യുദ്ധത്തിന്റ ഭീകരതയും, നൈതികതയും – ഡോ.പി.എൻ.ഗംഗാധരൻ നായർ

Facebook
Twitter
WhatsApp
Email

🌻മൺഡേ സപ്ലിമെന്റ് –139🌻
🌹യുദ്ധത്തിന്റ ഭീകരതയും, നൈതികതയും.🌹

പലപ്പോഴും ഒരു യുദ്ധത്തിന്റെ കാരണങ്ങൾ നിസാരം. പക്ഷേ മാനവരാശിക്ക് സംഭവിക്കുന്ന ദുരന്തം ഭീകരം.
പതിനെട്ടാം നൂറ്റാണ്ടിൽ സ്പെയിനിലെ ചില കോളനികളിൽ ബ്രിട്ടീഷ് കപ്പലുകൾ നികുതി കൊടുക്കാതെ വ്യാപാരം ചെയ്യുകപതിവായിരുന്നു.ഇക്കാര്യം സ്പെയിനിലെ രാജാവ് ഫിലിപ്പ് അഞ്ചാമന്റെ ശ്രദ്ധയിൽപ്പെട്ടതിനെ
തുടർന്ന്, സംശയം തോന്നുന്ന എല്ലാ ബ്രിട്ടീഷ് കപ്പലുകളും
പരിശോധിക്കാൻ രാജാവ് കല്പന പുറപ്പെടുവിച്ചു. 1731 ൽ ലണ്ടനിൽ നിന്നും ജമൈങ്കയിലേക്ക് പോവുകയായിരുന്ന റോബർട്ട് ജെങ്കിൽ (Robert jenkin) കപ്പിത്താനായുള്ള ‘റബേക്ക’എന്ന കപ്പലിനെ,
ക്യാപ്റ്റൻ ഫൻഡിനോ
യുടെ നേതൃത്വത്തിലുള്ള സ്പാനിഷ് കപ്പൽപട തടഞ്ഞു. അനധികൃത വ്യാപാരം നടത്തിയെന്ന് ആരോപിച്ച് ജങ്കിൻസിന്റെ ചെവി അറുത്തുമാറ്റി. അറുത്തെടുത്ത ചെവി ജങ്കിൻസ് സ്പിരിറ്റിലിട്ട് സൂക്ഷിച്ചുവെച്ചു.
ഏഴുവർഷങ്ങൾക്ക് ശേഷം ബ്രിട്ടനിലെ രാജാവായിരുന്ന ജോർജ് രണ്ടാമൻ ഈ സംഭവത്തെക്കുറിച്ചറിഞ്ഞ് ജങ്കിൽസിനെ വിളിച്ചുവരുത്തി. സ്പിരിറ്റിൽ ഇട്ട് സൂക്ഷിച്ചിരുന്ന തന്റെ ചെവി ജങ്കിൻസ് രാജാവിനു മുന്നിൽ ഹാജരാക്കി.ഇതേ തുടർന്ന് 1739ൽ ബ്രിട്ടൻ സ്പെയിനിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകളുടെ ജീവനൊടുക്കിയ ഈ യുദ്ധം 9 വർഷം നീണ്ടുനിന്നു. തുടർന്ന് സമാധാന ഉടമ്പടി പ്രകാരം അവസാനിപ്പിച്ച ഈ യുദ്ധം ‘ജങ്കിൻസിന്റെ ചെവിയുദ്ധം’ (War of Jenkin’s Ear) എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അന്ധമായ ശത്രുത ഉളവാക്കുന്ന ഭീകരത !

ഒരു ആർമി ജനറലിന്റെ യുക്തമായ തീരുമാനം മൂലം രക്തപ്രളയം ഒഴിവായതാണ് മറ്റൊരു യുദ്ധം. പല യുദ്ധങ്ങളുടെയും അന്ത്യത്തിൽ, അവയ്ക്ക് നേതൃത്വം കൊടുക്കുന്നവരുടെ പെരുമാറ്റത്തെ നയിക്കുന്ന നീതിശാസ്ത്രത്തിന്റെ അംശങ്ങൾ വീക്ഷിക്കാൻ പറ്റും.
എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ്, 1863 ജൂലൈ മാസം 1 മുതൽ 3 വരെ അമേരിക്കൻ സിവിൽവാറിന്റെ ഭാഗമായുള്ള സുപ്രധാന ‘ഗെറ്റിസ്ബർഗ് യുദ്ധം’
(Battle of Gettysburg) നടന്നത്. വിർജീനിയ സ്റ്റേറ്റിന്റെ ആർമി കമാൻഡറായിരുന്ന റോബർട്ട് ലീ
(Robert E Lee ) യുടെ നേതൃത്വത്തിലുള്ള ശത്രു സൈന്യം പരാജിതരായി പിന്തിരിഞ്ഞോടി. കനത്ത മഴയെ തുടർന്ന് നിറഞ്ഞു കവിഞ്ഞ പുഴ പിന്നിൽ, മുന്നിൽ യുഎസ് സൈന്യം. ശത്രു സൈന്യത്തെ നാമാവശേഷമാക്കാനുള്ള ഈ സുവർണ്ണാവസരം മുതലെടുക്കുവാൻ ലിങ്കൺ തീരുമാനിച്ചു. യുദ്ധസമിതി വിളിച്ചു കൂട്ടാനൊന്നും തുനിയാതെ
ശത്രു സൈന്യത്തെ കടന്നാക്രമിക്കാൻ ലിങ്കൺ, ആർമി ജനറലായ മിയാഡേയ്ക്ക് നിർദ്ദേശം കൊടുത്തു. പക്ഷേ ജനറൽ അത് അനുസരിച്ചില്ല. പ്രസിഡന്റിന്റെ ഉത്തരവ് ലംഘിച്ച് അദ്ദേഹം യുദ്ധസമിതിയുടെ യോഗം വിളിച്ച്, സമയം നീട്ടിക്കൊണ്ടുപോയി. ദിവസങ്ങൾക്ക് ശേഷം പുഴയിൽ വെള്ളം വലിയുകയും ലീ തന്റെ സൈന്യവുമായി രക്ഷപ്പെടുകയും ചെയ്തു.
ലിങ്കൺ കുപിതനായി അട്ടഹസിച്ചു. കടുത്ത ഭാഷയിൽ ജനറലിന് കത്തെഴുതി. പക്ഷേ അതിന്മേൽ അദ്ദേഹം തുടർനടപടികൾ ഒന്നും സ്വീകരിച്ചില്ല.1863 ല്‍ എഴുതിയ ഈ കത്ത് ലിങ്കൺ ന്റെ മരണശേഷം, വർഷങ്ങൾ കഴിഞ്ഞ് ഫയലുകൾക്കിടയിൽ നിന്നും കണ്ടെടുത്തു. ധാരാളം ദുരാനുഭവങ്ങൾ സഹിച്ച ലിങ്കൺ വീണ്ടുവിചാരത്തിൽ എത്തിക്കാണാനാണ് സാധ്യത. രക്തപ്പുഴയിൽ ശവശരീരങ്ങൾ ഒഴുകി നടക്കുന്ന യുദ്ധഭൂമിയിൽ നിന്നാൽ താനും ജനറലിനെ പോലെയായിരിക്കും പെരുമാറുക എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം.
ചക്രവർത്തിമാരായിരുന്ന അശോകനും അലക്സാണ്ടർക്കും തങ്ങളുടെ രക്തരൂക്ഷിത ആക്രമണങ്ങളുടെ അർത്ഥശൂന്യത മനസ്സിലായപ്പോൾ അവർ മഹാന്മാരായി. താൻ നയിച്ച യുദ്ധത്തിന്റെ തിക്താനുങ്ങൾ നേരിൽ കണ്ട മറ്റൊരു രാജാവിന് മനസ്സിന് അലിവ് സംഭവിച്ചു.
ബാവേറിയ(Bavaria) എന്ന നാട് ഭരിച്ചിരുന്നത് ഗെൽഫ് എന്ന് പേരുള്ള ഒരു രാജാവായിരുന്നു. ജർമ്മനിയുടെ ആദ്യകാല ചരിത്രത്തിലെ ഗോത്ര വിഭാഗങ്ങളുടെ പ്രദേശമായിരുന്നു ബെവേറിയ.( ഇപ്പോൾ ബവേറിയ ജർമ്മനിയിലെ ഏറ്റവും വലിപ്പമേറിയ സംസ്ഥാനമാണ്.)
വീരപരാക്രമിയായിരുന്ന ഗെൽഫ്, തന്റെ പ്രജകളെ ജീവനുതുല്യം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. പെട്ടെന്നാണ് കോൺട്രാഡ് എന്ന മഹാരാജാവ് ബെവേറിയയെ ആക്രമിച്ചത്. ഗെൽഫ് രാജാവിന്റെ സൈന്യം ശത്രുക്കളെ ശക്തിയുക്തം നേരിട്ടെങ്കിലും
അവസാനവിജയം ശത്രുപക്ഷത്തിനായിരുന്നു. വിജയിച്ച മഹാരാജാവ് ഗെൽഫിന്റെ നഗരത്തിന് തീകൊളുത്തി. രാജകുടുംബത്തിലെ സ്ത്രീകൾ, തങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ മാത്രം എടുത്തുകൊണ്ട് നഗരം വിട്ടു പോകാനുള്ള ഒരു സൗജന്യം രാജാവ് നൽകി. തങ്ങളുടെ പൊന്നും വെള്ളിയും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും ഉപേക്ഷിച്ച് ആ സ്ത്രീകൾ ഏറ്റവും വിലമതിപ്പുള്ള തങ്ങളുടെ ഭർത്താക്കന്മാരെയും കുട്ടികളെയും ചുമലിലേറ്റിക്കൊണ്ട് പുറത്തേക്ക് തിരിച്ചു. ഗെൽഫ് രാജാവിന്റെ പത്നിയും തന്റെ ഭർത്താവിനെ തോളിലേറ്റി യാത്രയായി.
ഈ ദാരുണമായ കാഴ്ച കണ്ട കോൺട്രാഡ് രാജാവിന് അതിയായ മനോവേദന അനുഭവപ്പെട്ടു. രാജ്ഞിക്കും മറ്റ് സ്ത്രീകൾക്കും തങ്ങളുടെ ഭർത്താക്കന്മാരോടുള്ള കൂറും കടമയും അദ്ദേഹത്തിന് നന്നേ ബോധ്യപ്പെട്ടു. ഉടൻതന്നെ താൻ ജയിച്ചു നേടിയ ബാവേറിയാ നാട് ഗെൽഫ്‌ രാജാവിന് മടക്കി നൽകിയ ശേഷം അദ്ദേഹം തന്റെ രാജ്യത്തേക്ക് മടങ്ങിപ്പോയി !
എല്ലാഏകാധിപതികളും ചരിത്രത്തിൽ ഇടം നേടാനായി പ്രവർത്തിച്ചവരാണ് / പ്രവർത്തിക്കുന്നവരാണ്. അഹങ്കാരമാണ് അവർക്ക് ഇതിന് പ്രചോദനമായി വർത്തിക്കുന്നത്. ലക്ഷ്യം നേടാൻ അവർ നടത്തുന്ന വംശീയ ഉന്മൂലനം കൂട്ടക്കുരുതികൾ കടന്നാക്രമണങ്ങൾ ഒക്കെ ഇന്നും നമ്മുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്.
ജയ-പരാജയങ്ങളെ
ക്കുറിച്ച് വിൻസ്റ്റന്റ് ചർച്ചിൽ ഒരിക്കൽ പറഞ്ഞു :” ഒരു പരാജയത്തിൽ നിന്നും മറ്റൊരു പരാജയത്തിലേക്ക്
മടുപ്പുകൂടാതെ സഞ്ചരിക്കാനുള്ള കഴിവിനെയാണ് വിജയം എന്നു പറയുന്നത് “. ഏതുതരത്തിലുള്ള പരിശ്രമങ്ങളിലും ഇത് നമുക്ക് വ്യക്തമായി കാണാവുന്നതാണ്.
മനുഷ്യ പുരോഗതി
ക്കായുള്ള തോമസ് ആൽവ എഡീസന്റെ ഒരു പരീക്ഷണത്തിൽ 700 പ്രാവശ്യം അദ്ദേഹം പരാജയം നേരിട്ടു. ഓരോ പരാജയവും വിജയത്തോട് അടുപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് തന്റെ സഹപ്രവർത്തകരെ അദ്ദേഹംആശ്വസിപ്പിച്ചതും ഒടുവിൽ പരീക്ഷണത്തിൽ
വിജയിച്ചതും !
07–10–2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.
🌹 🌹

About The Author

Leave a Reply

Your email address will not be published. Required fields are marked *