ദുരന്തമുഖം നൽകുന്ന പാഠം – ഡോ.പി.എൻ.ഗംഗാധരൻ നായർ

Facebook
Twitter
WhatsApp
Email

🌻 മൺഡേ സപ്ലിമെന്റ് –130 🌻
🌹 ദുരന്തമുഖം നൽകുന്ന പാഠം.🌹

കേരളം മുൻപും പല പ്രാവശ്യം പ്രകൃതി ദുരന്തത്തിന് ഇരയായിട്ടുണ്ടെങ്കിലും 2024 ജൂലൈ 30 ചൊവ്വാഴ്ച പുലർച്ചെ ഇടുക്കിയിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടൽ കേരളത്തിനേറ്റ ഏറ്റവും വലിയ ആഘാതമായി. വലിയ ശബ്ദത്തോടെ ഉരുളും വെള്ളപ്പാച്ചിലും അലച്ചെത്തുകയായിരുന്നു.ദുരന്തം കരിനിഴൽ വീഴ്ത്തിയ എത്രയോ ജീവിതങ്ങൾ. കൺനിറയെ കണ്ടതെല്ലാം നിമിഷനേരം കൊണ്ട് മൺമറഞ്ഞു പോയി. കൃഷി ഭൂമിയും പാർപ്പിടവും മനുഷ്യരോടൊപ്പം ഒലിച്ചു പോയി. നേരത്തെ സ്വർഗ്ഗഭൂമിയായിരുന്ന നാട് നിമിഷനേരം കൊണ്ട്
നരകഭൂമിയായി.ഹൃദയം നുറുങ്ങുന്ന അനുഭവ കാഴ്ചകൾ കേരളത്തിന്റെ മനസ്സിൽ തുളച്ചു കയറുന്ന വിലാപമായി. മനുഷ്യജീവിതത്തിന് ഒരു വിലയുമില്ല, മനുഷ്യ ജീവിതംതന്നെ അർത്ഥ ശൂന്യമാണെന്ന തോന്നലുണ്ടാകാമെങ്കിലും നമ്മൾ ഇതിനെയൊക്കെ സംയമനത്തോടും സഹിഷ്ണുതയോടും അതിജീവിക്കും. ശരിയായ മനോഭാവമാണ് ജീവിതത്തെ സുന്ദരമാക്കുന്നത്. ആ ചിന്തയിലേക്കാണ് ഇപ്പോഴത്തെ
ദുരന്താനുഭവങ്ങൾ നമ്മെ നയിക്കേണ്ടത്. ഏതു മഹാ ദുരന്തത്തിനപ്പുറവും അതിജീവനം മനുഷ്യ സാധ്യമാണ് എന്ന് തെളിയിക്കുന്ന ജപ്പാനിലെ ‘ഹിരോഷിമ’, ജീവിക്കുന്ന ഒരു ഉദാഹരണമായി നമ്മുടെ മുന്നിൽ ഉണ്ടല്ലോ.
മുൻപ് പ്രകൃതി ദുരന്തം ഉണ്ടായപ്പോഴൊക്കെ അതിന്റെ കാരണങ്ങളെക്കുറിച്ചും പരിഹാരമാർഗ്ഗങ്ങളെക്കു
റിച്ചും ഈ പംക്തിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തോന്നിയത്, പ്രകൃതിയെ ഹനിക്കാതെയുള്ള വികസനം എന്നത് നമുക്കിപ്പോഴും അപരിചിതമായ ആശയമായതിനാൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നേ കരുതാനാകൂ എന്നാണ്. കാലാവസ്ഥാവ്യതിചാനം (ഒരു മാസം കൊണ്ട് ലഭിക്കേണ്ട മഴ രണ്ടുദിവസം കൊണ്ട് ആർത്തിരമ്പി പെയ്താൽ) ദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ശക്തമായ പരിഹാര നടപടികൾ യുദ്ധകാലാ ടിസ്ഥാനത്തിൽ സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.
ആത്മാർത്ഥമായ സ്നേഹവും ലാഭേഛ ഇല്ലാത്ത കാരുണ്യ പ്രവർത്തനവും ദുരിതം അനുഭവിക്കുന്നവർക്ക് ഉടൻഎത്തിക്കുക എന്നതാണ് ഇത്തരുണത്തിൽ കരണീയമായ ഒരു പരിഹാരമാർഗ്ഗം. സ്നേഹത്തിന്റെ കാര്യത്തിൽ വല്ലാതെ പിശുക്ക് കാണിക്കുന്നവരാണല്ലോ നമ്മൾ മലയാളികൾ. അതിന്റെ കുറ്റബോധം വരച്ചു കാട്ടുന്ന ‘മരണം’ എന്ന കരളലിയിക്കുന്ന ഒരു ചെറുകഥ അടുത്തകാലത്ത് ഓൺലൈനിൽ വായിക്കുകയുണ്ടായി. കഥാകൃത്തിനെക്കുറിച്ച് അറിയില്ല.’കടപ്പാട്’ എന്നു മാത്രം കണ്ടു. കഥാസംഗ്രഹം ഇതാണ്:
” ഭാര്യ അടുക്കളയിൽ നിന്ന്ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. “എന്തൊരു ഉറക്കമാണ് ഇത്. നേരം എത്രയായി എന്ന് അറിയുമോ? ഇന്ന്‌ ഓഫീസിൽ പോകുന്നില്ലേ”. ഇതുകേട്ട് ഞാൻ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷെ എന്റെ കൈകാലു കൾ ഒന്നും അനങ്ങുന്നില്ല. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചുനോക്കി.പക്ഷേ പറ്റുന്നില്ല.ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു, എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല എന്ന്. ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.ആരും കേൾക്കുന്നില്ല. ഞാൻ നിലവിളിച്ചുകൊണ്ട് കുറച്ചുനേരം അവിടെ തന്നെ അതുപോലെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഭാര്യ എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്ന്‌ എന്നെ വിളിച്ചു. ഞാൻ അനങ്ങാതിരുന്നപ്പോൾ എന്നെ തട്ടി വിളിച്ചു. അപ്പോഴും ഞാൻ പറയുന്നതൊന്നും അവൾ കേൾക്കുന്നില്ല. അപ്പോൾ അവൾ വാവിട്ട് നിലവിളിച്ചു. അവളുടെ നിലവിളി കേട്ട് എന്റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക്കാണാമായിരുന്നു”വിളിക്കുമ്പോൾ അനങ്ങുന്നില്ല”എന്ന് അവൾ അവരോട് പറഞ്ഞു. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്. എന്റെ മക്കളും ബന്ധുക്കളും എല്ലാം വാവിട്ട് നിലവിളിക്കാൻ തുടങ്ങി. അവരിൽ ചിലർ അടുത്തു നിൽക്കുന്നവരോട് ചോദിക്കുന്നത് ഞാൻ കേട്ടു,”എപ്പോഴാണ് മരിച്ചത് “എന്ന്‌. എന്നെ ആരോ വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു. ഞാൻ അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു, “ഞാൻ മരിച്ചിട്ടില്ല”എന്ന്. എന്നാൽ ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല. എന്റെ കൂട്ടുകാർ കുടുംബക്കാർ എല്ലാവരും കൂട്ടമായും അല്ലാതെയും എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. നടക്കാൻ പോലും പറ്റാത്ത എന്റെ അടുത്ത ബന്ധവും വന്നു. അദ്ദേഹത്തെ ഒന്ന് കാണാൻ പോകണമെന്ന് ദിവസവും വിചാരിക്കുമായിരുന്നു. പക്ഷേ ഓരോ തിരക്കുകൾ കൊണ്ട് സാധിച്ചില്ല. എന്റെ വീടിന്റെ അടുത്തുള്ള ഒരു കച്ചവടക്കാരൻ. അയാളോട് ഒരിക്കൽ
പോലും ഞാൻ മിണ്ടിയിട്ടില്ല. അദ്ദേഹവും എന്നെ കാണാൻ വന്നിരിക്കുന്നു. എന്റെ ഒരു അയൽവാസി വാഹനാപകടത്തിൽ പരിക്കുപറ്റി കിടപ്പിലായിരുന്നു. എനിക്ക് അങ്ങോട്ട് പോയി അദ്ദേഹത്തെ കാണാൻ സമയം കിട്ടിയില്ല. പക്ഷേ ആയാളുംഎന്നെകാണാൻ എത്തിയിരിക്കുന്നു. മുറിയുടെ ഒരു മൂലയിൽ ഒറ്റയ്ക്ക് നിന്നുകൊണ്ട് എന്റെ ഒരു പഴയ ഉറ്റ സുഹൃത്ത് വിതുമ്പുന്നു. അയാൾ എന്റെ ആത്മ സുഹൃത്തായിരുന്നു. എങ്കിലും അവനോടും ഞാൻ പിണങ്ങിയിട്ട് ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞു. പലതവണ അവൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഞാൻ മാറി നടന്നു. അവനോട് സംസാരിക്കണം. ഞാൻ അവനെ ഉറക്ക വിളിച്ചു. പക്ഷേ അവനും ഒന്നും കേൾക്കുന്നില്ല. പെട്ടെന്ന് തലയ്ക്ക് മുകളിലെ ഫാനിന്റെ കറക്കം നിന്നു. മുറിയാകെ ഇരുട്ടായി. ആരോ വിളിച്ചുപറഞ്ഞു കറണ്ട് പോയി എന്ന്. ആരോ എമർജൻസി തെളിയിച്ചതും എന്റെ ഭാര്യ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു. “എന്തൊരു കിടപ്പാണിത്. ഇന്ന് ഓഫീസിലെങ്ങും പോകുന്നില്ലേ?”. ഇത് കേട്ട് ഞാൻ ചാടി എണീറ്റു. ഞാൻ ആകെ വിയർത്തു കുളിച്ചിരിക്കുന്നു. ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു. എന്റെ വെപ്രാളം കണ്ട് ഭാര്യ ചോദ്യംആവർത്തിച്ചു. അപ്പോൾ ഞാൻ പറഞ്ഞു,” ഇല്ല. ഇന്ന് ഓഫീസിൽ പോകുന്നില്ല. നമുക്ക്, നീ പറഞ്ഞവരെയും കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണം. വരുന്ന വഴിക്ക് എന്റെ പഴയ സുഹൃത്തിന്റെ വീട്ടിലും പോകണം”.
“ഓർക്കുക,മരണം വിളിപ്പാടകലെയുണ്ട്.
ഏതു നിമിഷവും ഇതുപോലൊരനുഭവം നമ്മളിൽ ആർക്കും വന്നുഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവയ്ക്കാതെ ഇപ്പോൾതന്നെ ഒരു തീരുമാനം എടുക്കുക. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുകയാണെങ്കിൽ ഏത് നിമിഷം ആയാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരുനാൾ ഈ ലോകത്തോട്
വിടപറയാം”.
ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഓർത്തത് ഭക്ത കവി പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’ യിലെ പ്രശസ്തമായവരികളാണ്:
“കൂടിയല്ലാ പിറക്കുന്ന നേരത്തും,
കൂടിയല്ലാ മരിക്കുന്ന നേരത്തും,
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു,
മത്സരിക്കുന്നതെന്തിനു നാം വൃഥാ”.
ഈ വരികളുടെ അർത്ഥം മനസ്സിലാക്കി ജീവിതത്തിൽ പ്രയോഗിച്ചാൽ സ്വർഗ്ഗം ഈ ഭൂമിയിലാകും പിറക്കുക ! അസാധ്യമായതിനെ
ക്കുറിച്ച് എന്തിന് ചിന്തിക്കണം,അല്ലേ?.
നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ഫ്രാൻസ് കാഫ്ക (Franz Kafka:1883–1924) യുടെ ജനനം ഇപ്പോഴത്തെ ചെക്ക്റിപ്പബ്ലിക്കിലെ പ്രാഗ് നഗരത്തിലായിരുന്നു. വിചാരണ (Trial), ദുർഗ്ഗം (Castle) എന്നിവ അദ്ദേഹത്തിന്റെ പ്രധാന നോവലുകളാണ്. സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട മനുഷ്യന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന രചനകൾ ആണ് അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും. അത്തരത്തിലുള്ള വിഖ്യാതമായ ഒരു ചെറുകഥയാണ് ‘രൂപാന്തരീകരണം’
(Metamorphosis– രൂപത്തിൽ ഉണ്ടാകുന്ന മാറ്റം). ഇവിടെ അവതരിപ്പിച്ച ‘മരണം’എന്ന കഥയും കാഫ്കയുടെ ‘രൂപാന്തരീകരണം’ എന്ന കഥയും തമ്മിൽഒരേഒരു സാമ്യമേഉള്ളു.രണ്ടിലും സ്വപ്നത്തിന്റെ സജീവ സാന്നിധ്യം ഉണ്ട്.
കാഫ്കയുടെ കഥയിലെ ഗ്രിഗർ സംസ എന്ന ചെറുപ്പക്കാരൻ ഒരു സ്വപ്നത്തിൽ നിന്നും ഉണരുമ്പോൾ താനൊരു ഷഡ്പദമായി രൂപാന്തരപ്പെട്ടിരിക്കുന്നതാ യാണ് അയാൾ കാണുന്നത്. അതിന്റെ വിലക്ഷണമായ രൂപത്തെ അയാൾ വെറുത്തു.( കഥയിലെ എല്ലാ സംഭവങ്ങളും ഇവിടെ വിവരിക്കുന്നില്ല) ഈ പുതിയ പ്രാണിയെ കണ്ട് എല്ലാവരും അമ്പരുന്നു. വീട്ടുകാർ ഗ്രിഗറിയെ ഒരു മുറിയിലിട്ട് പൂട്ടി. ഈ രൂപാന്തരീകരണത്തോടെ അയാൾ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുകയും അവസാനം കഠിനമായ ഹൃദയഭാരം കൊണ്ട് ഉറങ്ങാൻ കഴിയാതെ മരണത്തിന് കീഴടങ്ങുന്നു.
സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട മനുഷ്യന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന ഒരു പ്രഹേളികാരചനയാണ് ‘രൂപാന്തരീകരണം’. മനുഷ്യനും ലോകവും തമ്മിലുള്ള ബന്ധത്തിൽ അന്തർഭവിച്ചിരിക്കുന്ന സ്നേഹരഹിതമായ കഥയാണ് ഇതിൽ കഥാകൃത്ത് പറയുന്നത്. ചുറ്റുപാടുകളുമായി ഇണങ്ങി പോകാൻ കഴിയാത്തമട്ടിൽ
രൂപഭേദം സംഭവിച്ചതോടെ ഉറ്റവരിൽ നിന്നുപോലും അകന്നുപോയ ഗ്രിഗർ എന്ന കഥാപാത്രം ഒരു കലാകാരനെയുമാകാം പ്രതിനിധാനം ചെയ്യുന്നത്.
എന്നാൽ ‘മരണം’ വിഷയമായ ആദ്യ കഥയിൽ രൂപാന്തരീകരണം സംഭവിക്കുന്നില്ലെങ്കിലും അയാളിൽ സ്വാഗതാർഹമായ മാറ്റമാണ് സംഭവിക്കുന്നത്. സ്വപ്നാനന്തരം തന്റേത് ഒരു പുനർജന്മമായി കരുതി മറ്റുള്ളവരെ ഇനിമുതൽ നെഞ്ചോട് ചേർത്ത് സ്നേഹിക്കാൻ അയാൾഉറച്ചതീരുമാനമെടുക്കുന്നു.
അതു തന്നെയാണ് മനുഷ്യന്റെ
അല്പജീവിതത്തിലെ ഏറ്റവും വലിയ സാമൂഹിക സേവനം.
05–08–2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.
🌹 🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *