🌻 മൺഡേ സപ്ലിമെന്റ്–128 🌻
🌹 തലയെടുപ്പുള്ള അനുഭവങ്ങൾ 🌹
സാധു സുന്ദർ സിംഗ് ഇന്ത്യക്കാരനായ ഒരു ക്രൈസ്തവ മിഷനറി ആയിരുന്നു. 1889 ൽ പഞ്ചാബിൽ ജനനം 1929ൽ ഹിമാലയ ത്തിലെവിടെയോ മരണപ്പെട്ടതായി കരുതപ്പെടുന്നു. അദ്ദേഹം 8 പുസ്തകങ്ങളുടെ രചയിതാവാണ്.
സുന്ദർ സിംഗ് മനോഹരമായ ഒരു കഥ അവതരിപ്പിക്കുന്നു.
തന്റെ ആടുകൾ തന്നെ ശ്രദ്ധിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ ആ നല്ല ഇടയൻ ഒരു സൂത്രം ചെയ്തു. ചത്തുപോയ ഒരു വലിയ ആടിന്റെ തുകലെടുത്ത് ധരിച്ച് അടിനെപ്പോലെ ശബ്ദിക്കാനും നടക്കാനും ആടുകളുടെ ഇടയിലിരുന്ന് അവയെ ശുശ്രൂഷിക്കാനും തുടങ്ങി. താമസിയാതെ ആടിന്റെ രൂപത്തിലുള്ള ഇടയനെ അവ ഇഷ്ടപ്പെടുകയും അനുഗമിക്കുകയും ചെയ്തു. ഇതുപോലെ മനുഷ്യനെ രക്ഷിക്കാൻ ദൈവം കണ്ടുപിടിച്ച മാർഗം മനുഷ്യനെപ്പോലെ ആകുക എന്നതാണ്. യേശു ദരിദ്രനിൽ ദരിദ്രനായി കാലിത്തൊഴുത്തിൽ ജനിച്ചു. തച്ഛന്റെ മകനായി ജീവിച്ചുകൊണ്ട് തൊഴിലിന്റെ മാഹാത്മ്യം ഉയർത്തി കാണിച്ചു. തന്റെ പരസ്യജീവിതം ദരിദ്രർക്ക് സുവിശേഷവും രോഗികൾക്ക് സൗഖ്യവും അന്ധർക്ക് കാഴ്ചയും ബധിരർക്ക് കേൾവിയും പാപികൾക്ക് മോചനവും നൽകുന്നതിനുള്ള അവസരമാക്കി. പാപിനിയായ സ്ത്രീയോട് ‘ഇനിമേലിൽ പാപം ചെയ്യരുത് ‘എന്നു പറഞ്ഞ് അവൾക്ക് പ്രത്യാശ നൽകി. പിശാച് ബാധിതനെ മുക്തനാക്കി കൂട്ടായ്മയിൽ പങ്കുചേർത്തു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്നു. അധികാരഗർവ്വും അഹങ്കാരവും കാട്ടിയ ഹെരോദാവിന് ക്രിസ്തു മനുഷ്യരൂപം ധരിച്ചത് കാണുവാനായില്ല. അതു മനസ്സിലാക്കാൻ അധികാര വർഗ്ഗത്തിനോ അവരെ പിന്താങ്ങുന്ന ജന വിഭാഗത്തിനോ സാധിച്ചില്ല.
ജനങ്ങളോട് ചേർന്ന് നിന്ന് അവരുടെ ദുഃഖവും പ്രശ്നവും പരിഹരിക്കാൻ ശ്രമിക്കുന്നവരെ നമുക്ക് പലപ്പോഴുംമനസ്സിലാകില്ല.അവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും നമുക്ക് വലിയ ആവേശമാണ്.
ഒരിക്കൽ ബിബിസി യുടെ ലേഖിക മതർ തെരേസയോട് അഭിമുഖം ആവശ്യപ്പെട്ടു. ഒട്ടും സമയമില്ല എന്ന് പറഞ്ഞുകൊണ്ട് അവർ
ആവശ്യം തിരസ്കരിച്ചു. പക്ഷേ ലേഖിക വിടാൻ ഭാവമില്ലായിരുന്നു. ഞാൻ അത്യാവശ്യമായി ഒരിടം വരെ പോവുകയാണ് എന്ന് മതർ തെരേസ പറഞ്ഞപ്പോൾ ലെഖിക അവരുടെ കൂടെ പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. മതർ തെരേസ അനുവാദം കൊടുത്തു. അവർ പോയത് കൽക്കട്ടയിലെ അഴുക്ക് വീഥിയിൽ കിടക്കുന്ന ഒരു കുഷ്ഠരോഗിയുടെ അടുത്തേക്ക് ആയിരുന്നു. മതർ രോഗിയെ കൈകൊണ്ട് വാരിയെടുത്ത് ശുശ്രൂഷിച്ചു.ഇതെങ്ങനെ
സാധിക്കുന്നുവെന്ന് ലേഖിക ചോദിച്ചപ്പോൾ മതർ ഇങ്ങനെ മറുപടി പറഞ്ഞു:” ഈയ്യാളിൽ ദൈവത്തിന്റെ
രൂപമാണ് ഞാൻ കാണുന്നത്.അതുകൊണ്ടാണിത് സാധിക്കുന്നത്”.
ബിരുദം എടുത്ത് മുംബൈയിലെ വിഖ്യാതമായ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നും MSW പഠിച്ചിറങ്ങിയ മേഴ്സി മാത്യു അഥവാ ദയാബായി എന്നറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക ലോകമെമ്പാടും ആദരിക്കപ്പെടുന്ന വ്യക്തിയാണ്.അവരെ തിരിച്ചറിയാത്തത് അവർക്ക് ജന്മം നൽകിയ കേരളത്തിൽ മാത്രം.
പതിനാറാം വയസ്സിൽ സാമൂഹിക പ്രവർത്തനത്തിനായി വടക്കേ ഇന്ത്യയിലെ ഒരു മഠത്തിൽ ചേർന്നു. പക്ഷേ പാവപ്പെട്ട ജനങ്ങളെയും കുട്ടികളെയും തെരുവിൽ കണ്ടതോടെ അവരുടെ രക്ഷയ്ക്കായി അവരുടെ കൂടെ ചേർന്നു. പാവപ്പെട്ടവർക്കിടയിലാണ് തന്റെ സ്ഥാനമെന്നും അവിടെയാണ് ക്രിസ്തു ഉള്ളതെന്നും പറഞ്ഞ് അവർ മഠം വിട്ടു. ആദിവാസികളുടെയും അവഗണിക്കപ്പെട്ടവരുടെയും കൂടെയായി അവരുടെ പിന്നീടുള്ള ജീവിതം. അവരുടെ സേവനം ബീഹാർ,ഹരിയാന, മഹാരാഷ്ട്ര,പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പാവപ്പെട്ടവർക്ക് ആശ്വാസം പകർന്നു. കഴിഞ്ഞ 40 വർഷമായി മധ്യപ്രദേശിലെ ആദിവാസി ഗ്രാമീണരുടെ കൂടെയാണ് ജീവിതം. ആട്ടിടയൻ ചെയ്തത് പോലെ, തന്നെ ആദ്യം അവർ സ്വീകരിക്കാതിരു
ന്നപ്പോൾ, അവരിൽ ഒരുവളായി കുടിലുകളിൽ അന്തിയുറങ്ങി. ഒടുവിൽ ഈ പാവങ്ങൾ മതറിനെ അംഗീകരിച്ചു. അവരെ സ്നേഹത്തോടെ ‘ബായി’ എന്നും പിന്നീട് ‘ദയാബായി’ എന്നും വിളിച്ചു.
കേരളത്തിൽ ഫാദർ വടക്കന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാൻ ആണ് അവർ 2015 ഡിസംബർ 19ന് ഇവിടെ വന്നത്. ചടങ്ങ് കഴിഞ്ഞ് മറ്റു പരിപാടിയിലും പങ്കെടുത്തശേഷം
കെ എസ് ആർ ടി സി ബസിൽ കയറി. യാത്രക്കാരാരും അവരെ തിരിച്ചറിഞ്ഞില്ല.കുറച്ചു സമയത്തെ യാത്ര കഴിഞ്ഞപ്പോൾ, ആലുവയിൽ ഇറങ്ങണം സ്റ്റോപ്പ് എത്തിയോ എന്ന് അവർ കണ്ടക്ടറോട് ചോദിച്ചപ്പോൾ, 75 വയസ്സുള്ള ദയാബായിയോട് അയാൾ തട്ടിക്കയറി. “എനിക്കറിയാം, നിനക്ക് ഞാനല്ലിയോടി ടിക്കറ്റ് തന്നത് “. ഡ്രൈവറും തന്നാലാവുന്ന ഭാഷയൊക്കെ പ്രയോഗിച്ചു.”മാന്യതയോടെ സംസാരിക്കണം”എന്ന് അവർ പറഞ്ഞപ്പോൾ, അസഭ്യവാക്കുകളിൽ കണ്ടക്ടർ ആക്രോശിച്ചു, “ഇറങ്ങടീ മൂധേവി… പ്രായം കണക്കിലെടുത്ത് ഒന്നും ചെയ്യുന്നില്ല”. ഇറങ്ങിക്കോ. വണ്ടി നിർത്തിയിട്ട് ഇറക്കി വിട്ടു. ഒട്ടും പരിചയമില്ലാത്ത സ്ഥലം. നല്ല ഇരുട്ട്.അവർനന്നേ വിഷമിച്ചു.
മനുഷ്യന്റെ വേഷവും ഭാഷയും നോക്കിയാണ് ഈ നാട്ടിൽ ആളുകളെ വിലയിടുന്നതെന്നും
തനിക്ക് ഇത്രയും അധിക്ഷേപം മറ്റൊരിടത്തും നേരിടേണ്ടി വന്നിട്ടില്ല എന്നും ദയാബായി ഒരു പത്രസമ്മേളനത്തിൽ പറയുകയുണ്ടായി. യേശുവിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്നോർത്ത് അവർ ആശ്വസിച്ചു.
പത്തൊമ്പതാം ശതകത്തിൽ ബംഗാളി സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച വ്യക്തിയാണ് ഈശ്വര ചന്ദ്ര ബന്ദോ പാധ്യായ(1820–1891). കോളജ് വിദ്യാഭ്യാസ സമയത്ത് പഠനത്തിൽ കാണിച്ച മികവിന്1841ൽ അധ്യാപകർ,’വിദ്യാസാഗർ’ എന്ന ബിരുദം നൽകി. അങ്ങനെ അദ്ദേഹം ഈശ്വരചന്ദ്ര വിദ്യാസാഗർ ആയി അറിയപ്പെട്ടു. പണ്ഡിതൻ,ഗ്രന്ഥകാരൻ, സമുദായ പരിഷ്കർത്താവ്
ദീനബന്ധു എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു തികഞ്ഞ ദേശീയവാദിയായിരുന്നു— ഉടുപ്പിലും നടപ്പിലും വസ്ത്രധാരണത്തിലും. ഒരുദോത്തിയുംമേൽവസ്ത്രവും ചെരുപ്പുമായിരുന്നു അദ്ദേഹം സാധാരണ ധരിച്ചിരുന്നത്.
ഒരിക്കൽ ഒരു വിരുന്നിൽ പങ്കെടുക്കാനായി ക്ഷണം അനുസരിച്ച് വിദ്യാസാഗർ ആതിഥേയന്റെ വീടിന്റെ മുന്നിലെത്തിയപ്പോൾ കാവൽക്കാരൻ അദ്ദേഹത്തെഅകത്തേക്ക് കടത്തി വിട്ടില്ല. കാരണം വിദ്യാസഗറിന്റെ വസ്ത്രം പാശ്ചാത്യ രീതിയിലുള്ളതായിരുന്നില്ല. വിദ്യാസാഗർ തന്റെ നാടൻ രീതിയിലുള്ള മുണ്ടും മേൽവസ്ത്രവും മാറ്റി കോട്ടും സ്യൂട്ടും ധരിച്ചു വന്നു. കാവൽക്കാരൻ സന്തോഷത്തോടെ അകത്തേക്ക് കടത്തിവിട്ടു. വിരുന്നിന് സമയമായി. തന്റെ മുമ്പിൽ വിളമ്പി വച്ചിരുന്ന സുപ്പിൽനിന്നും കുറേശെ എടുത്ത് അദ്ദേഹം തന്റെ വസ്ത്രത്തിലേക്ക് ഒഴിക്കാൻ തുടങ്ങി. പരിഭ്രാന്തനായ ആതിഥേയൻ കാര്യം തിരക്കി. അപ്പോൾ വിദ്യാസാഗർ പറഞ്ഞു, “ഭക്ഷണം എന്റെ വസ്ത്രത്തിനല്ലേ നിങ്ങൾ നൽകുന്നത്, എനിക്കല്ലല്ലോ”. വിദ്യാസാഗർ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കിയആതിഥേയൻ വിദ്യാസാഗറിനോട് ക്ഷമ യാചിച്ചു.
എന്തിനെയാണ് ബഹുമാനിക്കേണ്ടത് എന്നതിൽ അന്നും ഇന്നും നമ്മുടെ സമൂഹത്തിന്റെ ബോധമണ്ഡലത്തിൽ കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല !
ഒരു ജലാശയത്തിൽ പതിച്ച ചെറിയ കല്ല്, ഇത്തിരി വട്ടത്തിലുള്ള കുഞ്ഞോളങ്ങൾ ഇളക്കിവിട്ടുകൊണ്ട് ആ കല്ല് കുളത്തിന്റെ അടിത്തട്ടിലേക്ക് പോകും. കുളത്തിൽ പതിച്ച കല്ലിന് ചുറ്റും രൂപപ്പെട്ട കുഞ്ഞോളങ്ങൾ വളർന്ന് പടർന്ന് കുളം നിറയുന്നു. ഒരു നന്നേ ചെറിയ കല്ലിന് ഒരു ജലാശയത്തെ മുഴുവൻ ചലനാത്മകമാക്കാൻ കഴിയുന്നതുപോലെ സത്യസന്ധതയുടെ, സ്വഭാവദൃഢതയുടെ പര്യായമായ ഒരു നേതാവിന് മാത്രമേ സമൂഹത്തെ ചലനാത്മകമാക്കാൻ കഴിയൂ.
22–07–2024.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
🌹 🌹