വിഗതകുമാരൻ – ഡോ.പി.എൻ.ഗംഗാധരൻ നായർ

Facebook
Twitter
WhatsApp
Email

🌻 മൺഡേ സപ്ലിമെന്റ്–138 🌻
🌹 ‘വിഗതകുമാരൻ’. 🌹

പൊതുജനങ്ങൾക്കായി ആദ്യമായി സിനിമ പ്രദർശിപ്പിച്ച് ചരിത്രത്തിൽ ഇടം നേടിയവരാണ് ഫ്രഞ്ചുകാരായ ലൂമിയർ സഹോദരന്മാർ.1895 ഡിസംബർ 28 നാണ് പാരീസിൽ വച്ച് ലൂമിയർ സഹോദരന്മാർ തങ്ങളുടെ 10 ഹൃസ്വ ചിത്രങ്ങൾ ആദ്യമായി പ്രദർശനം നടത്തിയത്. ചലിക്കുന്ന ചിത്രം പ്രദർശിപ്പിച്ചതിന്റെ പേരിൽ സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടേണ്ടി വന്ന ലൂമിയർ സഹോദരന്മാരെ ചില ബ്രിട്ടീഷുകാർ 1896 ജൂലൈയിൽ ബോംബെയിലെത്തിച്ചു. അതേ വർഷം ജൂലൈ 7 ന് ബോംബെയിലെ വാട്സൻ ഹോട്ടലിലെ ഊണുമുറിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത്. ഇതിനെ അനുകരിച്ച് ധാരാളം ഹ്രസ്വചിത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടെങ്കിലും ആദ്യത്തെ നിശബ്ദ ചിത്രമായ ‘
‘രാജാഹരിശ്ചന്ദ്ര’ പുറത്തുവന്നത് 1913 ലാണ്. ഈ ചിത്രത്തിന്റെ സംവിധായകൻ ക്യാമറാമാൻ ചിത്രസംയോജകൻ ഒക്കെ ധുന്ദിരാജ് ഗോവിന്ദ് ഫാൽകെയുടേതായിരുന്നു( ദാദാസാഹേബ് ഫാൽക്കെ. 1870–1944)). രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങളും നടീനടന്മാരെ കിട്ടാനുള്ള വിഷമങ്ങളും അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ഫാൽക്കെയുടെ സ്മരണാർത്ഥമാണ് 1969 ൽ, ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികസനത്തിനുമായി മഹത്തായ സംഭാവനകൾ നൽകുന്നവർക്കുള്ള ദേശീയ പുരസ്കാരമായി ‘ദാദാസാഹിബ് ഫാൽക്കെ അവാർഡ്’ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.
മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചിത്രമായ’വിഗതകുമാരൻ’ പുറത്തുവന്നത് 1928 ലാണ്. ഈ ചിത്രത്തിന്റെ ക്യാമറമാനും സംവിധായകനും നിർമ്മാതാവും ജെ സി ഡാനിയൽ(1893–1975)ആയിരുന്നു. അച്ഛനമ്മമാരിൽ നിന്നും വേറിട്ട ഒരു ബാലന്റെ ജീവിതകഥയാണ് ഈ സിനിമയുടെ പ്രമേയം. 20 മിനിറ്റായിരുന്നു ഈ
ചലച്ചിത്രത്തിന്റെ ദൈർഘ്യം.
ഒരു ദന്തരോഗ ചികിത്സകനായി പ്രാക്ടീസ് തുടങ്ങിയ ഡാനിയലിന് പക്ഷേ താത്പര്യം കലയോടും നാടകത്തോടും ഒക്കെയായിരുന്നു. കായികാഭ്യാസങ്ങളിൽ കമ്പക്കാരനായിരുന്ന അദ്ദേഹത്തിന് കേരളത്തിന്റെ തനത് കായിക കലയായിരുന്ന കളരിപ്പയറ്റിനോട് വലിയ താല്പര്യമായിരുന്നു. ഇരുപത്തിരണ്ടാം വയസ്സിൽ ഈ കലയെ ആധാരമാക്കി അദ്ദേഹം ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. പിന്നീട് സിനിമ എന്ന പുതിയ മാധ്യമത്തെപ്പറ്റി മനസ്സിലാക്കി. സിനിമാ ഭ്രാന്തിൽ ബോംബെയിലും ചെന്നൈയിലും അലഞ്ഞ് ഏറെ ബുദ്ധിമുട്ടി അദ്ദേഹം പുതിയ മാധ്യമത്തെപ്പറ്റി പഠിച്ചു. പുതിയ ആവേശവുമായി നാട്ടിലെത്തിയ അദ്ദേഹത്തിന് ഒരു സ്റ്റുഡിയോ സ്ഥാപിക്കാനുള്ള തന്റെ സംരംഭത്തിൽ പങ്കാളിയാകാൻ ഒരു സുഹൃത്തിനെയും ലഭിച്ചു. തന്റെ സ്വത്തുക്കളിൽ ഒരു ഭാഗം വിറ്റു കിട്ടിയ തുക ഉപയോഗിച്ച് മദിരാശി, കൽക്കത്ത എന്നിവിടങ്ങളിൽ നിന്നും ക്യാമറയും മറ്റു സ്റ്റുഡിയോ സാമഗ്രികളും വാങ്ങി തിരിച്ചെത്തിയപ്പോഴാണ് പങ്കാളി തന്റെ സംരംഭത്തിൽ നിന്നും പിന്മാറിയ വിവരം അദ്ദേഹം അറിയുന്നത്. പക്ഷേ തന്റെ ഉദ്യമത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന ജെ സി തന്റെ ബാക്കി സ്വത്തുക്കൾ കൂടി വിറ്റ് കിട്ടിയ പണം മുടക്കി ‘ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് ലിമിറ്റഡ്’ എന്നപേരിലുള്ള സ്റ്റുഡിയോ തിരുവനന്തപുരം പട്ടത്ത് ( ഇന്ന് പി എസ് സി ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം) സ്ഥാപിച്ചു. ഈ സ്റ്റുഡിയോയിൽ വെച്ചാണ് ‘വിഗതകുമാരൻ’ എന്ന സിനിമ ജന്മം കൊണ്ടതും മലയാള സിനിമയുടെ പിതാവ് എന്ന വിശേഷത്തിന് ജെ സി അർഹനായി ചരിത്രത്തിൽ ഇടം നേടിയതും.
ഒട്ടേറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് കേരളത്തിൽ നിന്നും ചിത്രത്തിന് ഒരു നായികയെ കണ്ടെത്താൻ ഡാനിയലിന് സാധിച്ചത്. കാരണം സിനിമാഭിനയം അക്കാലത്ത് വേശ്യാവൃത്തിയെക്കാൾ താഴ്ന്ന ഒരു പ്രവൃത്തിയായാണ് സമൂഹം കണ്ടിരുന്നത്. സുദീർഘമായ അന്വേഷണത്തിന് ഒടുവിൽ തൈക്കാട്ട് സ്വദേശിനിയായയ റോസി എന്ന യുവതിയെ ചിത്രത്തിലെ നായികയായി ലഭിച്ചു.ഈ ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ റോസിക്ക് തന്റെ ജീവിതത്തിൽ സമൂഹത്തിൽ നിന്നും ഒട്ടേറെ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു.
1928 നവംബർ ഏഴാം തീയതി ആദ്യമായി ‘വിഗതകുമാരൻ’ തിരുവനന്തപുരം സ്റ്റാച്യുവിൽ ഉണ്ടായിരുന്ന ക്യാപ്പിറ്റോൾ തിയേറ്ററിൽ പ്രദർശിപ്പിച്ചു തുടങ്ങി. തിരശ്ശീലയിൽ ഒരു യുവതി പ്രത്യക്ഷപ്പെടുന്നതും നായികാനായകന്മാരുടെ പ്രണയ സല്ലാപങ്ങളും അക്കാലത്തെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാനേ കഴിയുമായിരുന്നില്ല. തിയേറ്ററിൽ കൂക്കുവിളികളും തിരശ്ശീലയിലേക്ക് തുരുതുരാ കല്ലേറും നടക്കുമായിരുന്നു. തിരശ്ശീലയ്ക്ക് കേടു സംഭവിച്ചത് മൂലം പലപ്പോഴും പ്രദർശനം നിർത്തിവയ്ക്കേണ്ടിയും വന്നു.ഇതിന്റെയൊക്കെ ഫലമായി ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. കടബാധ്യത തീർക്കുന്നതിനായി തന്റെ സ്റ്റുഡിയോയും ചിത്രീകരണ സാമഗ്രികളും ഡാനിയേലിന് വിൽക്കേണ്ടിവന്നു. ദുഃഖിതനായ അദ്ദേഹം പിന്നീട് ഒരിക്കലും ചലച്ചിത്ര ലോകത്തേക്ക് തിരിച്ചുവന്നിട്ടില്ല. അസുഖം ബാധിച്ചപ്പോൾ ജന്മനാടായ അഗസ്തീശ്വരത്തേക്ക് മടങ്ങി. ബന്ധുക്കളോ നാട്ടുകാരോ സർക്കാരോ ആരും സഹായിക്കാൻ ഇല്ലാതെ യാതനാപൂർണമായ വാർദ്ധക്യകാലാവസാനം, 1975 ൽ ആരാലും അറിയാതെ കേൾക്കപ്പെടാതെ കരയപ്പെടാതെ തന്റെ യാതനകളിൽ നിന്നും അദ്ദേഹം എന്നെന്നേക്കുമായി വിട പറഞ്ഞു.
1964 ൽ’കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സ്’ മലയാള സിനിമയുടെ രജതജൂബിലി ആഘോഷിച്ചപ്പോഴും, പിന്നീട് നടന്ന
‘സുവർണ്ണജൂബിലി ‘
ആഘോഷവേളയിലും ‘വിഗതകുമാരനും’, ജെ സി ഡാനിയലും
തമസ്കരിക്കപ്പെട്ടു. വിവേകികളായ ചില ചലച്ചിത്ര പ്രവർത്തകരുടെ ദീർഘനാളത്തെ ശ്രമഫലമായി ജെ സി ഡാനിയലിന്റെ സ്മരണാർത്ഥമായി മലയാള സിനിമയിലെ മികച്ച സംഭാവനകൾക്ക് വ്യക്തികളെ അംഗീകരിക്കുന്ന പരമോന്നത പുരസ്കാരമായി ‘ജെ സി ഡാനിയൽ അവാർഡ്’ 1992 ൽ കേരള സർക്കാർ ഏർപ്പെടുത്തി.
‘വിഗതകുമാരനി’ലെ നായിക ഒരു ദളിത് സമുദായാംഗമായ പി കെ റോസിയുടെ ജീവിതകഥ ഇപ്പോഴും ഒരു പ്രഹേളികയായി തുടരുന്നു. റോസിയുടെ യഥാർത്ഥ പേര്
രാജമ്മാൾ
എന്നായിരുന്നു. കുടുംബം ക്രൈസ്തവ മതത്തിലേക്ക് മാറിയതോടെയാണ് അവൾ റോസി ആയത്. നാടകങ്ങളിൽ റോസി അഭിനയിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ‘വിഗതകുമാരൻ’ നിൽ എത്തിയത്. ഒരു ദിവസത്തെ അഭിനയത്തിന് 50 രൂപയും ഒരു മുണ്ടും നേര്യതും പ്രതിഫലമായി ലഭിച്ചു. റോസിയാണ് സിനിമയിലെ സരോജിനിയായി അഭിനയിച്ചത് എന്നറിയാവുന്ന കാണികൾ അവരെ ആക്രമിക്കുകയും വീടിന് കല്ലെറിയുകയും തുടർന്ന് ‘സദാചാരസംരക്ഷകർ’ അവരുടെ വീടിന് തീവയ്ക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയ റോസിക്ക് അഭയം കൊടുത്തത് ഒരു ലോറി ഡ്രൈവർ ആയിരുന്നു. നാഗർകോവിലിൽ ഭർത്താവ് കേശവപിള്ളയുമൊത്ത് റോസി സുഖമായി താമസിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. കേശവപിള്ള–രാജമ്മാൾ ദമ്പതികളുടെ മകനായ നാഗപ്പൻപിള്ളയ്ക്ക് അമ്മ രാജമ്മാൾ, റോസി എന്ന പേരിൽ സിനിമയിൽ അഭിനയിച്ച കഥയൊന്നും അറിയില്ല എന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. രാജമ്മാൾ മക്കളോട് ആരോടും തന്റെ സിനിമാഭിനയ അനുഭവങ്ങളെപ്പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല.
എങ്കിലും കേശവപിള്ളയുടെ സഹധർമ്മിണി രാജമ്മാൾ തന്നെയാണ് മലയാള സിനിമയിലെ ആദ്യ നായിക നടിയായിരുന്ന
പി കെ റോസിയെന്ന് സാഹചര്യ തെളിവുകൾ വെളിവാക്കുന്നുണ്ട്.

‘ഹോളിവുഡ് രാജാവ്’
എന്നറിയപ്പെട്ടിരുന്ന പ്രസിദ്ധ അമേരിക്കൻ ചലച്ചിത്ര നടനായിരുന്ന വില്യം ക്ലാർക്ക് ഗേബിൾ ( William Clark Gable-1901–1960) 1930 ൽ റിലീസായ തന്റെ ഒരു ചിത്രത്തിൽ ഷർട്ട് ഊരി വലിച്ചെറിയുന്ന ഒരു രംഗമുണ്ട്. പ്രേക്ഷകർ ഞെട്ടി. നടന്റെ മസിലു കണ്ടല്ല, അയാൾ ബനിയൻ ധരിച്ചിരുന്നില്ല എന്ന അറിവ് അമേരിക്കൻ ചെറുപ്പക്കാർക്കിടയിൽ ഒരു വൈദ്യുതതരംഗമായി. അവരും പിന്നീട് ബനിയൻ പാടെ ബഹിഷ്കരിക്കാൻ തുടങ്ങി. ഒടുവിൽ അമേരിക്കൻ ബനിയൻ വ്യവസായം തകർച്ചയുടെ വക്കിലെത്തി. സിനിമാ സംവിധായകരുടെയും നിർമ്മാതാക്കളുടെയും കാലു പിടിക്കാൻ അമേരിക്കൻ വ്യവസായികൾ നെട്ടോട്ടമോടി. നായകന്മാരൊക്കെ തുടർന്നും ഓരോന്നും വലിച്ചെറിയാൻ തുടങ്ങിയാൽ തങ്ങൾ കഷ്ടത്തിലാകും എന്ന ഭയമായിരുന്നു അവർക്ക്! ചുണ്ടത്തെരിയുന്ന സിഗരറ്റും തലയിൽ തൊപ്പിയും ബനിയനും ധരിച്ചല്ലാതെ നായകന്മാർ ആരും മേലിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെടില്ലെന്ന് ചലച്ചിത്ര നിർമ്മാതാക്കൾ വ്യവസായികൾക്ക് ഉറപ്പു കൊടുത്തു. അപകടകരമായ ഈ പ്രവണത വൈകിയാണെങ്കിലും നമ്മുടെ നാട്ടിലും എത്തി. സ്ക്രീനിൽ
കാണുന്നതെന്തും ജീവിതത്തിൽ പകർത്താൻ നമ്മുടെ യുവാക്കൾ മത്സരിക്കുകയാണ്. കാലം പോയ പോക്കേ !!
30–09–2024.

🌹 🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *