അദ്ധ്യായം 21
ജ്വാലാമുഖി
എന്‍റെ പ്രിയേ, നീ തിര്‍സ്സാപോലെ സൗന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യംപോലെ ഭയങ്കര. നിന്‍റെ കണ്ണു എങ്കല്‍നിന്നു തിരിക്ക; അതു എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്‍റെ തലമുടി ഗിലെയാദ്മലഞ്ചെരിവില്‍ കിടക്കുന്ന കോലാട്ടിന്‍ കൂട്ടംപോലെയാകുന്നു. നിന്‍റെ പല്ലു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയില്‍ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു. നിന്‍റെ ചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളില്‍ മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു.
-ഉത്തമഗീതം, അധ്യായം 6
ജ്വലിച്ചു നില്ക്കുന്ന സൂര്യന് കീഴില്‍ നിന്ന് പൊള്ളുന്ന വാക്കുകള്‍കേട്ട് സീസ്സറിന്‍റെ ശരീരം ഉരുകിയൊലിക്കുന്നതായി തോന്നി.
മുഖത്തെ കറുത്ത കണ്ണടയ്ക്ക് മങ്ങല്‍ അനുഭവപ്പെട്ടു.
ഞാനും ഹെലനുമായുള്ള രഹസ്യബന്ധം ഇയാള്‍ തുറന്നു പറയുമോ?
ഭാര്യയും മക്കളും എല്ലാവരും കത്തനാരുടെ വാക്കുകളില്‍ മുഴുകിയിരിക്കുകയാണ്.
ഉള്ളില്‍ എരിയുന്നത് തീയാണ്. സീസ്സര്‍ വിയര്‍ത്തു. യോഹന്നാന്‍റെ മാതാപിതാക്കള്‍ സ്വന്തം മകനെപ്പറ്റി പറയുന്നു. അവന്‍റെ യൗവനജീവിതത്തില്‍ അവന്‍ നിലകൊണ്ടത് സത്യത്തിനും നീതിക്കും വേണ്ടി മാത്രമായിരുന്നില്ല ഇവരി ഈ ലോകത്തുള്ള ബന്ധത്തെക്കാള്‍ അവന്‍റെ ബന്ധം ദൈവത്തോടായിരുന്നു. ഞാന്‍ ആദ്യം യോഹന്നാനെപ്പറ്റി പറഞ്ഞപ്പോള്‍ അവന്‍ അമ്മയുടെ ഉദരത്തില്‍ വെച്ചുതന്നെ ആത്മാവില്‍ വളര്‍ന്നവനായിരുന്നു. ഈ ലോകത്തിന്‍റെ ദുഃശ്ശീലങ്ങള്‍ക്കും ദുഷ്കര്‍മ്മങ്ങള്‍ക്കും അടിമപ്പെട്ടില്ല. അവന്‍ യൗവ്വനത്തില്‍ എത്തിയപ്പോള്‍ സാമൂഹ്യനീതിക്കും നന്മകള്‍ക്കും വേണ്ടി നിലകൊണ്ടു. നമ്മുടെ യുവാക്കളെപ്പറ്റി ഇങ്ങനെ പറയാന്‍ കഴിയുമോ? അവന് ആ ആത്മധൈര്യം എവിടുന്നു കിട്ടി?
ദൈവത്തില്‍നിന്ന് മാതാപിതാക്കളില്‍ നിന്ന് മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മാതൃകയാകണം. അതിന് മാതാപിതാക്കള്‍ സ്നേഹമുള്ളവരും വിശ്വാസമുള്ളവരും സഹകരിക്കുന്നവളും പ്രശംസിക്കുന്നവരുമാകണം. അങ്ങനെയുള്ള കുടുംബങ്ങളില്‍ ദൈവസ്നേഹം കവിഞ്ഞൊഴുകും. ഇവിടെ ശണ്ഠയും വഴക്കിനും പിണക്കത്തിനും ഇടമില്ല. നാം ദൈവകൃപയില്‍ ആശ്രയിക്കുമ്പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നത്. ഇവിടെയും മാതാപിതാക്കള്‍ക്ക് യോഹാന്നാനെപ്പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അവന്‍റെ തല അറത്തു മാറ്റിയെങ്കിലും അവന്‍ ദൈവസന്നിധിയില്‍ വലിയവനായിരുന്നു. എന്നാണ് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയത്. അവനിലെ ആത്മധൈര്യം എല്ലാം തിന്മകളെയും ചോദ്യം ചെയ്തു. നമ്മുടെ യുവാക്കളെപ്പറ്റി നാം ഭാരപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍ അവരുടെ ബന്ധങ്ങള്‍ ഈ ലോകത്തോടാണ് ദൈവത്തോടല്ല. അതിനാല്‍ നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ജീവനുമുള്ള ദൈവത്തിന് യാഗമായി സമര്‍പ്പിക്കുക. മനസ്സ് പുതുക്കി രൂപാന്തരപ്പെടുക. രാത്രി കഴിയാറായി പകല്‍ അടുത്തിരിക്കുന്നു. ഇരുട്ടിന്‍റെ പ്രവൃത്തികളെ ഉപേക്ഷിക്കുക. വെളിച്ചത്തിന്‍റെ ആയുധം ധരിക്കുക. അത് പെറികുത്തുകളിലും മദ്യാപാനങ്ങളിലുമല്ല, ശയന മോഹങ്ങളിലും ദുഷ്കര്‍മ്മങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല പിന്നെയോ യേശുക്രിസ്തുവിന്‍റെ സ്നേഹത്തില്‍ എല്ലാം ചെയ്യുവിന്‍.
സീസ്സറിന് ഒരല്പം ആശ്വാസം തോന്നി. ഉത്കണ്ഠയോടെയാണ് ഓരോ വാക്കും കേട്ടുകൊണ്ടിരിക്കുന്നത്. പള്ളിക്കുള്ളില്‍ ആദ്യമായിട്ടാണ് ഇത്ര ഏകാഗ്രതയോടെ ഇരിക്കുന്നത്. ഹേരോദ്യയുടെ സ്ഥാനത്തു കത്തനാര്‍ കണ്ടിരിക്കുന്നത് ഹെലനെയാണ്. ഹേരോദ്യമൂലമാണ് യോഹന്നാന് മരണമുണ്ടായത്. ഇവിടെ ഹെലന്‍ മൂലമാണ് കത്തനാരെ ഈ രാജ്യത്ത് നിന്നും മടക്കി അയയ്ക്കുന്നത്. യോഹന്നാനെ ഈ ലോകത്ത് നിന്ന് പരലോകത്തേക്കയച്ചെങ്കില്‍ കത്തനാരെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേയ്ക്കാണ് അയയ്ക്കുന്നത്. വന്ദ്യപിതാവ് ഒരന്വേഷണത്തിന് ഉത്തരവിട്ടില്ല. അതിന്‍റെ പ്രധാന കാരണം പിതാവ് പറഞ്ഞത് ഈ കത്തനാരുടെ സ്വാഭാവരീതികള്‍ അദ്ദേഹത്തിനറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഒരു പുരോഹിതനെയാണാവശ്യം. അല്ലാത്തവള്‍ അധികപ്പറ്റുതന്നെയാണ്.
പട്ടണത്തില്‍ വന്നിട്ട് സ്ത്രീകളുടെ ചാരിത്യം പരിശോധിക്കാതെ അവരെ സംതൃപ്തരും ചരിതാര്‍ത്ഥ്യരുമാക്കുകയാണ് വേണ്ടത്. കത്തനാര്‍ ഏതെല്ലാം ദര്‍ശനങ്ങള്‍ അഴിച്ചുവിട്ടാലും ഹെലന്‍ എന്‍റെ ഭാര്യയെ പോലെ എനിക്ക് പ്രിയപ്പെട്ടവളാണ്. അവളെ വിസ്മരിക്കാനാവില്ല. സുന്ദരിമാരായ പല സ്ത്രീകളെയും ഞാന്‍ മോഹിച്ചിട്ടുണ്ട്. പലരെയും അവരുടെ പട്ടുമെത്തകളില്‍ ഞാന്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. തന്നെ സംബന്ധിച്ച് പള്ളിയും പരിവാരങ്ങളും പ്രണയം പങ്കിടാനുള്ള ഒരു വേദി മാത്രമാണ്. അതിന് കളമൊരുക്കിയത് ഞാന്‍ വിശ്വാസം അര്‍പ്പിച്ച ദൈവം തന്നെയാണ്. ഒരു മന്ദബുദ്ധിയായ മകനെ എന്ന് എന്നെ ശിക്ഷിച്ചില്ലേ? ഭാര്യ ഒരിക്കല്‍ മാത്രമേ ഉപദേശിച്ചിട്ടുള്ളൂ. അന്നവളോട് ഞാന്‍ തുറന്നു പറഞ്ഞു. ഇങ്ങനെയൊരു മകനെ തന്ന ദൈവത്തെ എനിക്ക് സ്നേഹിക്കാനായില്ല. ഒപ്പം നിന്നെയും. എന്നിട്ടും ഭര്‍ത്താവിനെ സ്നേഹിച്ചും മാനിച്ചും സ്റ്റെല്ല ജീവിച്ചു. ഭര്‍ത്താവിനോട് അവിശ്വസ്ത കാണിച്ചില്ല. അന്യപുരുഷന്മാരെ ആശ്രയിക്കാന്‍ പോയില്ല. പല ദിവസങ്ങളിലും പാതിരാ കഴിഞ്ഞ് വരുമ്പോഴും എവിടെ പോയെന്ന് അന്വേഷിച്ചില്ല. മോള് ചോദിക്കുമ്പോള്‍ ഒറ്റ ഉത്തരമേയുള്ളൂ. കടയില്‍ കുറെ കണക്കുകള്‍ എഴുതി തീര്‍ക്കാനുണ്ടായിരുന്നു. അവരത് വിശ്വസിച്ചു. ഭര്‍ത്താവിന്‍റെ അവിഹിതബന്ധങ്ങളും സ്റ്റെല്ലയുടെ ചെവിയില്‍ എത്തിയില്ല. അവള്‍ മകനെയും ഭര്‍ത്താവിനെയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കയാണ് ചെയ്തത്. ഭാര്യയുടെ ആഗ്രഹം പൂര്‍ത്തികരിക്കാനെന്നവെണ്ണം വല്ലപ്പോഴൊക്കെ കാമത്തിന്‍റെ ആഴത്തിലേയ്ക്കവളെ കൂട്ടിക്കൊണ്ട് പോകാറുണ്ട്. ആരും മനസ്സോടെയല്ല, ഒരു കടമപ്പോലെ ഒപ്പം ശയിക്കുന്നു.
കത്തനാരുടെ മടങ്ങിപ്പോക്ക് പള്ളിയില്‍ പലരെയും നിരാശരാക്കി. അത് സ്റ്റെല്ലയുടെ മനസ്സിനെ ദുര്‍ബലപ്പെടുത്തുക തന്നെ ചെയ്തു. ഭൂരിഭാഗമാളുകള്‍ക്കും കത്തനാരോട് ഭക്തിയും സ്നേഹവും മാത്രമെയുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ ഇത്രപെട്ടെന്ന് മടക്കി വിളിച്ചതിന്‍റെ കാരണമറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. വിശുദ്ധബലി കഴിയുമ്പോള്‍ പള്ളിയുടെ പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നുണ്ട്. ആ സമയം ഈ കാര്യം ചോദിക്കണമെന്ന് ചാര്‍ളി തീരുമാനിച്ചു. കത്തനാര്‍ പ്രസംഗം അവസാനിപ്പിക്കാറായപ്പോള്‍ പറഞ്ഞു. പ്രിയമുള്ളവരെ ഹേരോദാ രാജാവ് എന്നെ തടവിലാക്കിയില്ല. ഹേരോദ്യയും മകളും ചേര്‍ന്ന് എന്‍റെ തലയും ആവശ്യപ്പെട്ടിട്ടില്ല. സീസ്സറിന്‍റെ ഉള്ളം വീണ്ടും പിടഞ്ഞു. വീണ്ടും ഹേരോദ്യ കടന്നു വന്നിരിക്കുന്നു. ഇയാള്‍ ഹെലന്‍റെ പേര് വിളിച്ച് പറയുമോ? മനസ്സിന്‍റെ ധൈര്യം തന്നെ ചോര്‍ന്നുപോകുന്നു. എന്നെ ഉന്മൂലനാശം വരുത്തിയിട്ട് പോകാനുള്ള ശ്രമമാണോ? അവിടെ നീണ്ട ഒരു നിശ്ശബ്ദത പരന്നു. സീസ്സറിന്‍റെ മുഖത്ത് വിവിധ വികാരങ്ങള്‍, നിരാശയാണോ, ദുഃഖമാണോ, ഭയമാണോ ഒന്നും തിരിച്ചറിയാനാകുന്നില്ല. മനസ്സാകെ അസ്വസ്ഥമാകുന്നു. പള്ളിക്കുള്ളില്‍ തണുപ്പുണ്ടായിട്ടും സീസ്സറിന്‍റെ നെറ്റി വിയര്‍ത്തു. കത്തനാരുടെ നോട്ടം മുഖത്ത് പതിക്കുമ്പോള്‍ വല്ലാത്തൊരു ഭയവും ഭീതിയുമാണ് അനുഭവപ്പെടുക. മുഖം താഴ്ത്തിയിരുന്നു. ഇയാടെ മുടിഞ്ഞ പ്രസംഗം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍ മനഃസമാധാനത്തോടെ ഇരിക്കാമായിരുന്നു.
കത്തനാര്‍ തുടര്‍ന്നു: എന്‍റെ ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ള ആരും തന്നെ നിരാശപ്പെടരുത് ധൈര്യപ്പെടുവിന്‍ ഞാന്‍ ഇവിടുന്ന് മടങ്ങിപ്പോയാലും എന്‍രെ ആത്മാവും മനസ്സും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. നിങ്ങള്‍ വിശ്വസിക്കുക. മരുഭൂമിയിലും വരണ്ടനിലാവും ആനന്ദിക്കും. മരുഭൂമിയില്‍ വെള്ളവും നിര്‍ജ്ജനപ്രദേശത്ത് തോടുകളും പൊട്ടിപുറപ്പെടും. വരണ്ട നിലങ്ങള്‍ നീരുറവകളാകും. മുടന്തന്‍ മാനിനെ പോലെ ചാടും. ഈവന്‍റെ നാവ് ഉല്ലസിച്ച് ഘോഷിക്കും. എല്ലാവരും എന്നോടൊപ്പം ആര്‍ത്തു വിളിക്കുക. ഹാലേലുയ്യാ കത്തനാര്‍ ജോബിനെ വിളിച്ചിട്ട് പറഞ്ഞു. ‘ജോബും ഉച്ചത്തില്‍ ഹാലേല്ലൂയാ വിളിക്കുക’ ജോബ് വാ തുറന്ന് പലവട്ടം മറ്റുള്ളവര്‍ക്കൊപ്പം ഹാലേലൂയ വിളിച്ചു. അത് ‘ഹാ..യില്‍തന്നെ അവസാനിച്ചു. ഹാലേലൂയ്യ വെച്ചാല്‍ ദൈവത്തിനു സ്തുതി. കത്തനാരുടെ പ്രസംഗം അവസാനിപ്പിച്ചത് സീസ്സറില്‍ പുതിയ ജീവനും ശക്തിയും പകര്‍ന്നു. മനോവ്യഥകള്‍ എല്ലാം മാറി. ഈ മനുഷ്യരുടെ മദ്ധ്യത്തില്‍ എനിക്ക് ശിക്ഷ നല്കുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ല. പൂപോലെ വാടി മുഖം വികസിച്ചു. ഗായകസംഘത്തിന്‍റെ ഗാനത്തോടെ ആരാധന അവസാനിച്ചു. ലിന്‍ഡയും ലൂയിസും ഇടയ്ക്കിടെ നോക്കി പുഞ്ചിരിക്കാന്‍ മറന്നില്ല. മറ്റുള്ളവര്‍ അവരുടെ പാട്ടില്‍ ആസ്വദിച്ചിരിക്കുമ്പോള്‍ അവരുടെ പ്രണയ കണ്ണുകളില്‍ പ്രണയം പാടുകയായിരുന്നു. അവരുടെ സൗന്ദര്യത്തില്‍ ലയിച്ചിരുന്ന സമയം പലഭാഗത്തും പാട്ടിന്‍റെ ശ്രുതി തെറ്റിയത് അവന്‍ മനസ്സിലാക്കി. മനസ്സിനെ കടിഞ്ഞാണിട്ടും നിയന്ത്രിച്ചു. പുറത്ത് സൂര്യപ്രഭയെ മഴവെള്ളം മുക്കിക്കൊന്ന് ശവപറമ്പിലേയ്ക്ക് ഒഴുക്കികൊണ്ടുപോയി. മഴക്ക് അകമ്പടിയായി ബാന്‍റ് മേളങ്ങള്‍ക്ക് പകരം കാറ്റും കൊടുങ്കാറ്റും ആഞ്ഞടിച്ച് അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി. മഴപെയ്യുമ്പോഴൊക്കെ കാറ്റ് വന്ന് അവരെ സ്നായിക്കാറുണ്ട്. അത്രമാത്രം സ്നേഹമാണ് കാറ്റിന് മഴയോടുള്ളത് കാറ്റും മഴയും പ്രണയം പങ്കിടുന്ന സമയമാണത്. സൂര്യന്‍റെ ദുര്‍വിധിയില്‍ മേഘങ്ങള്‍ കരഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘങ്ങള്‍ ഇടിമുഴക്കങ്ങളുണ്ടാക്കി പൊട്ടി കരയുന്നു. സൂര്യപ്രകാശത്തെ മഴവെള്ളം വെള്ളച്ചാട്ടത്തില്‍ ഒഴുക്കിക്കൊണ്ടിരുന്നു. കത്തനാര്‍ എല്ലാവരോടുമായി അറിയിച്ചു.
“ആരും എഴുന്നേറ്റ് പോകാതെ ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക. ദൈവകൃപ ലഭിച്ചവരെ ദൈവത്തെ അനുസരിച്ച് അവന്‍റെ നിമിഷങ്ങള്‍ പാലിക്കുന്നവരെ പുതിയ വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കുക. എല്ലാം വര്‍ഷവും അധികാരത്തിനായി അണിപിടിക്കുന്നവരെയും ഞാന്‍ കണ്ടു. ജ്ഞാനിയായ ശലോമോന്‍ പറയുന്നു. ചത്ത ഈച്ച തൈലക്കാരന്‍റെ തൈലം താറുമാറാക്കുന്നു. ജ്ഞാനമില്ലാത്തവര്‍ മനസ്സില്‍ പങ്കുള്ളവര്‍, പരദൂഷണക്കാര്‍ ആത്മീയ അഭിഷേകം പ്രാപിക്കാത്തവര്‍ അധികാരങ്ങളില്‍ വന്നാല്‍ അത് പള്ളിയായാലും സഭയായാലും രാജ്യമായാലും അതിന്‍റെ സൗരഭ്യം നഷ്ടപ്പെടുന്നു. ഈച്ച വീണ ചത്ത തൈലം പൂശുമ്പോള്‍ സുഗന്ധത്തിന് പകരം ദുര്‍ഗന്ധമാണ് വരുന്നത്. അതുപോലെ വിശുദ്ധിയില്ലാത്ത വികാരങ്ങളും ദുര്‍ഗ്ഗന്ധം വമിക്കുന്ന മോഹങ്ങളുമായി ആരും മണപ്പിക്കാന്‍ വരരുത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വാക്കിലും പ്രവൃത്തിയിലും സ്നേഹത്തിലും സുഗന്ധം പരത്തുന്നവരാകണം. മനസ്സില്‍ വിദ്വോഷം വെച്ച് പുലര്‍ത്തുന്നവരും സ്നേഹമില്ലാത്തവരും സഹപ്രവര്‍ത്തകരോട് മാപ്പര്‍ക്കാത്തവരും ഇതിലേയ്ക്ക് കടന്നുവരാന്‍ പാടില്ല.”
എല്ലാവരും നിശ്ശബ്ദരായി ഇരുന്നുവെങ്കിലും സീസ്സര്‍ കത്തനാരുടെ വാക്കുകള്‍ക്ക് യാതൊരു വിലയും നല്കിയില്ല. കത്തനാര്‍ പറയുന്ന സ്നേഹം ആത്മാവില്‍തന്നെ വേണമെന്ന് എന്തിനാണ് നിര്‍ബന്ധം പിടിക്കുന്നത്. ആ സ്നേഹം രണ്ട് ശരീരമൊന്നാകുമ്പോഴും ഉണ്ടാകുന്നില്ലേ? പിന്നെ ജ്ഞാനം. കാശ് കൊടുത്ത് പുസ്തകം വാങ്ങി വായിക്കാത്ത ഇവിടിരിക്കുന്ന മണ്ടന്മാര്‍ക്ക് യേശുവിനെ അറിയാന്‍ വേദപുസ്തകം പോരായോ? കത്തനാര്‍ തന്‍റെ താടിരോമങ്ങളില്‍ തടവിയിരുന്നു. കത്തനാര്‍ ഓരോരുത്തരുടെ മുഖത്തേക്കും മാറിമാറി നോക്കിയിട്ട് പറഞ്ഞു. “ആദ്യം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പേര് നിര്‍ദ്ദേശിക്കാം.”
സീസ്സര്‍ എഴുന്നേറ്റ് റോബിന്‍റെ പേര് പറഞ്ഞു. അതിനെ കൈസര്‍ പിന്‍താങ്ങി. മറ്റൊരു കൂട്ടര്‍ ചാര്‍ളിയുടെ പേര് നിര്‍ദ്ദേശിച്ചു. ഉടനടി ചാര്‍ളി എഴുന്നേറ്റ് അതില്‍നിന്ന് പിന്‍മാറി. റോബിനോട് മത്സരിച്ചാല്‍ തോല്‍ക്കുമെന്നറിയാം. കഴിഞ്ഞ അഞ്ച് വര്‍ഷം ആയാളായിരുന്നു വൈസ് പ്രസിഡന്‍റ്. വോട്ടെണ്ണല്‍ നടത്തിയാല്‍ സീസ്സറിന്‍റെ ഗ്രൂപ്പുകാരെ ജയിക്കൂ. അതിനുള്ള തയ്യാറെടുപ്പുകള്‍ രാഷ്ട്രീക്കാരെപ്പോലെ ഓരോ വീട്ടിലും അവര്‍ നടത്തിയിട്ടുണ്ട്. അവരുടെ സല്‍ക്കാരം സ്വീകരിച്ചവര്‍ക്ക് അതനുസരിക്കാനേ നിവൃത്തിയുള്ളൂ. ഒപ്പമിരുന്ന് മോന്തിയതല്ലേ. മറ്റൊന്ന്, ഈ കൂട്ടര്‍ക്കൊപ്പം ഒരു പദവികളും വഹിക്കാന്‍ ചാര്‍ളി തയ്യാറല്ലായിരുന്നു.
സെക്രട്ടറിസ്ഥാനത്തേക്ക് പേര് നിര്‍ദേശിക്കാന്‍ കത്തനാര്‍ ആവശ്യപ്പെട്ടു. സീസ്സര്‍ കൈസറുടെ പേര് നിര്‍ദ്ദേശിച്ചു. മാര്‍ട്ടിന്‍ അതിനെ പിന്‍താങ്ങി. മറ്റാരും മത്സരത്തിന് മുന്നോട്ട് വന്നില്ല. ട്രഷററുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൈസര്‍ എഴുന്നേറ്റ് സീസ്സറുടെ പേര് നിര്‍ദേശിച്ചു. റോബന്‍ പിന്‍കാങ്ങി. മറ്റാരും മത്സരിക്കാന്‍ മുന്നോട്ട് വന്നില്ല. സീസ്സര്‍ എല്ലാം എഴുതിക്കൊണ്ടിരുന്നു. തുടര്‍ന്നുള്ള എല്ലാം പദവികളിലേക്കും യാതൊരു എതിര്‍പ്പും കൂടാതെ സീസ്സര്‍-കൈസര്‍ ട്രൂപ്പിലുള്ളവര്‍ കടന്നുവന്നു. കത്തനാര്‍ നിശ്ശബ്ദനായിരുന്നു. മനസ്സിലെ വിദ്വോഷം പുറത്ത് കാട്ടാതെ പറഞ്ഞു:
“ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഞാന്‍ ആദ്യമായി കാണുകയാണ്. ഇത് മുന്‍കൂട്ടി തീരുമാനിച്ചതുപോലുണ്ട്. നിങ്ങളുടെ കൈയ്യില്‍ അങ്ങനെയൊരു ലിസ്റ്റ് ഉണ്ടായിരുന്നെങ്കില്‍ അതിങ്ങ് തന്നാല്‍ മതിയായിരുന്നു.”
ചിലര്‍ ചിരിച്ചു, ചാര്‍ളി എഴുന്നേറ്റു പറഞ്ഞു:
“എല്ലാവര്‍ഷവും ഇതുതന്നെയാണ് ഇവിടെ നടക്കുന്നത്”
സീസ്സറും കൂട്ടരും കരിന്തേളിനെ വിദ്വോഷത്തോടെ നോക്കി. ചാര്‍ളി ഇറങ്ങി പുറത്തേക്ക് പോയി.
പ്രാര്‍ത്ഥനയോടെ ശേഷം കത്തനാര്‍ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി പുറത്തേക്ക് വന്നു. ഗ്ലോറിയയും ചാര്‍ളിയും മോളും കത്തനാര്‍ കഴിക്കുന്ന മേശയ്ക്കടുത്തായി ഇരുന്നു. കത്തനാര്‍ ചോദിച്ചു.
“സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍ ഗ്ലോറിയായുടെ പേര് ആരും പറഞ്ഞില്ലല്ലോ”.
ഗ്ലോറിയ ചിരിച്ചിട്ട് പറഞ്ഞു, “അവര്‍ക്കാവശ്യം എന്നെയല്ലച്ചോ. അല്ലെങ്കിലും എനിക്കിതിലൊന്നും താത്പര്യമില്ല. കരോളിനെപ്പോലുള്ളവര്‍ തിലകം ചാര്‍ത്തി നില്ക്കുമ്പോള്‍ ആത്മാഭിമാനമുള്ള ഒരു സ്ത്രീയും മുന്നോട്ടു വരില്ല.”
അവിടെക്ക് മറ്റൊരു കുടുംബം കത്തനാരെ കാണാന്‍ വന്നപ്പോള്‍ സംസാരം മുറിഞ്ഞു.കരോളിനെപ്പറ്റി കത്തനാരോട് ഒന്ന് പറയണമെന്നുണ്ടായിരുന്നു. അവളും സീസ്സറിന്‍റെ ഉള്ളംകൈയിലെ ആളാണ്. ദൈവത്തെ കബളിപ്പിക്കാന്‍ അവളും ഭര്‍ത്താവ് കൈസറും ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തുന്നുണ്ട്. ദൈവ സ്നേഹം എന്നാല്‍ അളവില്ലാത്ത സ്നേഹമാണ്. കുറേ മാസങ്ങള്‍ കുഞ്ഞിനെയും കൂട്ടി അതില്‍ പങ്കെടുത്തു. ആദ്യം കണ്ടത് വളരെ കരുതലും വാത്സല്യവുമൊക്കെയായിരുന്നു. ആഴ്ചയില്‍ മൂന്നും നാലും പ്രാവശ്യം വിളിച്ച് നാട്ടുകാരുടെയും പള്ളിയിലുള്ളവരുടെ അസൂയ നിറഞ്ഞ കുറ്റങ്ങള്‍ കുറെ പറയും. എല്ലാം മാസത്തിന്‍റെയും അവസാനത്തെ ആഴ്ചയാണ് കൂട്ടായ്മ. ദൂരെ നിന്നുള്ള പലരെയും ആ പ്രാര്‍ത്ഥനയിലേക്ക് വിളിച്ച് വരുത്തും. സല്‍ക്കരിക്കും. ചില മാസങ്ങളില്‍ സീസ്സറിന്‍റെ വീട്ടിലും പ്രാര്‍ത്ഥന നടത്തും. മറ്റുള്ളവരുടെ പ്രീതി സമ്പാദിച്ചെടുക്കാന്‍ കരോളിന് ഒരു പ്രത്യേക കഴിവുണ്ട്. ഒരിക്കല്‍ ചാര്‍ളി പറഞ്ഞു. “ഇവര്‍ വിവാഹത്തിനു ശേഷം ഇങ്ങനെയെങ്കില്‍ വിവാഹത്തിന് മുന്‍പ് എന്തായിരുന്നിരിക്കും.” അത്ര കാര്യമാക്കിയില്ല. ചിലര്‍ കൂടുതല്‍ സംസാരിക്കും, മറ്റ് ചിലര്‍ കുറച്ച് സംസാരിക്കും. മകള്‍ രോഗിയായതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍ പോയത്. നീണ്ട മാസത്തെ പ്രാര്‍ത്ഥനയും മറ്റും കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. ബാഹ്യമായി സ്നേഹം പ്രകടിപ്പിക്കുന്ന പലര്‍ക്കും ആന്തരികസ്നേഹമില്ലെന്ന്, ഈ പ്രാര്‍ത്ഥനയ്ക്കു പിന്നില്‍ എന്തെല്ലാം സ്വാര്‍ത്ഥതയാണുള്ളത്. മറ്റുള്ളവരെ വിളിച്ച് വരുത്തി പാടുക, പ്രാര്‍ത്ഥിക്കുക, അതിഥി സല്‍ക്കാരങ്ങള്‍ നല്കുക. എല്ലാവരും പോയി കഴിയുമ്പോള്‍ പള്ളിയിലുള്ള ചിലര്‍ക്കൊപ്പമിരുന്ന് മദ്യം കഴിക്കുക. അതിന്‍റെ പിന്നിലെ രഹസ്യം കൂടുതല്‍ ടിക്കറ്റുകള്‍ പള്ളിയിലുള്ളവര്‍ എടുക്കണം. പള്ളിയില്‍ തെരെഞ്ഞടുപ്പുകള്‍ വരുമ്പോള്‍ ഭാര്യക്കും ഭര്‍ത്താവിനും ഓരോരോ പദവികള്‍ വേണം. അതിന് എതിര് നില്ക്കരുത്. അതിനായി സീസ്സറിന്‍റെ പ്രീതി അവള്‍ നേടിയെടുത്തു. ഇടവകയെ വിജയകരമായി മുന്നോട്ട് നയിക്കുന്നതില്‍ ഞങ്ങളുടെ പങ്ക് വലുതെന്ന് സീസ്സറിനെ പോലെ കരോളും പറയും. അവര്‍ക്കെതിരെ ആരെങ്കിലും സംസ്സാരിക്കാന്‍ അവരൊക്കെ അപകടകാരികളായി മുദ്ര കുത്തും. മകള്‍ക്ക് സുഖമില്ലാത്തതിനാല്‍ രണ്ട് മാസം പ്രാര്‍ത്ഥനയ്ക്ക് പോയില്ല. രണ്ട് മാസത്തിന് മുന്‍പ് ഫോണില്‍ ധാരാളം സംസാരിച്ചവര്‍ പ്രാര്‍ത്ഥനക്ക് ചെല്ലാതെയായപ്പോള്‍ ഫോണ്‍ വിളിയും നിര്‍ത്തി. അത് അവളെ സൂക്ഷ്മായി പഠിക്കാന്‍ ദൈവം തന്നെ ഒരവസരമായിരുന്നു. സ്വയം നല്ലവരാകാന്‍ കോഴിക്കാലും തിന്ന് പ്രശംസിക്കാന്‍, പ്രാര്‍ത്ഥനയെന്നെപേരില്‍ ദൈവസ്നേഹത്തെ ഊതി വീര്‍പ്പിക്കുന്നു!
തിങ്കളാഴ്ച രാവിലെ കത്തനാരെ കാണാന്‍ ലിന്‍ഡയും ലൂയിസും കാറിലെത്തി. അവരെ കണ്ട മാത്രയില്‍ കത്തനാരുടെയുള്ളില്‍ ഒരങ്കലാപ്പ്. ഇവര്‍ എന്താണ് തിടുക്കത്തില്‍ വരുന്നത്. ഇവരുടെ ബന്ധം സീസ്സര്‍ അറിഞ്ഞോ?
About The Author
Related posts:
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 18 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 11 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 9 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 7 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 4 – (കാരൂര്‍ സോമന്‍)