ഞു. ‘ജൂ…ജൂ… ‘ ജൂസ് വേണമെന്നാണ്. ഉടനെ അടുക്കളിയില്‍ ചെന്ന് ഓറഞ്ച് ജൂസ് എടുത്തു. അവന്‍റെ അടുത്തിരുന്ന് മകനെ ഭക്ഷണം കഴിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. ഭര്‍ത്താവിനെ ഓര്‍ത്തു, മകനെ തിരിഞ്ഞു നോക്കാത്ത അച്ഛന്‍. മുന്‍പ് എന്ത് ചെയ്യുമ്പോഴും എന്നോട് ആലോചിക്കുമായിരുന്നു. ഇപ്പോള്‍ സ്വന്തം ഇഷ്ടത്തിന് എന്തും നടപ്പാക്കുന്നു. കുടുംബ പ്രാര്‍ത്ഥനയില്‍പോലും പങ്കെടുക്കാതെ ബിസ്സിനസ്സുമായി നടക്കുന്നു. പണമുണ്ടാക്കാനുള്ള ബദ്ധപ്പാടില്‍ കുടുംബകാര്യങ്ങള്‍ നോക്കാന്‍ എവിടെ സമയം. പണം കൂടിയപ്പോള്‍ ഭാര്യയും മക്കളും ഭാരമായി. ആരെയും സ്വന്തം ഇഷ്ടത്തിന് നിറുത്താനുള്ള ശ്രമത്തില്‍ നീതിമാനായ ഒരച്ചനെ മാത്രം ലഭിച്ചില്ല. മനുഷ്യമൂല്യങ്ങള്‍ തിരിച്ചറിയാത്തവര്‍ക്ക് സാത്താന്‍റെ ഇംഗിതങ്ങള്‍ വഴങ്ങാതെ നിവൃത്തിയുള്ളൂ. മറ്റുള്ളവരുടെ മുന്നില്‍ വിജയകരമായ കുടുംബജീവിതം നയിക്കുന്നവനെത്ത് കാണിക്കുന്നു. പണം ഉണ്ടായികഴിഞ്ഞപ്പോള്‍ സ്നേഹം പ്രകടിപ്പിക്കാന്‍ മാത്രമറിയാവുന്ന ഭര്‍ത്താവ് സ്വന്തം അഭിരുചികള്‍ക്കനുസരിച്ച് മാത്രം കഴിയുന്ന ഭര്‍ത്താവിനെ തടയുവാന്‍ ഒരിക്കലും മുതിര്‍ന്നിട്ടില്ല. ഭര്‍ത്താവിനെ എത്രയോ സ്നേഹിച്ചും കരുതിയും ജീവിച്ചവളാണ്. ഈ കുഞ്ഞിന്‍റെ ജനനത്തോടെ തനി സ്വഭാവം മനസ്സിലായി. സമ്പത്തും പദവിയുംകണ്ട് അഹങ്കരിക്കുന്നവര്‍ക്ക് ദൈവത്തെ എങ്ങനെ സ്നേഹിക്കാന്‍ കഴിയും. അങ്ങനെയുള്ള ഒരു ഭര്‍ത്താവിന്‍റെ ഭാര്യയുമായി കഴിഞ്ഞാല്‍ ദൈവകോപം വര്‍ദ്ധിക്കില്ലെന്ന് എന്താണുറപ്പ്. സ്റ്റെല്ല സ്വന്തം മനഃസാക്ഷിയോട് ചോദിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ഒരു പേപ്പറില്‍ അവന്‍ ഇങ്ങനെയെഴുതി. മമ്മി എനിക്ക് ഫാദറിനെ കാണാന്‍ എന്ത് ചെയ്യണം? എനിക്ക് വേണ്ടി ആര് പ്രാര്‍ത്ഥിക്കും? ഫാദര്‍ പോയതില്‍ എനിക്ക് ഏറെ ദുഃഖമുണ്ട്. സ്റ്റെല്ല അത് വായിച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞു. പള്ളി പ്രമാണിമാര്‍ക്ക് കത്തനാരെ ഇഷ്ടമല്ലെന്ന് മകനോടു പറയാന്‍ പറ്റില്ലല്ലോ. വേദനയോടെ അവന്‍റെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു. “മോന്‍ വേദനിക്കരുതി. ഫാദര്‍ മോനുവേണ്ടി പ്രാര്‍ത്ഥിക്കുവെന്നല്ലേ പറഞ്ഞിട്ട് പോയത്. നമ്മള്‍ നാട്ടില്‍ പോകുമ്പോള്‍ ഫാദറിനെ പോയി കാണാം. പിന്നെ മോന്‍റെ അസുഖം മാറാന്‍ നമ്മളും പ്രാര്‍ത്ഥിക്കണമെന്നല്ലേ പറഞ്ഞത്.”
അവന്‍തലയാട്ടി നിന്നു. സ്റ്റെല്ല അവനെയും കൊണ്ട് പീയാനോയുടെ മുന്നിലെത്തി. ഒരു പാട്ട് മുന്നില്‍ വെച്ച് പറഞ്ഞു, “മോന്‍ പീയാനോയില്‍ ഈ പാട്ടൊന്ന് പാട്. മമ്മി കുളിച്ചിട്ട് ഇപ്പം വരാം. ഓക്കെ.”
അത്രയും പറഞ്ഞിട്ട് കുളിമുറിയില്‍ കയറി കതകടച്ചു. അലപനേരം പീയാനോ വായിച്ചിട്ട് അലമാരയിലിരുന്ന തോക്കെടുത്ത് കതക് തുറന്ന് പുറത്തിറങ്ങി. മുറ്റത്തെ വിവിധ നിറത്തിലുള്ള പൂക്കള്‍ വാടി നില്ക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു. റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്നു. അവന്‍ റോഡിലേയ്ക്ക് നോക്കിയപ്പോള്‍ പോസ്റ്റ്മാന്‍ കത്ത് വീടിനുള്ളില്‍ ഇടാനായി അകത്തേക്ക് വരുന്നു, അവന്‍ ചിരിച്ചു. ഇയാള്‍ എന്തിനാണ് ഇങ്ങോട്ടു വരുന്നത്. ഒരലര്‍ച്ചയോടെ അവന്‍ പോക്കറ്റില്‍ കിടന്ന നീണ്ട തോക്കെടുത്ത് നീണ്ടു മെലിഞ്ഞ കറുത്ത മനുഷ്യന്‍റെ നേര്‍ക്ക് നീട്ടി. അയാള്‍ തരിച്ചു നിന്നു. ഇരുണ്ട അന്തരീക്ഷം പോലെ മുഖം ഇരുണ്ടു. അയാള്‍ അടിമുടി വിറച്ചുകൊണ്ട് വന്ന വഴിയെ തിരികെയോടി. അവനും അലറിവിളിച്ച് പിറകെയോടി. പെട്ടെന്ന് നിന്നിട്ട് പൊട്ടിച്ചിരിച്ചു. അവന്‍ വീണ്ടും ചെടികളുടെ അടുത്തേക്ക് വന്നു. അയാളെ ഓടിച്ചതില്‍ സന്തോഷത്തിന്‍റെ ഒരു പൂമൊട്ട് അവന്‍റെയുള്ളിലും വിരിഞ്ഞു. ഏതാനും വെള്ള പ്രാവുകള്‍ മുറ്റത്ത് വന്നിരുന്നു. അവന്‍ തോക്കെടുത്ത് അതിന് നേരെയും ചൂണ്ടി. പ്രാവുകള്‍ അവനെ നോക്കി മുരടനക്കി.
മഞ്ഞണിഞ്ഞ രാത്രിയില്‍ എട്ടുമണിക്ക് തന്നെ സീസ്സര്‍ വീട്ടിലെത്തി. നിലാവ് തെളിഞ്ഞു നിന്നു. മുകളിലേയ്ക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു.
‘ലിന്‍ഡാ….’ അവള്‍ പരിഭ്രമത്തോടെ മുറിയില്‍ നിന്നിറങ്ങി താഴേയ്ക്കു നോക്കി.
About The Author
Related posts:
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 21 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 17 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 13 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 6 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 3 – (കാരൂര്‍ സോമന്‍)