അധ്യായം-3
ബിന്ദു
ആനന്ദ് ശാന്തനായുറങ്ങുകയാണ്. വെള്ളിനിലാവു പോലെ തെളിഞ്ഞുനില്‍ക്കുന്ന അവന്‍റെ മുഖത്തുനോക്കിയപ്പോള്‍ ബിന്ദുവിന്‍റ കണ്ണുകള്‍ നനഞ്ഞു. അരികെ കിടന്നിരുന്ന അവള്‍ അവന്‍റെ കുഞ്ഞുവിരലുകളെ ചുംബിച്ചു. ആ വിരലുകളില്‍ കണ്ണുനീര്‍ നനവ് പടര്‍ന്നു. കൊടുംമഴയ്ക്കുമുന്‍പുള്ള ഘനമേഘം പോലെ തന്‍റെ മനസിരുളുന്നുവെന്ന് അവളറിഞ്ഞു. അവള്‍ ആനന്ദിനെ ഇറുകി പുണര്‍ന്നു.
അവളുടെ തലയ്ക്കുള്ളില്‍ വല്ലാത്ത മരവിപ്പ് ഉണര്‍ന്നു. വീണ്ടുമൊരു നീറ്റലിലേയ്ക്കു വീഴുകയാണ്. ഒരമ്മയ്ക്കും ഈ ഗതിയുണ്ടാകരുതേ എന്ന പ്രാര്‍ഥന മാത്രമെ മനസില്‍ ബാക്കിയുള്ളു. ഇങ്ങനെ ജീവിതത്തിന്‍റെ വഴിമാറിയുള്ള ഒഴുക്ക് വേണമായിരുന്നോ. എല്ലാമറിഞ്ഞിട്ടും ഒരു കുഞ്ഞിനുവേണ്ടി ദാഹിച്ചത് അവളാണ്. എങ്കിലും കുഞ്ഞു വേണ്ടന്ന തീരുമാനമെടുത്തതും അവള്‍തന്നെ. ഒടുവില്‍ മോഹന്‍റെ നിര്‍ബന്ധമായിരുന്നു ഒരു കുഞ്ഞിനെ താലോലിക്കാന്‍ വേണമെന്നത്. ക്രൂരമായ വേര്‍പിരിയല്‍ പ്രതീക്ഷിച്ചുതന്നെയാണ് ബിന്ദു ആനന്ദിനെ പ്രസവിച്ചത്. തനിക്കുശേഷവും നല്ല നിമിഷങ്ങള്‍ക്കായി മോഹനേട്ടന് ഒരു കുഞ്ഞിനെ നല്‍കാനെങ്കിലും കഴിഞ്ഞല്ലോ- അവള്‍ വെറുതെ ആശ്വസിച്ചു. പിന്നെ ഓരോന്നോര്‍ത്തു കിടന്നു.
അച്ഛനും അമ്മയ്ക്കും ഏകമകള്‍. നല്ല തറവാടിന്‍റെ പെരുമ. നെടുമ്പുറത്ത് നാരായണന്‍ നായരുടെയും മീനാക്ഷിയമ്മയുടെയും മകള്‍ക്ക് ഒരു പോരായ്മകളും ഉണ്ടായിരുന്നില്ല. സമ്പത്തിന്‍റെ കനം മാത്രമായിരുന്നില്ല സൗന്ദര്യത്തിന്‍റെ തെളിമയിലും ബിന്ദു വിസ്മയമായിരുന്നു. നാടുമുഴുവന്‍ അറിയപ്പെടുന്ന അച്ഛന്‍റെ മകള്‍ നാട്ടുകാരുടെ കണ്ണിലും പുണ്യമായിരുന്നു. നിറഞ്ഞുകത്തുന്ന തീവെട്ടിപോലെയായിരുന്നു അവള്‍. എത്രയോ പേരുടെ സ്വപ്നങ്ങളില്‍ തിളങ്ങുന്ന നക്ഷത്രം. പഠിച്ചിരുന്നിടത്തെല്ലാം ബിന്ദു ഏവര്‍ക്കും പ്രിയപ്പെട്ടവളായിരുന്നു. പഠനത്തിലും കലാവാസനയിലും അവള്‍ മുന്നിലായിരുന്നു. അവളുടെ സൗഹൃദത്തിനായി ഏവരും ആഗ്രഹിച്ചു. അവളുടെ ഒരു കണ്‍വിളിക്കായി ആണ്‍കുട്ടികള്‍ കൊതിച്ചു. അസൂയ കലര്‍ന്ന ആരാധനയായിരുന്നു സഹപാഠികളായ പെണ്‍കുട്ടികള്‍ക്കു പോലും. എങ്കിലും ഒരു പ്രണയം പോലും അവളില്‍ കുടികൊണ്ടില്ല. എന്ത് കൊണ്ടാണ് താന്‍ ആരേയും പ്രണയിക്കാതിരുന്നതെന്നു അവള്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. കഴിവും കാഴ്ചയ്ക്കും മോശമല്ലാത്ത എത്രയോ പേര്‍ പ്രണയാഭ്യര്‍ഥനയുമായി വന്നിരിക്കുന്നു. തനിക്കൊപ്പം ജീവിക്കാമെന്നു മോഹിച്ച എത്രയോ പേര്‍. കൂട്ടുകാരികള്‍ ചോദിക്കുമായിരുന്നു, ഈ പെണ്ണിന്‍റെ മനസിലെന്താണെന്ന്. ഒരഹങ്കാരമായിരുന്നോ അത്. ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒന്നാണു താനെന്ന ഒരഹങ്കാരം. ആര്‍ക്കും പിടികൊടുക്കാതെ സൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ് തന്‍റെ മനസെന്നു തോന്നിയിരുന്നോ അവള്‍ക്ക്. അല്ലെങ്കില്‍ പ്രണയിക്കാന്‍ മാത്രം വലിപ്പമുള്ളവരെ കണ്ടെത്തിയില്ലെന്ന തോന്നലോ.
പക്ഷെ കാലം വല്ലാതെ നിറം കെടുത്തുന്ന ഒന്നാണെന്നു മനസിലാക്കുന്നത് പെട്ടെന്നായിരിക്കും. ജീവിതം അതിന്‍റെ ഉയര്‍ച്ചകളില്‍ തളിരും പൂക്കളുമായി വിടര്‍ന്നു നില്‍ക്കുമ്പോഴായിരിക്കും ഒരു കൊടുങ്കാറ്റായും പേമാരിയായും വിധിയുടെ ഇരുളിമ ആ പൂക്കളെയും തളിരുകളെയും കുടഞ്ഞുകളയുന്നത്. അരിച്ചുകയറുന്ന ആ ഇരുളിമയില്‍ അലിഞ്ഞില്ലാതാകുകയല്ലാതെ മറ്റൊരു വഴിയും മനുഷ്യജന്മങ്ങള്‍ക്കു വിധിച്ചിട്ടില്ല.
രണ്ടാം വര്‍ഷ ബിരുദ പരീക്ഷയുടെ കാലം. ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ ഓഫിസിന്‍റെ മുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു അത്. തലയിലേക്കു വല്ലാത്ത പെരുപ്പോടെ ഒരു വേദന. ചുറ്റുപാടുകളൊക്കെയും എവിടയൊക്കെയൊ പറന്നു പോകുന്നതു പോലെ. ഇരുളും വെള്ളിവെളിച്ചവും ഒരുപോലെ കണ്ണിലേക്കു കുത്തിക്കയറുന്നു. കാതുകളില്‍ നിറയെ വണ്ടിരമ്പലുകള്‍. തളര്‍ന്നു വീഴുന്നതറിയുന്നുണ്ടായിരുന്നു.
കണ്ണുതുറക്കുമ്പോള്‍ ആശുപത്രിയിലെ ശീതികരിച്ച മുറിയില്‍ ഒറ്റയ്ക്കായിരുന്നു. എന്തു സംഭവിച്ചു എന്നു പോലും അറിയാതെ വല്ലാത്ത വിറയലോടെ. മുറിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന അമ്മയുടെ
മുഖം ആശുപത്രിമുറിയുടെ ചില്ലുജാലകത്തിലൂടെ കണ്ടത് ബിന്ദു ഇന്നും ഓര്‍ക്കുന്നു. ആശുപത്രിക്കിടക്കയില്‍നിന്നു വീട്ടിലേക്കു മടങ്ങുമ്പോള്‍ തനിക്കു സംഭവിച്ചതിന്‍റെ ചെറിയൊരംശം പോലും അവളറിഞ്ഞിരുന്നില്ല. തന്‍റെ ജീവിതം ചരടറ്റ പട്ടമായിത്തീര്‍ന്നെന്ന് മനസിലാക്കാന്‍ നാളുകള്‍ പിന്നെയുമെടുത്തു. അര്‍ബുദം തന്‍റെ തലച്ചോറിനെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നറിഞ്ഞത് ഏതു നിമിഷത്തിലാണെന്നു പോലും അവള്‍ക്കിന്നറിയല്ല. ഏതോ ഒരു ഡോക്റ്റര്‍ കണ്‍സള്‍ട്ടിങ് മുറിയിലിരുന്നു അത് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ ലോകവുമായുള്ള സകല ബന്ധങ്ങളും അവളില്‍ നിന്നും ഒലിച്ചു പോയിരുന്നു. പിന്നെ രാവാകുന്നതും നേരം പുലരുന്നതും ബിന്ദുവിന് ഒരു പോലെയായിരുന്നു. മരുന്നുകള്‍ പോലെ ആഹാരവും കഴിച്ചെന്നു വരുത്തി അവള്‍ ആര്‍ക്കോ വേണ്ടി നാളുകള്‍ തള്ളി നീക്കിക്കൊണ്ടിരുന്നു.
ആനന്ദവും സമ്പന്നതയും ഒന്നു പോലെ നിറഞ്ഞാടിയ അവളുടെ വീട് നനവറിയാത്ത മരുപ്പറമ്പായി മാറി. വല്ലാത്ത മരണ ഗന്ധമായിരുന്നു വീടിന്. ഉറക്കത്തില്‍ ഞെട്ടിയുണരുമ്പോള്‍ തിരിച്ചുവിളിക്കാനെത്തിയ മരണത്തിന്‍റെ ദൂതര്‍ ചുറ്റും ഉണ്ടെന്ന് അവള്‍ക്കു തോന്നുമായിരുന്നു. ഒടുവില്‍ അത്തരം തോന്നലുകളെയും ആ മരണ ഗന്ധത്തെയും അവള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. അതായി അവളുടെ ജീവിതത്തിന്‍റെ അവസാന തുടിപ്പുകള്‍.
മകളുടെ വിധിയില്‍ തകര്‍ന്നുപോയത് അച്ഛനായിരുന്നു. നിമിഷങ്ങള്‍ കൊണ്ടെന്ന പോലെയായിരുന്നു അയാള്‍ തകര്‍ന്നു പോയത്. ചികിത്സയ്ക്കായി എവിടെ വേണമെങ്കിലും കൊണ്ടുപോകാമെന്ന വിശ്വാസം ആ മനുഷ്യനുണ്ടായിരുന്നു. പക്ഷെ എന്തൊക്കെയാണെങ്കിലും മരുന്നുകൊണ്ട് തടയാന്‍ കഴിയുന്നത്ര അവള്‍ ജീവിച്ചിരിക്കട്ടെ എന്നായിരുന്നു ഡോക്റ്റര്‍മാര്‍ അവസാനക്കുറിപ്പെഴുതിയത്. പിന്നെ ഒരു ശസ്ത്രക്രിയ. അത് അവസാന സാധ്യത മാത്രം. എല്ലാ പ്രതീക്ഷകളും തകര്‍ന്ന ആ മനുഷ്യന്‍ പിന്നീട് ജീവിതത്തിന്‍റെ നല്ല നിമിഷങ്ങളിലേക്കു മടങ്ങിവന്നില്ല. ശരീരം തളര്‍ന്നു വീടിന്‍റെ മാറാലമണമുള്ള മുറിയില്‍ അച്ഛന്‍റെ ജീവിതമൊടുങ്ങുമ്പോള്‍ ബിന്ദുവിനു കരയാന്‍ പോലും കഴിഞ്ഞില്ല.
ബിന്ദുവിന്‍റെ ദുര്‍വിധിയോടെ പകുതി മരവിച്ച ആ വീടിനെ അച്ഛന്‍റെ മരണം പൂര്‍ണമായും തകര്‍ത്തുകളഞ്ഞു. ഏകാന്തതയുടെ കൂട്ട് മാത്രമായിരുന്നു പിന്നീട്. ഇടയ്ക്കിടെ സഹതാപത്തോടെ വീട്ടിലെത്തുന്നവര്‍പോലും വല്ലാത്ത അസ്വസ്ഥതകളായി മാറി. ആളും അനക്കവും ഒരിക്കലും നിലച്ചിട്ടില്ലാത്ത ആ വീട്ടില്‍ വല്ലപ്പോഴും ഉയരുന്ന ചീവീടുകളുടെ ഭയപ്പെടുത്തുന്ന സ്വരം മാത്രം ബാക്കിയായി. മുറ്റത്തെ തുളസിത്തറയില്‍ വിളക്കുവച്ച കാലം മറന്നുതുടങ്ങി. മച്ചില്‍ നരിച്ചീറുകളുടെ കൂട്ടങ്ങള്‍ താവളം തേടിയെത്തി. പൂമുഖപ്പടിയ്ക്കരികില്‍ എന്നും പൂത്തുനിന്നിരുന്ന നന്ത്യാര്‍വട്ടം കരിഞ്ഞുണങ്ങിയ ഇലകള്‍ മാത്രമായി. വല്ലപ്പോഴും അമ്മയുടെ ശബ്ദം മാത്രം വല്ലപ്പോഴും ഉയര്‍ന്നുകേള്‍ക്കാം. വീട്ടിലെ പണികളില്‍ സഹായിക്കാനെത്തുന്ന സ്ത്രീവരുന്ന ദിവസങ്ങളില്‍ മാത്രം.
വെളിച്ചം കാണുന്നതുപോലും ബിന്ദു വെറുത്തുതുടങ്ങി. ഇരുളില്‍, ജാലകങ്ങള്‍ തുറന്നിടാത്ത മുറിയുടെ മരുന്നുമണക്കുന്ന മൂലയില്‍ കണ്‍ത്തടങ്ങളില്‍ വേദനക്കനപ്പിന്‍റെ കാളിമയുമായി അവള്‍ വെറുതെ ജീവിച്ചു.
അന്നും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലായിരുന്നു. പതിവു പോലൊരു പകല്‍. എങ്കിലും വെറുതെയൊന്നു പുറംകാഴ്ചകളിലേക്കു പോകാന്‍ ബിന്ദുവിന്‍റെ മനസു വെമ്പി. പുറത്ത് മീനവെയിലിന്‍റെ പൊള്ളുന്ന കനല്‍ച്ചൂട്. കുളിച്ചു നെറ്റിയില്‍ ചന്ദനം ചാര്‍ത്താന്‍ തോന്നിയത് എന്തിനായിരുന്നു. അറിയാതെ ചെയ്തു പോയതാണ്. പഴയകാലത്തെന്നപോലെ എന്നൊരു തോന്നല്‍.
ഉച്ച കഴിഞ്ഞിരിക്കും വീടിന്‍റെ വടക്കേതൊടിക്കപ്പുറമുള്ള പഞ്ചായത്ത് റോഡില്‍ ഒരു കാര്‍ വന്നു നിന്നു. ആരെന്നു അമ്മ എത്തിനോക്കുന്നുണ്ടായിരുന്നു. വഴിതെറ്റിയെത്തിയ ആരെങ്കിലുമായിരിക്കുമെന്നു വീട്ടില്‍ പണിക്കാരി പെണ്ണു പറയുന്നത് അവള്‍ കേട്ടു. ചെങ്കല്‍ഇടവഴിയിലൂടെ വീടിനുമുന്നിലെത്തിയപ്പോഴും വഴിതെറ്റിവന്നതാണെന്നേ കരുതിയുള്ളു. വീടിനു മുന്നില്‍ വന്നുനിന്നയാള്‍ ഇത് ബിന്ദുവിന്‍റെ വീടല്ലേ എന്നു ചോദിച്ചപ്പോഴാണ്
വഴിതെറ്റിക്കയറിയതല്ല എന്ന് മനസിലായത്.
ഉമ്മറത്തേയ്ക്കുള്ള ജാലകം തുറന്ന് തന്നെ അന്വേഷിച്ചു വന്നയാളെ ബിന്ദു നോക്കി. ഇല്ല, കണ്ടുപരിചയമില്ല. ഓര്‍മയില്‍ ഇങ്ങനെയൊരു മുഖം തെളിഞ്ഞു വരുന്നില്ല. പൊളിഞ്ഞുതുടങ്ങിയ ചവിട്ടുപടികളിലൂടെ അയാള്‍ ഉമ്മറത്തേയ്ക്കു കയറിയിരുന്നു. കത്തിപ്പരക്കുന്ന വെയില്‍ച്ചൂട് അയാളെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. എങ്കിലും പുഞ്ചിരി വറ്റാത്ത മുഖം. ചുരുണ്ട മുടികള്‍ക്കിടയില്‍നിന്നും കുറച്ചുനേരം നടന്നതിന്‍റെ വിയര്‍പ്പുചാലുകള്‍ ഒഴുകുന്നു. തൂവാലയെടുത്ത് അയാളതു തുടച്ചുകളഞ്ഞു. പരിഭ്രമത്തിന്‍റെയോ അപരിചിതത്വത്തിന്‍റെയോ യാതൊരു അടയാളവും അയാളുടെ മുഖത്തുണ്ടായിരുന്നില്ല.
മീനാക്ഷിയമ്മയുടെ ആരെന്ന ചോദ്യത്തിനു കാത്തുനില്‍ക്കാതെ അയാള്‍ പേരു പറഞ്ഞു- മോഹന്‍. നാട് മാവേലിക്കരയ്ക്കടുത്താണ്, താമരക്കുളം. ബിന്ദുവിനെ ഒന്നു കാണണം. ഒരനുവാദം ചോദിക്കാനാണ്- അയാള്‍ പറഞ്ഞു നിര്‍ത്തി.
ഒരു പരിചയവുമില്ലാത്ത ഒരാള്‍ തന്നെ എന്തിനു വന്നു കാണണം. എന്ത് അനുവാദം ചോദിക്കാന്‍. ബിന്ദുവിനൊന്നും വ്യക്തമായില്ല. അവള്‍ ജാലകത്തോട് കാതുചേര്‍ത്തുവച്ചു. മീനാക്ഷിയമ്മ ഒന്നും മനസിലാകാതെ അന്തിച്ചുനിന്നു. എവിടന്നോ കയറിവന്ന ഒരാള്‍ അസുഖക്കാരിയായ തന്‍റെ മകളെ കാണമെന്നു പറയുന്നതെന്തിന്. മീനാക്ഷിയമ്മയുടെ ആശ്ചര്യം വകവയ്ക്കാതെ അയാള്‍ തുടര്‍ന്നു.
-സത്യത്തില്‍ ഞാനിത് പറയേണ്ടത് അമ്മയോടാണ്. പക്ഷെ പ്രത്യേക സാഹചര്യത്തില്‍ ഇനിക്കിക്കാര്യത്തില്‍ ആദ്യം അനുവാദം കിട്ടേണ്ടത് ബിന്ദുവില്‍നിന്നാണ്….. എനിക്ക് ബിന്ദുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. എല്ലാം അറിഞ്ഞുകൊണ്ടുതന്നെ-
മീനക്കൊടുംചൂടില്‍ വെള്ളിടിവെട്ടി പെയ്ത പേമാരിപോലെയാണ് ബിന്ദു അത് കേട്ടത്. നാവിറങ്ങിപ്പോയപോലെ. മീനാക്ഷിയമ്മയാകട്ടെ തിരിച്ചുപറയാന്‍ ഒന്നുമില്ലാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ്. വാതില്‍പ്പടിക്കപ്പുറം മറഞ്ഞുനിന്ന പണിക്കാരിപ്പെണ്ണിനു വരെ അന്ധാളിപ്പ്. ആരാണിയാള്‍. വെറും വാക്കല്ല പറയുന്നതെന്നു അയാളുടെ ഓരോ ചലനവും ഓര്‍മിപ്പിക്കുന്നുണ്ട്. എന്തിനു വീണ്ടുമൊരു പരീക്ഷണം. ബിന്ദുവിന്‍റെ ശരീരത്തില്‍ ഓരോ അണുവും വിറയ്ക്കുവാന്‍ തുടങ്ങി.
മറുപടി ഒന്നും പറയാനില്ലാതെ സ്തംഭിച്ചുനില്‍ക്കുന്ന അമ്മയുടെ അനുവാദം പോലുമില്ലാതെയാണ് പണിക്കാരിപ്പെണ്ണ് ചൂണ്ടിക്കാണിച്ച വഴിയിലൂടെ അയാള്‍ ബിന്ദുവിന്‍റെ മുറിയിലേക്കു കടന്നുവന്നത്. ഒരപരിചിതത്വവുമില്ലാതെ അയാള്‍ അവളുടെ കട്ടിലിലിരുന്നു. മുഖവുരകളൊന്നുമില്ലാതെയാണ് അയാള്‍ സംസാരിച്ചത്.
അയാള്‍ പറഞ്ഞതൊക്കെയും അത്ഭുത ലോകത്തെത്തിയ പോലെയാണ് ബിന്ദു കേട്ടത്. അയാളുടെ സ്വപ്നമായിരുന്നത്രെ താന്‍. ആരേയും കൂസാതെ കോളെജ് ക്യാംപസിന്‍റെ ഓരോ സ്പന്ദനത്തിലും താന്‍ നിറഞ്ഞു നിന്നപ്പോള്‍ അകലെ നിന്നു മാത്രം സ്നേഹിച്ചിരുന്നയാള്‍. തന്‍റെ ഓരോ ചലനവും മനസിലേക്കേറ്റുവാങ്ങിയ ആള്‍.
ആ ഇഷ്ടം ഒരു രോഗത്തിന്‍റെ മതില്‍ക്കെട്ടിനുള്ളില്‍ തളച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന അയാളുടെ വാക്കുകള്‍ അവളെ അമ്പരിപ്പിക്കുകതന്നെ ചെയ്തു. തനിക്കൊപ്പം ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജീവിക്കുക എന്നതാണ് മോഹന്‍റെ ജീവിത പുണ്യമെന്നു പറഞ്ഞപ്പോള്‍ തന്‍റെ കണ്ണുകള്‍ തിളങ്ങിപ്പോയത് ബിന്ദു സ്വയമറിയുന്നുണ്ടായിരുന്നു.
അമേരിക്കന്‍ പയ്യന്‍ നിത്യരോഗിയെ വിവാഹം കഴിക്കാനാഗ്രഹിച്ച വിവരം അറിഞ്ഞവര്‍ മൂക്കത്തു വിരല്‍വച്ചു. തന്‍റെ അമ്മ പോലും ഇതെന്തു ഭ്രാന്ത് എന്ന അവസ്ഥയിലായിരുന്നു. പക്ഷെ ബിന്ദുവിന് മോഹന്‍റെ വാക്കുകള്‍ തിരിച്ചുവരവിന്‍റെ ജീവാമൃതമായിരുന്നു. തന്നെ ഇത്രമാത്രം സ്നേഹിച്ച ഒരാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിയാതെ പോയതില്‍ അവള്‍ വേദനിച്ചു. പ്രണയത്തോടെ തനിക്കുചുറ്റം
നടന്നവര്‍ മാറാ രോഗത്തിന്‍റെ ചിലന്തിവല തന്നിലുണ്ടെന്ന് അറിഞ്ഞതോടെ വെറും സഹതാപത്തിന്‍റെ നോട്ടങ്ങള്‍ മാത്രം നല്‍കി വഴിമാറിപ്പോയത് ബിന്ദു അറിഞ്ഞതാണ്. പക്ഷെ ഒരു മനുഷ്യന്‍ ആരുമറിയാതെ തന്നെ സ്നേഹിച്ച്, ആര്‍ക്കും വേണ്ടാതായപ്പോള്‍ സ്വന്തമാക്കാനെത്തിയിരിക്കുന്നു. ഒരാണിന്‍റെ യഥാര്‍ഥ സ്നേഹമെന്തെന്നു താന്‍ തിരിച്ചറിയുന്നതായി ബിന്ദുവിനു തോന്നിത്തുടങ്ങി. എങ്കിലും അവള്‍ അയാളുടെ ആഗ്രഹം ആദ്യം നിരസിക്കുകയായിരുന്നു. വെറുതെ ഒരു പാവം ചെറുപ്പക്കാരന്‍റെ ജീവിതത്തില്‍ കരിനിഴല്‍ പരത്തി മരണം കാത്തുകിടക്കുന്ന പെണ്ണ് എന്തിനു കൂടെപ്പാര്‍ക്കണം എന്നതായിരുന്നു അവളുടെ മനസു പറഞ്ഞത്.
ആദ്യമൊക്കെ ഇങ്ങനെയൊന്നു വേണ്ടയെന്ന ചിന്ത ഒടുവില്‍ അലിഞ്ഞില്ലാതെയായി. അവളെ ആശ്വസിപ്പിക്കാന്‍ പതിവു സന്ദര്‍ശകനായി മോഹന്‍ മാറി. തന്നെ അവന്‍ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു അവന്‍റെ ഓരോ വാക്കും പ്രവര്‍ത്തിയും അവളില്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു. മോഹനിലെ താനെന്ന ഭ്രാന്ത് ശമിപ്പിക്കാന്‍ അധികം ആയുസില്ലാത്ത തന്‍റെ ജീവിതം കൊണ്ടാകുമെങ്കില്‍ അതിലും വലിയ പുണ്യമേതെന്നു ബിന്ദു ചിന്തിച്ചുതുടങ്ങി. അതിനുമുന്‍പുതന്നെ മീനാക്ഷിയമ്മയുടെ മനസിലും മകളെ മോഹനു നല്‍കുന്നതില്‍ തെറ്റില്ലയെന്നത് ഉദിച്ചിരുന്നു. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് അവന്‍ ബിന്ദുവിനെ സ്നേഹിക്കുന്നത്. ഇനി മകളുടെ പേരിലുള്ള സ്വത്തിന്‍റെ വലിപ്പമാണോ മോഹനെ ഇത്തരമൊരു തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ന സംശയവും ഉണ്ടായിരുന്നു. അവള്‍ക്കുള്ള സ്വത്തുക്കളെല്ലാം അവളുടെ പേരില്‍ത്തന്നെയെന്നു പറഞ്ഞായിരുന്നു മോഹന്‍ സംശയത്തിനു കടിഞ്ഞാണിട്ടത്. അവളുടെ പേരിലുള്ള സ്വത്തുക്കള്‍ മുഴുവന്‍ ആര്‍ക്കുവേണമെങ്കിലും കൊടുക്കാമെന്നു ആവര്‍ത്തിച്ചു പറഞ്ഞ അവനെ അവിശ്വസിക്കേണ്ടതില്ലല്ലോ. അമേരിക്കയില്‍ നല്ല നിലയില്‍ കഴിയുന്ന ഒരാള്‍ പണത്തിനു വേണ്ടി ഒരു അസുഖക്കാരിയെ കെട്ടുമെന്ന് ആരു വിശ്വസിക്കാന്‍. ആരെന്തുപറഞ്ഞാലും ഒരമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണ് മകളെ ഒരുവന്‍റെ കൈപിടിച്ചു കൊടുക്കുക എന്നത്. ബിന്ദുവിന്‍റെ ബാക്കിയുള്ള ചെറു ജീവിതത്തില്‍ കൈത്താങ്ങായി ഒരു പുരുഷന്‍ ഉണ്ടാകുക എന്നത് വലിയ ആശ്വാസമായിരിക്കും.
ജീവിതത്തില്‍ അപ്രതീക്ഷിതമായ വഴിത്തിരിവെന്ന പോലെ ബിന്ദു മോഹന്‍റേതായി. ലളിതമായ ചടങ്ങായിരുന്നു അത്. കല്ലാശേരിയിലെ ദേവീക്ഷേത്രത്തില്‍ വച്ച് താലികെട്ട്. വീട്ടില്‍ വേണ്ടപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം സദ്യ. മോഹന്‍റെ വീട്ടില്‍നിന്നും അധികമാരും എത്തിയില്ല. കൂടിയാല്‍ അഞ്ചെട്ട് ആളുകള്‍മാത്രം. ഇങ്ങനെയൊരു വിവാഹം എന്തിനെന്ന ചോദ്യം പലരുടെയും മുഖത്ത് ആശ്ചര്യമായി തെളിഞ്ഞപ്പോള്‍ മോഹന്‍ ചിരിച്ചുകൊണ്ടുതന്നെയാണ് ആ ചോദ്യങ്ങളെ നേരിട്ടത്. ഒറ്റവാക്കില്‍ ഉത്തരവും അവനുണ്ടായിരുന്നു- ബിന്ദുവിനെ അത്രയ്ക്കു സ്നേഹിക്കുന്നു. ആ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. ആ വാക്കുകള്‍ മാത്രം മതിയായിരുന്നു ബിന്ദുവിന്‍റെ എല്ലാ ദു:ഖങ്ങള്‍ക്കും അറുതിവരുത്താന്‍. ഏറെ നാളുകള്‍ക്കു ശേഷം അവളന്നു കരഞ്ഞു, സങ്കടത്താലല്ല…. നിറഞ്ഞു പൊന്തിയ സന്തോഷം കൊണ്ട്.
പക്ഷെ ഈ രാത്രിയില്‍ തന്‍റെ കണ്ണുകള്‍ നിറയുന്നത് അവ്യക്തമായ നാളെയെ ഓര്‍ത്താണ്. ആനന്ദ് ഉറക്കത്തില്‍ എന്തോ പുലമ്പുന്നുണ്ട്. ശരീരമാസകലം ഇതുവരെ അറിയാത്ത വേദനയുടെ വിങ്ങല്‍. മോഹന്‍ എത്തിയിട്ടില്ല. നേരത്തെ വരുമെന്നു പറഞ്ഞിറങ്ങിയതാണ്. കാറിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് ബിന്ദു ശ്രദ്ധിച്ചു. ഇല്ല. ഇനിയും മോഹന്‍ എത്തിയില്ല. പതിവുപോലൊരു രാത്രിയല്ലല്ലോ ഇത്. ഇനി ഇതുപോലെ ഒരുമിച്ചിരിക്കാന്‍ തങ്ങള്‍ക്കാവുമെന്നു യാതൊരു പ്രതീക്ഷയുമില്ല. അവധി ദിവസമാണെങ്കിലും ഓഫിസിലെന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞിറങ്ങിയതാണ്. ഇതുവരെ ഫോണ്‍ പോലും ചെയ്തില്ല. ഓഫിസ് വൈകുന്നത്. അവളുടെ കരളു പിടയ്ക്കുന്നതു പോലെ തോന്നി. മോഹന്‍ ഇടയ്ക്കിങ്ങനെയാണ്. ആര്‍ക്കു പിടികൊടുക്കാത്ത പ്രകൃതം. ഒറ്റയ്ക്കുള്ള യാത്രകള്‍. ചില ദിനങ്ങളില്‍ അപരിചിതനെപ്പോലെയുള്ള പെരുമാറ്റം. അടുത്ത ദിവസം സ്നേഹം കൊണ്ടുള്ള വീര്‍പ്പുമുട്ടിക്കല്‍. പക്ഷെ എന്നത്തേയും പോലെയാണോ ഇന്ന്. ഒരു പക്ഷെ ആ മനസ് വേദനിച്ചു വീര്‍പ്പുമുട്ടുന്നുണ്ടാകാം. തന്നെക്കാളേറെ മോഹന്‍ ജീവിതത്തിന്‍റെ കയ്പ് അറിയുന്നുണ്ടാകാം.
അമേരിക്കയിലേക്കു പോകുമ്പോള്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു തനിക്കറിയാമായിരുന്നു. കൂടിയാല്‍ നാലോ അഞ്ചോ വര്‍ഷം. മരുന്നുകളുടെ കരുത്തുകുറയുമ്പോള്‍ ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു ഓപ്പറേഷന്‍. പിന്നെ ചികിത്സയുടെ പുതിയ സാധ്യതകള്‍ ഇവിടെയുണ്ടാകുമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയിലെ ഡോക്റ്റര്‍മാരെ ആരേയും കണ്‍സള്‍ട്ടന്‍റെ ചെയ്യേണ്ടന്നു അന്നേ തീരുമാനിച്ചിരുന്നു മോഹന്‍. മരുന്നുകളെല്ലാം ഇന്ത്യയില്‍ നിന്നും വരുത്തുകയായിരുന്നു. ആനന്ദ് ജനിച്ചതിനു ശേഷമായിരുന്നു ചികിത്സ അമേരിക്കയിലെ ഹോസ്പിറ്റലിലേക്കു മാറ്റിയത്. ഇവിടെ വന്ന് ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍. പഴയതൊന്നും ആരോടും പറയാതെ പുതുതായി തുടങ്ങിയ ചികിത്സ. മോഹന്‍റെ വിശ്വാസങ്ങളെല്ലാം തനിക്കുവേണ്ടിയാണെന്ന് ഉറപ്പുണ്ട്. അത്രമാത്രം ആ മനുഷ്യന്‍തന്നെ സ്നേഹിക്കുന്നുണ്ട്- പുറത്ത് കാറു വന്നു നില്‍ക്കുന്ന ശബ്ദം. ബിന്ദു കണ്ണുനീര്‍ തുടച്ചു.
ഉറക്കമാണെന്നു കരുതിക്കൊള്ളട്ടെ എന്നുകരുതിയാകണം അവള്‍ കണ്ണുകളടച്ചുതന്നെ കിടന്നു. അയാള്‍ അവള്‍ക്കരികിലിരുന്നു. മോഹനിന്നു ആ വല്ലാത്ത ഗന്ധമുണ്ട്. എവിടെനിന്നോ അനുഭവിച്ച ഗന്ധം. ലഹരിയുടെ കൂട്ടായി അവനില്‍ നിന്നുമുള്ള ആ ഗന്ധം അവന്‍റെ തന്നെ സ്വന്തമാണോ. വൈകിയെത്തുന്ന ദിവസങ്ങളില്‍ ഏതോ ഒരു പെണ്ണുടലിന്‍റെ ഗന്ധം അവനിലുണ്ട്. അവന്‍റെ ചുണ്ടുകളില്‍, മാറില്‍, മുടിയിഴകളില്‍ എല്ലാം ആ ഗന്ധം മൂര്‍ച്ച കൂടിയ ആയുധം പോലെ തന്നെ അകറ്റിനിര്‍ത്തുന്നു. എത്രകഴുകിയാലും മാറാത്ത കറ പോലെ ആ ഗന്ധം തന്നെ പലപ്പോഴും ആകുലപ്പെടുത്തിയിട്ടുണ്ട്. മോഹനെക്കുറിച്ചുതന്നെയാണോ താനിതെല്ലാം ചിന്തിക്കുന്നത്. അതെല്ലാം തന്‍റെ വെറും തോന്നലുകള്‍. സ്നേഹം കൊണ്ട് ഒരു അസുഖക്കാരിപ്പെണ്ണിനെ സ്വന്തമാക്കിയവന് മറ്റൊരു പെണ്ണിനെ തേടിനടക്കേണ്ട മനസുണ്ടാകുമോ. ഇനി മറ്റൊരു പെണ്ണിനെ സ്വന്തമാക്കാന്‍ മോഹന്‍ കൊതിച്ചാല്‍ തനിക്കു സന്തോഷമേ ഉണ്ടാകൂവെന്ന് അറിയാമല്ലോ. എത്ര തവണ പറഞ്ഞിരിക്കുന്നു തന്നെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാന്‍. വെറും ചിരിയില്‍ ഒതുക്കി മോഹന്‍ തന്‍റെ വാക്കുകളെ തള്ളിക്കളയുമ്പോള്‍ ആ വലിയ മനസിനുമുന്നില്‍ വെറും തൃണമായിത്തീരുകയായിരുന്നു താന്‍. ഇല്ല. എല്ലാം വെറും തോന്നലുകള്‍ മാത്രം. തന്നെ സ്നേഹിക്കുന്നതുപോലെ മോഹന് മറ്റൊരുവളെ സ്നേഹിക്കാനാവില്ല. മരണം ഒരു ദുരന്തമായി കടന്നുവന്നാല്‍പോലും ഒരു ശൂന്യതയും അദ്ദേഹത്തിന്‍റെ മനസില്‍ കാണാനാവില്ല. അവിടെ തന്‍റെ രൂപം മാത്രമായിരിക്കും എന്നും- അവളുടെ നെഞ്ചില്‍നിന്നും തേങ്ങലുകള്‍ വിങ്ങിനിന്നു.
മോഹന്‍ അവളുടെ നെറ്റിയില്‍ മഞ്ഞുകാറ്റില്‍ തണുത്ത തന്‍റെ കൈത്തലങ്ങള്‍ പതിയെ വച്ചു. മോഹന്‍റെ കവിളില്‍ നനുത്ത ഒരുമ്മ നല്‍കി അയാള്‍ ബിന്ദുവിന് അരികില്‍ കിടന്നു. അവളുടെ പൊഴിഞ്ഞു ബാക്കിയായ മുടിയിലൂടെ അയാള്‍ വിരലോടിച്ചു. പതിയെ അവളെ അയാള്‍ ചേര്‍ത്തുപിടിച്ചു. അടക്കാനാവാതെ ബിന്ദുവിന്‍റെ തേങ്ങലുകള്‍ പുറത്തേക്കൊഴുകി. അയാളുടെ മാറില്‍ക്കിടന്ന് അവള്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. അയാള്‍ അവളെ തഴുകിക്കൊണ്ടിരുന്നു. മുറിയിലെ അരണ്ട വെളിച്ചത്തില്‍ അയാളുടെ മുഖത്തേയ്ക്കു ബിന്ദു ഒരു വട്ടം മാത്രം നോക്കി. ഇല്ല… ആ കണ്ണുകളില്‍ കണ്ണുനീരില്ല. വല്ലാത്ത നിര്‍വികാരത മാത്രം. തന്നെ അയാള്‍ മരണത്തിനു വിട്ടുകൊടുക്കില്ലെന്ന തോന്നല്‍ അയാളുടെ മുഖത്ത് എഴുതിവച്ചിരിക്കുന്നതു പോലെ. ഈ ആത്മധൈര്യം മാത്രം മതി തനിക്ക് എന്തും നേരിടാന്‍- ബിന്ദു അവന്‍റെ കരങ്ങള്‍ക്കുള്ളില്‍ ഇന്നുവരെ അനുഭവിക്കാത്തൊരു സുരക്ഷിതത്വം കണ്ടു.