ഒരു പട്ടം പോലെ പാറി നടക്കുകയാണ് ഞാനിപ്പോൾ.സ്കൂൾ.കോളേജ് ഗ്രൂപ്പുകൾ.സാഹിത്യഗ്രൂപ്പുകൾ,
പ്രസംഗ ഗ്രൂപ്പുകൾ ,പാട്ട് ഗ്രൂപ്പുകൾ എന്നു വേണ്ട ആകെ ബഹളമയം.പലതിലും അഡ്മിനുമാണ്. വീട്ടിലിരുന്ന് കൊണ്ട് ലോകം
ചുറ്റി വരാം .പണ്ട് പരമശിവൻ ഗണപതിക്കും ,സുബ്രഹ്മണ്യനും ലോകം ചുറ്റി വരുവാൻ പരീക്ഷണം നൽകിയത് പോലെ ഇന്ന് ആർക്കെങ്കിലും ഒരു ‘ടെസ്റ്റ്’ നടത്തിയാൽ അവർ ആദ്യം ഓടിക്കയറുന്നത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലേക്കാകും.
മിണ്ടുന്നതിനും ,തുമ്മുന്നതിനും മുക്കിന് മുക്കിന്
ഗ്രൂപ്പുകളല്ലേ.
ഞാനിതൊന്നുമല്ല പറയുവാൻ പോകുന്നത് കേട്ടോ.
നഷ്ടബാല്യത്തെക്കുറിച്ചും ,കളഞ്ഞു പോയ കൗമാരത്തെക്കുറിച്ചുമെല്ലാം പലരും വിതുമ്പുന്നത്
കേൾക്കാം. എനിക്കങ്ങനൊരു വെഷമവുമില്ലന്നേയ്.
എല്ലാ സങ്കടങ്ങളും ,ഗൃഹാതുരത്വവുമെല്ലാം വാട്ട്സ്
ആപ്പ് ദേവൻ പരിഹരിച്ചു.
കാണുന്നതിലെല്ലാം കൗതുകം തോന്നി മക്കൾ കാലിടറി വീഴരുതെന്നോർത്ത് മാതാപിതാക്കൾ നിയന്ത്രണങ്ങളുടെ വിലങ്ങുകളുമായി ജാഗരുകരായി നടക്കുന്ന കാലമാണ് പണ്ടുള്ളത്.
ആൺ .പെൺ സൗഹൃദങ്ങളെ ഭൂതക്കണ്ണാടിയിലൂടെ സമൂഹംവീക്ഷിച്ചു കൊണ്ടിരിക്കും.ഇന്നിപ്പോൾ
സമൂഹത്തിന്റെയും,രക്ഷകർത്താക്കളുടെയുംചിന്താഗതികളും പുരോഗമിച്ചിട്ടുണ്ട്.ഒരേ ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയും,പെൺകുട്ടിയും കേരളത്തിലെ ഏതെങ്കിലും റോഡിലൂടെ സംസാരിച്ചു കൊണ്ട് പോകുന്നത് കണ്ടാൽ ഇന്നാരും
ശ്രദ്ധിക്കുക പോലുമില്ല.ആൺകുട്ടികൾ പെൺകുട്ടികളുടെ വീടുകളിലും ,തിരിച്ചുമൊക്കെ
സന്ദർശനം നടത്താറുണ്ട്.
പത്ത് നാല്പത് കൊല്ലം മുൻപുള്ള കാര്യമാണ് കേട്ടോ.ഒരു പെൺകുട്ടി ഋതുമതിയായെന്നറിഞ്ഞാൽ അമ്മമാരുടെ നെഞ്ചിൽ പിടച്ചിൽ തുടങ്ങും. രാവിലെയും,വൈകിട്ടുമെല്ലാം പെൺമക്കൾക്ക് ഭക്ഷണത്തേക്കാളേറെ നൽകുന്നത് ഉപദേശങ്ങളാണ്.
“കോളേജ് വിട്ടാൽ പിന്നെയവിടെ ചുറ്റിക്കറങ്ങിനടക്കരുത്.ആരെങ്കിലും പ്രേമമാണെന്ന്
പറഞ്ഞ് കടലാസെന്തെങ്കിലും തന്നാൽ വാങ്ങാൻ കൂട്ടാക്കരുത്”തുടങ്ങിയ ഉപദേശങ്ങളുടെ പെരുമഴക്കാലമുതിർക്കുന്നതിൽ എന്റെ അമ്മയും
ഒട്ടും പുറകിലായിരുന്നില്ല.അക്കാലത്തെ പ്രണയങ്ങളധികവും
‘കൺകളിരണ്ടാൽ ..കഥകളൊക്കെ കൈ മാറിയായിരുന്നെന്ന് മാത്രം.പക്ഷേ ഞങ്ങളുടെ ബാച്ചിലെ അധികം പെൺകുട്ടികൾക്കും ആൺ കുട്ടികളോട് സംസാരിക്കുവാൻ പോലും ഭയമായിരുന്നു.എന്നാൽ പെൺകുട്ടികളോട് ഇടപെടുവാൻ തങ്ങൾക്കും പേടിയും ,മടിയുമൊക്കെയായിരുന്നെന്ന്
കോളേജ് ഗ്രൂപ്പിലെ പല പുരുഷ സുഹൃത്തുക്കളും ഇപ്പോൾപറയുന്നത് കേൾക്കുമ്പോൾ കൗതുകം തോന്നാറുണ്ട്.
കോട്ടയത്ത് മകൻ പഠിച്ചിരുന്ന മേരി റോയിയുടെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ലിംഗവിവേചനങ്ങളൊന്നുമില്ലാത്ത
സ്നേഹസൗഹൃദമാണ് കുട്ടികൾ തമ്മിലുണ്ടായിരുന്നത്.അക്കാലത്തൊക്കെ അവന്റെ
ക്ലാസ്സിലെ പെൺകുട്ടികൾ ഞങ്ങളുടെ
വീട്ടിൽ വരുമ്പോൾ ‘ഇതെന്ത് വെള്ളരിക്കാപ്പട്ടണം’
എന്ന മട്ടിൽ കണ്ണു മിഴിച്ചു ഞാൻ നിൽക്കുമായിരുന്നു.എന്നോടവൻ ഒരിക്കൽ ‘അമ്മക്ക് കൂട്ടുകാരന്മാരാരുമില്ലേ ‘എന്ന് ചോദിക്കുകയും ചെയ്തു.കോളേജ് പഠനം കഴിഞ്ഞും സൗഹൃദം തുടരുന്നത് ഉറ്റ സുഹൃത്തായ
സുലുവിനോട് മാത്രമായിരുന്നു.
വല്യ ബിന്ദുവും ,കൊച്ചു ബിന്ദുവും.ബാല്യത്തിലെ
എന്റെ കളിത്തോഴിമാരാണ്. രണ്ടു പേരും ബന്ധുക്കളുമാണ്.. ഉയരത്തിന്റെ അനുപാതം കണക്കാക്കിയാണ് ഇരുവർക്കും വിശേഷണങ്ങൾ
നൽകിയത്.ഞങ്ങളൊരുമിച്ച് കോടിമത പാടത്തും ,ആറ്റിറമ്പിലുമെല്ലാം തുള്ളിക്കളിച്ച് നടക്കുമായിരുന്നു.വീട്ടിൽ ചെല്ലുമ്പോൾലഭിക്കുവാൻ പോകുന്ന ശിക്ഷയെക്കുറിച്ച് ഓർത്ത് കുറച്ച് സമയം കഴിയുമ്പോൾ എല്ലാവർക്കും പേടി തുടങ്ങും.മാതാപിതാക്കളെയും ,അദ്ധ്യാപകരെയും പേടിച്ച് ,വിരണ്ട് ബാല്യമത്രക്കങ്ങ് ആസ്വദിച്ചു എന്ന് പറയുവാൻ വയ്യ.
പെൺപള്ളിക്കൂടമാണെങ്കിലും
ബേക്കർ സ്കൂളിൽ നാലാം ക്ലാസ്സ് വരെ ആൺകുട്ടികൾക്ക് പ്രവേശനമുണ്ട്.ജോസഫ് മാത്യു എന്നൊരു കൊച്ചു കൂട്ടുകാരൻ ഉണ്ടായിരുന്നു.
C M S കോളേജിലെ
അദ്ധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ചെറു പ്രായത്തിലും നല്ല പക്വതയുള്ള കുട്ടിയായിരുന്നു ജോസഫ് മാത്യു. കുസൃതിയായതിനാൽ ടീച്ചർമാരുടെ
കയ്യിൽ നിന്ന് ചുട്ട അടിയൊക്കെ ഇഷ്ടം പോലെ
എനിക്ക് കിട്ടുന്നത് പതിവായിരുന്നു.വാവിട്ട് നിലവിളിക്കുമ്പോൾ
ആശ്വസിപ്പിക്കുവാനെത്തും ആകൊച്ച് സുഹൃത്ത്.
അരളി മരത്തിന്റെ കായ്കൾ ശേഖരിക്കലാണ് ഞങ്ങളുടെ ഇഷ്ടവിനോദം.കായ്കൾക്ക് രണ്ടു വശങ്ങളുണ്ട്. ഒരു വശത്ത് കണ്ണും ,മൂക്കും ,മീശയുമൊക്കെ ഒരു ഈർക്കിൽ
കൊണ്ട് വരച്ചാൽ തൊപ്പി ധരിച്ചൊരു സായിപ്പായി.
ഒരു കമ്പു കൂടി കുത്തിയാൽ സായിപ്പിന് ഉടലുമായി. ഈ കളികളൊന്നും കാലങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ
നിന്നും മാഞ്ഞില്ല.വർഷങ്ങൾക്ക് ശേഷം
ലോവർ പ്രൈമറിയിലെ കൂട്ടുകാരുടെ കൂട്ടായ്മയിലൂടെ പഴയ
കൂട്ടുകാരനെ കണ്ടു മുട്ടുവാൻ സാധിച്ചത് വളരെ സന്തോഷം നൽകി.അദ്ദേഹം കുടുംബമായി അമേരിക്കയിലാണ് താമസം. അവിടെ ബാങ്കിംഗ് മേഖലയിൽ ഉദ്യോഗസ്ഥനാണ്.
പണ്ടേ ഞാനൊരു കുസൃതിയായിരുന്നെന്ന് പറഞ്ഞല്ലോ.അമ്മൂമ്മയായപ്പോഴും കുറുമ്പുകൾ കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് ഹൈസ്കൂൾ കൂട്ടുകാരികളുടെ പക്ഷം. പ്രത്യേകമായി പേരെടുത്ത് ആരെയും പറയുന്നില്ല.കാരണം ആ കൂട്ടായ്മയിൽ എല്ലാവർക്കും എന്നോട് സ്നേഹമാണ്. മനസ്സ് തുറന്ന് എല്ലാം പറയുന്നതും അവിടെത്തന്നെയാണ്.
അസുഖങ്ങൾ മൂലം ക്ലാസ്സിൽ ഹാജരാകാതിരിക്കുമ്പോൾ മെനക്കെട്ടിരുന്ന്
പാഠഭാഗങ്ങൾ പറഞ്ഞു തന്നിരുന്ന ആനിയെന്ന
കൂട്ടുകാരിവളർന്ന് വളർന്ന് ഇന്ന്അറബി നാട്ടിലെ
സ്കൂൾ പ്രിൻസിപ്പലാണ്. നിന്റെ ആദ്യത്തെ ശിഷ്യ ഞാനാണെന്ന് അവളോട് കളിയായി പറയാറുണ്ട്.
പെൺ പടകളുടെ ഇടയിൽ അഞ്ച് വർഷം വിളയാടിയിട്ടാണ് ബസേലിയസ് കോളേജിൽ ചെല്ലുന്നത്. അന്നൊക്കെ ആൺകുട്ടികളെ നേരെ
കണ്ടാൽ മുട്ട് കൂട്ടിയിടിക്കും.
സൗമിനി ,സുലു ,ഷീബ ,മറിയാമ്മ ,ഞാൻ ഇത്രയും
പേർ ഒരുമിച്ചാണ് ഒരു ബഞ്ചിലിരിക്കുന്ന കൂട്ടുകാർ..ഞങ്ങളുടെ
വിശേഷങ്ങളും ,കുസൃതികളും പറയുവാനാണെങ്കിൽ മറ്റൊരു ലേഖനം തന്നെ എഴുതേണ്ടി വരും.തലേ ദിവസം പറഞ്ഞ് വച്ചിട്ട് ഒരേ നിറത്തിലുള്ള വസ്ത്രമൊക്കെയിട്ട് പിറ്റേന്ന് ഞങ്ങൾകോളേജിൽ വിലസി നടക്കും.
ഞങ്ങളുടെ എല്ലാ കുരുത്തക്കേടുകളും കണ്ട് മന്ദഹാസം തൂകിഒതുങ്ങിയിരുന്ന മറിയാമ്മ
മാത്രം ഇന്നെവിടെയാണെന്ന് അറിയില്ല. ബാക്കി നാലു പേരും ഇന്നും സുഹൃത്തുക്കളായി തുടരുന്നു.ഞങ്ങൾക്കും ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്.
അൾസിമേഴ്സ് രോഗബാധിതനായ പിതാവ്
കാലയവനികക്കുള്ളിൽ മറഞ്ഞ വർഷം തന്നെയാണ് മകന്റെ വിവാഹം നടന്നതും.വേഗത്തിലോടിക്കൊണ്ടിരുന്ന എന്റെ
ജീവിതവണ്ടിക്ക് കുറച്ച് വിശ്രമമൊക്കെ കിട്ടിത്തുടങ്ങി.ബസേലിയസ് കോളേജിന്റെ പ്രീഡിഗ്രി കൂട്ടായ്മയിലേക്ക് അംഗമായത് ജീവിതത്തിലെ ഒരു വഴിഞ്ഞിരിവ് തന്നെയാണെന്ന്
പറയണം.പ്രീഡിഗ്രി രണ്ടാം വർഷമായപ്പോഴേക്കും
ആൺകുട്ടികളിൽ കുറച്ച് പേരോടൊക്കെ സംസാരിച്ചിട്ടുണ്ടെന്നല്ലാതെ ഗാഢമായ സൗഹൃദമൊന്നും ആരുമായിട്ടും ഉണ്ടായിരുന്നില്ല.കണക്ക് ,സയൻസ് ,ആർട്സ് ,കൊമേഴ്സ് തുടങ്ങിയ വിഷയങ്ങളെടുത്ത് പല ക്ലാസ്സിൽ
പഠിച്ചവരുടെ കൂട്ടായ്മയാണത്. പ്രീഡിഗ്രിക്കാലത്ത്
നേർക്ക് നേരെ നോക്കിയിട്ട് പോലുമില്ലാത്ത പലരും
ഇന്നെന്റെ ഉറ്റ സുഹൃത്തുക്കളാണ്.ഇവിടെയും പേരെടുത്ത് തരം തിരിക്കുവാനാകില്ല. എല്ലാവരും
പ്രിയപ്പെട്ടവരാണ്. ഉദ്യോഗത്തിന്റെ പദവികൾ നോക്കാതെ തമാശകൾ പറഞ്ഞും ,കുസൃതിത്തരങ്ങൾ ഒപ്പിച്ചും ആഘോഷിക്കുവാൻ കഴിയാതെ പോയ കൗമാരകാലം തകർത്ത് ഘോഷിക്കുകയാണ്.മനസ്സു കൊണ്ട് ഏറ്റവും
അടുപ്പമുള്ളതും ഈ കൂട്ടായ്മയോടാണ്.
പ്രീഡിഗ്രി കൂട്ടായ്മയിൽ ഞാൻ അംഗമാകുമ്പോൾ
അവിടെ സംഭാഷണ മാധ്യമം ഇംഗ്ലീഷായിരുന്നു.കേരളത്തിലെ ജില്ലകളിൽ ഓടി
നടക്കുവാൻ ശ്രേഷ്ഠഭാഷയുള്ളപ്പോൾ ഇംഗ്ലീഷൊക്കെ ആരു ശ്രദ്ധിക്കുവാൻ. കടു കട്ടി ഇംഗ്ലീഷ് പദങ്ങൾ കൊണ്ട് കൂട്ടുകാർ അമ്മാനമാടുന്നു. ആ തീരത്ത് പകച്ച് നിൽക്കാതെ
പിടിച്ച് നിൽക്കുവാൻ ഞാൻ സ്പോക്കൺ ഇംഗ്ലീഷ്
ക്ലാസ്സിൽ ചേർന്ന് നാല്പത്തിയേഴാം വയസ്സിൽ
വീണ്ടുമൊരു വിദ്യാർത്ഥിനിയായി.അവിടെയും സഹായിക്കുവാൻ ഒരു കൂട്ടുകാരനെ കിട്ടി.ജെറി .വലിയൊരു കോർപ്പറേറ്റ് സ്ഥാപനത്തിൽ
ഉന്നത പദവിയിലിരിക്കുന്ന ആളാണ്.പക്ഷേ അക്കാലത്ത് എത്ര തിരക്കായാലുംഎന്റെയെല്ലാ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി
തരുമായിരുന്നു..കൂട്ടുകാരോടുള്ള അദ്ദേഹത്തിന്റെ കരുതലും, അവരുടെ കുടുംബത്തിലെ വിശേഷ
ദിനങ്ങൾ പോലും ഓർത്ത് വച്ച് ഓർമ്മിപ്പിക്കുവാനും
അദ്ദേഹത്തിന് പ്രത്യേകമായൊരു കഴിവ് തന്നെയുണ്ട്.
കഥകളും ,കവിതകളുമൊക്കെ എഴുതി
സാഹിത്യരംഗത്ത് സജീവമാകുന്ന സമയത്ത്
പ്രിയപ്പെട്ട കൂട്ടുകാർ നൽകിയ പ്രോത്സാഹനങ്ങൾ ഇന്നുമെന്റെ കണ്ണുകൾ ഈറനാക്കാറുണ്ട്. “ഇന്ന് എന്താണെഴുതിയത്.ഇപ്പോൾ കുറച്ച് ഉഴപ്പാണല്ലോ.അധികം ഉറക്കമിളക്കരുത്.” എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാരുടെയും പേരെടുത്ത് പറയുവാൻ ലേഖനത്തിന്റെ പരിമിതിക്കുള്ളിൽ കഴിയുന്നില്ലല്ലോ
എന്നുള്ള പ്രയാസം മാത്രമാണ് അലട്ടുന്നത്.
ഡോ.സുനിൽ എന്ന കൂട്ടുകാരന്റെ ഉപദേശങ്ങൾ
വായന തലത്തിലും ,വ്യക്തിജീവിതത്തിലും ധാരാളം
പരിവർത്തനങ്ങൾക്ക് ഹേതുവായിട്ടുണ്ട്.
പിന്നെ ഹൈസ്കൂൾ ഗ്രൂപ്പിലും ,പ്രീഡിഗ്രി ഗ്രൂപ്പിലും
എന്നും വൈകിട്ട് ആറു മണിയാകുമ്പോൾ നിലവിളക്കിന്റെ ചിത്രവും പോസ്റ്റ് ചെയ്യാറുണ്ട്. അത്രക്ക് പരിപാവനമായി ഒരു കുടുംബം പോലെയാണ് അവിടെ കഴിയുന്നതും.
സുവോളജി ഐശ്ചികമായെടുത്ത് ബസേലിയസിൽ
തന്നെ ഡിഗ്രി പൂർത്തിയാക്കിയ ശേഷമായിരുന്നു
വിവാഹം. പിന്നീട് സഹകരണ വകുപ്പിന്റെ ബിരുദാനന്തര ഡിപ്ലോമക്കും പഠിച്ചു. കാസർഗോഡു
മുതൽ തിരുവനന്തപുരം വരെയുള്ള സഹപാഠികളെ
ഒരു കുടക്കീഴിൽ കിട്ടിയെന്നതാണ് ഇവിടെ എടുത്തു പറയുവാനുള്ള സന്തോഷം .
സാഹിത്യരംഗത്തുമുണ്ട് ധാരാളം സുഹൃത്തുക്കൾ .ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ളവർ. ചേച്ചിയായും ,അനുജത്തിയായും കരുതി സ്നേഹിക്കുന്നവരുണ്ട്. ഞാനിതു വരെ നേരിൽ കണ്ടിട്ടില്ലാത്ത ശുഭ ബിജുകുമാർ എന്ന കവയിത്രിയോട് ആഴത്തിലുള്ള ആത്മബന്ധം
തോന്നുന്നത് ഏതോ മുജ്ജന്മ ബന്ധം കൊണ്ടാകാം.
വോയ്സ് മെസ്സേജുകളിലൂടെയാണ്
അധികവും ആശയ വിനിമയം നടത്തുന്നതും.
ഡിഗ്രി കാലത്ത് രണ്ടു വർഷം ഒരേ ക്ലാസ്സിലിരുന്ന്
മലയാളം പഠിച്ച ജേർണലിസ്റ്റും ,എഴുത്തുകാരനുമായ മോഹൻദാസ്.
കോളേജ് കാലത്ത് അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കൽ പോലും സംസാരിച്ചിട്ടേയില്ല. എഴുത്തു വഴിയിലെ എന്റെ
ഏറ്റവും നല്ല സുഹൃത്താണ് മോഹൻദാസ്.
നമ്മൾ ആരാധിക്കുന്ന എഴുത്തുകാരുടെ സന്ദേശമോ ,അഭിനന്ദനമോ ഒക്കെ വാട്ട്സ്ആപ്പിലൂടെ ലഭിക്കുമ്പോൾ
എന്തൊരു സന്തോഷമാണല്ലേ.
ചുരുക്കം പറഞ്ഞാൽ തുടക്കത്തിൽ പറഞ്ഞത്
പോലെ കൂട്ടുകാരുമൊത്ത് വാട്ട്സ് ആപ്പ് കൂട്ടായ്മകളിലൂടെ ഞാൻ പട്ടം പോലെ പാറി നടക്കുകയാണ്. ജീവിതം തന്നെയിപ്പോൾ
നവ മാധ്യമങ്ങളോട് കടപ്പെട്ടിരിക്കുകയാണ്.ഹൃദയം
കൃതജ്ഞത കൊണ്ട് തുളുമ്പുന്നു എന്നു കൂടി
പറഞ്ഞൊന്ന് ചിരിപ്പിച്ചേക്കാം.
സൗഹൃദങ്ങളിൽ നിന്നും മധുരാനുഭവങ്ങൾ മാത്രമല്ല കേട്ടോ ലഭിച്ചിട്ടുള്ളത്.
ചതിയുടെയും ,വഞ്ചനയുടെയും തിക്താനുഭവങ്ങളും ലഭിച്ചിട്ടുണ്ട്. കണ്ണിൽ നിന്ന്
കണ്ണുനീരിന് പകരം രക്തമൊഴുകിയ അനുഭവങ്ങളുമുണ്ട്.ഉറ്റ സുഹൃത്ത് എന്ന് വിശ്വസിച്ചിരുന്നവർ മനസ്സിലാക്കാതെ പോയതിന്റെ
വേദനയുമുണ്ട്.വാട്ട്സ് ആപ്പിലൂടെ മോശമായ അനുഭവങ്ങളുണ്ടായാൽ ബ്ലോക്ക് ചെയ്ത് അവരെ
ഒഴിവാക്കാം. അങ്ങനെ ഒഴിവാക്കിയവരും ധാരാളമുണ്ട് .പരിചയമില്ലാത്തവരോട് സൗഹൃദത്തിന് മുതിരാത്തതിനാൽ ചതിക്കുഴികളിലൊന്നും ഈശ്വരാനുഗ്രഹത്താൽ
വീണിട്ടില്ല.പിന്നെ വീട്ടിലുള്ളവർക്കും പരാതിയൊന്നുമില്ല. കണ്ണുകൾ ഇടക്ക് പരിഭവം
പ്രകടിപ്പിക്കാറുണ്ട്. പിന്നെ മരുന്നൊക്കെ ഒഴിച്ച്
പിണക്കം മാറ്റിയെടുക്കുന്നു.
സുരേഷ് വാട്ട്സ് ആപ്പ് നോക്കാറേ ഇല്ല. ചില വിവാഹക്ഷണ പത്രികകൾ
അതു മൂലം ശ്രദ്ധിക്കാതെ നഷ്ടമായിട്ടുണ്ടെന്നത്
വേറൊരു വശം.
സുഖവും ,ദുഃഖവും നിറഞ്ഞ ജീവിത വീഥികളിലൂടെ
കടന്നു പോകുമ്പോൾ
നെഗറ്റീവുകളെക്കുറിച്ച് നാം എന്തിന് ചിന്തിക്കണം.നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങളെക്കുറിച്ച് ബോധ്യമുളളവരാകുക.ദൈവത്തിന് നന്ദി പറഞ്ഞു
കൊണ്ട് സംതൃപ്തരായി ജീവിക്കുക.
About The Author
No related posts.