apoorvangalil

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചെറുകഥകള്‍ – ജി.എന്‍. പണിക്കര്‍

Facebook
Twitter
WhatsApp
Email

മഴയനുഭവം


പത്തോളം വര്‍ഷത്തെ അടുപ്പവും സൗഹൃദവുമാണ് അഡ്വ. എ. നസീറയും ഞാനുമായുള്ളത്. നെടുമങ്ങാടുമായി ഇരുവര്‍ക്കുമുള്ള ബന്ധവും ഞങ്ങളുടെ സൗഹൃദത്തിന് അടിത്തറയായി. 1949 മുതല്‍ 1956 വരെ നെടുമങ്ങാടിനടുത്തുള്ള ആനാട്ട് താമസിച്ച എനിക്ക് കരകുളം സ്വദേശിയായ നെടുമങ്ങാട്ടെ കോടതികളില്‍ പ്രാക്ടീസ് നടത്തുന്ന അഡ്വ.എ. നസീറയോടു മനസ്സുകൊണ്ടൊരു അടുപ്പം തോന്നി ആദ്യം മുതല്‍ക്കേ. അവരുടെ ഭര്‍ത്താവായ നൗഷാദും എന്‍റെ സുഹൃത്തുതന്നെ. ഇതിനകം മൂന്നു നോവലുകള്‍ പ്രസിദ്ധീകരിച്ചു നസീറ. ‘സുറുമപുല്ലുകള്‍’ (2013) ‘ഹറാത്ത്’ (2014) ‘ഉച്ചാടനം’ (2021) എന്നിവ.
അഡ്വ. നസീറയുടെ ആദ്യ ചെറുകഥാ സമാഹാരമാണ് ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന ഈ പുസ്തകം.
2013-ല്‍ ‘സുറുമ പുല്ലുകളു’ടെ പ്രമുക്തി സമ്മേളനത്തില്‍ ആദ്ധ്യക്ഷ്യം വഹിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ഡോ. എം. രാജീവ്കുമാറിന്‍റെ ‘പരിധി ബുക്ക്സ്’ വഴി വന്ന അഡ്വ. നസീറയുടെ ആദ്യപുസ്തകം, അന്നു മുതലേ – സുറുമ പുല്ലുകള്‍ വായിച്ചപ്പോള്‍ തന്നെ – നസീറ എന്ന എഴുത്തുകാരിയുടെ അപൂര്‍വ്വത എനിക്ക് ബോധ്യമായി. നാട്ടിന്‍പുറത്തു ജനിച്ച ആമിന എന്ന കഥാപാത്രം പഴങ്കഥകളുടെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ വളര്‍ന്നുവന്നവളാണ്. ദാരിദ്ര്യത്താലും സ്വകാര്യദുഃഖങ്ങളാലും വിമ്മിട്ടപ്പെടുന്നുവെങ്കിലും മനുഷ്യരുടെ ഒരുമയെ സ്വപ്നം കാണുന്നവള്‍. സുറുമ പുല്ലുകള്‍ അവസാനിക്കുന്നത് ആമിനയുടെ അര്‍ത്ഥവത്തായ പ്രാര്‍ത്ഥനയോടെയാണ്:
“ഏകനായ പ്രപഞ്ചനാഥാ ! ആരാധനക്കര്‍ഹനായ നിന്നോട് ഞാന്‍ തേടുന്നു. നിന്‍റെ മുന്നില്‍ എല്ലാവരും സമന്‍മാരാണ്. ജാതിയോ മതമോ വര്‍ണ്ണമോ നിന്‍റെ മുന്നില്‍ ഒന്നുമല്ലെന്ന് ഞാന്‍ കരുതുന്നു. നന്‍മയും സത്യവും മനസ്സിലാക്കാത്ത മതപ്രവര്‍ത്തകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നല്ല ബുദ്ധി തോന്നണേ.”
കോടതികളുടെ പശ്ചാത്തലത്തില്‍ എഴുതിയതാണ് ‘ഹറാത്ത്’ (2014). ഹറാത്തില്‍ നിയമ വിധേയമല്ലാതെ -ജനിച്ച സെല്‍മ എന്ന പെണ്‍കുട്ടി പഠിച്ച് വക്കീലായി, സ്വന്തം അച്ഛനെപ്പോലെ ഹറാത്തില്‍ ജനിച്ചവള്‍ക്ക് പിതാവിന്‍റെ സ്വത്തിന് അവകാശമില്ലെന്ന നിലവിലെ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്ത് തന്‍റെ വിഹിതം നേടിയെങ്കിലും സ്നേഹമോ വാത്സല്യമോ ലഭിക്കാത്തവരില്‍ നിന്നും ആ വിഹിതം വേണ്ടെന്ന വാശിയോടെ അത് തിരസ്ക്കരിച്ച് തന്നെപ്പോലെ ിരാലംബരായവരോടൊപ്പം നടന്നുനീങ്ങുകയാണ് അഡ്വ.സെല്‍മ നോവലിന്‍റെ അവസാന പുറങ്ങളില്‍.
രണ്ടു മതക്കാരായ – മുസ്ലീമായ ബാപ്പയും ഹിന്ദുവായ അമ്മയും പരസ്പര സ്നേഹത്തിലൂടെ ജീവിത പങ്കാളികളായവര്‍ – മാതാപിതാക്കള്‍ക്ക് ജനിച്ച്, മതനിര

പേക്ഷ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന പൂജാബാനു എന്ന സഹോദരിയുടെ ദുരന്തമാണ് അഡ്വ. നസീറ ‘ഉച്ചാടന’ത്തില്‍ പറയുന്നത്. കടുത്ത യാഥാസ്ഥ്തികരുടെ വീട്ടിലാണ് മരുമകളായി അവള്‍ എത്തുന്നത്. ശരിക്കും മതാന്ധത എന്ന തടവറയിലേക്കുള്ള എത്തിച്ചേരല്‍. അവിടെ അവള്‍ തന്‍റെ വ്യക്തി സ്വാതന്ത്ര്യത്തിന്നായി നടത്തുന്ന ധീരശ്രമങ്ങള്‍ – വാക്കിലും പ്രവൃത്തിയിലും ആ കുടുംബത്തിന് ദഹിക്കാത്ത രീതിയില്‍ തന്നെയാണവള്‍ -സ്വാതന്ത്ര്യത്തിന്നായി മനുഷ്യര്‍ സ്വീകരിക്കാനിടയുള്ള സാഹസിക നീക്കങ്ങള്‍ തന്നെ. ഉള്ളില്‍ എരിയുന്ന തീയുണ്ടെങ്കില്‍ ഏതു മതവിലക്കുകളെയും എരിച്ചു കളയാന്‍ മനുഷ്യര്‍ക്കാവുമെന്നു തെളിയിക്കുന്നു പൂജാബാനു.
അഡ്വ. എ. നസീറയുടെ ‘ഉച്ചാടനം’ എന്ന നോവല്‍ നേരത്തേ വന്ന രണ്ടു നോവലുകളില്‍ നിന്നും തികച്ചും വ്യത്യസ്തവും കൂടുതല്‍ മെച്ചവുമായിരിക്കുന്നു.
മേല്‍പ്പറഞ്ഞ മൂന്നു നോവലുകളിലും തെളിഞ്ഞു നില്‍ക്കുന്ന പല സവിശേഷതകളും അഡ്വ. എ. നസീറയുടെ ആദ്യകഥാ സമാഹാരമായ ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന പുസ്തകത്തിലെ ഇരുപത്തൊന്നു ചെറുകഥകളിലും തിളങ്ങി നില്‍ക്കുന്നുണ്ട്.
ജിവിതത്തിലെ വ്യത്യസ്തങ്ങളും സങ്കീര്‍ണ്ണങ്ങളുമായ ലൈംഗികതയും, പലപ്പോഴും പ്രകോപനപരം കൂടിയായ മുഖങ്ങളും തുറന്നു തന്നെ ചിത്രീകരിക്കുന്നുണ്ട് നസീറ. ഹൃദ്യമായ ബിംബകല്പനകളാല്‍ ധന്യവുമാണ് തികച്ചും അപൂര്‍വ്വമായ ഈ ചെറുകഥകള്‍; അന്ധവും ക്രൂരവുമായ പുരുഷ മേധാവിത്വത്തിനെതിരായ സഹോദരിമാരുടെ ചെറുത്തു നില്പ് ഉയര്‍ത്തികാട്ടുന്ന കഥകള്‍.
ഒരു ആമുഖ ലേഖനത്തിന് ആകാവുന്ന ദൈര്‍ഘ്യത്തെക്കുറിച്ചുള്ള ധാരണ ഇവിടെ എന്‍റെ പരിമിതിയാണ്. എല്ലാ കഥകളെക്കുറിച്ചും പറയുന്നില്ലെങ്കിലും നസീറയുടെ പ്രത്യേകതകള്‍ സുവ്യക്തമാകുന്ന ഏതാനും കഥകളെപ്പറ്റി മാത്രമേ ഈ ആമുഖ പഠനം പരാമര്‍ശിക്കുന്നുള്ളൂ. ചെറുകഥാകൃത്തും വായനക്കാരും സദയം ക്ഷമിക്കുക.
ഈ സമാഹാരത്തിലെ ഏറ്റവും ചെറിയ കഥയാണ് ആദ്യമായി ചേര്‍ത്തിരിക്കുന്നത് – ‘കവിയും വേശ്യയും’ എന്ന ഒരൊറ്റ പേരു മാത്രമുള്ള കഥ. മുഖ്യമായും വേശ്യയും കവിയുമായുള്ള സംഭാഷണമാണ് ഒട്ടേറെ ധ്വനിപ്പിക്കുന്ന ഈ കഥ. വേശ്യയുടെ ചോദ്യവുമായാണ് കഥയുടെ തുടക്കം:
“താങ്കള്‍ അറിയപ്പെടുന്നൊരു കവി. എന്തിന് എന്നെ തേടിവന്നു”
അയാള്‍ പറഞ്ഞു :
“ഇപ്പോള്‍ നീ എന്‍റേതുമാത്രമാണ്.” ഈ ചുവന്നു തുടുത്ത ചുണ്ടുകള്‍, മിന്നിത്തിളങ്ങുന്ന ഈ കണ്ണുകള്‍, തടിച്ചുരുണ്ട നിതംബം – എല്ലാം എനിക്കു വേണ്ടിയാണ്.
ജനാലയിലൂടെ പുറത്തു കണ്ട റോസാപുഷ്പത്തെ ചൂണ്ടിക്കാട്ടി താന്‍ പതിതയായ കഥ രണ്ടു മൂന്നു വാക്യങ്ങളില്‍ ചുരുക്കിപ്പറഞ്ഞു അവള്‍. ആരൊക്കെ അവള്‍ക്കുണ്ടെന്ന കവിയുടെ ചോദ്യത്തിനുത്തരമായി അവള്‍ പറഞ്ഞു : സ്ത്രീധനം കൊടുക്കാനില്ലാത്തതുകൊണ്ട് അവളെ വിവാഹം ചെയ്തു കൊടുത്ത പടുവൃദ്ധന്‍ യുവതി
യായതിനാലും അതിസുന്ദരിയായതിനാലും അവളെ ഉപേക്ഷിച്ചുപോയി. പിന്നെ അയാള്‍ വാങ്ങികൊടുത്തിരുന്ന സുഗന്ധവും പൂശി രാത്രികളില്‍ വീടിനു പുറത്തിറങ്ങി തെരുവുനടപ്പുകാരിയായി താന്‍, അവള്‍ വ്യക്തമാക്കി. തന്നെ പൂര്‍ണ്ണമായും വേണമെന്നു പറഞ്ഞ കവിയോട് അവള്‍ ചോദിച്ചു :
“നിങ്ങളിനി എന്നാണു വരിക”
യാത്രയാവാന്‍ തുടങ്ങിയ അയാള്‍ മറുചോദ്യം ചോദിച്ചു :
“ഞാന്‍ ഇനി വരണോ ? ഒരു കവിക്കുവേണ്ടതു നീ തന്നില്ലേ.”
വേശ്യയുടേയും കവിയുടെയും പേരുകള്‍ പോലും പറയാത്ത കഥ. അതേസമയം ഇരുവരുടെയും ജീവിതത്തോടുള്ള സമീപനങ്ങള്‍ ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു. മാദകസുന്ദരിയായ തെരുവു നടപ്പുകാരി ജീവിതത്തിന്‍റെ എത്ര സങ്കീര്‍ണ്ണതകളാണ് ധ്വനിപ്പിക്കുന്നത്. കവിയുടെ ഹ്രസ്വമായ സംസാരവും സര്‍ഗ്ഗസൃഷ്ടിയുടെ ആന്തര സത്യങ്ങള്‍ എത്ര ഭംഗിയായാണ് സൂചിപ്പിക്കുന്നത്.
ഞായറാഴ്ചതോറും നടക്കുന്ന ‘പെണ്ണുകാണലി’ലെ മുഖ്യകഥാപാത്രമായ മുപ്പത്തിമൂന്നു വയസ്സുകാരി അവിവാഹിതയുടെ ദിവാസ്വപ്നങ്ങളാണ് ‘താലി’ എന്ന ഒരൊറ്റ പേജ് മാത്രമുള്ള കഥ. ഇതിലും നസീറയുടെ സ്വതന്ത്രവും വ്യതിരിക്തവുമായ ബിംബകല്പനകളുണ്ട്. ‘നാലഞ്ചു ദിവസമായി പ്രകൃതിക്ക് ആര്‍ത്തവം തുടങ്ങിയിട്ട്’ (മഴ തുടങ്ങിയതാണ് സൂചന). “മരപ്പൊടികൊണ്ട് മണിമാളിക കെട്ടിയവന്‍” (ദിവാസ്വപ്നക്കാരന്‍ – റമ്യ റൃലമാലൃ)
കഥാസമാഹാരത്തിന് ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്നാണ് പേരിട്ടിരിക്കുന്നത്. 2015-ലെ കമലാസുരയ്യാപുരസ്കാരം നേടിയ കഥയുടെ പേരുതന്നെ. അവിസ്മരണീയ മലയാള ചെറുകഥകളുടെ കര്‍ത്താവായ മാധവിക്കുട്ടിയെയും തികച്ചും മൗലികമായ ഇന്ത്യനിംഗ്ലീഷ് കവിതകള്‍ രചിച്ച കമലാദാസിനെയും ഓര്‍മ്മയിലെത്തിക്കുന്ന പുരസ്കാരവും ഗ്രന്ഥനാമവും. മേലാളന്‍മാര്‍ ദളിത സ്ത്രീകളോടു കാട്ടുന്ന ലൈംഗികതാണ്ഡവമാണ് ഈ കഥയിലുള്ളത്. ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ വിവാഹം നടത്തുന്ന മേലാളവര്‍ഗ്ഗത്തിനെ എതിര്‍ത്തതിനാണ് കഥാനായിക ചങ്ങലയാല്‍ ചുറ്റപ്പെട്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഭാര്യയെ അങ്ങേയറ്റം സ്നേഹിക്കുന്ന ഭര്‍ത്താവ് സാക്ഷിക്കൂട്ടില്‍ കയറി കൂറുമാറുകയും ഭാര്യയെ തള്ളിപ്പറയുകയും ചെയ്യുന്നത് മേലാളന്‍മാരോടുള്ള ഭയം ഒന്നുകൊണ്ടുമാത്രമാണ്. ഉന്നതകുലജാതര്‍ക്കനുകൂലമായി കോടതി വിധി പറയുമ്പോള്‍ ഒന്നാം സാക്ഷിയായ ചങ്ങലയിട്ടുനിന്ന ഭാര്യ നീതിപീഠത്തിലേക്കു കയറി ന്യായാധിപന്‍റെ കയ്യില്‍ നിന്ന് വിധിയെഴുതിയിരുന്ന കടലാസ് പിടിച്ചുവാങ്ങി കീറിയെറിയുകയാണ്. തിരികെ ഇറങ്ങുന്ന അവള്‍ അല്പം മുന്‍പ് കൂറ്മാറിയവനാണെങ്കിലും ഭര്‍ത്താവിന്‍റെ വിയര്‍പ്പ് തുടച്ചുകൊടുക്കുന്നു. നിമിഷങ്ങള്‍ക്കകം നടക്കുന്ന അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ സംഭവങ്ങളും കഥാസമാപ്തിയും. കഥാകൃത്ത് എല്ലാം കണ്ടും കേട്ടും അനുഭവിക്കുന്ന കോടതി ഹാളിലിരിക്കുന്ന ഒരു അഡ്വക്കേറ്റും.
ഇസ്ലാം മതാനുയായികള്‍ക്കിടയില്‍ നടന്നുവരുന്ന ഒരു വിവാഹ സമ്പ്രദായ

മാണ് പെണ്‍കുട്ടികളെ ചെറുപ്രായത്തിലേ പ്രായമേറെയുള്ള പുരുഷന്‍മാര്‍ക്ക് വിവാഹം ചെയ്തു കൊടുക്കല്‍. അതാണ് ‘മഹര്’ എന്ന കഥയില്‍ നാം കാണുന്നത്. പഠിത്തത്തില്‍ അളവറ്റ താത്പര്യമുള്ള സദാ താന്‍ പഠിക്കുന്ന പാഠഭാഗങ്ങള്‍ ഓര്‍ത്തു നടക്കുന്നവളാണ് മെഹ്റ. ശൈശവവിവാഹത്തെയും പര്‍ദ്ദാസമ്പ്രദായത്തെയും എല്ലാം രോഷത്തോടെ കാണുന്നവള്‍. ഗള്‍ഫിലായിരുന്ന ബാപ്പ അവളുടെ പഠിത്തം വഴിക്കു വച്ചു നിറുത്തി, തനിക്ക് ഗള്‍ഫില്‍ തുണയായ അറബിക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ, ബി.എയും ബി.എഡും ഒക്കെ പഠിച്ച് ടീച്ചറാവണമെന്ന് മോഹിച്ച അവളെ ആകെ തകര്‍ക്കുന്ന തീരുമാനം. അവള്‍ക്കായി അറബി കൊടുത്തയച്ച ‘ബുര്‍ഖ’ മുറ്റത്തെ ചെളിവെള്ളത്തില്‍ കിടക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. ബാപ്പയുടെ തീരുമാനത്തിനെതിരായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ മെഹ്റയുടെ ശക്തമായ പ്രതിഷേധത്തിന്‍റെ
സൂചന.
പുതിയൊരു ആഴ്ചപ്പതിപ്പിന് ചെറുകഥവേണമെന്ന ആവശ്യപ്പെടലിനെത്തുടര്‍ന്ന് കഥയെഴുതാനുള്ള ശ്രമം നടത്തുകയാണ് ‘നന്മ’ എന്ന ചെറുകഥയിലെ കഥാനായിക. ആരും പറയാത്തൊരു കഥതന്നെ എഴുതണമെന്നാഗ്രഹിക്കുകയാണ് കഥാകൃത്തുകൂടിയായ അവള്‍. നഗരത്തില്‍വെച്ച് ഒരു ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയില്‍ നിന്ന് വാങ്ങിയ കുടയ്ക്കുള്ള വില നല്‍കാന്‍ കഴിയാത്തതിലുള്ള കുറ്റബോധമുണ്ട് അവള്‍ക്ക്. റോഡുവക്കില്‍ കച്ചവടം നടത്തിയിരുന്ന ഉത്തരേന്ത്യന്‍ പെണ്‍കുട്ടികളെ പോലീസ് വിരട്ടിയോടിച്ചപ്പോള്‍ കഥാനായികയായ കഥാകാരി കുട നല്‍കിയ പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കവേ ഏതോ വാഹനമിടിച്ച് മരിച്ചുവീഴുന്നതു കാണുന്നു: കുടുംബാംഗങ്ങളുമായി ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കഥാകാരിയുടെ ശ്രദ്ധ പിടിച്ച്പറ്റുകയാണ്, കോളേജ് വിദ്യാര്‍ത്ഥിനികളെപ്പോലെ ഡ്രസ്സ് ചെയ്ത് സദാ മൊബൈലില്‍ സംസാരിക്കുന്ന, ഒടുവില്‍ ഒരു രാഷ്ട്രീയ നേതാവിന്‍റെ കാറില്‍ കയറിപ്പോരുന്ന ഒരു നാല്പതുകാരി. ആ സ്ത്രീയെ കഥാ ബീജമായി സ്വീകരിച്ചാലോ എന്നു ചിന്തിക്കുന്നു കഥാകാരി. ഏറെനാളുകള്‍ക്കുശേഷം നാട്ടിന്‍പുറത്തെ തറവാട്ടിലെത്തുമ്പോള്‍ കഥാകാരി താന്‍ കുടവാങ്ങിയ, തന്‍റെ കണ്‍മുന്നില്‍ വന്ന് കാറ് കയറി മരിച്ച ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയെ ഓര്‍ത്തു. കുട നിവരുന്നതായി തോന്നിയപ്പോള്‍ റോഡരികില്‍ മരിച്ച പെണ്‍കുട്ടിയുടെ പ്രേതമാണോ എന്നു വിചാരിച്ച് ആകുലപ്പെടുന്നു. കുടയ്ക്കുള്ളില്‍ നിന്ന് ഒരു പാമ്പ് ഇഴഞ്ഞിറങ്ങുമ്പോള്‍ കഥാകാരി ഭയന്നു നിലവിളിക്കുന്നു. അവളുടെ അലര്‍ച്ച കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി. കഥാകാരിയില്‍ നിന്നകന്നു നിന്നിരുന്നവരാണവരെങ്കിലും അവര്‍ പാമ്പിനെ തല്ലികൊല്ലുന്നു. നന്മയുടെ പ്രതീകങ്ങളാണ് അയല്‍ വീട്ടിലെ നിലവിളികേട്ട്, ജാതി-മത-രാഷ്ട്രീയ-പ്രാദേശിക ചിന്തകളെല്ലാം ഉപേക്ഷിച്ച് ഓടിയെത്തിയ ആ നാട്ടിന്‍പുറത്തുകാര്‍. കഥാകാരി അരമണിക്കൂറിനകം പുതിയ കഥയെഴുതിത്തീര്‍ത്തു. നാട്ടുകാര്‍ക്ക് തന്നോട് അസൂയയുണ്ടെന്ന് തോന്നിയിരുന്ന കഥാകാരിതന്നെയാണ് ആ കഥയിലെ വില്ലന്‍ കഥാപാത്രം !
തികച്ചും വ്യത്യസ്തവും ചിന്തോദ്ദീപകവുമായ കഥയാണ് ‘അത് സംഭവവം.’ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ രാവിലെ പത്തരമണിയ്ക്ക് എണ്ണിയാലൊടുങ്ങാത്ത വാഹനങ്ങള്‍ ഞെരുങ്ങിനീങ്ങുന്ന റോഡിനരികില്‍ തന്‍റെ കാറുമായി

നില്‍ക്കുകയാണ് കഥാകാരി. സ്വന്തം കഥതന്നെ പറയുന്ന മട്ടിലാണ് കഥ രചിച്ചിരിക്കുന്നത്. മുമ്പില്‍ കാണുന്ന ദൃശ്യങ്ങള്‍ – റോഡിലെ വാഹനത്തിരക്കും മറ്റും – കഥാകാരിയിലെ സാമൂഹിക വിമര്‍ശകയെ പുറത്തുകൊണ്ടുവരുന്നു. പുരുഷമേധാവിത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന, താന്‍ പുരുഷനും ഭര്‍ത്താവുമാണെന്ന മേല്‍ക്കോയ്മയില്‍ ഉറച്ച വിശ്വാസമുള്ള ഭര്‍ത്താവ്. അതിയാന്‍റെ ഫോണ്‍കാള്‍ വരുമ്പോള്‍ തന്‍റെ മൊബൈലില്‍ സംഗീതം കേള്‍ക്കത്തക്കവിധം ചിട്ടപ്പെടുത്തി വച്ചിട്ടുണ്ട് കഥാകാരി. നേരിട്ടുള്ള വിളിയിലും പറച്ചിലിലും ധാര്‍ഷ്ട്യം നിറഞ്ഞ പരുഷശബ്ദത്തില്‍ മാത്രം അനുഭവപ്പെടുന്നവനാണ് ഭര്‍ത്താവ്. കഥ നടക്കുന്ന ദിവസം രാവിലെ ഭര്‍ത്താവ് തന്‍റെ ‘അത്’ കാണുന്നില്ലെന്ന് ആക്രോശിച്ചിരുന്നു. കാര്യസാധ്യത്തിനായി ഇടതു കൈതോളില്‍ കെട്ടുന്ന, പള്ളിയിലെ വലിയ തങ്ങള്‍ എവിടെ നിന്നോ വരുത്തി ജപിച്ചു നല്‍കിയ ചരട്. വീട്ടിനുള്ളിലെയും പുറത്തെയും ഭര്‍ത്താവിന്‍റെ പെരുമാറ്റം ഭാര്യയെ തന്‍റെ അടിമയെപ്പോലെ കണ്ടുള്ള രീതിയിലാണ്. കഥാകാരിയാണെങ്കില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന തികഞ്ഞ മാന്യയും. എല്ലാം തികഞ്ഞ മഹാപുരുഷനാണ് താനെന്ന് ചിന്തയിലും വാക്കിലും പ്രവ്യത്തിയിലും നിരന്തരം വീമ്പിളക്കുന്ന ഭര്‍ത്താവും. കഥാകാരിയുടെ നര്‍മ്മവും പരിഹാസവും നിറഞ്ഞുനില്‍പുണ്ട് കഥയില്‍. മൊബൈലില്‍ ഭര്‍ത്താവിന്‍റെ ശബ്ദം.
“എടീ നീയിന്ന് ആപ്പീസിലും കൂപ്പീസിലും ഒന്നും പോണ്ട. എത്ര ലക്ഷം കിട്ടാനുള്ളതെന്നറിയാമോ ? വേഗം വന്ന് തപ്പിയെട്.”
കച്ചവടക്കാരന്‍, ബില്‍ഡര്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ വിരാജിക്കുന്ന എം.ബി.എക്കാരന്‍ ഭര്‍ത്താവിന്‍റെ ആജ്ഞകേട്ട് വീട്ടില്‍ തിരിച്ചെത്തുന്ന കഥാകാരി വീട്ടിലെ വിവിധ മുറികളില്‍ കാണുന്നത് എല്ലാ സാധനങ്ങളും വാരിവലിച്ചെറിഞ്ഞിരിക്കുന്നതാണ്. കരുമ്പുവിളയില്‍ ആന കയറിയാലുള്ള ദുഃസ്ഥിതിതന്നെ. വല്ല ഗുണ്ടകളും വീട് കയറി നടത്തിയ ആക്രമണമാണോ എന്നു ശങ്കിക്കുക വരെ ചെയ്തു  കഥാകാരി. മിക്സിയില്‍ പൊടിച്ചെടുത്തു സൂക്ഷിച്ചിരുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, അരിപ്പൊടി തുടങ്ങിയവ ചിതറിക്കിടന്ന് പാചകശാല ഒരു യാഗശാല പോലെ കാണപ്പെട്ടു. സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ മകന്‍ – അവനും പുരുഷനാണല്ലോ – പുസ്തകങ്ങളും യൂണിഫോമും ഷൂസും സോക്സുമൊക്കെ പലയിടത്തായി വലിച്ചെറിഞ്ഞു അതീവക്ഷമയോടെ കഥാകാരി എല്ലാ മുറികളിലും കയറി സാധനങ്ങളൊക്കെ ഒതുക്കിയും ചിട്ടപ്പെടുത്തിയും വച്ചു കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവ് കാറില്‍ മടങ്ങിയെത്തിയത്. ഭാര്യ ചോദിച്ചു :
“നിങ്ങളുടെ അതു കിട്ടിയോ ? എവിടെ കിടന്നു.”
“എന്നും ഇരിക്കണടത്ത്”
വീട്ടിലെ എല്ലാ മുറികളിലെയും സാധനസാമഗ്രികളെയെല്ലാം വലിച്ചെറിഞ്ഞ ഭര്‍ത്താവിനോടുള്ള അടക്കാനാവാത്ത ദേഷ്യത്തോടെ ഭര്‍ത്താവിന്‍റെ ഇടതു കയ്യിലെ ‘അതി’നെ വലിച്ച് പറിച്ചെടുക്കുവാന്‍ ശ്രമിക്കുകയാണ് ഭാര്യ. ബലമായി പിടിച്ചെടുത്ത നൂലിനെ വലിച്ചുപൊട്ടിച്ച് പുറത്തേയ്ക്കെറിഞ്ഞു അവള്‍.

“രേഖപ്പെടുത്താത്ത സത്യങ്ങള്‍’ ഈ സാമാഹാരത്തിലെ മികവുറ്റ കഥകളിലൊന്നുതന്നെ. ഇതിവൃത്തത്തിന്‍റെ കാര്യത്തിലും ആവിഷ്ക്കരണരീതിയിലും വ്യത്യസ്ത പശ്ചാത്തലങ്ങളുടെ സൃഷ്ടിയിലും ഇത് ഏറെ വ്യത്യസ്തം; കേമവും.
ചുരം കയറിയെത്തുന്ന വനഭൂമിയിലെ പത്തേക്കര്‍ വിസ്തൃതിയുള്ള കാപ്പിതോട്ടത്തിന്‍റെ ചുമതലയുമായി ഒറ്റയാന്‍കുന്നില്‍ വസിക്കുന്ന നിരക്ഷരരായ ചെറുക്കനും ഭാര്യ ചേയിയും. തോട്ടത്തിന്‍റെ ഉടമയായ മുതലാളി ഇടക്കിടെ ജീപ്പിലെത്തും, തന്‍റെ എസ്റ്റേറ്റിലെ വിഭവങ്ങള്‍ കൊണ്ടുപോകാനായി. ചേയിയ്ക്ക് ഒരാഗ്രഹം – പൂതി – ഉണ്ട് കടല് കാണണം. മറ്റു ചില കഥകളിലെന്നപോലെ ഈ കഥയിലും പ്രാദേശിക ഭാഷ – എസ്റ്റേറ്റു തൊഴിലാളികളുടെ സംഭാഷണ ഭാഷ തന്നെ – ഉപയോഗിച്ചിരിക്കുന്നു നസീറ. ആഗ്രഹത്തിനു പകരം ‘പൂതി’ മുതലാളിക്കു പകരം ‘മോലാളി’, സമാധാനത്തിനു പകരം ‘തമാധാനം’ തുടങ്ങിയ നിരവധി ഉദാഹരണങ്ങളുണ്ട്. ചേയിക്കുള്ള ഏക കൂട്ടുകാരി മയില്‍ പെണ്ണാണ്. ചേയി തന്‍റെ മകളായിതന്നെ കരുതുന്നു ആ പെണ്‍മയിലിനെ. പിറക്കാന്‍ പോകുന്ന കുട്ടിക്കു വെള്ളിയരഞ്ഞാണം ഉണ്ടാക്കണം. മുതലാളിയുടെ ഭാര്യ ഒരിക്കല്‍ ഉടുത്തു കണ്ടപോലുള്ള സാരി വാങ്ങണം – ഇങ്ങനെ പല ആഗ്രഹങ്ങളുമായി ചേയി മഞ്ചാടി മരത്തിന്‍റെ ചുവട്ടില്‍ തങ്ങളുടെ സമ്പാദ്യം – ശമ്പളപ്പണവും മറ്റും – കുഴിച്ചിട്ടുപോന്നു. ചേയിയുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി മുതലാളിയുടെ ജീപ്പില്‍ കാപ്പിക്കുരു ചാക്കുകള്‍ക്കൊപ്പം പട്ടണത്തിലേയ്ക്ക് യാത്രയാവുകയാണ് അവളും ഭര്‍ത്താവും. അവരുടെ സമ്പാദ്യമായ തുകയില്‍ നിന്ന് കറന്‍സിനോട്ടുകള്‍ മുതലാളി വാങ്ങുന്നു. പെട്രോളടിക്കാനും ടയര്‍വാങ്ങാനും മറ്റും. നോട്ടുറദ്ദാക്കലിന്‍റെ (ഉലാീിലശേമെശേീി) ഫലമായി അസാധുവായ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ എന്നു പറഞ്ഞാണ് അവരുടെ സമ്പാദ്യത്തിന്‍റെ സിംഹഭാഗവും മുതലാളി കൈക്കലാക്കുന്നത്. ഒടുവില്‍ പട്ടണത്തിലെത്തിയപ്പോള്‍ ചെറുക്കനെയും ചേയിയേയും വിട്ടിട്ട് മുതലാളി ജീപ്പോടിച്ചുപോകുന്നു. പട്ടണത്തില്‍ തികച്ചും അപരിഷ്കൃത വേഷത്തില്‍ നടക്കുന്ന ആ ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്കുണ്ടാകുന്ന തിക്താനുഭവങ്ങള്‍ ഹൃദയഭേദകമാണ്. കുടിക്കാന്‍ വെള്ളം വാങ്ങാന്‍ തുനിയുമ്പോഴും ബസ്സില്‍ കയറുമ്പോഴുമൊക്കെ അവരെ പട്ടണത്തിലെ പരിഷ്കാരികള്‍ കാണുന്നത് പുച്ഛത്തോടെയാണ്. വനവാസികളുടെ നിഷ്കളങ്കതയും പട്ടണവാസികളുടെ മനുഷ്യത്വഹീനമായ പെരുമാറ്റവുമൊക്കെ നസീറ അസൂയാര്‍ഹമാംവിധം ചിത്രീകരിച്ചിരിക്കുന്നു. പലപ്പോഴും അവര്‍ അത് ധ്വനിപ്പിക്കുകയാണ്.
ജന്തുസ്നേഹിയെന്ന് വീമ്പുകാട്ടുന്ന ജെന്നിഫറും അവളുടെ സുഹൃത്തുക്കളും നായ്ക്കള്‍ക്കായി നടത്തുന്ന സമരത്തിന്‍റെ കഥയാണ് ‘നായ്സമരം’. മനുഷ്യരും പട്ടികളും ഒന്നിച്ചു നടത്തുന്ന സമരം. മുട്ടൂന്നി പട്ടികളെപ്പോലെ നില്‍ക്കുന്ന സമരക്കാരും അവരോടൊപ്പം ചേരുന്ന നായ്ക്കളും ഇതോടൊപ്പം ജെന്നിഫറിന്‍റെ കൊച്ചുകുഞ്ഞിന്‍റെ രോഗാവസ്ഥയും അവളുടെയും ഭര്‍ത്താവായ ഡോക്ടറുടെയും ശ്രദ്ധ വേണ്ടത്ര കിട്ടാതെ ആ കുഞ്ഞ് മരിക്കുന്നതും നമ്മെ ദുഃഖിതരാക്കും. ഇതിവൃത്തത്തിന്‍റെ കാര്യത്തിലും രചനാരീതിയിലും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ കഥ ചെറുകഥാകൃത്തെന്ന നിലയില്‍ നസീറയ്ക്കുള്ള അതുല്യത സ്പഷ്ടമാക്കുന്നു.
‘ചാരക്കൂനയില്‍ കുതിര്‍ന്നലിഞ്ഞ മോഹം’ ഒരു ദരിദ്രകുടുംബത്തിലെ സ്കൂള്‍

വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ കഥയാണ്. തന്‍റെ ക്ലാസിലെ സുന്ദരിയായ പെണ്‍കുട്ടി ധരിച്ചുകണ്ട ചെരുപ്പുകള്‍ തനിയ്ക്കും വാങ്ങണമെന്ന മോഹമുണ്ടായി നഗ്നപാദയായി നടന്നിരുന്ന അവള്‍ക്ക്. ഉമ്മ ചുട്ടുനല്‍കുന്ന ദോശകളും മറ്റും വീടുകള്‍ തോറും കയറി വിറ്റുനടക്കുന്ന വില്പനക്കാരിയാണവള്‍. പട്ടാളക്കാരനായിരുന്ന ബാപ്പ പലപ്പോഴും സഹപട്ടാളക്കാര്‍പോലുമറിയാതെ നാട്ടില്‍ പതിവായി എത്തിയിരുന്നതുകൊണ്ട് ‘ഒളിച്ചോടി പട്ടാളം’ എന്ന പേരിലും അറിയപ്പെട്ടു. കുടുംബത്തിലെ ദാരിദ്ര്യം അസഹ്യമായപ്പോഴാണ് നമ്മുടെ കഥാനായിക “കുട്ടിത്തൊഴിലില്‍” ഏര്‍പ്പെട്ടു തുടങ്ങിയത്. ഉമ്മ കമ്മീഷനായി നല്‍കുന്ന നാണയങ്ങള്‍ ഒത്തുവെച്ച് പതിനഞ്ചു രൂപയാക്കാനാണ് കഥാനായികയുടെ തീവ്രശ്രമം. പെട്ടെന്നുണ്ടായ മഴ ഉമ്മയെയും മകളെയും ധര്‍മ്മസങ്കടത്തിലാക്കി. എങ്കിലും കഥാനായികയായ പെണ്‍കുട്ടി പതിവുപോലെ ദോശകള്‍ നിറച്ച വട്ടിയുമായി ഇറങ്ങി. തന്‍റെ കൂട്ടുകാരി സുമിയയുടെ വീട്ടിലെത്തിയപ്പോള്‍ മഴ നിമിത്തം അവള്‍ക്ക് തുടര്‍ന്ന് നടക്കാന്‍വയ്യെന്ന സ്ഥിതി വന്നു. തോട്ടിലെ കമുകിന്‍പാലം പോലും വെള്ളത്തിനടിയിലായി. തണുത്തു വിറച്ച അവളെ സുമിയയുടെ ഉമ്മ ചൂട് കട്ടന്‍ചായ കൊടുത്തും തലതോര്‍ത്താന്‍ തുണി നല്‍കിയും ഒക്കെ തുണച്ചു. പേമാരിയില്‍ മകള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാന്‍ ഭയാധീനയായ ഉമ്മ എത്തുകയാണ്. ഇതിനകം വട്ടിയ്ക്കകത്തുവച്ചിരുന്ന ദോശകള്‍ നനഞ്ഞ് തുണ്ടുതുണ്ടുകളായി കഴിഞ്ഞിരുന്നു. ഉമ്മ മകളെ നിറഞ്ഞൊഴുകിയ തോട്ടിലൂടെ കൈപിടിച്ച് കടത്തി. മഴയില്‍ വീടെത്തുന്നു. അവള്‍ തന്‍റെ സമ്പാദ്യം സൂക്ഷിച്ചിരുന്നത് വീട്ടിലെ എരുത്തിലിലെ കുഴിയിലാണ്. മഴയിലും കാറ്റിലും എരുത്തില്‍ നിലം പതിച്ചിരുന്നു. കഥ അവസാനിക്കുന്നത് അവളുടെ ചിന്തകളുമായാണ്: തുടര്‍ന്നുള്ള ഒരാഴ്ച പായയില്‍ ചുരുണ്ടുകിടന്നപ്പോഴും ചുവന്ന സ്ട്രാപ്പുള്ള പാദരക്ഷകള്‍ അണിയുവാനുള്ള മോഹം കൂടുതല്‍ കൂടുതല്‍ പനിച്ചുകൊണ്ടിരുന്നപ്പോഴും ആ ചോദ്യം മുന്നില്‍ വിറച്ചുനിന്നു. ചാരക്കൂനയില്‍ എന്‍റെ നാണയങ്ങള്‍ ഭദ്രമാണോ ?
അഡ്വ. എ. നസീറ ഒടുവിലെഴുതിയ മൂന്നു കഥകളിലൊന്നാണ് ‘രണ്ടു ഹര്‍ജികള്‍’. മരങ്ങളാണ് – രണ്ടു ഹര്‍ജികളും കോടതിക്ക് നല്‍കുന്നത്. ഒരു ഇലവു മരവും ഒരു ചന്ദനമരവും. റോഡുവക്കില്‍ ജരാനര ബാധിച്ച് അവശനിലയില്‍ നില്‍ക്കുന്ന ഇലവു മരത്തിന്‍റെ ഉല്‍ക്കണ്ഠ ഇതാണ് ? ആര്‍ക്കും വേണ്ടാതായ താന്‍ മറിഞ്ഞു വീണ് റോഡിലൂടെ പോകുന്ന ആര്‍ക്കെങ്കിലും ജീവഹാനി സംഭവിക്കുമെന്ന ഭയം. അതുകൊണ്ട് തനിക്ക് ദയാവധം (ങലൃര്യ ഗശഹഹശിഴ) അനുവദിക്കണമെന്നാണ് ഇലവുമരം ന്യായാധിപനോട് അപേക്ഷിക്കുന്നത്. തന്നെ ആരെങ്കിലും മോഷ്ടിച്ചുകൊണ്ട്  (രായ്ക്ക്രാമാനം മുറിച്ചുകൊണ്ട്) പോകുമെന്ന പ്രധാന ഭയമാണ് ചന്ദനമരത്തെ നിരന്തരം അലട്ടുന്നത്. തനിക്ക് സംരക്ഷം നല്‍കുമെന്ന വിധിയുണ്ടാവണമെന്നാണ് ചന്ദനമരത്തിന്‍റെ ഹര്‍ജി. രണ്ടു കഥകളിലും മരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും ആ മരങ്ങളുടെ ഭയത്തിനുകാരണം മനുഷ്യര്‍ തന്നെ. മനുഷ്യരുടെ സ്വാര്‍ത്ഥ ചിന്തകള്‍ തന്നെ. അവരുടെ കള്ളത്തരങ്ങള്‍ തന്നെ.
നിലമ്പൂരിലെ സെയ്റാനയും തിരുവനന്തപുരത്തെ നസീറയും നിലമ്പൂരില്‍ വച്ചുണ്ടാവുന്ന കണ്ടുമുട്ടലും ഫോണ്‍ സംഭാഷണങ്ങളുമാണ് ‘പുയ്യാപ്ല സത്ക്കാരം’ എന്ന കഥ. നിലമ്പൂര്‍ ഗ്രാമ ഭാഷയും തുരിവനന്തപുരം ഭാഷയും ഇടകലര്‍ന്നു വരുന്ന കഥ

യുടെ അന്തര്‍ഭാഗമെന്നു പറയാവുന്നത് മുസ്ലീങ്ങള്‍ക്കിടയില്‍ വ്യാപകമായി നടന്നുവരുന്ന ബാലികാവിവാഹമാണ്. ചെറിയൊരു പെണ്‍കുട്ടിയായിരുന്നപ്പോഴെ വിധവയായ അമ്പതുകഴിഞ്ഞ ഒരു മുസ്ലീം സ്ത്രീ പുനര്‍വിവാഹത്തിനു തുനിയുന്നുണ്ട.് ഈ കഥയില്‍ – നിലമ്പൂരില്‍ ഇത് സാധാരണമാണത്രെ. ആണ്‍കുട്ടികള്‍ക്കെന്നപോലെ പെണ്‍കുട്ടികള്‍ക്കും ഇരുപത്തൊന്നു വയസ്സായാലെ വിവാഹം നടത്താവൂ എന്നു തുറന്നു പറയുന്നുണ്ട് സെയ്റാന. തന്‍റെ മോള്‍ക്ക് സ്വന്തമായൊരു ജോലി കൂടി ആയിട്ടു മതി വിവാഹം എന്നും പറയുന്നുണ്ട് അവള്‍.
എന്തൊക്കെയാണ് ഈ അസാധാരാണ ചെറുകഥകളുടെ സവിശേഷതകള്‍ ? നമ്മെ നിരന്തരം ആകര്‍ഷിക്കുന്നത് ഇവയിലെ സ്ത്രീകഥാപാത്രങ്ങളുടെ സ്വന്തം ഇച്ഛകള്‍ തുറന്നുപറയാനുള്ള ചങ്കൂറ്റമാണ്; അവരെ ചൊല്പടിക്ക് അടിമകളെന്നപോലെ നിറുത്താനുള്ള പുരുഷന്‍മാരുടെ ഹീനമായ ധാര്‍ഷ്ട്യവും. ഭാര്യയെ തരംതാഴ്ത്തികെട്ടാനുള്ള ഏതൊരവസരവും നഷ്ടപ്പെടുത്താതിരിക്കുന്നതില്‍ പുരുഷന്‍ വിജയിക്കുമെന്നു ചിന്തിക്കുന്നു. ‘കാഴ്ച’ എന്ന കഥയിലെ നേത്രരോഗ ബാധിതയായ ഭാര്യ; സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ചരിത്രപഠനത്തില്‍ അതീവ തല്‍പരയും പഠിച്ച്, പഠിച്ച് ബി.എയും ബി.എഡും ഒക്കെ ജയിച്ച് ടീച്ചറാവണമെന്ന് ആഗ്രഹിക്കുന്നവളുമായ ‘മഹര്’ എന്ന കഥയിലെ ‘മെഹ്റ; ആരും പറയാത്ത ഒരു കഥ എഴുതണമെന്ന് തീരുമാനിക്കുന്ന സ്ത്രീവിമോചനത്തിനു വേണ്ടി നിരന്തരം ശബ്ദിക്കുന്ന ‘നന്മ’യിലെ കഥാകൃത്തായ കഥാനായിക; തല കുമ്പിട്ടു നടക്കുന്നതാണ് പെണ്ണിന് ഐശ്വര്യം നല്‍കുകയെന്ന പൊതുവിശ്വാസത്തെ അവഗണിച്ച് തലയുയര്‍ത്തി നടക്കുന്ന, എല്ലാം തികഞ്ഞ മഹാപുരുഷനായ ഭര്‍ത്താവ് ഭാര്യയെ പുച്ഛിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതിനെതിരായി, സ്ത്രീപക്ഷ കാഴ്ചപ്പാടോടെ  ഭര്‍ത്താവിനെ ധീരമായി നേരിട്ട്, കാര്യസാധ്യത്തിനായി ഇടതുതോളില്‍ കെട്ടിയിരിക്കുന്ന ‘വിശുദ്ധ’ നൂലിനെ വലിച്ചുപൊട്ടിച്ചെറിയുന്നു ‘അത് സംഭവം’ എന്ന നര്‍മ്മവും പരിഹാസവും കലര്‍ന്ന കഥയിലെ നായിക; മദ്യത്തിന്‍റെ ലഹരിയില്‍ ഭാര്യയുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും നിഷേധിച്ച നിയമബിരുദധാരിയായ ഭാര്യ വക്കീല്‍ പണി ചെയ്യണ്ട എന്ന് ഉത്തരവിട്ട ഭര്‍ത്താവ്, രോഗബാധിതനായി കിടക്കുമ്പോള്‍ തന്‍റെ വൃക്കകളിലൊന്ന് ദാനം ചെയ്ത് അയാളെ അകാലചരമത്തില്‍ നിന്നു രക്ഷിക്കുന്ന ‘കുമ്പസാരം’ എന്ന കഥയിലെ നായിക. ഇങ്ങനെ സ്ത്രീപക്ഷപാതികളും പുരുഷമേധാവിത്വത്തിനെതിരായി ശബ്ദിക്കാനുള്ള ചങ്കൂറ്റത്തൊടൊപ്പം വേദനിക്കുന്നവനോട് സഹതപിക്കാനും കഴിവുള്ള നായികമാരെയാണ് നസീറ ഈ സമാഹാരത്തിലെ മിക്ക കഥകളിലും കൊണ്ടുവന്നിട്ടുള്ളത്.
പലപ്പോഴും കഥാപാത്രങ്ങളുടെ പേര് പറയാതിരിക്കുക, സദാ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുക, സംഭവങ്ങളുടെ നാടകീയമായ ക്രമപ്പെടുത്തല്‍, പ്രകൃതിയുമായി പ്രപഞ്ചവുമായി കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന ആത്മബന്ധങ്ങള്‍ കാവ്യമധുരമായി വിവരിക്കുക (ചെടികളെയും മറ്റും ജീവനുള്ള മനുഷ്യരെപ്പോലെയാണ് നസീറ കാണുന്നത്) തുടങ്ങിയ സവിശേഷതകള്‍ നിറഞ്ഞ ഈ കഥകള്‍ മിക്കവയിലും കഥാകൃത്തിന്‍റെ ആത്മാംശം ഉള്ളതായി അനുഭവപ്പെടും. ചുറ്റും നടക്കുന്നതെന്തും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന, പത്രറിപ്പോര്‍ട്ടുകള്‍ക്കു പിന്നിലെ മനുഷ്യരുടെ – തനിക്ക് നേരിട്ട് അറിഞ്ഞുകൂടാത്തവരുടെ

– തേക്കങ്ങള്‍ പോലും കേള്‍ക്കുന്ന കഥാകൃത്തുതന്നെ നസീറ.
തികച്ചും വ്യത്യസ്തമായ ചെറുകഥയാണ് രാഷ്ട്രീയ മാനങ്ങളുള്ള
‘ആചാര്യ സംഹിത’. ബഹുകക്ഷി ജനാധിപത്യത്തിലായാലും കരുത്താര്‍ജ്ജിക്കുന്ന ഫാഷിസ്റ്റ് കക്ഷികള്‍ രൂപം നല്‍കാനിടയുള്ള ‘സമാന്തര സര്‍ക്കാര്‍’ യാഥാര്‍ത്ഥ്യമാകുന്നത് കാണിച്ചു തരുകയാണ് നസീറ. ജനറല്‍ ഡയറിനെയും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെയും ഓര്‍മ്മയിലെത്തിക്കുന്ന ഒരൊറ്റ ഗേറ്റുമാത്രമുള്ള മൈതാനമാണ് പശ്ചാത്തലം. പുരുഷന്‍മാര്‍ക്കു മാത്രമായുള്ള, പരിശുദ്ധ ന്യായാലയമായ ആ സ്വകാര്യ ന്യായാലയത്തില്‍ വിവാഹമോചനം ആവശ്യപ്പെടുന്ന സഹോദരിയുടെ വക്കാലത്തുമായി എത്തുന്ന അഭിഭാഷകയാണ് കഥയിലെ നായിക. “ഒരു രാജ്യത്ത് രണ്ടു നിയമങ്ങളോ ? ” എന്നും മറ്റുമുള്ള അഭിഭാഷകയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ആചാര്യന് ഉത്തരം മുട്ടുകയും പുരുഷന്‍മാര്‍തന്നെ അഭിഭാഷകയുടെ ചോദ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുമ്പോള്‍ കോടതി നടക്കുന്ന മൈതാനത്തിന്‍റെ ആകെയുള്ള ഗേറ്റ് പൂട്ടുകയാണ് ആചാര്യന്‍റെ പോലീസുകാര്‍. ഇതിവ്യത്തത്തിലും പ്രതിപാദനരീതിയിലും എല്ലാം തികച്ചും വ്യത്യസ്തമായ ഈ കഥ അഡ്വ. നസീറ എന്ന ചെറുകഥാകൃത്തിന് എന്നും അഭിമാനിക്കാവുന്ന കലാസൃഷ്ടിയാണ്.
അഡ്വ. എ. നസീറയുടെ ബിംബകല്പനകള്‍ എവ്വിധം വ്യത്യസ്തവും അസാധാരണവുമായിരിക്കുന്നുവെന്ന് ഏതാനും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം.  “നാലഞ്ചു ദിവസമായി പ്രകൃതിക്ക് ആര്‍ത്തവം തുടങ്ങിയിട്ട്” “മരപ്പൊടികൊണ്ട് മണിമാളിക കെട്ടിയവന്‍” (രണ്ടും ‘താലി’യില്‍ നിന്ന്) ‘ഒരു വാക്കിന്‍റെ തോളത്തുകയറിയിരുന്നുള്ള അതേ വാക്കിന്‍റെ ആനകളി’ (വാക്കുകള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കിയും മറ്റും കോടതികളില്‍ ജഡ്ജിമാര്‍ നടത്തുന്ന വിധി പറയല്‍ – ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന കഥയില്‍); ‘കാഴ്ച’യില്‍ പാദംവരെ താഴ്ന്നു കിടന്ന കുപ്പായത്തെ നസീറ അവതരിപ്പിച്ചിരിക്കുന്നത് “പാദത്തെ ചുംബിച്ചു നിന്ന കുപ്പായം” എന്നാണ്; ‘മഹര്’ എന്ന കഥ നസീറ അവസാനിപ്പിക്കുന്നത് നോക്കുക. “മുറ്റത്തേയ്ക്കെടുത്തുവച്ച കാലുകള്‍ക്ക് ജീവനില്ലെന്ന് അവള്‍ക്കു തോന്നി.” മാറത്ത് അടക്കിപ്പിടിച്ച ഫയല്‍ ബോര്‍ഡില്‍ ആലിംഗനം ചെയ്ത് കമിഴ്ന്നു കിടന്ന മെഹ്റയുടെ ബാഗിന്‍റെ ഉള്ളറകളിലെ കബറിടങ്ങളില്‍ നിന്നും എഴുന്നേറ്റുവന്ന അക്ബറും ഷാജഹാനും ജഹാംഗീറുമൊക്കെ അവള്‍ക്കു ചുറ്റും നിരന്നു നിന്നു. രാജാറാംമോഹന്‍റായും വിവേകാനന്ദനും മുറ്റത്തെ തുളസിച്ചെടിയില്‍ നിന്നും പറന്നുവന്ന തുമ്പികളെപ്പോലെ വട്ടമിട്ടു. അവള്‍ക്കണിയാനായികൊണ്ടുവന്ന ഉമ്മയുടെ കയ്യിലെ ബുര്‍ഖ ചാടി മുറ്റത്തെ ചെളിവെള്ളത്തോടൊപ്പം കൂട്ടുകൂടി”. “ചില്ലകള്‍ നിറയെ ഗര്‍ഭം പേറി നില്‍കുന്ന നന്ത്യാര്‍വട്ടം” “കുളമ്പുമാവില്‍ ജനിച്ച പൂക്കള്‍”, “ജാലകവിരിയുടെ തിരയിളക്കം” “എന്‍റെ കഥാഗര്‍ഭത്തില്‍ പല പല ബീജങ്ങള്‍ നിക്ഷേപിച്ചു”, “എന്‍റെ ഭയത്തെ ശാസിച്ച് ഒരിടത്തിരുത്തി” (ഈ അഞ്ചും ‘നന്‍മ’യില്‍ നിന്ന്), “സാമാനങ്ങളെല്ലാം തറയില്‍ അംഗഹീനരായി ചെരിഞ്ഞും മലര്‍ന്നും കമിഴ്ന്നും കിടന്നു” (‘അത് സംഭവം’). ഐറണി
(വിപരീതാര്‍ത്ഥ ധ്വനി) തെളിഞ്ഞു നില്‍ക്കുന്നുണ്ട് ‘അത് സംഭവ’ത്തിലെ ഭാര്യ ഭര്‍ത്താവിനു നല്‍കുന്ന കപ്പിലെ “മേഡ് ഫോര്‍ ഈച്ച് അദര്‍” എന്ന കുറിപ്പ്. കപ്പിലെ ചായ നിറഞ്ഞു തൂവുമ്പോള്‍ “ഈച്ച് അദര്‍” എന്നത് കാഴ്ചയില്‍ നിന്ന് മറയുകയും ചെയ്യുന്നു. ഒരൊന്നാന്തരം ബിംബ കല്പന.

പരോക്ഷവും പ്രത്യക്ഷവുമായ സാമൂഹിക വിമര്‍ശനവും നടത്തുന്നുണ്ട് കഥാകൃത്തായ നസീറ. ‘അത് സംഭവം’ എന്ന കഥയിലെ ഭാര്യ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നിലെ മെയിന്‍ റോഡില്‍ ട്രാഫിക് കുരുക്കില്‍പ്പെട്ട് കാറുമായി നില്‍ക്കുമ്പോള്‍ അവളുടെ ചിന്തയിലൂടെ കഥാകൃത്ത് വിമര്‍ശിക്കുകയാണ് അനാവശ്യമായി നഗരവാസികള്‍ സൃഷ്ടിക്കുന്ന വാഹനപ്പെരുപ്പത്തെപ്പറ്റി. “കെട്ടിയോന് പണിശാലയില്‍ പോകാന്‍ നാലുചക്രവാഹനം ഒന്ന്; ഷോപ്പിംഗിനിറങ്ങാനും ദൂരെയാത്രയ്ക്കും വിദേശ നിര്‍മ്മിതമായ മറ്റൊന്ന്; രാവിലെ പാല്‍ വാങ്ങാന്‍ പോകാനും ചിലയവസരങ്ങളില്‍ ശൗരം ചെയ്യാന്‍ പോകാനുമായി ഇരുചക്രവാഹനം ഒന്ന്; കെട്ടിയോള്‍ ശമ്പളക്കാരിയാണെങ്കില്‍ ലോണെടുത്തു വാങ്ങിയ പളപളാ തിളങ്ങുന്ന നാലു ചക്രവാഹനം ഒന്ന്, څഘچ ബോര്‍ഡ് പതിച്ച വയസ്സനായ മറ്റൊരു നാലുചക്ര വാഹനം; സൗന്ദര്യ വര്‍ദ്ധനശാലയിലും മീന്‍വാങ്ങാന്‍ പോകാനും ഇരുചക്രവാഹനം…………..” (തിരുവനന്തപുരം നഗരത്തിലെ ഈ ദുഃസ്ഥിതിയെക്കുറിച്ച് വായിച്ചപ്പോള്‍ ഓര്‍മ്മയിലെത്തിയത് സിങ്കപ്പൂരിലാണെന്നു തോന്നുന്നു ഒരു കാറില്‍ നാലുപേരെങ്കിലും ഇല്ലെങ്കില്‍ പ്രധാന നിരത്തുകളില്‍ പ്രവേശിപ്പിക്കാത്ത ട്രാഫിക് നിയമത്തെപ്പറ്റി)
ചെടികളും മരങ്ങളും പക്ഷികളും മൃഗങ്ങളുമൊക്കെ അഡ്വ. എ. നസീറയുടെ ചെറുകഥകള്‍ക്ക് കാവ്യമനോഹരമായ കൈകളും കാലുകളും നല്‍കുന്നു. ‘കാഴ്ച’ എന്ന കഥയില്‍ നേത്രരോഗവിദഗ്ദ്ധനായ ഡോക്ടര്‍ കണ്ണില്‍ ഒഴിച്ചുകൊടുത്ത മരുന്നുമായി മലര്‍ന്നു കിടക്കുന്ന കഥാനായികയുടെ അനുഭവം അറിയുക. “ഡോക്ടര്‍ എന്‍റെ കണ്ണില്‍ എന്തോ ദ്രാവകം ഒഴിച്ചു. കുറച്ചുനേരം കണ്ണുകള്‍ പൂട്ടി ഞാന്‍ കസേരയില്‍ മലര്‍ന്നു കിടന്നു. ഫാനിന്‍റെ ഇരമ്പല്‍ ഏറെ നേരമായപ്പോള്‍ കടലിന്‍റെ ഇരമ്പലായി എനിക്കു തോന്നി. വിശാലമായ ആകാശവും ആകാശച്ചെരുവിലൂടെ പറന്ന് തളര്‍ന്നുവീഴുന്ന കിളികളുടെ ചിറകടിയും ഞാന്‍ കണ്ടു. പച്ചപ്പ് പടര്‍ന്ന ഭൂമിയും വെട്ടിനിരപ്പാക്കിയ തോട്ടങ്ങളും ഞാന്‍ കണ്ടു…….”
ചുരുക്കട്ടെ, അഡ്വ. എ. നസീറയുടെ ഈ സമാഹാരത്തിന്‍റെ പേരുതന്നെ തികച്ചും അന്വര്‍ത്ഥം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തന്നെയായ ഈ കഥകള്‍ രചിച്ച എന്‍റെ ഉറ്റ സുഹൃത്ത് നസീറയ്ക്കും അവരുടെ ഈ പ്രഥമ കഥാസമാഹാരത്തിനും സര്‍വ്വ വിജയങ്ങളും ആശംസിച്ചുകൊള്ളുന്നു.
ജി.എന്‍. പണിക്കര്‍
7-1-2022
‘പ്രദീപ്തി’
(ശ്രീചിത്ര നഗര്‍, അ  74)
പാങ്ങോട്, തിരുമല പി.ഒ.
തിരുവനന്തപുരം 695006
(ഫോണ്‍ : 0471 2353205)

About The Author

Leave a Reply

Your email address will not be published. Required fields are marked *