കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 24 – (കാരൂര്‍ സോമന്‍)

Facebook
Twitter
WhatsApp
Email

അദ്ധ്യായം 24

നൂലൊഴിഞ്ഞ പട്ടം


 

ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍; അതേ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു. പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍കിരീടവും കയ്യില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.
-വെളിപാട്, അധ്യായം 14

ഉച്ചത്തിലുള്ള ശബ്ദം കേട്ടയുടനെ ജോബിനെ പഠിപ്പിച്ചുകൊണ്ടിരുന്ന സ്റ്റെല്ല എഴുന്നേറ്റ് പൂമുഖ മുറിയിലേക്ക് നോക്കി.
ലിന്‍ഡ താഴെക്ക് വന്നു.
അവര്‍ക്ക് ഒന്നും മനസ്സിലായില്ല.
എന്താണ് പപ്പായ്ക്ക് പറ്റിയത്.
മുഖത്ത് നിന്നും കണ്ണട എടുത്തിട്ട് പറഞ്ഞു.
“നിന്‍റെ മമ്മിയെകൂടി വിളിക്ക്.”
അപ്പോഴെയ്ക്കും സ്റ്റെല്ല അവിടെയ്ക്ക് വന്നു.
അവര്‍ ഇരുന്നു.
പപ്പയെ അവള്‍ നോക്കിയിരുന്നു.
എന്തിനാണ് വിളിച്ചത്? ഗൗരവമായി എന്താണ് ചിന്തിക്കുന്നത്?
ഏറെ നേരം നോക്കിയിരുന്നപ്പോള്‍ അവള്‍ ചോദിച്ചു.
“പപ്പ എന്തിനാ വിളിച്ചേ?”
“ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ?”
“എന്താ പപ്പാ?”
“ഇന്നുവരെ എന്തും തുറന്നു പറയുന്ന സ്വാഭാവമാണ് നിന്‍റേത്. എന്നാല്‍ നീ എന്നില്‍ എന്തോ മറച്ചുവെക്കുന്നതായി തോന്നുന്നു.”
സ്റ്റെല്ലയ്ക്കും ഒന്നും മനസ്സിലാകുന്നില്ല. എന്നെകൂടി ക്ഷണിച്ചപ്പോള്‍ എന്തോ തക്കതായ കാരണമുണ്ടാകും. ലിന്‍ഡയുടെ മനസ്സ് പറന്നു. അത് ചെന്നിരുന്നത് ലൂയിസിലാണ്. പപ്പായുടെ മുഖം കണ്ടാല്‍ അത് മനസ്സിലാകും. ബന്ധം പപ്പ അറിഞ്ഞിരിക്കുന്നു. ആരാണ് പറഞ്ഞുകൊടുത്തത്? ആരായാലെന്താണ്. ഇന്നല്ലെങ്കില്‍ നാളെ അതറിയേണ്ടതാണ്. സത്യത്തില്‍ പപ്പായോട് തുറന്നു പറയേണ്ടതായിരുന്നു. പപ്പ ചോദിക്കാതെ പറയണമായിരുന്നു. അതിനെന്താണ് ഇപ്പോള്‍ തന്നെ പറഞ്ഞേക്കാം. പപ്പായ്ക്ക് അറിയാനുള്ള ആഗ്രഹം കൊണ്ടല്ലേ ചോദിക്കുന്നത്. അവളുടെ മുഖം തെളിഞ്ഞു വന്നു. “പപ്പായെ ഒന്നു മറച്ചുവെച്ചിട്ടില്ല. സമയമാകുമ്പോള്‍ പറയാമെന്നു കരുതി. പപ്പ ചോദിക്കാനാഗ്രഹിക്കുന്നത് ലൂയിസിന്‍റെ കാര്യമാണോ?”
“അതെ, നിങ്ങള്‍ തമ്മില്‍ വെറും സുഹൃദ് ബന്ധമാണോ അതോ…!”
സീസ്സറിന്‍റെ പുരികങ്ങള്‍ ഉയര്‍ന്നു.
“അതൊരു സുഹൃദ് ബന്ധം മാത്രമല്ല പപ്പ. ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാനും തീരുമാനിച്ചിട്ടുണ്ട്.” യാതൊരു മടിയും കൂടാതെ അവള്‍ തുറന്നു പറഞ്ഞു.
“ഇത് നിന്‍റെ മമ്മിക്കും അറിയാമോ?” സീസ്സറിന്‍റെ കണ്ണുകള്‍ തുറിച്ചു. ശബ്ദം കനത്തു. ഉടനടി വീട്ടില്‍ നിന്ന് ആട്ടിപ്പുറത്താക്കാനാണ് മനസ്സ് പറഞ്ഞത്. “ഇതൊന്നും മമ്മിക്കറിയില്ല.”
“അവളാണല്ലോ, അവനെ ഈ വീട്ടില്‍ കയറ്റാന്‍ തിരക്ക് കാണിച്ചത്.”
“പപ്പ വെറുതെ മമ്മിയെ പഴിക്കേണ്ട. ഞാനും അവനും തമ്മിലുള്ള ബന്ധം പപ്പായ്ക്ക് ഇഷ്ടമല്ലെങ്കില്‍ അതങ്ങ് പറഞ്ഞാല്‍ മതി.”
“അത് ഞാന്‍ പറയും.” സീസ്സറിന്‍റെ മുഖഭാവം മാറി. സ്റ്റെല്ല നിശ്ശബ്ദയായി തെല്ലൊരു അമ്പരപ്പോലെ എല്ലാം കേട്ടുകൊണ്ടിരുന്നു.
“നിനക്ക് അവന്‍റെ കുടുംബത്തെപ്പറ്റി വല്ലതും അറിയാമോ?”
“ഇല്ല. ഒന്നും മറിയില്ല. അതറിഞ്ഞിട്ട് എനിക്കെന്തു നേട്ടം.”
“കുടുംബമഹിമയും ഒരു നേട്ടമാണ്. തന്തക്ക് പിറക്കാത്തവന്‍, കുടുംബത്തില്‍ പിറക്കാത്തവന്‍ എന്നൊക്കെ കേട്ടിട്ടില്ലേ?”
പപ്പായെ അവള്‍ സൂക്ഷിച്ചു നോക്കി. ദൈന്യതയോടെ അവളുടെ കണ്ണുകള്‍ മമ്മിയെ നോക്കി. മമ്മി എന്താണ് നിശ്ശബ്ദയായിരിക്കുന്നത്. അല്ലെങ്കിലും മമ്മിയുടെ വാക്കുകള്‍ക്ക് എന്ത് പ്രസക്തിയാണിവിടെ.
“പപ്പായ്ക്ക് കുടുംബമഹിമയും വലിയൊരു സമ്പന്നനെയും ആവശ്യമെങ്കില്‍ എനിക്കതിന്‍റെ ആവശ്യമില്ല. ഈ രാജ്യത്തുള്ളവര്‍ അതൊന്നും നോക്കാറില്ലല്ലോ.”
“ഈ രാജ്യക്കാരുടെ ദാമ്പത്യജീവിതം ഞാന്‍ കാണുന്നുണ്ട്. ഭക്ഷണത്തിന്‍റെ രുചി പോലെയല്ലേ ബന്ധങ്ങള്‍. നിനക്ക് നല്ലൊരു വിവാഹബന്ധമാണ് ഞാനാഗ്രഹിക്കുന്നത്.”
“വേണ്ട. പപ്പ അതില്‍ ബുദ്ധിമുട്ടേണ്ട.”
നിശ്ശബ്ദയായിരുന്നു സ്റ്റെല്ല മകളെ ഉറ്റുനോക്കി. ജീവിതപങ്കാളികളെ കണ്ടെത്തുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മാതാപിതാക്കളുമായി ആലോചിക്കണം. സ്റ്റെല്ല ഇഷ്ടപ്പെടാതെ പറഞ്ഞു.
“ലിന്‍ഡ. നിന്‍റെ വാക്കുകള്‍ അതിര് കടക്കുന്നു.”
വിഷണ്ണനായിരുന്ന പപ്പായുടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചിട്ട് പറഞ്ഞു.
“സോറി പപ്പാ, എനിക്കറിയാം പപ്പാ ആഗ്രഹിക്കുന്ന ഒരു ബന്ധമല്ലെന്ന്. ഞാന്‍ അവനില്‍ കണ്ടത് നല്ലൊരു സ്വഭാവമാണ്. ആ സ്വഭാവത്തില്‍ നല്ലൊരു ബന്ധം ഞാന്‍ കാണുന്നു.”
“ഇത് നിന്‍റെ ഉറച്ച തീരുമാനമാണോ?”
“അതെ. പപ്പായുടെ അനുഗ്രഹം എനിക്ക് വേണം. മമ്മിയുടെ അഭിപ്രായം കൂടി എനിക്കറിയണം.”
അവള്‍ സ്റ്റെല്ലയെ നോക്കി. സ്റ്റെല്ലക്ക് അവനെ ഇഷ്ടമാണ്. നല്ല സ്വഭാവഗുണമുള്ളവന്‍. ഏതൊരു പെണ്ണാണ് അവനെ ഇഷ്ടപ്പെടാത്തത്. നിറം ഒരല്പം കറുത്തതാണെങ്കിലും ബാഹ്യസൗന്ദര്യത്തിലും നിറത്തിലും സമ്പത്തിലുമല്ല പങ്കാളികളെ തെരഞ്ഞെടുക്കേണ്ടത്. അങ്ങനെയുള്ള ബന്ധങ്ങള്‍ വെയിലില്‍ മഞ്ഞുരുകുന്നതുപോലെ ഉരുകി പോകുകയും ചെയ്യും. എന്‍റെ മകള്‍ ദൈവഭയമുള്ള കുട്ടിയാണ്. അവളുടെ മാനം കാക്കാന്‍ അവള്‍ക്കറിയാം. കൂട്ടാളിയെ കണ്ടെത്തുന്നതില്‍ അവള്‍ക്കും തെറ്റില്ലെന്നുമറിയാം. എന്നാല്‍, മനുഷ്യന്‍റെ സ്വാഭാവങ്ങള്‍ക്ക് എപ്പോഴും മാറ്റം സംഭവിക്കാം. സ്വന്തം ഭര്‍ത്താവ് തന്നെ എറ്റവും വലിയ ഉദാഹരണം.
നീരസത്തോടെയിരിക്കുന്ന പപ്പായെയും മൗന ചിന്തയിരിക്കുന്ന മമ്മിയെയും അവര്‍ മാറി മാറി നോക്കി. മമ്മിക്കും അവനെ ഇഷ്ടമല്ലേ? അങ്ങനെയെങ്കില്‍ അതിനെ അതിജീവിക്കാനാകില്ല. മാതാപിതാക്കളെ വേദനിപ്പിച്ചുകൊണ്ട് ഒരു ബന്ധം തുടരുക ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. ഈ ബന്ധത്തില്‍ മമ്മിയുടെ വാക്കാണ് പ്രധാനം. ഒരിക്കല്‍ മമ്മി പറഞ്ഞത് ഓര്‍മ്മയുണ്ട്. യഹോവ പണിയുന്ന ഭവനമേ നിലനില്ക്കൂ. ഏതൊരു ബന്ധവും ഭവനവും നില നിറുത്തേണ്ടത് ക്രിസ്തു എന്ന പാറമേല്‍ ആയിരിക്കണം. അല്ലാതെ നിന്‍റെ പപ്പാ പണിതു ഉയര്‍ത്തുന്ന പണത്തിന്‍റെയും മഹിമയുടെയും മണലിന്മേല്‍ ആകരുത്. മറ്റുളളവരുടെ മുന്നില്‍ വളരെ മനോഹരമായി തോന്നു. ഒരു കൊടുങ്കാറ്റ് മതി തകര്‍ന്നടിയാന്‍.
“മമ്മി ഞാന്‍ ചോദിച്ചത് കേട്ടില്ലേ? മമ്മീ കൂടി നോ പറഞ്ഞാല്‍ പിന്നെ എനിക്ക് താല്പര്യമില്ല. പിന്നെ കുറെ വിഷമം അത് ഞാന്‍ കരഞ്ഞങ്ങ് തീര്‍ത്തോളാം.”
അപ്പോഴെക്കും അവളുടെ കണ്ണുകള്‍ നനഞ്ഞു. മുഖം വാടി. വേദനയോടെ പ്രതീക്ഷയോടെ മമ്മിയെ നോക്കി. ചുണ്ടുകള്‍ വിതുമ്പി. സീസ്സറിന്‍റെ ഉള്ള പുകഞ്ഞു. ഇവള്‍ എന്‍റെ കുട്ടിയുടെ ജീവിതം ചാമ്പലാക്കുമോ?
സ്റ്റെല്ലയുടെചിന്ത മറ്റൊരു വഴിക്കായിരുന്നു. ഞാനും ഒരു സ്ത്രീയല്ലേ. ആദ്യമായി മനസ്സില്‍ പ്രതിഷ്ഠിച്ച ഒരു പൂജാവിഗ്രഹം തന്നെയാണ് അവള്‍ കണ്ടെത്തിയ പുരുഷന്‍. അത് ഞാനായി തച്ചുടച്ച് കളയുന്നത് നന്നല്ല. ഇപ്പോഴേ അവളുടെ മുഖം വരണ്ട് തളര്‍ന്നു കഴിഞ്ഞു. ഇനിയും കരയുന്നത് കാണാനുള്ള കരുത്തില്ല.
“മോളെ, ലൂയിസിനെ എനിക്കിഷ്ടമാണ്. പിന്നെ ജീവിതം നിന്‍റേതാണ്. ഉചിതമായ തീരുമാനമെടുത്തുക.”
സീസ്സറിന്‍റെ മുഖം ഇരുണ്ടു. എപ്പോഴും അമ്മയും മകളും ഒറ്റക്കെട്ടാണ്. അവള്‍ മമ്മിയെ ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ച് ‘താങ്ക് യൂ മമ്മി’ പറഞ്ഞു. സന്തോഷത്താല്‍ കണ്ണുകള്‍ നിറഞ്ഞു. അത് കണ്ടിരിക്കാനുള്ള ശക്തി സീസ്സറിനില്ലായിരുന്നു. കണ്ണുകള്‍ കത്തി കാഞ്ചി. ഒരു കിതപ്പോടെ എഴുന്നേറ്റു, തറപ്പിച്ചു പറഞ്ഞു, “എന്നാല്‍ എനിക്കിഷ്ടമില്ല”.
ഒരു കൊടുങ്കാറ്റുപോലെ അകത്തേക്ക് പോയി. ശബ്ദം കേട്ട് അകത്ത് നിന്നു ജോബ് പുറത്തേക്ക് വന്ന് അവരെ സൂക്ഷിച്ചു നോക്കി. സീസ്സര്‍ പോയതും നോക്കി അവര്‍ സ്തംഭിച്ചു നിന്നു. ഇട്ടിരുന്ന കോട്ടും സൂട്ടൂം റൈയുമെല്ലാം വെറുപ്പോടെ മെത്തയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഉറങ്ങാനുള്ള വസ്ത്രങ്ങള്‍ എടുത്തണിഞ്ഞു. ഇവള്‍ക്ക് പകരം വീട്ടില്‍ ഒരു പാവക്കുട്ടിയ വാങ്ങിവെക്കുന്നതായിരുന്നു നല്ലത്. എന്തെല്ലാം മോഹങ്ങളാണ് അമ്മയും മകളും കൂടി തല്ലിതകര്‍ത്തത്. മകളുടെ സ്വഭാവത്തില്‍ അഭിമാനം കൊണ്ടിരുന്നു. വാടിത്തളര്‍ന്ന ഹൃദയവുമായി താഴത്തെ കള്ളുഷാപ്പിലേയ്ക്കു പോയി.
ദിനങ്ങള്‍ മുന്നോട്ട് പോയി. മകളെ കാണുമ്പോള്‍ സീസ്സര്‍ ഒരന്യയോടെന്ന പോലെ പെരുമാറി. അടുക്കാന്‍ ശ്രമിക്കുന്തോറും സംസ്സാരിക്കാന്‍ ശ്രമിക്കുന്തോറും അവളില്‍ നിന്ന് അകന്നു മാറി. അവള്‍ക്കത് താങ്ങാനായില്ല.
ലൂയിസും സമാധാനിപ്പിക്കാന്‍ വേണ്ടത്ര ശ്രമിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഒരവസരത്തില്‍ അവന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചു. “എനിക്ക് അവധിയുണ്ട്. നമുക്ക് നാട്ടിലൊന്ന് പോയാല്‍ എന്താണ്. നിന്‍റെ പപ്പാ ചോദിച്ചത് ന്യായമായ ഒരു ചോദ്യമല്ലേ. എന്‍റെ കുടുംബം, ബന്ധുക്കള്‍ ഒക്കെ അറിയണം.”
അവളുടെ മുഖം വിടര്‍ന്നു. മന്ദഹാസം പൊഴിച്ചു.
“ഞാനൊന്ന് ചോദിക്കട്ടെ. പാശ്ചത്യ രാജ്യത്ത് എതെല്ലാം രാജ്യക്കാരുമായി വിവാഹങ്ങള്‍ നടക്കുന്നു, ഒന്നിച്ച് യാതൊരു രേഖയുമില്ലാതെ ഒന്നിച്ചുറങ്ങുന്നു. ഇവരൊക്കെ കുടുംബം നോക്കിയാണോ ഒന്നിച്ചു കഴിയുന്നത്”, അവന്‍ ഒരു നിമിഷം അവളെ നോക്കിയിട്ട് പറഞ്ഞു.
“മോളേ നീ ഇവിടെ ജനിച്ചുവളര്‍ന്നതുകൊണ്ട്…” അവള്‍ ഇടയ്ക്ക് കയറി പറഞ്ഞു.
“നീ എന്താ വിളിച്ചത് മോളെന്നോ? മലയാളത്തുകാര്‍ സ്നേഹിക്കുന്ന പെണ്ണിനെ ഇങ്ങനെയാ വിളിച്ചിരുന്നേ?”, അവള്‍ ആകാംക്ഷയോടെ നോക്കി.
“സ്നേഹം മൂത്ത് കഴിഞ്ഞാലുണ്ടല്ലോ മോളേ പൊന്നേ, കരളേ എന്നുവേണ്ട പലതും വിളിക്കും. ഇവിടെ ഡാര്‍ളിംഗ് എന്ന് വിളിക്കുന്നില്ലേ?”
“എന്നാല്‍ നീ എന്നെ മോളേ എന്നു തന്നെ വിളിച്ചാല്‍ മതി. പൊന്നും കരളുമൊന്നും വേണ്ടാ. ഇനിയും നീ പറയാന്‍ വന്നത് പറയൂ.”
“നമ്മള്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍ക്ക് കുടുംബം, ഭാര്യാഭര്‍ത്തക്കാന്മാര്‍, കുട്ടികള്‍ ഇതൊക്കെ വിലപ്പെട്ട സമ്പാദ്യങ്ങളാണ്. നമ്മുക്ക് അന്തസ്സുള്ള ഒരു സംസ്കാരമുണ്ട്. മറ്റ് രാജ്യക്കാരെപ്പോലെ അതൊക്കെ തീച്ചുളയില്‍ വലിച്ചെറിയന്‍ ഇന്ത്യക്കാര്‍ ശ്രമിക്കാറില്ല.”
അവള്‍ക്ക് സന്തോഷം തോന്നി. നിത്യവും കുടുംബജീവിതങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. അവിഹിതബന്ധങ്ങളാണ് അതിന്‍റെ പ്രധാനകാരണമെന്നും അവള്‍ക്കറിയാം. നീറിയും പുകഞ്ഞും ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരുടെ മദ്ധ്യത്തില്‍ വിശ്വസ്തയോടെ ജീവിക്കുന്ന ധാരാളം മലയാളി കുടുംബങ്ങളെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അവള്‍ മമ്മിയെ ഓര്‍ത്തു. ജോബ് ഉണ്ടായതിനുശേഷം മമ്മിയോട് പിണങ്ങാന്‍ പലപ്പോഴും പപ്പ ശ്രമിച്ചിട്ടുണ്ട്. വിശ്വസ്തതയോടെ ഭര്‍ത്താവിനെ സേവിച്ച് കഴിഞ്ഞ് മമ്മിക്ക് വേദനയും വീര്‍പ്പുമുട്ടലുകളുമാണ് ഇപ്പോഴുള്ളത്. മമ്മി കുടുംബജീവിതത്തില്‍ സന്തോഷം അനുഭവിക്കുന്നില്ല അതാണ് യാഥാര്‍ത്ഥ്യം. പപ്പയാണ് അതിന് കാരണക്കാരന്‍. സ്നേഹവും വിശ്വാസവും ഐക്യവുമില്ലെങ്കില്‍ ദാമ്പത്യജീവിതങ്ങള്‍ വ്യാജവും വ്യര്‍ത്ഥവുമാണ്. അവന്‍റെ നെഞ്ചില്‍ ചെവി താഴ്ത്തി കിടന്നപ്പോള്‍ അവന്‍റെ ഹൃദയം മിടിക്കുന്നത് അവള്‍ കേട്ടിരുന്നു. അവളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു. ഈ ഹൃദയം കരയുകയാണോ അതോ മന്ദഹസിക്കുകയോ? അവന്‍ തലചായ്ച്ച് നോക്കി. അവന്‍ മാറോടണക്കി ചോദിച്ചു:
“നീ എന്തിനാ വെറുതെ ചിരിക്കുന്നത്?”
“നിന്‍റെ നെഞ്ചത്ത് കിടന്നപ്പം ഹൃദയം ടക്ക് ടക്ക് എന്നടിക്കുന്നത് ശരിക്കും കേള്‍ക്കാം.”
അതുകേട്ട് അവനും ചിരിവന്നു.
“നീ എന്തിനാ ചിരിക്കുന്നേ. ഞാനതിന് തമാശയൊന്നും പറഞ്ഞില്ലല്ലോ.”
അവള്‍ അവന്‍റെ ചെവിക്ക് പിടിച്ച് വേദനിപ്പിച്ചു, അവന്‍ കെഞ്ചി പറഞ്ഞു.
“എന്‍റെ ചെവി വേദനിക്കുന്നു. പ്ളീസ് എന്നെ വിട്.”
അവന്‍ വേദനകൊണ്ട് കാലിട്ടടിച്ചപ്പോള്‍ അവള്‍ പിടിവിട്ടു. അവന്‍ മുഖം വീര്‍പ്പിച്ചു. അവന്‍റെ കിടപ്പ് കണ്ട് വേഗത്തിലവര്‍ അവനെ ഇക്കിളിയിട്ടു. അവന്‍ മെത്തയില്‍ കിടന്നുരുണ്ടു.
“കല്യാണമൊന്ന് കഴിയട്ടെ നിന്നെ ഞാന്‍ കാണിച്ചുതരാം.”
“നീ എന്ത് കാണിക്കുമെന്നാ, പറയെടാ”, വീണ്ടും ചെവിക്ക് പിടിക്കാന്‍ ശ്രമിച്ചു. കൈതട്ടിമാറ്റി അടുത്തു കിടന്ന പുതപ്പെടുത്ത് തലയും ചെവിയും മൂടി. അവള്‍ കുസൃതിയോടെ നോക്കിയിരുന്നു. അവന്‍റെ മുഖം കാണാനായി പതുക്കെ പുതപ്പ് മാറ്റിയിട്ട് ആ ചുണ്ടില്‍ തുരുതുരാ ചുംബിച്ചു. അവന്‍റെ മുടിയില്‍ തലോടിക്കൊണ്ടവള്‍ ചോദിച്ചു. “ഈ സ്നേഹം എന്നും നിനക്ക് എന്നോട് കാണുമോ?” അവന്‍ അളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു. “പ്രണയവും സ്നേഹവും നിന്നില്‍ നിന്നല്ലേ ഞാന്‍ പഠിച്ചത്. സനേഹത്തിന് ഒരു പേരിടാകുമോ? അതൊരു നന്മയാണ്. അതൊരു പ്രവൃത്തിയാണ്. പൂവില്‍ കാണുന്ന തേന്‍പോലെ ആരെയും കുളിരണിയിക്കുന്ന സ്നേഹം. ആരോടും പരാതിയില്ല. പരിഭവമില്ല. എല്ലാവരെയും എപ്പോഴും പരിചയപ്പെട്ടുകൊണ്ടിരിക്കുന്നു. ആരെയാണോ ആരാധിക്കുന്നത് അതിലും സ്നേഹമാണ്. സ്നേഹം ഒരു സഹനമാണ്. നമ്മളും ആ സ്നേഹത്തില്‍ സഞ്ചരിക്കുന്നു. എന്നും ഈ സ്നേഹം നമ്മളില്‍ കാണാന്‍, ജീവിക്കാന്‍ നമ്മുക്ക് പ്രാര്‍ത്ഥിക്കാം.”
“എനിക്ക് ഒരു ചോദ്യം കൂടി നിന്നോട് ചോദിക്കാനുണ്ട്.” അവന്‍ കണ്ണുകളിലേയ്ക്ക് നോക്കി.
“നമ്മുടെ കുട്ടികളില്‍ ഒരാള്‍ ജോബിനെ പോലെയായാല്‍, അല്ലെങ്കില്‍ കുരുടനായാല്‍ നീ എന്തു ചെയ്യും?”
“അതിന് ഒറ്റ ഉത്തരമേയുള്ളൂ. നിന്‍റെ പപ്പായെപ്പോലെ ഒരിക്കലുമാവില്ല. അംഗവൈകല്യമുള്ളവരെ സ്നേഹിക്കുന്നവരാണ് നല്ല മനുഷ്യര്‍. അല്ലാത്തവരെ ദുഷ്ടന്മാരായിട്ടേ ഞാന്‍ കാണൂ. അതൊന്നും ഓര്‍ത്ത് നീ വിഷമിക്കാതിരിക്കുക.” അവന്‍റെ നെഞ്ചിലേയ്ക്ക് അവള്‍ തലചായ്ച്ചു.
ഒരു പ്രഭാതം. ശീതക്കാറ്റില്‍ പ്രപഞ്ചമാകെ വിറകൊണ്ടു. രാവിലെ എഴുന്നേറ്റ സീസ്സര്‍ മകള്‍ എഴുതി വെച്ച കത്ത് വായിച്ചു വിങ്ങിപ്പൊട്ടി.
‘പപ്പ എന്നോട് ക്ഷമിക്കുക. പപ്പായ്ക്ക് എന്നോട് സംസാരിക്കാന്‍ പോലും മനസ്സില്ല. പിന്നെ എന്തിനാണ് ഞാനിവിടെ താമസ്സിക്കുന്നത്. എനിക്ക് മമ്മിയെപ്പോലെ ആകാനാകില്ല. എനിക്കങ്ങനെ വീര്‍പ്പുമുട്ടി കഴിയാന്‍ വയ്യ. പപ്പായുടെ അനുഗ്രഹത്തോടെ എന്‍റെ വിവാഹം ഇവിടെ വെച്ച് നടത്താനായിരുന്നു ആഗ്രഹം. പക്ഷേ, ദൈവഹിതം പപ്പായുടെ സ്വന്തം നാടായ കേരളത്തില്‍ വച്ച് നടത്താനാണ്. ലൂയിസിനൊപ്പം ഒന്‍പത് മണിക്കുള്ള ഫ്ളൈറ്റില്‍ ഞങ്ങള്‍ പോകുന്നു. ഞാനൊരു തെറ്റും ഇന്നുവരെ ചെയ്തിട്ടില്ല. വിവാഹദിനം വരെ ഒരു കന്യകയായി തന്നെ തുടരും. പപ്പാ വേദനിക്കരുത്. എന്നെ ബന്ധപ്പെടാനുള്ള എല്ലാം വിവരങ്ങളും മമ്മിയെ ഏല്‍പ്പിച്ചിട്ടുണ്ട്. പപ്പായുടെ സ്വന്തം മകള്‍ ലിന്‍ഡ’.

About The Author

Leave a Reply

Your email address will not be published. Required fields are marked *