അദ്ധ്യായം 22
രേഖാചിത്രങ്ങള്‍
എന്‍റെ ആലോചന അനുസരിക്കാതെ എന്‍റെ ശാസന ഒക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ടു അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാല്‍ തൃപ്തി പ്രാപിക്കയും ചെയ്യും. ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.എന്‍റെ വാക്കു കേള്‍ക്കുന്നവനോ നിര്‍ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈര്യമായിരിക്കയും ചെയ്യും.
-സദൃശ്യവാക്യങ്ങള്‍, അധ്യായം 1
അവരുടെ കണ്ണുകള്‍ക്ക് എന്തെന്നില്ലാത്ത തിളക്കമുണ്ടായിരുന്നു.
അടുത്ത് വന്നിട്ടവര്‍ പ്ലാസ്റ്റിക് കവറില്‍ കരുതിയിരുന്ന കേക്ക് പുഞ്ചിരിച്ചുകൊണ്ട് കൊടുത്തു.
അവരുടെ മുഖഭാവവും പെരുമാറ്റവും കണ്ടപ്പോള്‍ തോന്നിയത് വിവാഹത്തിന് സീസ്സര്‍ സമ്മതിച്ചുകാണും, അല്ലെങ്കില്‍ ഇത്ര സന്തോഷിക്കാനും മധുരം തരാനും കാരണമെന്താണ്.
ദൈവഭയവും ഭക്തിയും സ്നേഹവുമുള്ള കുട്ടികളാണ് നല്ല അച്ചടക്കത്തില്‍ വളരുന്ന യുവതീയുവാക്കള്‍ ആറ്റരികത്ത് നട്ടിരിക്കുന്ന വൃക്ഷത്തിന് തുല്യരാണ്.
ഈ മരം വാടുന്നില്ല.
ഉണങ്ങുന്നില്ല.
അതിന്‍റെ ഇല എപ്പോഴും പച്ചയായിരിക്കും.
വിവാഹജീവിതം സുഖിച്ച് രസിക്കാന്‍ മാത്രമുള്ളതല്ലെന്നും ജീവിതയാഥാര്‍ത്ഥ്യങ്ങളെ ധാരാളമായി അഭിമുഖീകരിക്കാനുണ്ടെന്നും അവരെ പഠിപ്പിക്കണം. ഒരു കുടുംബത്തിന്‍റെ ഭരണാധികാരികളായി സ്ഥാനാരോഹണം ചെയ്യുകയല്ലേ?
അവരില്‍ സന്തോഷം കരകവിഞ്ഞൊഴുകുന്നു.
“എന്താണ് ഇത്ര വലിയ സന്തോഷം. ഈ മധുരത്തിന് ഏതോ വിജയത്തിന്‍റെ രുചിയുണ്ട്.”
“എന്താണ് ആ വിജയത്തിന്‍റെ കാരണമെന്ന് ഫാദറിന് പറയാമോ?” അവരുടെ മുഖലക്ഷണങ്ങള്‍ വെച്ചിട്ട് പറഞ്ഞു.
“പപ്പ വിവാഹത്തിന് സമ്മതിച്ചു കാണും?”
അവളുടെ കവിളിലും കണ്ണിലും പുതിയൊരു പ്രകാരം തെളിഞ്ഞു. ഒന്നുകൂടി സുന്ദരിയായിരിക്കുന്നു. കിരീടം ചൂടിയ രാജ്ഞിയെപ്പോലെ അവള്‍ ലൂയിസിനെ നോക്കി. അവന്‍ പുഞ്ചിരിച്ചു. തെല്ലൊരു അഭിമാനത്തോടെ പറഞ്ഞു, “ഞങ്ങള്‍ പരീക്ഷ നല്ല മാര്‍ക്കോടെ പാസ്സായി.”
കത്തനാര്‍ ശാന്തനായി അവരെ നോക്കി അഭിനന്ദനം അറിയിച്ചു. “നിങ്ങളുടെ വിവാഹജീവിതവും ഇതുപോലെ നന്മകള്‍ കൊണ്ട് നിറയട്ടെ.” അവരുടെ മുഖങ്ങള്‍ പള്ളിക്ക് പിറകില്‍ നിന്ന മരങ്ങളിലെ വിവിധ നിറമുള്ള ഇലകള്‍ പോലെയായി. “ഫാദര്‍ തന്നെ ഞങ്ങളുടെ വിവാഹം നടത്തിത്തരണമെന്നു വലിയ ആഗ്രഹമായിരുന്നു”, ലിന്‍ഡ പറഞ്ഞു.
“എന്‍റെ പ്രാര്‍ത്ഥന എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ട്. അങ്ങനെ പരീക്ഷ പാസ്സായി. ഇനിയും ഒരു ജോലി വേണം.”
“ഇനിയുള്ള ശ്രമങ്ങള്‍ അതിനാണ്”, ലൂയിസ് പറഞ്ഞു.
“വ്യര്‍ത്ഥസൗന്ദര്യങ്ങളില്‍ മുഴുകി കഴിയുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നു. നിങ്ങള്‍ അവരെപ്പോലെആകരുത്. അതിരിക്കട്ടെ എനിക്കിന്ന് രോഗികളെ കാണാനുള്ള ദിവസമാണ്. എന്നെ റോയല്‍ ലണ്ടന്‍ ആശുപത്രിക്കും മുന്നില്‍ ഒന്ന് ഡ്രോപ്പ് ചെയ്യാമോ?”
“അതിനെന്താണ്. ഇന്ന് ഞങ്ങള്‍ ഫാദറിനൊപ്പമാണ്, എവിടെ വേണമെങ്കിലും വരാം”, ലിന്‍ഡ അറിയിച്ചു.
“എന്നാല്‍ നിങ്ങള്‍ ഇരിക്ക്, ഞാനിപ്പം വരാം.”
കത്തനാര്‍ അകത്തേക്ക് പോയി വേദപുസ്തകവും ലഘുലേഖകളുമടങ്ങുന്ന തൂക്ക് സഞ്ചിയുമായി പുറത്തേക്ക് വന്നു. അവര്‍ നടക്കുമ്പോള്‍ രാമന്‍ പിള്ള വന്നു, കത്തനാരെ രണ്ട് കൈയുകളുയര്‍ത്തി വണങ്ങി. കത്തനാരും വണങ്ങി. ആ മുഖത്ത് നോക്കിയാല്‍ എന്തോ താങ്ങാനാവാത്ത ദുഃഖമുണ്ട്. ഏറെ ശ്രദ്ധയോടെ കത്തനാര്‍ നോക്കിയിട്ട് ചോദിച്ചു:
“എന്താണ് വേദന ഇപ്പോഴുമുണ്ടോ?”
“വേദന ഇപ്പോള്‍ ശരീരത്തിനല്ല മനസ്സിനാണ്.”
“അതെന്ത് പറ്റി. കുടുംബത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?”
“വരണ്ടുണങ്ങിയിരുന്ന എന്‍റെ ജീവിതത്തിന് ജീവന്‍ തന്നത് അങ്ങാണ്.”
ലൂയിസും ലിന്‍ഡയും പരസ്പരം നോക്കി. പിള്ള വേദനയോടെ തുടര്‍ന്നു.
“അങ്ങ് മടങ്ങിപ്പോകുന്നു എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നുന്നു.”
കത്തനാര്‍ പുഞ്ചിരി തൂകി പിള്ളയുടെ കൈയ്ക്ക് പിടിച്ച് പറഞ്ഞു, “എല്ലാം ദൈവനിശ്ചയങ്ങളാണ്. ഇങ്ങോട്ട് വരുമ്പോള്‍ ലണ്ടനില്‍ പോകുന്നതറിഞ്ഞ് ഞാന്‍ ശുശ്രൂഷിച്ച് കൊണ്ടിരുന്ന അംഗവൈകല്യമുള്ള കുട്ടികളും മുതിര്‍ന്നവരും പിള്ളയെ പോലെ വിഷമിച്ചു. സങ്കടപ്പെട്ടു. അവരുടെ ഹൃദയവ്യഥ ദൈവം കേട്ടു കാണും.”
പിള്ള നിറകണ്ണുകളോടെ നോക്കി, “അങ്ങ് പോകുന്ന സ്ഥലത്തെ അഡ്രസ്സും ടെലിഫോണ്‍ നമ്പറും ഒന്ന് തരണം. ഇടയ്ക്കൊന്ന് വിളിക്കാനാണ്. നാട്ടില്‍ വരുമ്പോള്‍ കാണുകയും ചെയ്യാമല്ലോ.”
“പോകുന്നതിന് മുന്‍പ് പിള്ളയുടെ വീട്ടിലും വരണമെന്നുണ്ട്. അടുത്ത ശനിയാഴ്ച രാവിലെ മടങ്ങും. അതിന് മുന്‍പ് ചില സ്ഥലങ്ങള്‍ കാണാന്‍ പോകണം. ഇന്ന് സെന്‍റ് പോള്‍ പള്ളിക്ക് മുന്നില്‍ എന്‍റെ അവസാനത്തെ സുവിശേഷപ്രസംഗമാണ്.”
“അങ്ങയ്ക്കൊപ്പം എനിക്കും വരണമെന്നുണ്ട്. നീണ്ട വര്‍ഷങ്ങള്‍ ഇവിടെ കഴിഞ്ഞിട്ടും സെന്‍റ് പോള്‍ കത്തീഡ്രല്‍ ഒന്ന് കാണാന്‍ കഴിഞ്ഞില്ല.”
“എന്‍റെ ഒപ്പം വന്നാല്‍ പിള്ളയ്ക്ക് വിശക്കും. ഞാന്‍ ഹോട്ടിലില്‍ കയറി ഭക്ഷണം കഴിക്കാറില്ല.”
“അതുസാരമില്ല. എന്നാല്‍ എന്‍റെ കാറില്‍ പോകാം.”
“എന്നാല്‍ ഞങ്ങള്‍ പോകുന്നു. പിള്ള അങ്കിള്‍ കൂട്ടിനുണ്ടല്ലോ”, കത്തനാരോട് യാത്ര പറഞ്ഞ് ലിന്‍ഡയും ലൂയിസും പോയി. അവര്‍ പോയത് ഈസ്റ്റ് ഫാമിലെ സെന്‍ട്രല്‍ പാര്‍ക്കിലേക്കായിരുന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. വീണു കിടന്ന ഇലകള്‍ക്കു മീതേ അവന്‍ കിടന്നു. അവളും അവന്‍റെ മാറില്‍ തലചായ്ച്ചു. അവള്‍ അവന്‍റെ കവിളില്‍ കൈകളമര്‍ത്തി ചാരി കിടന്നുകൊണ്ട് ചോദിച്ചു.
“നീ എന്താ ആലോചിച്ച് കിടക്കുന്നേ?”
അവളുടെ മുഖത്തേക്ക് അവന്‍ സൂക്ഷിച്ചു നോക്കി. എപ്പോഴും മനസ്സില്‍ ഓര്‍മ്മപ്പെടുത്തുന്നത്. എന്നാണ് വിവാഹം? അതിന് തടസ്സങ്ങള്‍ വല്ലതും ഉണ്ടാകുമോ? അങ്ങനെ സംഭവിച്ചാല്‍ എന്താണ് ചെയ്യേണ്ടത്. ഇവളുടെ പപ്പ സമ്മതിക്കില്ലെന്ന് ഉറച്ച വിശ്വാസമുണ്ട്. ഈ രാജ്യത്തും ഇഷ്ടമുള്ളവരെ ഒപ്പം ഉറക്കുവാനും ഉപേക്ഷിക്കാനുമുള്ള അവകാശമുണ്ട്. അങ്ങനെയൊരു നിയമം നിലനില്ക്കുമ്പോള്‍, പതിമൂന്ന് വയസ്സുകാരന്‍ പിതാവും 12 വയസ്സുകാരി അമ്മയുമാകുന്നു. ഈ രാജ്യത്ത് അവളുടെ പപ്പയ്ക്ക് എന്ത് ചെയ്യാനാകും. അവളുടെ കണ്ണുകളിലേയ്ക്ക് പേമാര്‍ദ്രമായി നോക്കി, “ഞാന്‍ പറഞ്ഞാല്‍ നീ പിണങ്ങുമോ?”
“എന്തായാലും നീയൊന്ന് പറഞ്ഞേ, കേക്കട്ട്” അവള്‍ താഹ്പര്യത്തോടെ നോക്കി.
“ഞാനൊരു ചിത്രകാരനായിരുന്നെങ്കില്‍, നിന്നെ അങ്ങനെ പിറന്ന പടി ക്യാന്‍വാസില്‍ പകര്‍ത്തുമായിരുന്നു.”
അവള്‍ പെട്ടെന്ന് എഴുന്നേറ്റു. കാലുകൊണ്ട് ഒന്നു രണ്ട് തട്ട് കൊടുത്തു. അവന്‍ ചിരിച്ചിട്ടു പറഞ്ഞു.
“എടീ ഭര്‍ത്താക്കന്മാരെ കാലുകൊണ്ടടിക്കുന്നോ?”
“നിന്നെ കാലുകൊണ്ടല്ല അടിക്കേണ്ടത്? നിനക്കന്നേ ക്യാന്‍വാസില്‍ പകര്‍ത്തണം അല്ലേ?”
അവന്‍ ആ കാലില്‍ കടന്നു പിടിച്ച് അവളുടെ മൃദുലമേനിയിലൂടെ വിരലോടിച്ചു. അവനൊന്നു വലിച്ച് പിടിച്ചാല്‍ തറയില്‍ വീഴുമെന്നുറപ്പായപ്പോള്‍ അവള്‍ കെഞ്ചി, “യ്യോ ഞാന്‍ വീഴും. എന്‍റെ കാല് വിട്.”
“ഈ കാലുകൊണ്ടല്ലേ ഒരു കലാകാരനെ ചവിട്ടിയത്.”
“ഞാന്‍ ചവുട്ടിയില്ലല്ലോ. തട്ടിയതല്ലേയുള്ളൂ.”
അവള്‍ താഴേക്ക് കുനിയാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ പിടിമുറുക്കി. വീഴുമെന്നുറപ്പായപ്പോള്‍ മുകളിലേയ്ക്ക് പൊങ്ങി. ഒറ്റക്കാലില്‍ നിന്ന് വേദനിച്ചു.
“എടാ ലൂയി, പ്ളീസ് എന്‍റെ കാല് വിട്, ഞാന്‍ വീഴും.”
അവള്‍ വീണ്ടും കേണു പറഞ്ഞു. അവന്‍റെ മുഖത്ത് പുഞ്ചിരിയുറി വന്നു.”നിന്‍റെ ചിത്രം വരച്ചാല്‍ നല്ല വില കിട്ടും. എന്താ സമ്മതമാണോ? അല്ലാതെ നിന്നെ വിടുന്ന പ്രശ്നമില്ല.”
അവള്‍ ഒറ്റക്കാലില്‍ നിന്ന് മടുത്തപ്പോള്‍ ചോദിച്ചു. “സത്യമായും നീ വിടില്ല. എന്നാ നോക്ക് ആരാ ആ വരുന്നതെന്ന്”
അവള്‍ക്കറിയാം അവന് തിരിഞ്ഞു നോക്കാന്‍ കഴിയില്ലെന്ന്. അവന്‍റെ മുഖം മ്ലാനമായി. “ആരാണ്?”
അവള്‍ ഭീതിയോടെ പറഞ്ഞു, “എടാ പ്പായെന്നാ തോന്നുന്നേ. വേഗം എഴുന്നേക്ക്.”
അവന്‍റെ ധൈര്യം ചോര്‍ന്നുപോയി. മുഖം വിളറി, ഭയപ്പാടോടെ പെട്ടെന്ന് കാല്‍ വിട്ടിട്ട് ഹൃദയമിടിപ്പോടെ എഴുന്നേറ്റു. അത് കണ്ടവള്‍ ചിരിച്ചു. അവന്‍ ചുറ്റുപാടുകള്‍ നോക്കി. ആരെയും കാണാനില്ല. അങ്ങ് അകലങ്ങളിലായി ഏതോ യുവമിഥുനങ്ങള്‍ ഉലാത്തുന്നു. കാറ്റില്‍ ഇലകള്‍ പറന്നു. പെട്ടെന്നവള്‍ മാറോടണച്ചവനെ കെട്ടിപ്പുണര്‍ന്ന് ചുംബിച്ചിട്ട് പറഞ്ഞു.
“സോറിയെടാ.”
അവന്‍ അവളെ ഭയപ്പെടുത്തും വിധം പറഞ്ഞു.
“ലിന്‍ഡ. സത്യമായിട്ടും പപ്പ വരുന്നുണ്ട്. ഓടിക്കോ.”
അവളുടെ കൈക്ക് പിടിച്ചവന്‍ മുന്നോട്ടോടി. മറ്റൊരു മരത്തിന്‍റെ അടുത്ത് ചെന്നപ്പോഴെക്കും രണ്ടുപേരും അണച്ചിരുന്നു. അവന്‍ അവിടെ കിടന്നു. അവള്‍ തിരിഞ്ഞു നോക്കി. ആരെയും കണ്ടില്ല. അവന്‍ പകരം വീട്ടിയതാണ്. അവള്‍ അടുത്തിരുന്നിട്ട് പറഞ്ഞു.
“നിനക്കറിയാമോ ഞാന്‍ എത്ര ദിവസമായി ശരിക്കൊന്ന് ഉറങ്ങിയിട്ട്.”
അവന്‍ എഴുന്നേറ്റിരുന്നു.
“എന്താ പ്രശ്നം. അസുഖം വല്ലതുമുണ്ടോ?”
“നമ്മുടെ ബന്ധം നിത്യവും എന്നെ ഒരസുഖക്കാരിയാക്കി മാറ്റുന്നു.”
“ഓ അതാണോ കാര്യം. ആ അസുഖമൊക്കെ ആദ്യരാത്രിയില്‍ തന്നെ ഞാന്‍ സൗഖ്യപ്പെടുത്തി തരാം.”
അവള്‍ ഇഷ്ടപ്പെടാതെ പറഞ്ഞു.
“പോടാ. എനിക്കറിയാന്‍ വയ്യാത്തതുകൊണ്ട് ചോദിക്കയാ. നിന്നെ പോലെ ആയിരിക്കുമോ എല്ലാം ആണുങ്ങളും?”
“ഈ കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങള്‍ ഒരു പാര്‍ട്ടിയാണ്. പിന്നെ വിവാഹ ദിനം അടുക്കുത്തോറും ആണങ്ങളെക്കാള്‍ ഉറക്കം കളയുന്നത് പെണ്ണുങ്ങളാ. അതും ഒരേ ചിന്ത ആദ്യരാത്രി. എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ?”
“ഒട്ടും ശരിയല്ല. അവള്‍ ചിന്തിക്കുന്നത് ആദ്യം രാത്രിയോ രണ്ടാ രാത്രിയോ അല്ല. അവള്‍ ചിന്തിക്കുന്നത് സ്ത്രീക്ക് തണലായും ഇണയായും വരുന്ന പുരുഷനെപ്പറ്റിയാണ്.”
“നീ എന്തിനാ അതൊക്കെ ഓര്‍ക്കുന്നേ. ഇപ്പോള്‍ തന്നെ ഈ മരച്ചുവട്ടിലെ തണുപ്പില്‍ തണലായി ഇരിക്കുന്നു. പിന്നെ ഇണയെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി നിന്നോടൊപ്പം ഇഴയുകയല്ലേ? ഇനിയും എത്രനാള്‍ ഇങ്ങനെ ഇഴയണമെന്നോര്‍ക്കുമ്പോഴാണ് എന്‍റെ ദുഃഖം. കേരളത്തിലെ ഒരു പെണ്ണായിരുന്നെങ്കില്‍ അവള്‍ എന്‍റെ മുന്നില്‍ ഇഴകുമായിരുന്നു.”
“നിന്‍റെ മനസ്സിലിരിപ്പ് കൊള്ളാം. എടാ സാമര്‍ത്ഥ്യമുള്ള പെണ്‍പിള്ളാരെയൊന്നും ഇഴയാനും പിഴിയാനും കിട്ടില്ല. അതിന് ഇവിടുത്തെ സ്ത്രീകളെ കണ്ടു പഠിക്കണം.”
“അതെനിക്ക് ഇവിടെ വന്നപ്പോള്‍ മനസ്സിലായി. ഇത്രമാത്രം അപകടം ഭാര്യഭര്‍തൃ ജീവിതത്തില്‍ പതിയിരിപ്പുള്ളത് എനിക്കറിയില്ലായിരുന്നു.”
“വിവാഹം ജീവിതം ദൈവനിശ്ചയമെന്ന് മനസ്സിലാക്കി ദൈവകൃപയില്‍ ആശ്രയിക്കുന്നതാകണം. ന്തടാ മണ്ടുസ്സേ ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല.”
അവളെ ഉറ്റുനോക്കി ചോദിച്ചു.
“എന്താ നിനക്കും പറയാനുള്ളത്?”
“എന്‍റെ പപ്പയെപ്പറ്റി. പപ്പ ഇതറിഞ്ഞാല്‍ എങ്ങനെയായിരിക്കും. പ്രതികരിക്കുക. നിനക്കതൊന്നും ചിന്തിക്കേണ്ട. ഒറ്റ ചിന്തയേയുള്ളൂ. ആദ്യ രാത്രി. നിന്നപ്പോലെ ഒരുത്തനെയാണല്ലോ ഈ ദൈവം എനിക്ക് ചുമക്കാന്‍ തന്നത്.”
അവള്‍ കുറ്റബോധത്തോടെ പറഞ്ഞു.
“നീ ആ കാര്യത്തില്‍ പേടിക്കേണ്ട. നിന്നെ ചുമക്കാനുള്ള ആരോഗ്യമൊക്കെ എനിക്കുണ്ട്.”
അവന്‍റെ മുഖത്തേക്ക് അവള്‍ ദേഷ്യപ്പെട്ട് നോക്കി.
“എടാ നിന്‍റെ തലയില്‍ വല്ലതും മുളക്കുന്നുണ്ടോ? എന്തെങ്കിലും ഒരു മാര്‍ഗ്ഗം പറ. നീ ഇപ്പോഴപം എന്‍റെ പ്രയാസത്തെ മനസ്സിലാക്കുന്നില്ല.”
“എന്നാല്‍ ഇനിയും കേട്ടോളൂ. നീ എന്‍റെ തലയില്‍ വിതച്ച വിത്ത് പത്തും അറുപതും നൂറും മേനിയായി വിളഞ്ഞു.” അവള്‍ വീണ്ടും ദേഷ്യപ്പെട്ടു.
“എന്‍റെ ദൈവമേ!” അവന്‍ ഇടയ്ക്ക് പറഞ്ഞു.
“നീയെന്താ എന്നെ പറയാന്‍ അനുവദിക്കാത്തത്. ഇപ്പോള്‍ വിളഞ്ഞു നില്ക്കുന്നു. നിന്നെപോലെ സുന്ദരിയായ ഒരു പെണ്ണ്.”
“അവളെ കാക്കകൊത്തികൊണ്ട് പോകും. പോടാ മണ്ടുസേ”, അവള്‍ ഈര്‍ഷ്യയോടെ പറഞ്ഞു.
“നീ എന്നെ തടസ്സപ്പെടുത്താതെ പറയുന്നത് കേള്‍ക്ക്. ഞാന്‍ പറഞ്ഞത് ഇപ്പോള്‍ വിളഞ്ഞു നില്ക്കുന്നു. അടുത്തപടിയാണ് വിളവെടുക്കുക. എന്നാല്‍ ഇപ്പോള്‍ നാം വിളവ് എടുക്കുന്നില്ല.”
“മനസ്സിലായില്ല.” അവള്‍ സംശയത്തോടെ നോക്കി.
“വിളവെടുക്കുക എന്ന് പറഞ്ഞാല്‍ ഫലം കിട്ടുക. നീ ആദ്യം ഒരു ജോലിക്ക് ശ്രമിക്ക്. ഫലം കണ്ടെത്തുക. അതിനു ശേഷം ഈ വിഷയം തല പുകഞ്ഞ് ആലോചിച്ചാല്‍ മതി. വെറുതെ എന്തിനാ മോളെ ഉറക്കം കളയുന്നേ? പെണ്ണിന്‍റെ വെപ്രാളം കണ്ടില്ലേ?”
അവള്‍ നിശ്ശബ്ദമായി അവനെ നോക്കി.
കത്തനാരും പിള്ളയും ആശുപത്രി സന്ദര്‍ശനം കഴിഞ്ഞ് പോയത് ബാക്കീംഗം പാലസ് കാണാനായിരുന്നു. പാര്‍ലമെന്‍റ് മന്ദിരം, ലണ്ടന്‍ ബ്രിഡ്ജ്, ലൈബ്രറി, ലണ്ടന്‍ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ മുന്‍പ് കണ്ടതാണ്. ബാക്കിംഗം പാലസ്സിനുള്ളിലെ കാഴ്ചകള്‍ കത്തനാരെ അമ്പരിപ്പിച്ചു. ഒരു രാജഭരണത്തിന്‍റെ എല്ലാം മഹത്വങ്ങളും അതിനുള്ളില്‍ ധന്യമായിരുന്നു. മാനവ ജാതിയുടെ സൗന്ദര്യഐശ്വര്യത്തിന്‍റെ തിലകചാര്‍ത്തുകള്‍. ഓരോരോ മുറികളില്‍ കടക്കുന്തോറും അറിവു പകരുന്ന വിവരങ്ങള്‍ ചെവിയില്‍ ഘടിപ്പിച്ചിട്ടുള്ള മൈത്രോഫോണിലൂടെ ലഭിച്ചുകൊണ്ടിരുന്നു. പുറമേ നിന്ന് നോക്കിയാല്‍ ചെറിയൊരു കെട്ടിടം. അകത്ത് കയറുമ്പോള്‍ സൗന്ദര്യത്തിന്‍റെ നിറകുടങ്ങള്‍.
വിക്ടോറിയ രാജ്ഞിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നിട്ട് അവര്‍ പോയത് സെന്‍റ് പോള്‍സ് കത്തീഡ്രലിലേക്കായിരുന്നു. കത്തനാരും രാമന്‍പിള്ളയും പള്ളിക്കുള്ളില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിക്കയും അവിടെയാകെ ചുറ്റി നടന്ന് കാണുകയും ചെയ്തു. ആ സമയം പള്ളിക്കുള്ളില്‍ ആരാധന ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് പുറത്തിറങ്ങി ഒരു ഭാഗത്തായി മാറിനിന്ന് വിശുദ്ധ വേദപുസ്തകം തുറന്ന് പിടിച്ച് വേദവാക്യം വായിച്ചിട്ട് പ്രസംഗം തുടങ്ങി. ലണ്ടന്‍ നിവാസികളെ നിങ്ങള്‍ ദൈവത്തെ തള്ളിക്കളയുന്നു. നിത്യവും നങ്ങള്‍ ജസീക സുഖത്തില്‍ ആശ്രയിക്കുന്നു.
ആയതിനാല്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ അന്ധകാരത്തില്‍ ആണ്ടുപോകുന്നു. അതിനാല്‍ അവരില്‍ സ്നേഹമില്ല, വിനയമില്ല., അനുസരണയില്ല, യഥാര്‍ത്ഥ സ്നേഹം തിളങ്ങുന്നതാണ്. നിങ്ങളുടെ മുന്നില്‍ ദൈവം ജീവനും മരണവും വെച്ചിട്ടുണ്ട്. ജീവന്‍റെ വഴി പ്രകാശമാണ്. അത് സത്യമാണ് മരണത്തിന്‍റെ വഴിയോ നാശങ്ങള്‍, ദുഃഖങ്ങള്‍,കണ്ണുനീരാണ്. ഈ മണ്ണില്‍ ആദ്യം സ്നേഹം വിതറിയവനാണ് യേശു. ആ സ്നേഹം മാറോടണക്കുന്നതാണ് ഇന്നത്തെ മനുഷ്യരില്‍ സ്നേഹമില്ല.
കാരണം ഈശ്വരകൃപ അവരില്‍ നഷ്ടപ്പെട്ടു. പിശാചിന്‍റെ സന്തതികളായി മാറി. മൃഗങ്ങളെപോലെ തിന്നുക, കുടിക്കുക, ആനന്ദിക്കുക, ഉറങ്ങുക, സ്നേഹം സഹിക്കുന്നു. ക്ഷമിക്കുന്നു. നിങ്ങള്‍ സ്നേഹത്തില്‍ നിറയപ്പെട്ട വ്യക്തികളാകണം. നിങ്ങള്‍ ഈശ്വരനെ അന്വേഷിക്കുമെങ്കില്‍ കണ്ടെത്തും. ജീവനുള്ള യേശു നിങ്ങളില്‍ വസിച്ചാല്‍ ആ സ്നേഹം തമ്മില്‍ കാണാന്‍ കഴിയും. നിങ്ങള്‍ പ്രകൃതിയെ നോക്കൂ. എന്തെല്ലാം പ്രകൃതി നമുക്ക് ദാനമായി തരുന്നു. നാം ആ പ്രകൃതിയില്‍നിന്ന് ഭക്ഷിച്ചുകൊണ്ട് ആ ശക്തിയെ തള്ളികളയുന്നത് അന്യായമല്ലേ? ഞാനി രാജ്യത്ത് നിന്ന് മടങ്ങിപ്പോകുകയാണ്. അവസാനമായി ഞാന്‍ പറയുന്നു. നിങ്ങള്‍ പാപത്തില്‍നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ ഒരിക്കള്‍ നിങ്ങളെ ഈ പ്രപഞ്ചശക്തി ന്യായവിസ്താരത്തില്‍ നിറുത്തുമെന്ന് ഓര്‍ത്തുകൊള്ളുക. രാമന്‍ പിള്ള ക്രസ്തു സ്നേഹത്തിന്‍റെ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടിരുന്നു. പള്ളിയില്‍ നിന്ന് അറങ്ങി വന്നവരൊക്കെ കത്തനാരുടെ പ്രസംഗത്തില്‍ലയിച്ചു നിന്നു.
തണപ്പുകാലം ആരംഭിച്ചതിനാല്‍ നാല് മണിക്ക് മുന്‍പുതന്നെ അന്തരീക്ഷം ഇരുണ്ടു. ആകാശത്ത് നിന്ന് മഞ്ഞ് പൊഴിഞ്ഞു. കത്തനാരുടെ വെള്ള കുപ്പായത്തില്‍ മഞ്ഞു പൂക്കള്‍ ഇടം പിടിച്ചു. അവര്‍ കാറില്‍ മടങ്ങി. വഴിയോരങ്ങളിലെ വൈദ്യുതി പ്രകാശത്തില്‍ ആകാശത്ത് നിന്ന് ഇറങ്ങിയ മഞ്ഞു പൂക്കള്‍ പ്രകാശിച്ചു. അന്തരീക്ഷത്തില്‍ വെട്ടിത്തിളങ്ങി. കാറിലിരുന്ന് കത്തനാര്‍ ആഹ്ലാദത്തോടെ ആ കാഴ്ച കണ്ടു. ഇല കൊഴിഞ്ഞ് എല്ലും കോലുമായി നില്ക്കുന്ന മരക്കൊമ്പുകളിലും മഞ്ഞ് വെളിച്ചം പരത്തി. ഭൂമിയിലേയ്ക്ക് മഞ്ഞ് നിരന്തരമായി പെയ്തിറങ്ങി. മണ്മില്‍ വെള്ളപ്പട്ട് വിരിച്ചു. രാമന്‍ വേഗത കുറച്ചാണ് കാറോടിച്ചത്. അടുത്തുകൂടി പോകുന്ന എല്ലാം വാഹനങ്ങളുടെയും മുകള്‍ ഭാഗത്ത് മഞ്ഞു മലകള്‍ കുന്നുകൂടി. രാമനോട് യാത്ര പറഞ്ഞ് വീടിനുള്ളിലേയ്ക്ക് കയറുമ്പോള്‍ കാലില്‍ ധരിച്ചിരുന്ന ഷു മഞ്ഞില്‍പുതഞ്ഞിരുന്നു. വീടിന് മുകളിലും മഞ്ഞ് മലകള്‍ ഉയര്‍ന്നിരുന്നു.
കത്തനാരെ യാത്രയാക്കാന്‍ ലിന്‍ഡയും സ്റ്റെല്ലയും ലൂയിസും കൈസറും രാമനും ചാര്‍ളിയും കുടുംബവും അങ്ങനെ ധാരാളം പേര്‍ വന്നിരുന്നു. രാവിലെ തന്നെ നിത്യവും ഭക്ഷണം കഴിഞ്ഞാല്‍ വരുന്ന പ്രാവുകള്‍ക്ക് നാട്ടില്‍ നിന്ന് കൊണ്ടു വന്ന നല്ലരി രണ്ട് കിലോ വരുന്നത് പുറത്ത് നിരത്തിയിട്ടു. പ്രാവുകള്‍ ആര്‍ത്തിയോടെ അത് കൊത്തിതിന്നുന്നത് കത്തനാര്‍ നോക്കിനിന്നു.
എയര്‍പോര്‍ട്ടില്‍ വെച്ച് എല്ലാവരുടെയും തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചു. പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. കത്തനാര്‍ യാത്രയായി.
About The Author
Related posts:
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 18 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 17 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 13 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 9 – (കാരൂര്‍ സോമന്‍)
- കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 4 – (കാരൂര്‍ സോമന്‍)