കിണറിലെ ചേറ് എടുക്കാൻ തറവാട്ടിൽ തീരുമാനിച്ചു.
പാടത്തുനിന്നും പുഴയിൽനിന്നുമൊക്കെ പിടിച്ച് കിണറ്റിലിട്ട മീനുകളെ, ആദ്യം കയറ്റി ഒരു വലിയ പാത്രത്തിലെ വെള്ളത്തിലാക്കണം.
പരൽമീനുകളെ ഒന്നിലും
മൊയ്യ്, ചീക് തുടങ്ങിയവയെ മറ്റൊരു പാത്രത്തിലുമാക്കാം എന്ന് തീരുമാനിച്ചു.
കിണർപണി കഴിഞ്ഞശേഷം;
പിറ്റേന്ന്, തിരികെ കിണറ്റിൽത്തന്നെ അവരെ വിടണം.
അമ്മ എന്നും ഉച്ചയൂണിന് ഒരു ഉരുള ചോറ് ആദ്യമേ മാറ്റിവെയ്ക്കുമായിരുന്നു.
ഇത്, ഊണ് കഴിഞ്ഞ് കിണറിലെ മീനുകൾക്ക് കൊടുക്കും.
പിതൃക്കൾക്കുള്ള അന്നമായി സങ്കൽപ്പിച്ച്, മാറ്റിവെച്ചത് കിണറ്റിലിട്ടാൽ, ഇത് മത്സ്യത്തിലൂടെ സ്വീകരിക്കപ്പെടും എന്ന വിശ്വാസമായിരിക്കും അമ്മയുടേത് എന്നാണ് ഞാൻ അടുത്തകാലംവരെ കരുതിയത്.
എന്നാൽ, ആകാശത്ത് പറന്നുനടക്കേണ്ട പക്ഷികളെ പിടിച്ച് കൂട്ടിലിടുന്നപോലെയാണ്; പാടത്തുനിന്നും പുഴയിൽനിന്നുമൊക്കെ പിടിച്ച മീനുകളെ കിണറ്റിലിട്ട് വളർത്താൻ നോക്കുന്നത് എന്ന്, ഏറെക്കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.
മീനിനെ വളർത്താനുള്ള ; ‘ഞങ്ങൾ’ എന്ന ; അമ്മയുടെ കുഞ്ഞുങ്ങളുടെ കൗതുകത്തെ, ‘അരുത്’ എന്ന് പറഞ്ഞ് തല്ലിക്കെടുത്താൻ അമ്മയ്ക്ക് തോന്നിക്കാണില്ല.
‘നീന്തിനടന്നവയെ പിടിച്ച് പൊരിച്ചുതിന്നുകയല്ലല്ലോ എൻ്റെ മക്കൾ ചെയ്യുന്നത്’ എന്ന്, അമ്മ സമാധാനം കണ്ടുകാണും ഒരുപക്ഷേ.
കൂട്ടിലിട്ടതുംപോരാതെ, അവയെ പട്ടിണിക്കിടൽകൂടി ചെയ്യരുത് എന്ന് കരുതിയാവണം അമ്മ ഈ മത്സ്യ ഊട്ട് നിത്യവും നടത്തിയിട്ടുണ്ടാകുക എന്നെനിക്കിപ്പോൾ തോന്നുന്നു.
ഞങ്ങളുടെ അമ്മയിൽനിന്ന് എല്ലാവരുടേയും അമ്മയെന്ന വിശ്വമാതൃത്വത്തിലേയ്ക്ക് അമ്മ എത്ര ലളിതമായിട്ടായിരുന്നു വളർന്നിരുന്നത് എന്ന് അമ്മയുടെ ഓർമ്മകളിൽ നിന്ന് ഞാനിപ്പോൾ അമ്പരക്കുന്നു.
ഞാനും പൊന്നു ഏട്ടനെ സഹായിക്കാൻ കിണറ്റിലിറങ്ങി.
വെള്ളം ഏതാണ്ട് വറ്റിയതോടെ പാറയുടെ വശങ്ങളിൽ നിന്ന്,
‘അയ്യോ! എൻ്റെ കിണർ കാലിയായല്ലോ!’ എന്ന പരിഭ്രമത്തിൽ ഉറവ് കുതിച്ചുചാടിവന്നു.
‘കരു, കിഴക്കും വടക്കുമുണ്ട്’ എന്ന്, പൊന്നു ഏട്ടൻ പറഞ്ഞപ്പോഴാണ് ;
ഉറവിന് ‘കരു’ എന്നൊരു നാട്ടുവിളിപ്പേരുണ്ട് എന്ന് ഞാനറിയുന്നത്.
കിണറ്റിൽനിന്നും മുകളിലേയ്ക്ക് നോക്കിയപ്പോൾ
ഞാൻ, വട്ടം കുറഞ്ഞൊരു ആകാശം കണ്ടു!
ഞങ്ങൾക്ക് കുടപിടിച്ച മേഘങ്ങളും .
മുകളിൽനിന്നും എത്തിനോക്കി ഞങ്ങളോട് സംസാരിക്കുന്ന അമ്മയേയും സുനിലേട്ടനേയും മധു ഏട്ടനേയും കണ്ടപ്പോൾ,
എനിക്ക് അമർച്ചിത്രകഥയിലെ ചിത്രങ്ങളും
ആഴ്ച്ചപ്പതിപ്പിൽ മദനൻ വരയ്ക്കുന്ന ചിത്രങ്ങളും ഓർമ്മവന്നു.
കിണറിനെ ഒരു കിണറാക്കിയെടുത്തതിന് ആകാശത്തുനിന്നും പുഷ്പവൃഷ്ടി നടത്താൻ ദേവകൾ വന്നുനിൽക്കുന്നതായും എനിക്കു തോന്നി.
കിണർ വറ്റിച്ച്
ചളി കയറ്റി
പാറ കഴുകിയ വെള്ളവും കയറ്റി.
പാറപ്പുറത്ത്, അയഡിൻ ചേർക്കാത്ത നാടൻ കല്ലുപ്പ് വിതറിയശേഷം
ഞങ്ങൾ കരയ്ക്കു കയറി.
നല്ല നീറ്റുചുണ്ണാമ്പ് ഒരു തുണിയിൽ കെട്ടി കിഴിയാക്കി, വെള്ളമുയർന്നുവരുമ്പോൾ ആ വെള്ളത്തിൽ മുങ്ങിക്കിടക്കാനായി, കയറിൽ കെട്ടിത്തൂക്കിയിട്ടു.
ആദ്യമിട്ട കല്ലുപ്പും
ഈ കുമ്മായക്കിഴിയും ജലശുദ്ധീകരണത്തിൻ്റെ ഫലപ്രദമായ നാടൻരീതികളാണ് എന്ന് അന്ന് അറിഞ്ഞു.
പിറ്റേന്ന് കാലത്ത് എണീറ്റതും
ആദ്യം നോക്കിയത് പാത്രത്തിലെ മീനിനെ.
ചിലത് മരിച്ചിരുന്നു.
ചിലത് പാതിജീവനിൽ.
നീന്തിനടന്നവയെ തിരികെ ഞങ്ങൾ കിണറിലേയ്ക്കുതന്നെ വിട്ടു.
പറിച്ചുനടലിൻ്റെ വേദനയും അന്യനാട്ടിലെ അരക്ഷിതാവസ്ഥയും തടവറയുടെ നൊമ്പരവും;
അന്ന്, ആ, ഒരു പാത്രം വെള്ളത്തിലെ മീനുകളുടെ അവസ്ഥകളിൽനിന്ന് തിരിച്ചറിഞ്ഞു.
മനസ്സിൽ ഞാൻ ഓർത്ത, ദേവതകളുടെ പുഷ്പവൃഷ്ടിയൊക്കെ ; എനിക്ക്, മത്സ്യമരണത്തിൽ മനസ്സൂന്നിനോക്കിയപ്പോൾ നിഷ്ഫലമായി തോന്നി.
പൊന്നു ഏട്ടൻ വന്ന്, ആദ്യബക്കറ്റ് വെള്ളംകോരൽ ആഘോഷമായി നടത്തുകയാണ്.
‘തുടിച്ചു കോരണം’ എന്ന് ആത്മഗതമായി പറഞ്ഞ്, ബക്കറ്റ് പലവട്ടം വെള്ളത്തിൽ താഴ്ത്തിയും മുക്കിയും കിണറിനെ വീണ്ടും സജീവമാക്കി.
കോരിക്കയറ്റിയ ആദ്യബക്കറ്റിലെ കുറച്ച് വെള്ളം, പൊന്നു ഏട്ടൻ തിരികെ കിണറിലേയ്ക്കുതന്നെ ഒഴിച്ചു.
ഇതെല്ലാം കണ്ട്, കിണറ്റിൻകരയിൽ നിന്നിരുന്ന ഞാൻ ചോദിച്ചു.
“അതെന്തിനാ?”
മറുപടി ഇങ്ങനെ.
“കുറച്ച് വെള്ളം ഞങ്ങൾ എടുത്തിട്ടുണ്ട്.
വളരെ കുറച്ചേ തിരിച്ച് വെച്ചിട്ടുള്ളൂ എന്ന് കിണർ അറിയാനാണ്.”
എനിക്ക് പിടികിട്ടിയില്ല.
പൊന്നു ഏട്ടൻ വിശദീകരിച്ചു.
“നമ്മൾ വെള്ളം കോരുംമുമ്പ്, ആദ്യം, കിണറിനെ ഉണർത്തണം.
തലേന്ന്, നല്ല വൃത്തിയുള്ള പാത്രത്തിൽ തുളസിയില ഇട്ടുവെച്ച വെള്ളംകൊണ്ട്, പുലർച്ചയ്ക്ക്, കിണറിനെ , മുഖത്ത് വെള്ളംതളിച്ചുണർത്തണം.
തുടർന്ന്, തുടിച്ച്കോരി കിണറിനെ ഒന്ന് ഉഷാറാക്കണം.
എന്നിട്ട്, എടുത്തതിൽ കുറച്ച് തിരിച്ചൊഴിക്കണം.
‘കുറച്ചെടുത്തിട്ടുണ്ട്
കുറച്ച് തിരിച്ചുവെച്ചിട്ടുണ്ട്’ എന്ന് കിണർ അറിയാനാണിത്.
നമ്മൾ എടുത്തത് കിണർ അറിഞ്ഞാലേ ഉറവിനോട് പറഞ്ഞ്, വീണ്ടും നിറച്ചുവെയ്ക്കാൻ കിണർ ശ്രമിക്കൂ.”
“അപ്പൊ
മോട്ടർ അടിച്ച് വെള്ളമെടുക്കുമ്പോഴോ?”
എന്നിലെ കുബുദ്ധി ചോദ്യമുയർത്തി.
“അത് കട്ടെടുക്കലാണ്.
ആഴത്തിലേയ്ക്ക് കുഴൽ ഇറക്കി,
കിണർപോലുമറിയാതെ വെള്ളം ഊറ്റി എടുക്കൽ.
അത്തരം കിണറുകൾ പതിയെപ്പതിയെ വറ്റിപ്പോകും.
വരവും ചെലവും കണക്കാക്കി ജീവിക്കാനറിയാത്തവൻ നശിച്ചുപോകുംപോലെ.”
ഞാൻ ഉൻമത്തനായി!
കിണറിനേപ്പോലും ഒരു വ്യക്തിയായാണ് നമ്മൾ കരുതുന്നത്!
‘കരു’ എന്ന വാക്കിന് എനിക്ക്, ‘ഉറവ്’ എന്നതിനും അപ്പുറം മറ്റെന്തൊക്കെയോ അർത്ഥങ്ങൾ കിട്ടി!
എനിക്ക് പെട്ടെന്ന്, മുത്തശ്ശി ചോറ് വെയ്ക്കാൻ അരി എടുക്കുന്നതോർമ്മവന്നു.
കുട്ടിക്കാലത്തേ കണ്ടുവെച്ച ഒരു ദൃശ്യമാണ്.
നാഴികൊണ്ടളന്ന് എടുത്ത അരിയിൽനിന്നും ഒരു പിടി മുത്തശ്ശി തിരികെ ആ അരിപ്പാത്രത്തിലേയ്ക്കുതന്നെ ഇടുമായിരുന്നു.
‘കുറച്ച് ഞാൻ എടുക്കുന്നു.
ഇത്തിരി തിരിച്ചുവെയ്ക്കുന്നു’ എന്നർത്ഥം!
ആ അരിച്ചെമ്പ് വീണ്ടും പഴയ പോലെ നിറയാൻ ആഗ്രഹിക്കുമ്പോൾ,
വരവ് കൂട്ടാൻ ശ്രമിക്കുമ്പോൾ,
ആ ആഗ്രഹം പ്രപഞ്ചത്തിൽ കലർന്ന്, പാടത്ത് നൂറുമേനി വിളയുന്ന കാവ്യഭംഗി എന്നെ രോമാഞ്ചപ്പെടുത്തി.
ഇപ്പോൾ എനിക്കറിയാം
പോക്കറ്റിലെ പേഴ്സിൽനിന്നും ചെലവാക്കാനായി കുറച്ച് പണം പുറത്തെടുത്താൽ, ഒരു നോട്ടെങ്കിലും തിരിച്ചുവെയ്ക്കണം എന്ന്.
ഇതൊരു കരുതലാണ്.
മരത്തൈകൾ നട്ടശേഷംമാത്രമേ പണ്ടുള്ളവർ ഒരു മരം മുറിക്കുമായിരുന്നുള്ളൂ.
‘ഞങ്ങൾ, അത്യാവശ്യത്തിന് എടുക്കുന്നു;
തിരിച്ചും വെക്കുന്നുണ്ട്’ എന്ന ;
ഏറ്റവും ലളിതവും സുന്ദരവുമായ കൊടുക്കൽ – വാങ്ങൽ അവർ പത്തായത്തിനോടും കിണറിനോടുംവരെ കാണിച്ചിരുന്നു !
ഭാരതം, സകല
ചര- അചരങ്ങളിലും ദൈവത്തെമാത്രം കണ്ടിരുന്നു എന്നതിൻ്റെ ഉദാത്തമായ ദൃശ്യങ്ങളായി,
എനിക്കിന്നും
ആ കിണറും അരിച്ചെമ്പും ഓർമ്മയിൽ നിറയുന്നു.
About The Author
No related posts.