മലയാള മാസ കലണ്ടർ – ജയരാജ് മിത്ര

Facebook
Twitter
WhatsApp
Email

നമ്മളിന്ന് പൊതുവേ ഉപയോഗിക്കുന്ന കലണ്ടറിനെ ‘ഗ്രിഗോറിയൻ കലണ്ടർ’ എന്നാണ് പറയുക.
അതായത്, ഇന്ന് പ്രചാരത്തിലുള്ള ഇംഗ്ലീഷ് കലണ്ടർ.
‘കാലാന്തരം’ എന്ന വാക്കിൽനിന്നാണത്രേ കാലഗണനയ്ക്കായുള്ള ഇതിന്, ‘കലണ്ടർ’ എന്ന പേര് കിട്ടിയത്.
‘കലൻഡേ’ എന്ന വാക്കിൽനിന്നാണെന്നും പക്ഷമുണ്ട്.

അതായത്, ഇന്ന് കാണുന്ന കലണ്ടറിനും എത്രയോ കാലം മുമ്പ് ഈ കാലാന്തരഗണന ഭാരതത്തിൽ വളരെ ശാസ്ത്രീയമായിത്തന്നെ ഉണ്ടായിരുന്നു എന്നർത്ഥം.

ഭാരതത്തിലെ ആഴ്ചകളുടെ പേര് നോക്കൂ.
ഈ രാജ്യത്തെ ഏത് ഭാഷയിലെ വേണമെങ്കിലും എടുക്കാം.
അതിലെല്ലാം ഒരു പൊതു അർത്ഥം കാണാനാവും.
ഇംഗ്ലീഷിലുള്ള ആഴ്ച്ചപ്പേരിലും
ഈ അർത്ഥങ്ങൾ കടംകൊണ്ട പ്രതീതി കാണാം.

സംസ്കൃതത്തിൽ,
രവിവാസര : തൊട്ട് ശനിവാസര : വരെയുള്ളവയിലെ
ഞായറാഴ്ചയെ എടുത്തുനോക്കാം.

ഞായർ എന്നാൽ സൂര്യൻ.
ഹിന്ദിയിൽ രവിവാർ.
രവിയും സൂര്യൻ.
കന്നടയിൽ ഭാനുവാര.
ഭാനു എന്നതും സൂര്യൻ.
ഇനി ഇംഗ്ലീഷ് എടുത്താലോ….
സൺ ഡേ
സൺ എന്നാലും സൂര്യൻ.

തിങ്കൾ എന്നാൽ ചന്ദ്രൻ.
സോമൻ എന്നാലും ചന്ദ്രൻ.
മൂൺ എന്നാലും ചന്ദ്രൻ.
തിങ്കളാഴ്ച, സോമവാർ, മൂൺഡേ (ചുരുക്കി മൺഡേ )

ചൊവ്വയുടെ റ്റ്യൂസ് ഡേയും
ബുധൻ്റെ വെനസ് ഡേയും (മെർക്കുറി) പഴയ ഇംഗ്ലീഷിൽ തത്തുല്യ ഗ്രഹങ്ങൾക്കുള്ള പേരുകളാണ്.

ചൊവ്വാഴ്ച എന്ന് മലയാളം.
മംഗൾവാർ എന്ന് ഹിന്ദി.
മംഗലവാര എന്ന് കന്നട.

ബുധനാഴ്ച എന്ന് മലയാളം.
ബുധവാർ എന്ന് ഹിന്ദി .
പുതൻ എന്ന് തമിഴ്.

സാറ്റേൺ എന്ന ശനിയും
സാറ്റർഡേ എന്ന ശനിയാഴ്ചയും
ശുക്രൻ എന്ന വെള്ളിയും
ഗുരുവെന്ന വ്യാഴനും എല്ലാം ഒരുപോലെ!

എങ്ങനെ എടുത്താലും
ഏത് ഭാഷ എടുത്താലും
ഒരേ അർത്ഥം!

ഭാരതത്തിൻ്റെ ഈ കാലാന്തരഗണന പലരും പണ്ടേ കടംകൊണ്ടിട്ടുണ്ട് എന്ന് ഇതിൽനിന്നും മനസ്സിലാക്കാം.

ഇനി,
കൊല്ലവർഷം എന്നാൽ എന്താണെന്ന് നോക്കിയാലോ…..

ഇപ്പോൾ കൊല്ലവർഷം
1199 ആണ്.
ഉടൻ 1200 ആവും.

‘അപ്പോൾ, ഇംഗ്ലീഷ് വർഷമായ 2024 നും പുറകിലോ നമ്മൾ !’ എന്ന് തോന്നാം.
പലരും അങ്ങനെ ആണെന്ന് സമർത്ഥിക്കുകയും ചെയ്യും.
കാരണം,
ഭാരതം വളരെ മോശമാണല്ലോ അത്തരക്കാർക്ക്.
നമ്മൾ കാടൻമാർ ആയിരുന്നു എന്നാണല്ലോ സമർത്ഥിക്കാൻ നോക്കുന്നത്.

നമ്മൾ പണ്ട് ‘സപ്തർഷിവർഷം’ എന്ന കണക്കിലായിരുന്നത്രേ മാസവും കൊല്ലവും കണക്കാക്കിയിരുന്നത്.
കൊല്ലം തുറമുഖം ഒരു പ്രധാന വാണിജ്യകേന്ദ്രമായ കാലത്ത്, വിദേശകച്ചവടക്കാർക്ക് ഇവിടത്തെ തിയ്യതി കണക്കാക്കുന്നതിൽ വന്ന കൺഫ്യൂഷനേത്തുടർന്ന്, അന്നത്തെ വേണാട്ടുരാജാവ് AD 825-ൽ
ഓഗസ്റ്റ് 25 ന് തുടങ്ങിയതാണത്രേ കൊല്ലവർഷം.

ഈ പ്രത്യേകദിവസംതന്നെ എടുക്കാനും ഒരു കാരണമുണ്ട്.

ഭാരതത്തിൽ പൊതുവേ നിലനിന്നിരുന്നതായി പറയപ്പെടുന്ന ‘സപ്തർഷിവർഷം’ ,
നൂറ് കൊല്ലം കഴിഞ്ഞാൽ പിന്നെ,
ഒന്നിൽനിന്നും വീണ്ടും തുടങ്ങുന്ന രീതിയായിരുന്നു.

അതായത്, നൂറ് വർഷം ഒരാവർത്തി.
വീണ്ടും ഒന്നിൽനിന്ന് തുടങ്ങും.

അന്നത്തെ സപ്തർഷിവർഷം, ഒരാവർത്തിയായ നൂറ് തികഞ്ഞത്
ക്രിസ്തുവിന് പിമ്പ് ,
അതായത് AD 825 ഓഗസ്റ്റ് 25 ന് ആയിരുന്നു.
അതിനുമുമ്പ് അനേകം നൂറുകൾ കടന്നുപോന്നിട്ടുണ്ട്.
അപ്പോൾ, അപ്പോഴത്തെ ആ ഒരാവർത്തി തീരുന്ന അന്നത്തെ തിയ്യതി നോക്കി, പുതിയ സമ്പ്രദായമങ്ങ് തുടങ്ങി.

കൊല്ലവും വർഷവും ഒന്നുതന്നെ അല്ലേ?
പിന്നെന്താ ‘കൊല്ലവർഷം’ എന്ന് പേര് !?

കൊല്ലത്ത് വെച്ച് നടന്നയോഗത്തിലത്രേ പുതിയ വർഷഗണന തീരുമാനമായത്.
അതുകൊണ്ട് കൊല്ലവർഷം.

കൊല്ലവർഷം എന്ന പേരിൻ്റെ പുറകിൽ കൊല്ലം നഗരത്തിൻ്റെ പ്രാധാന്യമാണെന്നും;
കൊല്ലത്തുവെച്ചുണ്ടായ തീരുമാനത്താലാണെന്നും;
തലസ്ഥാനം കൊല്ലത്തേയ്ക്ക് മാറ്റിയതിനേത്തുടർന്നാണെന്നും ;
കൊല്ലത്തൊരു ശിവക്ഷേത്രം പണിതതിനേത്തുടർന്നാണെന്നും പലപല വാദങ്ങളുണ്ട്.

പേരിൻ്റെ കഥ എന്താണെങ്കിലും
2024 എന്ന ആധുനികകലണ്ടറിനും പുറകിലൊന്നുമല്ലാ ഈ 1199 എന്ന കൊല്ലവർഷം.

പുതിയ പേരും പുതിയ രീതിയുമായി തുടങ്ങിയിട്ട് 1199 കൊല്ലം കഴിയുന്നു….
1200 ലേയ്ക്ക് കടക്കുകയായി.

അതായത്,
നൂറ് വർഷം വീതമുള്ള സപ്തർഷിവർഷം അതിൻ്റെ പത്താമത്തെ ചക്രം ഒരു ഘട്ടമെത്തുന്നിടത്തുനിന്നാണ് കൊല്ലവർഷം തുടങ്ങുന്നത്.
ഈ കണക്ക് എടുത്താൽ ഏറ്റവും ചുരുങ്ങിയത് ഇപ്പോഴുള്ള ആധുനിക കലണ്ടറിനും ഒരായിരം കൊല്ലമെങ്കിലും മുമ്പ് നമ്മൾ ശാസ്ത്രീയമായിത്തന്നെ കലണ്ടർ ഉപയോഗിച്ചിരുന്നു എന്നർത്ഥം.

തഴമ്പിന് ബലം പോരാ എന്ന് തോന്നുന്നവർക്ക്,
‘കലിദിനം’ എന്ന കണക്കിലേയ്ക്കും പോകാം.

ശ്രീകൃഷ്ണൻ ശരീരം വെടിയുന്ന ദിവസമാണ് ദ്വാപരയുഗത്തിൻ്റെ അവസാനം.
അന്നുമുതലാണ് കലിയുഗത്തിൻ്റെ ആരംഭമായി കണക്കാക്കി, കലിദിനങ്ങൾ എണ്ണിത്തുടങ്ങിയത്.
അതായത്, ക്രിസ്തുവിന് മൂവായിരത്തി ഒരുനൂറ് വർഷങ്ങൾക്കും മുൻപ് കലിയുഗം ആരംഭിച്ചെന്ന് കണക്കുകൾ.

കലിവർഷം 3926-ൽ ആണ് കൊല്ലവർഷം തുടങ്ങിയത് എന്നു പറഞ്ഞാൽ, കലണ്ടറിലെ ഭാരതപാരമ്പര്യത്തിൻ്റെ ബലം മനസ്സിലാവും.

ആവാൻ പോകുന്ന കൊല്ലവർഷമായ 1200 നോട് 825 കൂട്ടിയാൽ ഇന്നത്തെ ആധുനിക കലണ്ടറിലെ വർഷം കിട്ടും.
അതായത്, ക്രിസ്തുവർഷം.

എന്നാൽ, കൊല്ലവർഷത്തോട് 3926 കൂട്ടിയാലാണ് കലിവർഷം കിട്ടുക !

1957 മുതൽ ഭാരതത്തിൻ്റെ ഔദ്യോഗിക കലണ്ടർ ശകവർഷമാണ്.

അധിവർഷമാണോ അല്ലയോ എന്നതിനനുസരിച്ച്
മാർച്ച് 21- നോ 22-നോ ശകവർഷം ആരംഭിക്കും.
ചൈത്രമാസമാണ് ആദ്യമാസം.
ഫാൽഗുനം അവസാനമാസവും.
ഇപ്പോൾ ശകവർഷം 1946 ആണ്.

വിരിപ്പുകൃഷി ഇറക്കുന്ന മേടത്തിൽ വിഷുവിന് മലയാള വർഷാരംഭം കണക്കാക്കിയിരുന്ന മലയാളി, വിളകൊയ്യലുമായി ബന്ധപ്പെട്ട ചിങ്ങത്തിലേയ്ക്ക് വർഷാരംഭം മാറ്റിയത്
ഈ കൊല്ലവർഷത്തേത്തുടർന്നാണത്രേ.
വടക്കൻകേരളത്തിൽ മേടവും
തെക്കൻകേരളത്തിൽ ചിങ്ങവുമായിരുന്നു വർഷാരംഭം എന്നും പറയുന്നുണ്ട്.

ചിങ്ങം എന്നത് മലയാളിക്ക് സ്വപ്നങ്ങളുടെ മാസം.

ഓണം എന്ന മനോഹര സങ്കൽപം കടന്നുവരുന്ന മാസം.

ശ്രാവണവും ഭാദ്രവും ഓണത്തെ തഴുകിനിൽക്കുന്ന ശകവർഷമാസങ്ങൾ.

തമിഴ് മാസം പറയുകയാണെങ്കിൽ; ആവണിമാസത്തിലാണ് നമ്മുടെ, ഏറെ സുന്ദരമായ ഓണക്കാലം .

നമ്മൾ വെറും ‘ബർത്ത് ഡേ’ മാത്രം ആഘോഷിച്ച്,
കേക്കുമുറിച്ച്, മദ്യപിച്ച്, ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ; അതിനായി ആധുനിക
കലണ്ടർമാത്രം മതിയാകും.

എന്നാൽ,
കല്യാണം, താലികെട്ട്, ഇരുപത്തിയെട്ട്, പേരിടൽ, ചോറൂണ്,പിറന്നാൾ, ശ്രാദ്ധം, സപ്തതി, പതിനെട്ടാംപെരുക്കം, ഇടവപ്പാതി, തിരുവാതിര ഞാറ്റുവേല , ശിവരാത്രി,വാവുബലി,
ഗ്രഹണം തുടങ്ങിയ ;
ഭാരതത്തിലെ, കവിതപോലുള്ള ജീവിതരീതിയുമായി ചേർന്നുപോകാൻ ആഗഹിക്കുന്നെങ്കിൽ…..
ദിവസവും തിഥിയും നാഴികയും വിനാഴികയും എല്ലാം പറഞ്ഞുതരുന്ന കൊല്ലവർഷംതന്നെ വേണമെന്ന് സാരം.

About The Author

Leave a Reply

Your email address will not be published. Required fields are marked *