കേരള വികസനം – കാരൂർ സോമൻ, ചാരുംമൂട്

Facebook
Twitter
WhatsApp
Email
എല്ലാം വർഷവും നവംബർ ഒന്ന് കേരളപ്പിറവി മഹോത്സവമായി ആഘോഷിക്കാറുണ്ട്. പ്രകൃതിരമണീയമായ കേരളം കടൽത്തീരങ്ങളും,കുന്നുകളും,നദികളും,തടാകങ്ങളും ജൈവ വൈവിദ്ധ്യം കൊണ്ട്  ‘ദൈവത്തിന്റെ സ്വന്തം’ നാട് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കേരള ത്തെപ്പറ്റി മഹാഭാരതം, വാല്മീകിരാമായണം, ചാണക്യന്റെ അർത്ഥശാസ്ത്രത്തിൽവരെ പരാമർശ മുണ്ട്. ചാണക്യന്റെ കാലം (ബി.സി.350-275) മഹാനായ മാസിഡോണിയൻ ചക്രവർത്തി അല ക്‌സാണ്ടറിന്റെ കാലവും ഇത് തന്നെ. ബി.സി.യിൽ നിന്ന് ധാരാളം വെള്ള മൊഴുകി എ.ഡി.2024-ൽ എത്തിനിൽക്കുമ്പോൾ കേരളവും ധാരാളം പുരോഗതി കൈവരിച്ചിട്ടുണ്ട്. ആ പുരോഗതി യിൽ എല്ലാം മനുഷ്യർക്കും വലിയ പങ്കാണുള്ളത്.അതിൽ മുന്നിൽ നിൽക്കുന്നത് പ്രവാസിക ളാണ്. കലാസാഹിത്യ പ്രതിഭകളടക്കം അവരെ കറിവേപ്പിലപോലെ വലിച്ചെറിയുന്നുണ്ടെങ്കിലും അവരുടെ വിയർപ്പിന്റെ ഫലം കേരളത്തിലെത്തിയതുകൊണ്ടാണ് നമ്മുടെ നാട് പട്ടിണി, ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടിയത്.
കേരളത്തിൽ നിന്ന് ഗൾഫിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും മലയാളിയെ എടുത്തെ റിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് വടക്കേ ഇന്ത്യാക്കാർ അടുക്കലെത്തി. മുക്കിലും മൂലയിലും അവർ വികസിച്ചുകൊണ്ടിരിക്കുന്നു. കേരളവും ആ പുരോഗതിയിൽ പങ്കാളികളാണ്. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് നമ്മുടെ വിദ്യാർത്ഥികൾ, യുവതി യുവാക്കൾ ജീവിതത്തെ, ജീവനെ ഭയന്ന് പ്രാണരക്ഷാർത്ഥം ഓടിപ്പോകുന്നു. ആർക്കും ഒരു കുണ്ഠിതമില്ല. അതും നമ്മുടെ വികസ നത്തിൽ ഉൾപ്പെടുത്താം.  ഇന്ത്യയിൽ മതസഹിഷ്ണതക്ക് മാത്രമല്ല നമ്മുടെ സാമൂഹിക സാംസ്‌കാ രിക രംഗങ്ങളിൽ ഏറെ സവിശേഷതകളുള്ള സംസ്ഥാനമാണ് കേരളം. ഇന്ന് നമ്മുടെ ജാതി മത രാഷ്ട്രീയ സാംസ്‌കാരിക നീതിന്യായ വകുപ്പുകൾ (പ്രധാനമായും പോലീസ്) ക്ഷീണിച്ചു് അവശരായിരിക്കുന്നു. അതും നമ്മുടെ വികസനത്തിന്റെ ഭാഗമാണ്. ചിലർക്ക് തോന്നാം ഞാൻ മനഃപൂർവ്വം എന്തൊക്കെയോ മെനയുന്നു. കാപട്യമാർന്ന മാന്യതയും മൃദുമിതത്വ വ്യാമോഹ മൊന്നും ഇല്ലാത്തതു കൊണ്ട് ആർക്കും അനുകൂലമായോ പ്രതികൂലമായോ വിഷയങ്ങളെ വലിച്ചുകീറി തുണ്ടം തുണ്ടമാക്കാറില്ല. സത്യവും നീതിയും ഞെരിഞ്ഞമരുമ്പോൾ മാന്യ രായ മനോരോഗികളിൽ ഒരാളായി തുടരുന്നതുകൊണ്ട് ചോദിക്കയാണ്. തെരെഞ്ഞെടുപ്പിൽ ജാതി മതം നോക്കുന്നില്ലേ? സംസ്‌കാരസമ്പന്നവും മതനിരപേക്ഷവുമായിരുന്ന മലയാളിയുടെ ഇന്നത്തെ മനസ്സിന്റെ വികാസമെന്താണ്? കടമെടുത്തും ഉറക്കളച്ചും കഷ്ടപ്പെട്ടും പഠിക്കുന്ന കുട്ടികൾക്ക് ഒരു തൊഴിൽ ലഭിക്കുന്നുണ്ടോ? കക്ഷി രാഷ്ട്രീയം നോക്കി നിയമനങ്ങൾ നടക്കു ന്നില്ലേ? കുറ്റവാളിയെ നിരപരാധിയാക്കുന്നില്ലേ? സമകാലിക സാഹിത്യ സാംസ്‌കാരിക  രംഗത്ത് അനർഹർ അർഹരായി അവരോധിക്കുന്നില്ലേ? അങ്ങനെ ഓരോ രംഗവും അപഗ്രഥി ച്ചാൽ നമ്മുടെ നാട് ഒരു നാടകശാലയാണ്. അവിടേക്ക് വിരുന്നുണ്ണാൻ ക്ഷണിച്ച അതിഥികൾ അല്ലെ ങ്കിൽ കഥാപാത്രങ്ങൾ ജാതിമത രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക നീതിന്യായ വകുപ്പുക ളിലെ പ്രമുഖരാണ്. നവോത്ഥാനകാലഘട്ടത്തിലെ വിശിഷ്ടവ്യക്തികൾ വളരെ ഉണർവ്വോടെയാണ് സദ്യയിൽ പങ്കെടുത്തത്. സദ്യ വിളമ്പാനെത്തിയ നാട്ടുകാർ വയറുനിറയെ എല്ലാവരെയും സൽ ക്കരിച്ചു. പാൽപായസത്തിനൊപ്പം തണുത്തു വിറങ്ങലിച്ച ഐസ്‌ക്രീം പലരും കഴിച്ചില്ല. ഇങ്ങനെ യാണ് നമ്മുടെ പരിണാമപ്രക്രിയ മൊത്തത്തിൽ മുന്നോട്ട് പോകുന്നത്.
നമ്മുടെ ഭരണാധിപന്മാർ മുമ്പും ഇപ്പോഴും എത്രയോ വിദേശ ആഡംബര യാത്രകൾ നടത്തി വന്നു. ആ യാത്രയിലൂടെ എന്തെങ്കിലും നേട്ടങ്ങൾ കേരളത്തിന് ലഭിച്ചിട്ടുണ്ടോ? ജീവിത സാഹചര്യങ്ങളും വികസനവും വിദേശത്തുള്ളതു പോലെയാവണമെന്നല്ല, എന്നാൽ താരതമ്യ പ്പെടുത്തുമ്പോൾ ഒട്ടും നിലവാരമില്ലാത്തതോ താഴേയ്ക്കു് പോവുന്നതോ ആകരുതെന്നു നിർബ ന്ധമുണ്ട്. വികസനത്തിന്റെയും വികസന നയങ്ങളുടെയും കാര്യത്തിലും ഇതല്ലേ കാണുന്നത്. എന്നാണ് ഇതിനൊക്കെ മാറ്റം വരിക. ആധുനിക ലോകത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ നാം ഉൾക്കൊള്ളണം,ഒപ്പം മാറാൻ നാം തയ്യാറുവുകയും വേണം.കേരളത്തിലെ റോഡുകളെടുക്കുക. മലയാള മനോരമ ചാനൽ റോഡിലെ കുഴികളുടെ എണ്ണം നോക്കി ആഴം നോക്കി  പുരസ്‌കാരം കൊടുക്കുന്ന കാഴ്ചകൾ നാട്ടുകാരെ കാണിച്ചു. റോഡുനിർമ്മാണത്തിലെ അഴിമതിയെ ചൂണ്ടികാ ണിച്ചു് മാതൃഭൂമിയിൽ ഒരു വാർത്ത കണ്ടു. എന്റെ വീടിന്റെ മുന്നിലെ ചത്തിയറ പാലത്തടം റോഡുപണിയിൽ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി നടത്തിയ പ്രതിഷേധ സമരം. ആരാണ് റോഡുപണി നടത്തിയത് എനിക്കറിയില്ല. പൊതുവിൽ കണ്ടുവരുന്നത് പണിയുന്നു. പൊളിയുന്നു. വീണ്ടും കരാർ കൊടുക്കുന്നു. ഇവിടെയെല്ലാം അഴിമതിയുടെ കൂത്തരങ്ങാണ്. കേരളത്തിലെ ഓരോ റോഡുകളുടെ ദയനീയാവസ്ഥ ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. ഒരു റോഡുപോലും നന്നാക്കിയിടാനറിയാത്തവരെയാണോ മന്ത്രിമാരാക്കുന്നത്?
മനുഷ്യർക്ക്  അടിസ്ഥാന സൗകാര്യങ്ങൾ നല്കാതെ പുരോഗതി വികസനമെന്ന് മൈതാന പ്രസംഗം നടത്തിയിട്ടോ വാർത്തകൾ സൃഷ്ടിച്ചിട്ടോ കാര്യമില്ല. കാളിദാസൻ വാല്മീകിയെ വിളിച്ചത് ‘രുദിതാനുസാരി’ എന്നാണ്. കരയുന്നവന്റെ വേദനിക്കുന്നവാനൊപ്പമാണ് കവികൾ, സാഹിത്യ കാരന്മാർ. ഒരു ഭാഗത്തു് വിയർക്കു ന്നവന്റെ വിയർപ്പിന്റെ ഫലം ഒരു കൂട്ടർ അനുഭവിക്കുമ്പോൾ മറുഭാഗത്തു് വാക്കുകൾകൊണ്ട് സ്വാന്തനം കൊടുക്കുന്നവരും വിശറികൊണ്ട് വീശി തണുപ്പിക്കു ന്നവരുമാണ് സർഗ പ്രതിഭകൾ. കേരളത്തിൽ വേദനിക്കുന്നവനൊപ്പം നിൽക്കുന്ന എത്ര എഴു ത്തുകാരുണ്ട്?
കേരളത്തിൽ ജന്മിത്വവും, നാടുവാഴിത്തവും, രാജഭരണവും കുഴിച്ചുമൂടി ജനാധിപത്യ ത്തിലെത്തി നിൽക്കുമ്പോൾ പലപ്പോഴും തോന്നുക നമ്മൾ നാടുവാഴിത്വത്തിലേക്ക് തിരിച്ചു പോയോ? ഭരണത്തിലുള്ളവരും കുത്തക മുതലാളിമാരുമായുള്ള കൂട്ടുകെട്ടുകൾ. മലയാളി പടു ത്തുയർത്തിയ മൂല്യബോധം വെറും മുദ്രാവാക്യങ്ങളായി മുഴങ്ങുകയാണോ? ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന തിന്മകളെ തിരിച്ചറിഞ്ഞു സഹജീവികളെ സമഭാവനയോടെ കാണണമെന്നു ണ്ടെങ്കിൽ കറകളഞ്ഞ ഒരു സോഷ്യലിസം തന്നെയാണാവശ്യം. സഹകരണമാണ് സോഷ്യലിസം. കൂട്ടായ സംരംഭത്തിലൂടെയും പരസ്പര സഹായത്തിലൂടെയും മനുഷ്യജീവിതത്തിന് മേന്മയു ണ്ടാക്കാനുള്ള ശ്രമം സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. അത് ആൾക്കൂട്ടത്തിന് മുന്നിൽ വ്യർ ത്ഥമായി ഘോരഘോരം പ്രസംഗിച്ചു് കയ്യടി വാങ്ങാനുള്ളതല്ല.പാവങ്ങളുടെ, സാധാരണക്കാരന്റെ ജീവിതം വരിഞ്ഞു കെട്ടി പോകുമ്പോൾ അതിനെ വലിച്ചുപൊട്ടിക്കാൻ എത്രപേർ മുന്നോട്ട് വരും? പരസ്പര സഹകരണ പ്രസ്ഥാനങ്ങൾക്ക് ഇത്തരത്തിൽ വലിയ അർത്ഥ വ്യാപ്തിയാണു ള്ളത്. കേരളത്തിൽ ജീവിതത്തിന്റെ നാനാമേഖലകളിൽ സഹകരണ പ്രസ്ഥാനത്തിന്റെ ഗുണ ങ്ങൾ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസരംഗം മുതൽ ആതുര സേവനമേഖല വരെ നീളുന്ന ചെറുതും വലുതുമായ സഹകരണസ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നു. വാണിജ്യ മേഖല യിൽ ചുവടുറുപ്പിച്ച സഹകരണ ബാങ്കുകൾ ജനങ്ങളെ സഹായിക്കാനുണ്ടാക്കിയെങ്കിലും സർ വ്വാധിപതികളെപോലെ അഴിമതി നടത്തുന്നവരെയും കാണുന്നു.
കേരളത്തിൽ പദ്ധതികൾക്കൊന്നും പഞ്ഞമില്ല. അത് പക്ഷേ നടപ്പിലാക്കുന്ന വിധത്തി ലാണ് പാളിച്ച. വികസനകാര്യത്തിൽ രാഷ്ട്രീയ പക്ഷപാതം വേണ്ട എന്ന് പലപ്പോഴും ചേലിനു വേണ്ടി പറയാറുണ്ട്. പക്ഷേ കാര്യത്തോടടുക്കുമ്പോൾ വികസന കാര്യങ്ങളെ പാടെ മറക്കുകയും രാഷ്ട്രീയം പ്രധാന ലക്ഷ്യമായിത്തീരുകയും ചെയ്യുന്നു. കേരളം രാഷ്ട്രീയ അതിപ്രസരത്തിന്റെ നാടാണെന്നൊരു ദുഷ്‌പേര് പതിഞ്ഞിട്ടുണ്ട്. അത് വളരുന്നു എന്നതാണ് യാഥാർഥ്യം.  കക്ഷി രാഷ്ട്രീയത്തിന്റെ തിമിരം പൂർണമായി മാറാതെ കേരളം വികസന പുരോഗതി കൈവരിക്കില്ല.
നിയമസഭയുടെ 125-ാം വാർഷികത്തോടനുബന്ധിച്ച് ‘നാളത്തെ കേരളം’ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇങ്ങനെ പറഞ്ഞു; ‘ഓരോ രാഷ്ട്രീയപ്പാർട്ടിക്കും അവരുടേതായ നയ സമീപനങ്ങളുണ്ട്. ഇത് പൊടുന്നനെ മാറില്ല. എന്നാൽ നാടിന്റെ വികസനത്തിൽ ഒരു പൊതു സമവായം ഉണ്ടായേതീരൂ. യോജിക്കാവുന്ന മേഖലക ളിൽ എല്ലാ പാർട്ടികളും സഹകരിച്ച് ഒന്നിച്ച് പ്രവർത്തിക്കണം’. എത്ര ശരിയാണ്. ജനസേവകരെന്ന് പറഞ്ഞു വരുന്നവരുടെ ലക്ഷ്യം നാടിന്റെ വികസനമാണോ അതോ സ്വന്തം കീശ വീർപ്പിക്കലോ.?
പുറത്തു നിന്നു നോക്കുന്ന ഒരു പ്രവാസിക്ക് വിദ്യാഭ്യാസം, ആരോഗ്യം, നൂതന സാങ്കേതി കവിദ്യ എന്നീ കാര്യങ്ങൾ കേരളത്തിന്റെ അവസ്ഥ കണ്ട് ഏറെ പരിതപിക്കേണ്ടി വന്നിട്ടുണ്ട്. കാരണം ഗൾഫ്, യൂറോപ്പ്, യുഎസ് അടക്കമുള്ളിടത്ത് മലയാളികൾ ഇതെല്ലാം ആവോളം ആസ്വ ദിക്കുന്നുണ്ട്. സ്വന്തം നാട്ടിൽ മാത്രമാണ് അവർക്കിതെല്ലാം കിട്ടാക്കനി. ഇന്ന് കഥ മാറിയെന്നു് വേണം പറയാൻ. വികസനത്തിന്റെ ഐക്കൺ ആയി മാറിയേക്കാവുന്ന ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളിൽ കേരളം മുന്നേറിയിരിക്കുന്നു. പേഴ്‌സൺ കമ്പ്യൂട്ടറുകളുടെയും ഇതര സാങ്കേതി വിദ്യയുടെ  കാര്യത്തിൽ രാജ്യത്തു് തന്നെ നാം മുൻനിരയിലെത്തി. ഈ നിലയിൽ, ഏതൊരു കേരളീയനെയും അഭിമാനപ്പെടുത്തുന്ന സംഗതി, ഐ.ടി രംഗത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ മാനവശേഷിയുള്ള സംസ്ഥാനമായി കേരളം മാറി. അതേസമയം ഐ.ടി വ്യവസായത്തിൽ കർ ണാടകം കേരളത്തെ ബഹുദൂരം പിന്നിലാക്കി. കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളെ പുറ കോട്ടടിക്കുന്നത് ആരാണ്.?
നമുക്കു കൈമോശം വന്നു കൊണ്ടിരിക്കുന്ന സാമൂഹ്യ നീതി, വർഗ്ഗീയത, വിദ്യാഭ്യാസം, കൃഷി, തൊഴിൽ രംഗം, വ്യവസായം, ഏറെ പ്രചാരം നൽകേണ്ട ടൂറിസം, അടിസ്ഥാന സൗകര്യ ങ്ങളിലൊന്നായ ഗതാഗതം, വൈദ്യുതി ഉൽപാദനം, ജലസ്രോതസ്സ് സംരക്ഷണം തുടങ്ങി എല്ലാ മേഖലകളിലുമുള്ള പൊതുവായ വികസനത്തിനാണ് കേരളം ലക്ഷ്യമിടേണ്ടത്. വികസിത അവികസിത രാജ്യങ്ങൾപോലും ഇന്ന് ടൂറിസത്തിൽ മുന്നേറി സമ്പത്തു് വർദ്ധിച്ചു കൊണ്ടിരി ക്കുമ്പോൾ ലോക ഭൂപടത്തിൽ ഏറെ പ്രചാരം ലഭിക്കേണ്ട സുന്ദര കേരളം  ടൂറിസത്തിൽ എവിടെയെത്തി നിൽക്കുന്നു. ധാരാളം രാജ്യങ്ങളിൽ പോകുകയും പതിനൊന്നോളം വിദേശ യാത്രാ വിവരണങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള എനിക്ക് കേരളത്തിലെ മൂന്നാർ, മൻഡ്രോ തുരുത്തു കണ്ടപ്പോൾ ലജ്ജയാണ് തോന്നിയത്. സഞ്ചാരികൾ വന്നുപോകുന്ന പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല. കുറെ പദ്ധതികൾ പേരിട്ട് വിളിച്ചു പണം വകമാറ്റി അടിച്ചുമാറ്റിയാൽ വികസനം വരില്ല. കേരള വികസനത്തിന് വിഘാതമായി നിൽക്കുന്ന സ്വാർത്ഥ തല്പര കക്ഷികളെ ജനങ്ങൾ തിരിച്ചറി യുക. കുട്ടികളടക്കമുള്ളവരെ വായനയിലൂടെ ബോധവൽക്കരിക്കുക.ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും ജന ങ്ങൾക്ക് ഗുണപരമായ കാര്യങ്ങൾ ചെയ്യുന്നവരെ ജനം തള്ളികളയില്ല. അവരെ നെഞ്ചിലേറ്റിയ ചരിത്രമാണ് കേരളത്തിലുള്ളത്. ഉദാ. ഇ.എം.എസ് നമ്പുതിരിപ്പാട് (1959, 1969), ആർ.ശങ്കർ (1964), സി.അച്യുതമേനോൻ (1970,1977) അങ്ങനെ പലരുണ്ട്. നാട്ടിൽ ഉൽപാദന മേഖലകളെ വളർത്തുക. പ്രവാസികളുടെ പുനരധി വാസം ഉറപ്പ് വരുത്തുക, കുറ്റവാളികൾക്ക് കുടപിടിക്കാതിരിക്കുക, നാട്ടിൽ നിന്ന് വിദ്യാസമ്പന്ന രായ യുവതി യുവാക്കളെ കയറ്റുമതി ചെയ്യുന്നത് അവസാനിപ്പിക്കുക. റോഡ് നിർമ്മാണത്തിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നടപ്പാക്കുക. സാമൂഹ്യ ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് ക്രിയാ ത്മകമായി പരിഹാരം കണ്ടെത്തുന്ന ഒരു ഭരണകൂടമാണ് കേരളത്തിനാവശ്യം. മറിച്ചായാൽ ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ നാടായി മാറുമെന്നോർക്കുക.

About The Author

Leave a Reply

Your email address will not be published. Required fields are marked *