ഇന്നലെ വൈകുന്നേരമാണ് മാവേലിയും വാമനനും കണ്ടു മുട്ടിയത്… – ഉല്ലാസ് ശ്രീധർ

Facebook
Twitter
WhatsApp
Email

ഇന്നലെ വൈകുന്നേരമാണ് മാവേലിയും വാമനനും കണ്ടു മുട്ടിയത്…

വയനാട്ടിലെ ചൂരൽമലയിൽ
ഉരുൾപൊട്ടി ഉടഞ്ഞുലഞ്ഞിട്ടും ഒറ്റപ്പെട്ട ഒരു നിഴലുപോലെ ഉലയാതെ നിന്ന ആൽമരത്തിന്റെ ചുവട്ടിലാണ് മാവേലിയും വാമനനും വീണ്ടും കണ്ടുമുട്ടിയത്…

മുഖത്തോട് മുഖം നോക്കി ഏറെ നേരം മൗനമായി ഇരുന്നു…

നീലക്കുന്നുകളും പച്ച വയലുകളും നിറഞ്ഞ ശാന്തവും ശാലീനവുമായ ഗ്രാമങ്ങളിൽ
തുമ്പയും തുമ്പിയും കിന്നാരം പറയുന്നത് കണ്ടു കൊണ്ട്
അന്തിമന്ദാരത്തിന്റേയും കാട്ടുകൈതയുടേയും സുഗന്ധം മണത്തുകൊണ്ട്
കറുകയും കള്ളിപ്പുല്ലും പരവതാനി വിരിച്ച നാട്ടിടവഴികളിലൂടെ നടക്കാമെന്ന് മോഹിച്ചാണ് അവർ വയനാട്ടിൽ വന്നത്…

ഇടിയുന്ന മലകളും
ഒടിയുന്ന മരങ്ങളും
മെലിയുന്ന പുഴകളും വയലുകളാകുന്ന കായലുകളും
റോഡുകളാകുന്ന തോടുകളും
കളിക്കളങ്ങളാകുന്ന കുളങ്ങളുമാണ് മാവേലിക്കും വാമനനും കാണേണ്ടി വന്നത്…

വെള്ളി നാടകൾ പോലുള്ള തെളിനീർ പുഴകൾക്കരികിൽ കാട്ടു പൂക്കളുടെ വർണ സമൃദ്ധിയുള്ള അമ്പലത്തിലെ കുളത്തിൽ കുളിച്ചും തൊഴുതും
ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യത്തോടെ തലതാഴ്ത്തി മിഴി കൂമ്പി നടന്നു പോകുന്ന ശതാവരി മലർ പോലെയുള്ള മലയാളി പെണ്ണുങ്ങൾക്ക് പകരം അർദ്ധനഗ്നരായ പച്ച പരിഷ്കാരികളെ കണ്ട മാവേലിയും വാമനനും ഞെട്ടി…

ചെറുമരങ്ങളും പൂച്ചെടികളും നിറഞ്ഞ ശാന്തവും ശാലീനവുമായ ഗ്രാമങ്ങളിൽ അമ്പലമണിയുടേയും പള്ളിമണിയുടേയും വാങ്ക് വിളിയുടേയും സമ്മിശ്ര ശബ്ദ സൗകുമാര്യത്തിൽ സജീവമായിരുന്ന വായനശാലകളൊക്കെ നിർജീവമായിരിക്കുന്നു.
അക്ഷരമുറ്റത്ത് അത്തപ്പൂക്കളൊന്നും കാണാനില്ല…

പാട്ടും കളിയും ചിരിയും വായനശാലയുടെ തൊട്ടടുത്തുള്ള ബിവറേജിന് മുന്നിലായിരുന്നു…

കേരളം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഓണം കാണാൻ 1957 സെപ്റ്റംബർ ആറാം തീയതി വെള്ളിയാഴ്ച വന്നപ്പോൾ റോഡിൽ കണ്ട കുഴികളെല്ലാം അതുപോലെ ഇന്നലേയും കണ്ടു…

കണ്ട കാഴ്ചകളിൽ മനം നൊന്ത മാവേലി വാമനനെ നോക്കി…

തിരിച്ച് പോകാമെന്ന് വാമനൻ തലയാട്ടി…

ഇന്നലെ രാത്രി മാവേലി പാതാളത്തിലേക്ക് തിരിച്ച് പോയി….

മാവേലി ഇല്ലെങ്കിലും എന്റെ എല്ലാ കൂട്ടുകാർക്കും സ്നേഹം നിറഞ്ഞ ‘”ഓണാശംസകൾ”‘ നേരുന്നു…………………………………..

_________

🌷🌺🪻🪷🥀🌹🪷🌺🪻💐🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *