ഗോപാലന്‍ എഴുന്നേറ്റപ്പോള്‍ നേരമേറെ വൈകിയിരുന്നു. വല്ലാത്ത ശരീരവേദന. പേശികളിലാകെ സൂചികുത്തും പോലെ. ഇന്നലെ പിള്ളേര്‍ക്കൊപ്പം മുറ്റത്ത് വെറുതെ ഓടിക്കളിച്ചിരുന്നു. ആനന്ദ് വന്നതിനുശേഷം അയാള്‍ കൊച്ചുകുട്ടികളുടെ പോലെയാണ്. പ്രായമിത്രയുമായതോര്‍ക്കാതെ ഓട്ടവും ചാട്ടവും തന്നെ. ഉണ്ണിക്കുട്ടനും അച്ചാച്ചന്റെ മാറ്റത്തില്‍ സന്തുഷ്ടനാണ്. സ്‌കൂള്‍ അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും അവനും അയാളുടെ പിറകെത്തന്നെയാണ്. അപ്പന്റെ മാറ്റത്തില്‍ സരളയ്ക്കും വളരെ സന്തോഷമുണ്ട്. പറഞ്ഞു കേട്ട സ്വഭാവത്തില്‍നിന്നും വളരെ വ്യത്യസ്തനായിരിക്കുന്നു അപ്പനെന്ന് ബിന്ദുവുമോര്‍ത്തു.
എഴുന്നേറ്റു ഉമ്മറത്തെത്തിയപ്പോള്‍ അയാളുടെ മുഖത്തു സൂര്യകിരണങ്ങള്‍ പതിച്ചു. ക്ലോക്കില്‍ ഒന്‍പതുമണി കഴിഞ്ഞിരിക്കുന്നു. രവി തോട്ടത്തിലേക്കു പോയിട്ടുണ്ടാകുമോ. അയാള്‍ ചായ്പിലേക്കു നോക്കി. പാലെടുക്കുന്ന ബക്കറ്റ് കാണാനില്ല. അവന്‍ വന്നിട്ടുണ്ടാകും. അല്ലെങ്കിലും ഇപ്പോള്‍ കക്ഷി കണിശത്തിലാണ് വരവ്. കൂടാതെ വീട്ടിലെ കാര്യങ്ങളൊക്കെയും ഒരു ശ്രദ്ധയുണ്ട്. മാര്‍ക്കറ്റില്‍പോകുന്നതും മീന്‍ വാങ്ങുന്നതുക്കെ അവന്‍ തന്നെയാണ്. മോഹനുമായി ചില കറക്കങ്ങളുമുണ്ട്. എന്തായാലും കാര്യങ്ങളൊക്കെ വലിയ കുറവില്ലാതെ നടന്നുപോകുന്നുണ്ട്. അവനിത്തിരി കാശു കൂടുതല്‍ കൊടുക്കണം. അയാള്‍ വീടിന്റെ മതില്‍ക്കെട്ടിനപ്പുറത്തെ തോട്ടത്തിലേക്കു നോക്കി. ആളനക്കമുണ്ട് പണിക്കാരെത്തിയിട്ടുണ്ട്.
അയാള്‍ വീടിനകത്തേക്കുനോക്കി. ആനന്ദിന്റെ അനക്കമൊന്നും കേള്‍ക്കാനില്ല. അവന്‍ ഉറക്കമുണര്‍ന്നിട്ടില്ല. ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ പോകാനുള്ള തിരക്കിലാണ്. അതിന്റെ ഒച്ചയും ബഹളും കേള്‍ക്കുന്നുണ്ട്. പാവം സരള അവള്‍ക്കിപ്പോള്‍ പിടിപ്പതു പണിയുണ്ട്. ഇതിനിടെ രാവിലെതന്നെ തൊഴുത്തിലെ കാര്യങ്ങളെല്ലാം അവള്‍ തീര്‍ത്തിട്ടുണ്ടാകും. ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ പിന്നെ വീട്ടിലെ പണികളുടെ തിരക്കായി. ബിന്ദുവിനു വലുതായൊന്നും സഹായിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല. അവളുടെ കാര്യങ്ങള്‍ക്കു പലപ്പോഴും സരള തന്നെ വേണം താനും. അടുക്കളയില്‍ സഹായിക്കാന്‍ ഒരാളെക്കൂടി വയ്ക്കണം. അതിനിപ്പോള്‍ ആരാ ഇക്കാലത്ത് കിട്ടുക. തോട്ടത്തില്‍ പണിയെടുക്കുന്ന ആരും വീട്ടില്‍ നില്‍ക്കുന്നതിനു കിട്ടുന്ന നക്കാപ്പിച്ചയ്ക്കു വരില്ല. എന്തായാലും രവിയോട് ഒരാളെ അന്വേഷിക്കാന്‍ പറയണം.- അയാള്‍ തൊടിയിലെ മാവിന്‍തൈയില്‍നിന്നും ഇലയടര്‍ത്തി പല്ലുതേയ്ക്കാന്‍ തുടങ്ങി.
അപ്പാ, ചായ…- സരള അയാളെ വിളിച്ചു. കപ്പ് അരമതിലില്‍ വയ്ക്കാന്‍ പറഞ്ഞ് അയാള്‍ വായും മുഖവും കഴുകി. ഉണ്ണിക്കുട്ടന്‍ ബാഗുമായി സ്‌കൂളിലേക്കിറങ്ങി. വീടിന്റെ പടികളിറങ്ങുമ്പോള്‍ അച്ചാച്ചനെ നോക്കി അവന്‍ ചിരിച്ചു. വൈകുന്നേരം നേരത്തെവരാമെന്നു പറഞ്ഞ് അവന്‍ ഗേറ്റുകടന്ന് ഓടി. എന്തൊരുന്മേഷമാണവന്. പണ്ട് വീട്ടില്‍ പൂച്ചയെപ്പോലെ കഴിഞ്ഞിരുന്ന കുട്ടിയാണ്. അവനെ താനിതുവരെ ഒന്ന് ഓമനിച്ചിട്ടില്ലെന്നു അയാളോര്‍ത്തു. അതില്‍ അയാള്‍ക്കു കുണ്ഠിതവും തോന്നി. ഇപ്പോള്‍ താനില്ലാതെ അവന്‍ ഒരു കാര്യവും ചെയ്യില്ല. എപ്പോഴും തന്റെ കൂട്ട് അവനു വേണം. താന്‍ ശരിക്കുമൊരു മുത്തശ്ശനായത് ഇപ്പോഴാണെന്നു അയാള്‍ മനസിലാക്കി. ആനന്ദെന്നു വച്ചാല്‍ അവനു ജീവനാണ്. വൈകുന്നേരം എത്തിയാല്‍ അവനെ കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുകയാണാണ് ഉണ്ണിക്കുട്ടന്റെ പണി. ഗേറ്റിനപ്പുറം കടന്നു ഉണ്ണിക്കുട്ടന്‍ തിരിഞ്ഞുനോക്കി അച്ചാച്ചാനു ടാറ്റ കൊടുത്ത് ഓടിമറഞ്ഞു. അയാള്‍ക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അയാള്‍ അരമതിലില്‍വച്ചിരുന്ന ചായയെടുത്തു കുടിച്ചു. ചൂടുചായ തൊണ്ടയിലൂടെ ഇറങ്ങിയപ്പോള്‍ നല്ല സുഖം. അരമതിലിനോടു ചേര്‍ന്ന ചുവരില്‍ ചാരി അയാള്‍ കണ്ണടച്ചിരുന്നു. ഉറക്കം വിട്ടുമാറിയിട്ടില്ല. ശരീരവേദന മൂലമുള്ള ക്ഷീണം വേറെയും. അകത്തുപോയി കുറച്ചുനേരം കൂടി കിടക്കാമെന്നു കരുതിയപ്പോഴാണ് മുറ്റത്ത് സൈക്കിളിന്റെ ബെല്‍ കേട്ടത്. മീന്‍കാരന്‍ പൈലിയാണ്.
എന്തോന്നാടാ വട്ടീല്.. -ഗോപാലന്‍ തലയെത്തിനോക്കി ചോദിച്ചു.
ഇത്തിരി ചാളയും പൊടിമീനുമാണ് കാര്‍ന്നോരേ…- വേറെയൊന്നു വാങ്ങിക്കില്ലെന്നു ഉറപ്പുള്ളതുകൊണ്ടാണ് പൈലി അങ്ങിനെ പറഞ്ഞത്. വട്ടിയില്‍ ചാളയ്‌ക്കൊപ്പം നെയ്മീനും തിരുതയും തിളങ്ങുന്നു. ഗോപാലന്‍ പതിയെ എഴുന്നേറ്റു പൈലിയുടെ അടുത്തെത്തി വട്ടിയിലേക്കു നോക്കി. തന്നെ പൈലി കളിയാക്കിയതാണെന്നു അയാള്‍ക്കു മനസിലായി. പറഞ്ഞിട്ടുകാര്യമില്ല. ചാളയും പൊടിമീനുമല്ലാതെ കാലം കുറെയായിട്ടു ഈ വീട്ടില്‍ മറ്റൊന്നും വാങ്ങിച്ചിട്ടില്ലല്ലോ. അയാള്‍ ഉള്ളാലെ ചിരിച്ചു.
ഇതെന്താ പൈലീ നെയ്മീനൊരു വാട്ടം….- കാര്‍ന്നോരുടെ വര്‍ത്തമാനം കേട്ടപ്പോള്‍ പൈലിക്കു ദേഷ്യമാണ് കയറിയത്. നല്ല മീനൊട്ടും വാങ്ങിക്കുകയുമില്ല. അയാളുടെ വായിലിരിക്കുന്നതു മുഴുവന്‍ കേള്‍ക്കുകയും വേണം.
ഓ… കടലീന്ന് പിടിച്ചോണ്ട് വരണതല്ലേ… ഈ മലമുകളിലെത്തുമ്പോ ഇത്തിരി വാട്ടമൊക്കെ കാണും… വല്ലതും വാങ്ങിക്കുന്നുണ്ടങ്കീ പറ…- പൈലിയുടെ രസമില്ലായ്മ വാക്കുകളിലും പ്രകടമായിരുന്നു.
എന്നാ നെയ്മീനും തിരുതയും ഓരോ കിലോ വീതം തൂക്കിയെടുക്കെടാ….- ഗോപാലന്‍ പറഞ്ഞു. പൈലിക്കത് വിശ്വസിക്കാനായില്ല. കാലം കുറച്ചായി ഇവിടെ മീനുമായി വരാന്‍ തുടങ്ങിയിട്ട്. പലപ്പോഴും വെറുതെ മടങ്ങിപ്പോകുകയാണ് പതിവ്. വല്ലപ്പോഴും ചാളയോ ചെറുമീനോ വാങ്ങിയാലായി. ദേ… ഇപ്പോ കാര്‍ന്നോരു പറയുന്നു നെയ്മീനും തിരുതയുമെടുക്കാന്‍… സത്യം തന്നെയൊയെന്നറിയാന്‍ കാര്‍ന്നോരുടെ മുഖത്തേയ്ക്കുതന്നെ പൈലി നോക്കിയിരുന്നു.
എന്നതാടാ നിനക്കൊരു അമാന്തം….തൂക്കിയെടുക്കെടാ പൈലീ മീന്‍….- ഗോപാലന്‍ കാര്യത്തില്‍ തന്നെയായിരുന്നു. മേശയില്‍നിന്നും രൂപയെടുക്കാന്‍ സരളയോടയാള്‍ വിളിച്ചുപറഞ്ഞു. അവള്‍ ചട്ടിയും രൂപയുമായെത്തി. ചട്ടിയിലേക്കു പൈലിയെടുത്തിട്ട മീന്‍ കണ്ടപ്പോള്‍ അവള്‍ക്കും അതിശയം.
അതിലിത്തിരിയെടുത്തു പൊരിച്ചേര്… പിള്ളേരു വയറുനിറച്ചു ചോറുതിന്നട്ടെ….- ഗോപാലന്‍ സരളയോടു പറഞ്ഞു. അവള്‍ ചട്ടിയുമായി അകത്തേക്കു പോയി. പൈലി മീനെന്നു നീട്ടിവിളിച്ചു സൈക്കളിലോട്ടു കയറി.
അപ്പാ.. കഞ്ഞിയെടുത്തുവച്ചിട്ടുണ്ട്…. – അകത്തുനിന്നും സരള നീട്ടിവിളിച്ചു. അയാള്‍ പതിയെ മുഖം തോര്‍ത്തുകൊണ്ടുതുടച്ചു അകത്തേക്കുനടന്നു. മേശപ്പുറത്ത് ആവിയുയരുന്ന കഞ്ഞി. തേങ്ങാച്ചമ്മന്തിയുടെ രുചി അയാളുടെ നാവിലേക്കുകയറി. ഒറ്റവലിക്കെന്ന പോലെയാണ് അയാള്‍ കഞ്ഞികുടിച്ചു തീര്‍ത്തത്. കുറച്ചു കൂടി വേണമെന്നുണ്ടായിരുന്നു. സരള അടുക്കളയില്‍ ഒറ്റയ്ക്കായിരിക്കും. അവളെ ബുദ്ധിമുട്ടിക്കേണ്ടയെന്നു കരുതി അയാള്‍ കഞ്ഞി മതിയാക്കി വായ കഴുകി.
മോഹന്‍ എഴുന്നേറ്റിട്ടുണ്ട്. തൊടിയില്‍ അവന്റെ അനക്കം കേള്‍ക്കുന്നുണ്ട്. പല്ലുതേക്കുകയായിരിക്കും. അവന്‍ വന്നിട്ട് നേരാംവണ്ണം ഒന്നും മിണ്ടാന്‍ കഴിഞ്ഞിട്ടില്ല. അല്ലെങ്കിലും എന്നാണ് താന്‍ അവനോട് കൂടുതലായി സംസാരിച്ചിട്ടുള്ളത്. അകറ്റി നിര്‍ത്തി വളര്‍ത്തിയ മക്കള്‍ ഇങ്ങനെയല്ലാതെ എങ്ങിനെയാണു പെരുമാറുക. എല്ലാം തന്റെ കുഴപ്പം തന്നെയാണ്. മക്കളായാലും ഭാര്യയായാലും ആത്യന്തികമായി എല്ലാവരും അന്യരാണെന്ന ബോധം തന്നില്‍ ഉണ്ടായിരുന്നു. അതാണിപ്പോള്‍ തകര്‍ന്നു വീണിരിക്കുന്നത്. ഇപ്പോഴതു തിരിച്ചറിഞ്ഞിട്ടു ഫലമില്ല. ജീവിതത്തിന്റെ അവസാന ഭാഗത്താണു താന്‍. പഴയതെറ്റുകള്‍ തിരുത്തുവാനുള്ള സമയമോ തിരുത്തിയാല്‍ത്തന്നെ അതിന്റെ ഗുണമോ ആര്‍ക്കുമുണ്ടാകാന്‍ തരമില്ല. പിന്നെ മനസിന്റെയൊരു സമാധാനത്തിനായി എന്തെങ്കിലുമൊക്കെ ചെയ്യാമെന്നുമാത്രം.
മോഹനോട് കുറച്ചുകാര്യങ്ങള്‍ ഗൗരവമായി സംസാരിക്കേണ്ടതുണ്ട്. സരളയുടെ കാര്യത്തില്‍ ഒരു തീര്‍പ്പുണ്ടാക്കണം. മക്കള്‍ക്കു ഇതുവരെ താന്‍ ഒന്നും നല്‍കിയിട്ടില്ലെന്ന കുറ്റബോധം അയാളുടെ മനസിനെ ഇപ്പോള്‍ മഥിക്കുന്നുണ്ട്. കഷ്ടപ്പെട്ടുതന്നെയാണ് ഈ കാണുന്നതെല്ലാം താന്‍ ഉണ്ടാക്കിയത്. ഇതെല്ലാം അവര്‍ക്കുതന്നെയാണു നല്‍കേണ്ടത്. സരള ഈ ചെറുപ്രായത്തില്‍ത്തന്നെ വിധവയായത് വല്ലാത്തൊരു വിധിയായിപ്പോയി. അവള്‍ക്കിനിയും ഒരു ജീവിതം ബാക്കിനില്‍ക്കുന്നുണ്ട്. മറ്റൊരു കല്യാണം കഴിക്കുന്നതിലും തെറ്റില്ല. അവള്‍ക്കും ഒരു കൂട്ട് ആവശ്യമാണ്. ആരുടേയും സ്‌നേഹം അത്യാവശ്യമാണെന്നു തനിക്കിതുവരെ തോന്നിയിരുന്നില്ല. പക്ഷെ തന്റെ ചിന്തയായിരിക്കണമെന്നില്ലല്ലോ എല്ലാവര്‍ക്കും. അവളും ചിലപ്പോള്‍ ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ടാകും. അത് തെറ്റല്ലതാനും. പെണ്ണിന്റെ മനസ് ആഗ്രഹിക്കുന്നത് അതിരുകളില്ലാതെയാകും. അതിരുകള്‍ക്കുള്ളില്‍ പിടിച്ചുകെട്ടാന്‍ മറന്നുപോയാല്‍ തിരിച്ചുവരവുണ്ടാവുകയില്ല. ഉണ്ണിക്കുട്ടനും ഒരു രക്ഷകര്‍ത്താവിനെ വേണം. മോഹന്‍ അമേരിക്കയിലേക്കു തിരിച്ചുപോയാല്‍ വീണ്ടുമിവിടെ താനും സരളയും ഉണ്ണിക്കുട്ടനും മാത്രമാകും. തന്റെ കാലം കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കാരുണ്ടാകും. സരളയുടെ കാര്യത്തില്‍ തീരുമാനമാകേണ്ടതുണ്ട്. വൈകുന്നേരമാകട്ടെ എല്ലാം തീരുമാനത്തിലാക്കണം…- ഗോപാലന്‍ മനസില്‍ ഓരോ തീരുമാനങ്ങളും ഉറപ്പിക്കുകയായിരുന്നു.
ബിന്ദുവും ആനന്ദും ഉറക്കമുണര്‍ന്നിട്ടില്ല. രാത്രിയില്‍ അവര്‍ക്കു ഉറക്കം കിട്ടുന്നില്ലായിരിക്കും. അമേരിക്കയിലെ പോലെയല്ലല്ലോ. നാട്ടിന്‍പുറമല്ലേ. രാത്രിയില്‍ പൂച്ച കരഞ്ഞാലും നരച്ചീറ് ചിറകടിച്ചാലും അവര്‍ക്കു വലിയ ബഹളം തന്നെയായിരിക്കും. രണ്ടു ദിവസം കഴിഞ്ഞ് എറണാകുളത്തെ ആശുപത്രിയില്‍ അവളെ കൊണ്ടുപോകുമെന്ന് മോഹന്‍ ആരോടോ പറയുന്നതു കേട്ടു. തലയില്‍ തുന്നിക്കെട്ടിയ നൂല്‍ വെട്ടിക്കളയണമത്രെ. വലിയ കുഴപ്പമൊന്നുമില്ലെന്നു അവള്‍ ഇന്നലെ തന്നോട് പറഞ്ഞിരുന്നു. ഇടയ്ക്കു ചെറിയ വിങ്ങലുണ്ടത്രെ. മുറിവുണങ്ങുന്നതിന്റേതാകും എന്നു പറഞ്ഞ് അവളെ സമാധാനിപ്പിച്ചു…- എല്ലാം നന്നായി വരുമെന്നു അയാള്‍ മനസില്‍ പറഞ്ഞു.
അയാള്‍ വീണ്ടും മുറ്റത്തേക്കിറങ്ങി. മുറ്റത്ത് പുല്ലും തൊട്ടാവാടികളും മുളച്ചു പൊന്തിത്തുങ്ങിയിരിക്കുന്നു. രണ്ടാഴ്ചമുന്‍പ് എല്ലാം താന്‍ പറച്ചുകളഞ്ഞതാണ്. ഓര്‍മകള്‍ തിരികെയെത്തും പോലെ അവ വീണ്ടും തഴച്ചുവളരുന്നു. പുല്ലുപറിക്കാന്‍ നിന്നാല്‍ താന്‍ ഇന്നു തോട്ടത്തിലെത്തില്ലെന്നു നിശ്ചയം. മുറ്റത്ത് ചാണകവും കിടക്കുന്നുണ്ട്. വന്നിട്ട് അതും കോരിയിടാം.
താനില്ലെങ്കില്‍ തോട്ടത്തില്‍ പണിക്കാരുടെ കാര്യത്തില്‍ അവന്‍ വേണ്ടപോലെ ശ്രദ്ധിക്കില്ല. വെറുതെയെങ്കിലും എത്തിനോക്കിയിട്ടു പോരണം. കുറച്ചു തൈകള്‍ പുതുതായി വച്ചിട്ടുണ്ട്. അതിനു വെള്ളമൊഴിക്കണം. ഇന്നലെയും അതിന്റെ കടയില്‍ നനവുണ്ടായിരുന്നില്ല. താന്‍ ചെന്നതിനുശേഷമാണ് പണിക്കാരെക്കൊണ്ട് ഇത്തിരി വെള്ളംതളിപ്പിച്ചത്. വടക്കുഭാഗത്തു വാടി നില്‍ക്കുന്ന മരങ്ങള്‍ക്കു മരുന്നടിക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് ചെയ്‌തോ ആവോ. രവി പറഞ്ഞതിന്റെ അടുത്തദിവസം തന്നെ മരുന്നുവാങ്ങിക്കാനും തളിക്കുന്നതിനുള്ള കൂലിയും കൊടുത്തിരുന്നു.
മരുന്നടിച്ചില്ലേല്‍ പുളിച്ച തെറി തന്നെ പറയണം…- അയാളിലെ പഴയമനുഷ്യന്‍ അറിയാതെ ഉണര്‍ന്നു.
സരളേ ഞാന്‍ തോട്ടത്തിലേക്കു പോകുവാ…. മുന്‍വശത്തെ വാതിലടച്ചേരേ…- അയാള്‍ വിളിച്ചുപറഞ്ഞു.
അപ്പാപ്പാ….- മറുപടിയായി ആനന്ദിന്റെ കൊഞ്ചിയ വിളിയാണ് കേട്ടത്. ഉറക്കത്തില്‍നിന്നെഴുന്നേറ്റ് അവന്‍ വാതില്‍പടിയില്‍നില്‍ക്കുന്നു. അവന്‍ അയാളുടെ അടുത്തേക്കു ഓടിവന്നു. ചക്കര ഉണര്‍ന്നോയെന്നു ചോദിച്ചു അയാള്‍ അവനെ പതിയെ പൊക്കിയെടുത്തു കവിളില്‍ മുത്തംനല്‍കി. അവന്‍ അപ്പാപ്പനെ വട്ടംപിടിച്ചു.
അപ്പാപ്പന്‍ തോട്ടത്തിലേക്കു പോകുവാ.. മോനിങ്ങ് പോരേ….- അകത്തുനിന്നും സരള വിളിച്ചു. ആനന്ദ് ചിണുങ്ങാന്‍ തുടങ്ങി.
അപ്പാപ്പാന്‍ വൈകുന്നേരം അരിമുറുക്ക് വാങ്ങിത്തരാം… മോന്‍ വല്യേമ്മയുടെ അടുത്തേക്ക് പൊയ്‌ക്കോ…. അയാളവനെ കൊഞ്ചിച്ചുപറഞ്ഞു. കുഞ്ഞ് അരിമുറുക്കൊന്നും തിന്നിട്ടുണ്ടാകില്ല. വൈകുന്നേരം രവിയെവിട്ടു കുറച്ചു വാങ്ങണം. അവനെ സരളയുടെ കൈയില്‍ കൊടുത്ത് ഗോപാലന്‍ തോട്ടത്തിലേക്കു നടന്നു. പിറകില്‍ വാതിലടയുന്ന ശബ്ദം.
വീടിന്റെ ഗേറ്റ് കടക്കുമ്പോഴേക്കും അയാളുടെ കാലിനു വല്ലാത്ത തരിപ്പനുഭവപ്പെട്ടു. ശരീരമാസകലം തളരുന്നതുപോലെ. കണ്ണുകളിലേക്കും കൂര്‍ത്ത പ്രകാശ രശ്മികള്‍ കുത്തിയിറങ്ങുന്നു. കാതുകളില്‍ കാറ്റിന്റെ മര്‍മരമോ കിളികളുടെ ചിലയ്ക്കലുകളോ ഇല്ല. ഇളംതണുപ്പിലും രോമകൂപങ്ങളിലൂടെ വിയര്‍പ്പുകണങ്ങള്‍ പൊടിയുന്നു. തൊണ്ട വരള്‍ച്ചയുടെ മരുഭൂമിയാകുന്നു. താഴേക്കിറക്കാന്‍ ഉമിനീരിന്റെ കണികപോലും നാവിലില്ല. ഇടതുനെഞ്ചിലുണര്‍ന്ന പിടയ്ക്കുന്നവേദന പതിയെ കയ്യിലേക്കും പുറത്തേയ്ക്കും വ്യാപിക്കുന്നു. അയാള്‍ പതിയെ ഗേറ്റില്‍ പിടിച്ച് താഴെയിരുന്നു. വീട്ടിലേക്കു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണിനെക്കീഴടക്കിയ വെളിച്ചം മങ്ങി ഇരുളു വ്യാപിക്കുന്നതുപോലെ. സരളയെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും നാവു കുഴഞ്ഞു പോകുന്നു. കണ്ണില്‍ വ്യാപിച്ച ഇരുട്ടില്‍ നിന്നും തന്റെ അപ്പന്‍ നടന്നുവരുന്നു. കൂടെ അമ്മച്ചിയുമുണ്ട്. പിന്നില്‍ ശാരദ… അവള്‍ ചിരിക്കുകയാണ്. അവളെന്തോ ചോദിച്ചു. അപ്പനും അമ്മയും തന്നെ ശ്രദ്ധിക്കാതെ എങ്ങോട്ടോ പോകുന്നു. പിന്‍തിരിഞ്ഞു ചിരിച്ചു കൊണ്ട് ശാരദയും അവര്‍ക്കൊപ്പമുണ്ട്. പിന്നെ അവള്‍ കരയുന്നു. പൊട്ടിപ്പൊട്ടിക്കരയുകയാണ്. അവള്‍ക്കരികില്‍ വെള്ളപുതച്ച് രാജന്‍ കിടക്കുന്നുണ്ട്. അവന്റെ കണ്ണുകള്‍ ചിമ്മുന്നുണ്ട്. അവന്‍ തന്നെനോക്കി ചിരിക്കുന്നു. അപ്പായെന്നു വിളിക്കുന്നു. അയാള്‍ക്കവനെ തൊടണമെന്നു തോന്നി. എല്ലാവരും അകന്നു പോകുന്നു. പുറകെയെത്താന്‍ അയാള്‍ ഇഴഞ്ഞു. വലിയ ഇരുളിലേക്കു അവരെല്ലാവരും മറഞ്ഞുപോയി. ഇരുളിനു കനമേറുന്നു. ഓര്‍മയുടെ അവസാന താളില്‍ അയാള്‍ക്കുമനസിലായി തനിക്കെന്തോ സംഭവിക്കുന്നുവെന്ന്. അവസാനമായി അയാളുടെ കണ്ണുകളില്‍ രണ്ടുതുള്ളി കണ്ണുനീര്‍ തളംകെട്ടി. അയാള്‍ മതിലിനരികിലേക്കു ചരിഞ്ഞുവീണു. ഉറുമ്പുകള്‍ അയാളെത്തേടിയെത്തി.
(തുടരും)