മൺഡേ സപ്ലിമെന്റ്–126
ഈശ്വരാന്വേഷണ തൃഷ്ണ.
അനന്യമായ ഒരു ബൈബിൾ കഥ.
ജെറുസലേമിൽ ഹെരോദാവ് നാടുവാഴുന്ന കാലത്ത് പർവ്വത മടക്കുകൾക്കിടയിൽ പാർത്തിരുന്ന
ആർത്തബാൻ എന്ന ജ്ഞാനി ആകാശത്തിൽ ഒരു അപൂർവ്വ നക്ഷത്രത്തെ കണ്ടു. ഒരു രാത്രി മാത്രം തെളിഞ്ഞുനിന്നിട്ട് അത് മാഞ്ഞുപോയി.നക്ഷത്രം വീണ്ടുംഉദിക്കുകയാണെങ്കിൽ അത് ബേതലഹേമിൽ ജനിക്കുന്ന ദിവ്യ ശിശുവിന്റെ അടയാളമാകുമെന്ന് ആ ജ്ഞാനി വിശ്വസിച്ചു. മഞ്ഞ് പെയ്യുന്ന രാത്രിയിൽ നക്ഷത്രം വീണ്ടും ഉദിച്ചു. നേരത്തെ നിശ്ചയിച്ചതിൽ പ്രകാരം ആർത്തബാൻ തന്റെ കുതിരപ്പുറത്ത് കയറി യാത്രതിരിച്ചു.
ജ്ഞാനികളായ സ്നേഹിതന്മാർ ദൂരെ ദേവാലയത്തിനു മുന്നിൽ കാത്തുനിൽക്കും. ദിവ്യ ശിശുവിന് കാഴ്ചവയ്ക്കാനായി ആർത്തബാൻ തനിക്കുള്ളതൊക്കെയും വിറ്റ് 3 മുത്തുകൾ കരുതിയിരുന്നു. സ്നേഹിതന്മാർക്കൊപ്പം എത്താൻ വേണ്ടി ആർത്തബാൻ ധൃതിയിൽ പോകുമ്പോൾ വഴിയിൽ മരിക്കാൻ കിടക്കുന്ന ഒരാളുടെ ദയനീയ വിലാപം കേട്ടു. ആർത്തബാൻ കുതിരപ്പുറത്ത്നിന്നിറങ്ങി അയാളുടെ അടുത്ത് ചെന്ന് തന്റെ തുകൽ സഞ്ചിയിലെ വെള്ളം വായിൽ ഒഴിച്ചു കൊടുത്തു.മരിക്കാൻ കിടക്കുന്ന മനുഷ്യൻ കണ്ണുതുറന്നു.ഇനി ദൈവം നിങ്ങളെരക്ഷിച്ചുകൊള്ളും എന്നു പറഞ്ഞ് ആർത്തബാൻ കുതിരപ്പുറത്ത് കയറി യാത്രയായി. ദേവാലയത്തിന് അടുത്തെത്തിയപ്പോൾ അതിന്റെ ചുവരിൽ സ്നേഹിതന്മാർ എഴുതിയിട്ടിരുന്ന വാചകം അയാൾ ശ്രദ്ധിച്ചു , “ഇതുവരെ നിന്നെകാത്തു. കാണാത്തതുകൊണ്ട് ഞങ്ങൾ പോവുകയാണ്”.
സ്നേഹിതന്മാരുടെ കാൽപ്പാടുകൾ നോക്കി ആർത്തബാൻ നടന്നു. ആർത്തബാനും കുതിരയും ക്ഷീണിച്ചു കഴിഞ്ഞിരുന്നു. ഒരു മുത്തു വിറ്റ് ആർത്തബാൻ തനിക്കും കുതിരയ്ക്കും ഉള്ള ഭക്ഷണം വാങ്ങി. വീണ്ടും നടക്കുമ്പോൾ, തന്റെ കുഞ്ഞിനു നേരെ കൊലക്കത്തി നീട്ടി നിൽക്കുന്നപട്ടാളക്കാരുടെ മുമ്പിൽ ഒരു സ്ത്രീ നെഞ്ചത്തടിച്ചു കരയുന്നത്ആർത്തബാൻ കണ്ടു. ഇസ്രായേലിന് രാജാവായി ജനിച്ച ശിശുവിനെ പേടിച്ച് രണ്ടും അതിനു താഴെയും വയസ്സുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ഹെരോദാവ് കല്പന ഇട്ടിരിക്കുകയാണ്. ആർത്തബാൻ തന്റെ രണ്ടാമത്തെ മുത്ത് പട്ടാളക്കാർക്ക് കൊടുത്ത് അവരുടെ കൊലക്കത്തിയിൽ നിന്നും ആ കുഞ്ഞിനെ രക്ഷിച്ചു.
ഓരോ കാരണം കൊണ്ട് ആർത്തബാന്റെ യാത്രയ്ക്ക് തടസ്സങ്ങൾ നേരിട്ടു.ദുഃഖങ്ങൾ പേറി അലഞ്ഞുതിരിഞ്ഞു. അങ്ങനെ 33 വർഷം കടന്നു പോയി. ഇസ്രായേലിന്റെ രാജാവിനെ കാണാനുള്ള സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു. ഒരു സായാഹ്നത്തിൽ ഒരു സംഘം ആളുകൾ ദുഃഖിതരായി മലഞ്ചെരിവുകൾ കടന്നുപോകുന്നത് ആർത്തബാൻ കണ്ടു. അവരുടെ കൂട്ടത്തിൽ ഒരാൾ ആർത്തബാനോട് പറഞ്ഞു,” ഞങ്ങൾ ഗാഗുൽത്തായിലേക്ക് പോകുകയാണ്.അവിടെ രണ്ട് കള്ളന്മാരെ കുരിശിൽ തറച്ച് കൊല്ലുന്നെന്ന് കേട്ടു , ഒപ്പം യേശു എന്നൊരാളെയും. താൻ ദൈവപുത്രനാണെന്ന് പറഞ്ഞതിനാണത്രേ യേശുവിനെ കുരിശിൽ തറയ്ക്കുന്നത്”.
യേശു എന്ന വാക്ക് കേട്ടപ്പോൾ ആർത്തബാന്റെ ഉള്ള് പിടഞ്ഞു. അയാൾ സ്വയം പറഞ്ഞു, ദൈവമേ,അത് അങ്ങനെ സംഭവിക്കാൻ പോവുകയാണോ? ആർത്തബാൻ
അവരുടെ കൂടെ ഗാഗുൽത്തായിലേക്ക് തിരിച്ചു. യാത്രയ്ക്കിടയിൽ ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ആർത്തബാൻ തിരിഞ്ഞു നോക്കി. പിതാവിന്റെ കടത്തിന്റെ പേരിൽ കുറേ മുഷ്കന്മാർ ചേർന്ന്
ഒരു പെൺകുട്ടിയെ അടിമയാക്കി പിടിച്ചുകൊണ്ടു പോവുകയാണ്. ഈ കാഴ്ച കണ്ട് ആർത്തബാന്റെ മനസ്സലിഞ്ഞു. നീ നിന്റെ കടങ്ങൾ വീട്ടെന്നു പറഞ്ഞ് ആർത്തബാന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന്നാമത്തെ (അവസാനത്തെ) മുത്ത് ആ പെൺകുട്ടിക്ക് കൊടുത്തു.
അപ്പോൾ ആകാശം ഇരുണ്ടു. ഭൂമി ഞെട്ടി. വീടുകളുടെ ഭിത്തികൾ പിളർന്നു. മലമുകളിൽ നിന്നും കല്ലുകൾ ഉരുണ്ട് വഴിയിൽ വീണു. യേശുവിനെ ഒരു നോക്ക് കാണാൻ 33 വർഷം യാത്ര ചെയ്ത് വൃദ്ധനായിതീർന്ന ആർത്തബാൻ ഇരുളിൽനിന്ന് നെഞ്ച് പൊട്ടുമാറ് സങ്കടപ്പെട്ടു. അപ്പോൾ വിദൂരതയിൽ നിന്ന് സ്നേഹസാന്ദ്രമായ ഒരു സ്വരം അയാൾ കേട്ടു. “വിഷമിക്കാതെ, എന്റെ എളിയ സഹോദരങ്ങൾക്ക് വേണ്ടി നീ ചെയ്ത തൊക്കെയും എനിക്കു വേണ്ടിയായിരുന്നു “.
അവസാനം തന്റെ ദുഃഖം തിരിച്ചറിഞ്ഞ് തന്നെ ആശ്വസിപ്പിക്കാനായി ദൈവം തന്നോട് സംസാരിച്ചതാണെന്ന് ആർത്തബാന് ബോധ്യപ്പെട്ടു. തന്റെ സത് പ്രവൃത്തികൾ ഈശ്വര കാരുണ്യത്തിന് കാരണമായതിൽ അദ്ദേഹം അതീവ സന്തുഷ്ടനായി.
കാലാകാലങ്ങളായി ഇന്ത്യൻ സംസ്കാര ത്തിന്റെ ഭാഗമായി പിന്തുടരുന്ന ഒരു വിശ്വാസമാണ്, ‘മാതാപിതാ ഗുരു ദൈവം’ എന്നത്. അതിൽ മാതാവിന് തന്നെയാണ് പ്രഥമസ്ഥാനം. കാരണം, മാതാവിലൂടെയാണ് കുഞ്ഞുങ്ങൾ ദൈവത്തെയും ഈ ലോകത്തെയും
അടുത്തറിയുന്നത്. അതുകൊണ്ടുതന്നെ മാതാവിനോട് നീതിപുലർത്തിയാൽ ദൈവത്തിനോട് നീതിപുലർത്തുന്നു എന്നാണ് അതിനർത്ഥം. അങ്ങനെ അമ്മയോട് നീതിപുലർത്തിയ കവിയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.
അമ്മയുടെ ആറാമത്തെ കുട്ടിയായിരുന്നു വിഷ്ണു. മുമ്പുണ്ടായ അഞ്ചു കുഞ്ഞുങ്ങളും ചാപിള്ള ആയി പിറന്നവരോ ജനിച്ചഉടൻ മരിച്ചവരോ ആയിരുന്നു. ആറാമത്തെ കുട്ടിയെ എങ്കിലും വിട്ടുതരണമേ എന്ന് അമ്മ തിരുവല്ലയിലെ കുടുംബ ക്ഷേത്രമായ
ശ്രീവല്ലഭക്ഷേത്രത്തിൽ എത്തി കണ്ണീരോടെ പ്രാർത്ഥിച്ചു. എന്നിട്ട് ഭഗവാന് ഒരു താക്കീതും നൽകി, ” ഈ ഉണ്ണിയെ കിട്ടിയില്ലെങ്കിൽ ഇവിടുത്തെ കാരായ്മ മുടങ്ങും”.ഏതായാലും ആറാമത്തെ കുഞ്ഞ് ജീവിച്ചു.ആ കുഞ്ഞാണ് വിഷ്ണുനാരായണൻ നമ്പൂതിരി (1939–2021). വിഷ്ണുവിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കാരായ്മ ( പൂജാദികർമ്മങ്ങളിലും ക്ഷേത്രഭരണാവകാശങ്ങളിലും പരമ്പരാഗതമായി കുടുംബത്തിന്കൈവരുന്നഅവകാശം) ഏറ്റെടുക്കേണ്ടതിന്റെ ആവശ്യം വിഷ്ണുവിനെ അമ്മ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. അമ്മയോട് നീതി പാലിക്കാനാണ് , ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം , സംസ്കൃത സർവകലാശാലയിൽ ലഭിക്കുമായിരുന്ന വലിയ സ്ഥാനം ഉപേക്ഷിച്ച് തിരുവല്ലയിലെ കുടുംബ ക്ഷേത്രമായ ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിജോലിക്ക് പ്രവേശിച്ചത്. ഭാഷാ പണ്ഡിതനും കവിയും ചിന്തകനുമായ വിഷ്ണുനാരായണൻ നമ്പൂതിരിക്ക് മേൽശാന്തിയുടെ ജോലി കഠിനമായിരുന്നു. 11 മണിക്കൂർ ആയിരുന്നു ജോലി. 5 പൂജകൾ. പരിക്രമങ്ങൾ തുടങ്ങിയവ. ( ഇടയ്ക്ക് കടൽകടന്ന് വിദേശയാത്രയ്ക്ക് പോയതിനാൽ ആചാര സംരക്ഷകർ വിഷ്ണുനാരായണന്റെ പൂജയ്ക്ക് അശുദ്ധി കൽപ്പിച്ചു. മറ്റൊരു ഘട്ടത്തിൽ ക്ഷേത്രത്തിൽ ചെന്ന കവയിത്രി സുഗതകുമാരിയെ നമസ്കരിച്ചതിന്റെ പേരിൽ മേൽശാന്തിയെ അയോഗ്യനാക്കി. ‘ആദമും ദൈവവും’ എന്ന അദ്ദേഹത്തിന്റെ കവിതയുടെ പേരിലും ഒരു വിഭാഗം കവിക്കെതിരെ തിരിഞ്ഞു). എങ്കിലും അമ്മയോടും അതുവഴി ദൈവത്തോടും നീതിപുലർത്താൻ അദ്ദേഹം ക്ഷേത്ര കർമ്മങ്ങൾ ഭക്തിപുരസരം തുടർന്നു.2021 ഫെബ്രുവരി 25ന് പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം 82 ആം വയസ്സിൽ അദ്ദേഹം നിര്യാതനായി.
ഒരിക്കൽ സ്വാമി ചിന്മയാനന്ദൻ ഈശ്വര വിശ്വാസത്തെക്കുറിച്ച് ഭക്തർക്ക് നൽകിയ ഉപദേശം:
സ്വാമി ചിന്മയാനന്ദന്റെ ആത്മീയ പ്രഭാഷണം സശ്രദ്ധം കേട്ട ശേഷം ഒരു വിശ്വാസി അദ്ദേഹത്തോട് ചോദിച്ചു, ” സ്വാമിജി ഈശ്വരനെ നമ്മൾ കണ്ടിട്ടില്ലല്ലോ പിന്നെങ്ങനെ ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കും? “. പ്രത്യക്ഷത്തിൽ
ബാലിശമെന്ന് തോന്നുന്ന ചോദ്യം കേട്ട് സ്വാമി ചിന്മയാനന്ദൻ കുപിതനാകുമെന്ന് മറ്റുള്ളവർ ധരിച്ചു. എന്നാൽ ഒരു
പ്രകോപനവും ഇല്ലാതെ സ്വാമിജി പറഞ്ഞു,”ദാ അവിടെ ഭിത്തിയിൽ ഇളകി തൂങ്ങിക്കിടക്കുന്ന ഒരു പഴയ ഇലക്ട്രിക് സ്വിച്ച് കണ്ടല്ലോ.നിങ്ങളുടെ കൈകൊണ്ട് അതിലൊന്ന് പിടിക്കൂ”. “അയ്യോ സ്വാമി അതിൽ കറന്റുണ്ട്. ഷോക്കടിക്കടിക്കും”, അയാൾ പറഞ്ഞു. അപ്പോൾ സ്വാമിജി തിരക്കി,”അതിൽ കറണ്ട് ഉണ്ടെന്ന് എങ്ങനെ മനസ്സിലായി?. അത് നിങ്ങൾ കണ്ടില്ലല്ലോ. അപ്പോൾ കാണാത്ത ഒന്ന് ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നു. അതുമാതിരിയാണ് ഈശ്വരവിശ്വാസവും. കറണ്ട് ഉണ്ടെന്നറിയാൻ ഒരു ടെസ്റ്ററിന്റെ സഹായം വേണം. ആ ടെസ്റ്റർ ആണ് ഭക്തി. ഭക്തിയോടെ പ്രാർത്ഥിക്കൂ. അതോടൊപ്പം ചെയ്യുന്ന സത്കർമ്മങ്ങളിലൂടെ
ഈശ്വര സാക്ഷാത്കാരം ലഭിക്കും”. സ്വാമിജി വ്യക്തമാക്കി.
08–07–2024.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
About The Author
No related posts.