ഹാജർ വിളിച്ച് ക്ലാസ് തുടങ്ങിയപ്പോഴാണ്
6 ബിയിലെ ബാബു മരിച്ചതിനാൽ സ്കൂളിന്
അവധിയാണെന്ന അറിയിപ്പ് വന്നത്…
കണക്ക് സാറിന്റെ അടിയിൽ നിന്ന് രക്ഷപ്പെടാമെന്ന ചിന്തയിൽ എന്റെ മനസിൽ ആഹ്ലാദം അലതല്ലി…
സ്കൂൾ ഗ്രൗണ്ട് കഴിഞ്ഞാൽ വലതു വശത്ത് മൂന്നാമത്തെ വീടാണ് ബാബുവിന്റേത്…
ബാബു എന്റെ ക്ലാസിലല്ല പഠിക്കുന്നതെങ്കിലും ഞങ്ങൾ കൂട്ടുകാരാണ്…
അങ്ങാടിക്കടയിലും
റേഷൻ കടയിലും
മൂക്രൈൻ വലിയച്ഛന്റെ പലവ്യജ്ഞന കടയിലും വെച്ച് കാണുമ്പോൾ ഞങ്ങൾ സൗഹൃദം പുതുക്കും…
ഏഴടി പൊക്കവും അതിനൊത്ത വണ്ണവും മുഖം നിറഞ്ഞു നിൽക്കുന്ന കൊമ്പൻ മീശയുമുള്ള ഒരാളാണ് ബാബുവിന്റെ അച്ഛൻ…
സ്കൂളിൽ നിന്നും ബാബുവിനെ അവസാനമായി കാണാൻ ഞങ്ങളെ വരിവരിയായി കൊണ്ടു പോയി…
വീട്ടുകാർ
കരഞ്ഞു കരഞ്ഞു തളർന്നതു കൊണ്ടാകണം പരിസരത്താകെ പൂർണ്ണ നിശബ്ദതയായിരുന്നു…
വീതി കുറഞ്ഞ ചെറിയ ചെമ്മണ്ണ് റോഡിന് എതിർ വശത്തായുള്ള മതിലിൽ ബാബുവിന്റെ അച്ഛൻ ചാരി നിൽക്കുന്നു…
കൊമ്പൻ മീശയുള്ള ആ അച്ഛൻ കരളുരുകി കണ്ണീരൊഴുക്കുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടി…
അവധി കിട്ടിയ ആഹ്ലാദം മെല്ലെ എന്റെ മനസിൽ നിന്ന് മായാൻ തുടങ്ങി…
ജീവിതത്തിൽ ആദ്യമായാണ് മരിച്ച ഒരാളിനെ കാണാൻ പോകുന്നത്…
വരി വരിയായി പോയ
സ്കൂൾ കുട്ടികളുടെ മുൻനിര ബാബുവിന്റെ അടുത്ത് എത്തിയപ്പോൾ ബാബുവിന്റെ അമ്മയും ചേച്ചിയും നിലവിട്ട് നിലവിളിക്കാൻ തുടങ്ങി…
അമ്മയുടെ നെഞ്ചുരുകുന്ന നിലവിളി എന്റെ നെഞ്ചകത്തെ പൊള്ളിച്ചു കൊണ്ടേയിരുന്നു…
നടന്ന് നടന്ന് ഞാനും ബാബുവിന്റെ അടുത്തെത്തി…
അവൻ ശാന്തനായി ഉറങ്ങുകയാണ്…
നിലവിളക്കിന്റെ ദീപ്ത പ്രകാശത്തിൽ അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിയുന്നതായാണ് എനിക്ക് തോന്നിയത്…
ബാബുവിനെ കണ്ടതിന് ശേഷം
വീട് എത്തുന്നതു വരെ ഞാനും
ദുബായ് അനിയും
അജ്മാൻ അനിയും ഗോപനും ജിത്തും പരസ്പരം ഒന്നും മിണ്ടിയില്ല…
കുറേ ദിവസത്തോളം ബാബുവിന്റെ ഓർമ്മകളും അവന്റെ അമ്മയുടെ നിലവിളിയും എന്റെ ഉറക്കം നഷ്ടപ്പെടുത്തി…
ഇന്നും മരണ വീടുകളിൽ പോയാൽ കഴിവതും ജീവനില്ലാത്ത ശരീരത്തെ ഞാൻ നോക്കാറില്ല…
മരിച്ചവർ ജീവിച്ചിരിക്കുന്നതായി തോന്നണമെങ്കിൽ കാണാതിരിക്കുന്നതാണ് നല്ലത്…
എന്റെ ജീവിതത്തിൽ ഒരു കൂട്ടുകാരൻ ഇഹലോകത്ത് നിന്ന് ആദ്യമായി വിട പറയുന്നത് ബാബുവിലൂടെയാണ്…
ഇന്നും ബാബുവിന്റെ ചിരി എന്റെ മനസിലുണ്ട്…………………………..
_________
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
About The Author
No related posts.