അർദ്ധരാത്രിയായി.
അരിവാൾപോലെ വളഞ്ഞ ചന്ദ്രൻ കൊച്ചു കുന്നുകൾക്ക് പിറകിൽനിന്ന് ഉദിച്ചുയരുന്നത് എനിക്ക് കാണാമായിരുന്നു.
അതാ, ചക്രവാളത്തിൽ നക്ഷത്രങ്ങളുടെ നടുവിൽ ചന്ദ്രൻ!
ഞാൻ അന്ത്യയാമത്തിന്റെ കൂരക്കീഴിൽ ഭൂമിയിൽ ശയിക്കുന്ന ഒരു നിഷ്കളങ്ക ശലഭമായിരുന്നു.
എന്തോ, ആ മനോഹര വശ്യസുന്ദരമായ ഇരുണ്ട രാത്രിയിൽ എന്റെ ഹൃദയം ഉഷസ്സിനായി കൊതിച്ചു.
വന്നെത്തിയ പ്രഭാതം എനിക്ക് വിചിത്രമായി തോന്നി. മറ്റ് ചിത്രശലഭങ്ങൾ നിഗൂഢമായ നിശബ്ദതയെ ഭേദിച്ച് പറന്നു നടക്കുന്നു.
കായൽ തീരത്ത് വിജനമായിരിക്കുന്ന വീടുകളും കാടുപിടിച്ച് നശിച്ചുകൊണ്ടിരിക്കുന്ന, പ്രതാപികളായ പൂർവികരുടെ വസതിയും! ആ ഗ്രാമത്തിലെ ജനങ്ങളിൽ പോലും ഭീതിയുണർത്തുന്ന ഒരു കാഴ്ചയാണത്!
വലിയ ചിത്രശലഭം പറഞ്ഞു :”കുട്ടികളെ ദയവായി നിശബ്ദരായിരിക്കു, പുഴ എന്താണ് പറയുന്നതെന്നു കേൾക്കാം”
ഒരു ചിത്രശലഭം ചോദിച്ചു : “എന്താണ് ഈ കായലിന് രണ്ടു നിറം? ഒരു ഭാഗം പനിനീർ പോലുള്ള വെള്ളവും മറ്റുഭാഗം കലങ്ങിയ വെള്ളവും ”
വലിയ ചിത്രശലഭം പറഞ്ഞു :”അതെ ഇവിടെ പുഴയും ആറും ഒന്നിച്ച് ചേരുന്നു”
ചിത്രശലഭം പറഞ്ഞു: ” ദേ,പുഴ സംസാരിക്കുന്നു! അവർ തമ്മിൽ ദേഷ്യപ്പെടുന്നു. നമുക്ക് അടുത്തുചെന്നു കേൾക്കാം നിങ്ങൾ ശബ്ദിക്കരുത്!”
പുഴ ആറിനോട് ചോദിക്കുന്നു:”നീ എന്തിനാണ് ഇവിടെ വന്നത്?”
കല്ലടയാറു പറഞ്ഞു :”ഞാൻ അനാദികാലം മുതൽ അഷ്ടമുടിക്കായലിനോട് ലയിച്ചാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. കുറെ വർഷങ്ങളായി മനുഷ്യർ എന്നിലെ മണൽവാരി ജലത്തിന്റെ സ്രോതസ്സും മറ്റും വറ്റിച്ചു കളഞ്ഞു. എൻറെ തീരത്ത് പച്ചപ്പുകൾപോലുമില്ല, പുത്തൻപണക്കാരുടെ വലിയ മാളികകൾ മാത്രം!”
പുഴ ചോദിച്ചു : ” ഇപ്പോൾ നീ ഇവിടെ?”
അത് മഴക്കാലത്ത് പലപ്പോഴും മഴ തകർത്തു പെയ്യുമ്പോൾ ഞാൻ പഴയതുപോലെ നിന്നിലേയ്ക്ക് ഒഴുകി ചേരും. ഇഷ്ടമുണ്ടായാലും ഇല്ലേലും. ഇവിടെ ഇപ്പോൾ വന്നത് ഈ ദേശത്ത് എന്നെ കാത്തിരിക്കുന്ന ഒരു പനിനീർ പുഷ്പത്തെ കാണാനാണ്”.
” കണ്ടോ അതിനെ?” കായൽ ചോദിച്ചു
” അതേ കണ്ടു ”
നിന്റെ ശാന്തമായ ജലത്തിൽ നക്ഷത്രങ്ങൾ പ്രതിഫലിക്കുന്നത് പോലെ അവളുടെ മുഖം എനിക്ക് കാണാം.
അതെ അതിരുകളില്ലാത്ത സ്നേഹം പ്രിയപ്പെട്ടവരെ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ അതിർവരുമ്പുകളില്ലാത്ത സ്നേഹം സ്നേഹമല്ലാതെ മറ്റൊന്നും കൊതിക്കുന്നില്ല.
അഷ്ടമുടിക്കായൽ മനസ്സിൽ പറഞ്ഞു, സ്നേഹം സാഗരത്തെ പോലെ അഗാധവും ആകാശത്തെ പോലെ വിശാലവുമാണെന്ന് ഞാനറിയുന്നു.
സ്നേഹം കൊണ്ട് മാത്രം മനസ്സിലാക്കാൻ കഴിയുന്ന രഹസ്യമാണ് സ്നേഹം. നന്മകൊണ്ടു മാത്രമേ അതിനെ സ്പർശിക്കാൻ കഴിയൂ.
About The Author
No related posts.