കാലാന്തരങ്ങള്‍- കാരൂര്‍ സോമന്‍ (നോവല്‍, അധ്യായം 14)

Facebook
Twitter
WhatsApp
Email

മാറ്റങ്ങള്‍

തെക്കേത്തൊടിയില്‍ ഗോപാലനെ ദഹിപ്പിച്ചിടത്ത് വിളക്കു മിന്നിക്കത്തുന്നു. കാറ്റിലാടിയും ഇടയ്ക്കു മങ്ങിയും പിന്നെ തെളിഞ്ഞും കത്തുന്ന ആ ഒറ്റത്തിരി വിളക്കിനു ചുറ്റം പേരറിയാത്ത ഒരു നിശാശലഭം പാറുന്നു. അരമതിലിന്മേലിരുന്നു അയാള്‍ ആ തിരിവെട്ടത്തെത്തന്നെ നോക്കി. ആ തീനാളത്തിനു ചുറ്റും പാറിനടക്കുന്ന ശലഭം ഒടുവില്‍ കരിഞ്ഞു വീഴുമായിരിക്കും. ഏതൊരു മനുഷ്യന്റെയും അവസ്ഥയെന്നപോലെ. വലിയ ആഗ്രഹങ്ങളുടെ വെളിച്ചം തേടി ഒടുവില്‍ അതില്‍ അവസാനിക്കുകയെന്നതാണ് പതിവ്.

തന്റെ ജീവിതവും അത്തരത്തിലാകുമോ. എല്ലാവരുടേയും അവസാനം അങ്ങിനെതന്നെയാണ്. എങ്കിലും ആഗ്രഹമെന്ന തീച്ചൂടിനു പിറകെ ആരും പോകാതിരിക്കുന്നില്ല. ആ തീച്ചൂടിനു ചുറ്റുമുള്ള മനുഷ്യന്റെ പറക്കല്‍ തന്നെയാണ് ജീവിതത്തിന്റെ അര്‍ഥം. ഒടുവില്‍ അതില്‍ വെന്തുതീരും വരെ അവന്‍ ആഗ്രഹത്തിന്റെ കനല്‍വെടിയുകയുമില്ല. അതുതന്നെയാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുന്നത്. അച്ഛനും താനും എല്ലാം ചെയ്തതും അതൊക്കെത്തന്നെ. അതില്‍നിന്നു തനിക്കെന്നെല്ല ഒരു മനുഷ്യനും ഒഴിവാകാനാവില്ല.

അച്ഛന്‍ മരിച്ചിട്ട് ഇന്ന് പതിനാറു തികയുന്നു. അടിയന്തിര സദ്യയും മറ്റു കാര്യങ്ങളും കഴിഞ്ഞു നാട്ടുകാര്‍ പിരിഞ്ഞു. ദഹിപ്പിച്ചിടത്ത് തിരികത്തിക്കാന്‍ ഒരു തറ പണിയണമെന്നു പരികര്‍മി പറഞ്ഞിരുന്നു. മരിച്ച ആത്മാവിനെ ഓര്‍മിക്കുകതന്നെ വലിയ പുണ്യം. അച്ഛനെക്കുറിച്ചു തനിക്കെന്ത് ഓര്‍മകള്‍. ഓര്‍മവച്ച കാലം മുതല്‍ അച്ഛനെന്ന നിലയില്‍ ആ മനുഷ്യന്‍ എന്തു അടുപ്പമാണ് തന്നോട് കാണിച്ചിട്ടുള്ളത്. വെറുപ്പിന്റെ പര്യായമായിരുന്നു അയാള്‍. ആരും അയാള്‍ക്കു അനിവാര്യമായിരുന്നില്ല. എന്തിനുവേണ്ടിയായിരുന്നു അങ്ങിനെയൊരു ജീവിതം. അറിയില്ല. പെണ്ണിനുവേണ്ടിയോ… അങ്ങിനെ ഓരാര്‍ത്തി അച്ഛനെപ്പറ്റി താന്‍ കേട്ടിട്ടില്ല. പണത്തിനുവേണ്ടി…. ആയിരിക്കും. പണം…

അതങ്ങിനെയാണ്. ചിലപ്പോള്‍ ജനിതകഘടനയെ തെറ്റിക്കുന്നതരത്തില്‍ പോലും അതിനു മനുഷ്യനില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. ബന്ധവും ബന്ധനങ്ങളുമെല്ലാം അതിനുമുന്നില്‍ എന്തെന്നുപോലും മനസിലാകില്ല. അപ്പന്‍ അങ്ങിനെയായിരുന്നു. അക്കാര്യത്തില്‍ അപ്പന്റെ മകന്‍ തന്നെയാണ് താനും. പാരമ്പര്യബന്ധത്തിന്റെ കണ്ണിയാണോ, അതോ അനുഭവത്തിന്റെ അടയാളമാണോ തന്നിലും പണമെന്ന വിചാരം ഇത്രമാത്രം ഉണര്‍ത്തിയതെന്നു അറിയില്ല. താനും പണത്തെ സ്‌നേഹിക്കുന്നു. ഏതിനേക്കാളുമുപരിയായി. അതിനായി ഏതുതരം വേഷം കെട്ടാനും താന്‍ മടിക്കുന്നില്ല. പണത്തിനുവേണ്ടി. താന്‍ ആരേയും സ്‌നേഹിക്കും, ആരേയും വെറുക്കും, ആര്‍ക്കുമുന്നിലും കീഴടങ്ങും, ഏതു പാതകവും ചെയ്യും….

ഉമ്മറത്തു നിലവിളക്കില്‍ എണ്ണവറ്റിയിരിക്കുന്നു. കരിന്തിരി കത്തുവാന്‍ വെമ്പല്‍കൊണ്ടിരിക്കുന്ന വിളക്കിലെ തിരിത്തലപ്പുകള്‍. ഒപ്പം കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയുടെ ചാമ്പല്‍മാത്രം ബാക്കി. കിഴക്കുനിന്നു വീശിയടിച്ച ചെറുകാറ്റില്‍ തിരിനാളങ്ങളിലൊന്ന് കെട്ടുപോയി. അകത്തുനിന്നും സരളയെത്തി നിലവിളക്കെടുത്തപ്പോഴാണ് പുകയുയരുന്ന തിരിയില്‍നിന്നും അയാള്‍ കണ്ണെടുത്തത്. നിലവിളക്കെടുത്ത് പോകുമ്പോള്‍ സരള അയാളെ നോക്കി. ആ നോട്ടത്തില്‍ ഇതുവരെ കാണാത്ത ചില അര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നു അയാള്‍ക്കു തോന്നി.

കുറച്ചു ദിവസങ്ങളായി സരളയുടെ പെരുമാറ്റത്തില്‍ എന്തോ ഒരു മാറ്റം അയാള്‍ കാണുന്നുണ്ട്. തന്നോട് വല്ലാത്തൊരടുപ്പം അവള്‍ കാണിക്കുന്നുണ്ടോ. തന്റെ കാര്യങ്ങളില്‍ എന്തെന്നില്ലാത്ത ശ്രദ്ധ അവള്‍ക്ക് ഈയിടെയായുണ്ട്. ഭക്ഷണമെടുത്തുവയ്ക്കുമ്പോഴും അടുത്തുവരുമ്പോഴും പതിവിലും വ്യത്യസ്തമായ ഒന്ന് അവളില്‍ പ്രകടമാകുന്നുണ്ടോ എന്ന സംശയം. തന്നോടുള്ള ഇഷ്ടത്തിന്റെ അതിര്‍വരമ്പുകള്‍ക്കു മാറ്റം വന്നിട്ടുണ്ടോ. ഒറ്റയ്ക്കിരിക്കുമ്പോളെല്ലാം അവളുടെ കണ്ണുകള്‍ തന്നെ തേടിയെത്തുന്നതു പോലെ. തന്നെ കീഴടക്കുന്ന എന്തോ ഒന്ന് അവളിലുണര്‍ന്നതായി അയാള്‍ക്കു തോന്നി. പെണ്ണുടലിന്റെ ഗന്ധവും സംഗീതവും അവള്‍ അരികില്‍ വരുമ്പോഴെല്ലാം താനറിയുന്നുണ്ട്. വികാരങ്ങളുടെ രസതന്ത്രത്തിലുണ്ടാകുന്ന ചെറിയമാറ്റം പോലും അറിയേണ്ടവര്‍ അറിയുകതന്നെ ചെയ്യും. അത്തരമൊരു തിരിച്ചറിവാണോ തന്നിലുണ്ടായിരിക്കുന്നത്.- മോഹന്റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങിയരിക്കുന്നു.

താനെന്തൊക്കെയാണ് ചിന്തിക്കുന്നതെന്നു പെട്ടെന്നയാള്‍ ആശ്ചര്യപ്പെട്ടു. സരള തന്റെ ചേട്ടത്തിയാണ്. രാജന്റെ ഭാര്യ. അമ്മയെപ്പോലെ കരുതേണ്ടവള്‍. അര്‍ഥമില്ലാത്ത ചിന്തകള്‍ കൊണ്ട് കളങ്കപ്പെടുത്തേണ്ട ബന്ധമല്ലത്. നാട്ടില്‍ വന്നതുമുതല്‍ സരളയാണ് എല്ലാത്തിനും സഹായം. ബിന്ദു ഇവിടെ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും താനറിയുന്നില്ല. ആനന്ദിനെ ഒന്നെടുത്തിട്ടുതന്നെ എത്ര ദിവസമായിക്കാണും. എല്ലാത്തിനും ഇപ്പോള്‍ സരളയാണ്. ഈ വീടിന്റെ സ്പന്ദനം തന്നെ അവളിലാണ് നിലനില്‍ക്കുന്നത്. എങ്കിലും അവളും പെണ്ണുതന്നെയാണ്. വികാരങ്ങളും വിചാരങ്ങളും അളവുമുറിയാതെ ഏവരേയും പോലെ മനസിലും ശരീരത്തിലുമുള്ളവള്‍…. മനസില്‍ ഉണര്‍ന്നുവന്ന സംശയങ്ങള്‍ക്ക് അണയ്ക്കാന്‍ അയാള്‍ പുറത്തേക്കു നോക്കി. മതിലിനപ്പുറത്തെ റബര്‍മരങ്ങള്‍ക്കിടയില്‍ നിന്നും ഇരുള്‍ വ്യാപിച്ചു തുടങ്ങിയിരിക്കുന്നു. മോഹന്‍ പാക്കറ്റില്‍നിന്നും സിഗരറ്റെടുത്ത് കത്തിച്ചു.

എണ്ണമയമില്ലാത്ത ഗേയ്റ്റിന്റെ വിജാഗിരി ശബ്ദമുയന്നു. രവിയാണ്. അവന്‍ കുറച്ചുനേരം മുന്‍പേ പോയതേയുള്ളൂ. അച്ഛന്‍ മരിച്ചശേഷം എല്ലാക്കാര്യവും അവനാണ് മുന്നില്‍നിന്നും ചെയ്തത്. ഒരു ബുദ്ധിമുട്ടും താന്‍ അറിഞ്ഞതേയില്ല. എന്തിനു ഗേറ്റിനരികില്‍ മരിച്ചുകിടന്ന അച്ഛനെ കണ്ടതും പൊക്കിയെടുത്തു വീട്ടിലെത്തിച്ചതും രവി തന്നെ. അടിയന്തിരത്തിനു വന്നവര്‍ക്കു സദ്യവിളമ്പാനും ഒടുവില്‍ പന്തല്‍പൊളിച്ചു മാറ്റാനും മുന്നില്‍ അവന്‍ തന്നെയായിരുന്നു. താന്‍ നാട്ടില്‍ വന്നതിനുശേഷം സഹായമായുണ്ടായതും രവി തന്നെ. വൈകുന്നേരം ഇത്തിരി മദ്യം കഴിക്കണമെങ്കിലും അവന്റെ കൂട്ടു വേണമായിരുന്നു. അവന്‍ കൂടിയില്ലായിരുന്നുവെങ്കില്‍ നരകതുല്യമാകുമായിരുന്നു ഇവിടം…- രവി മുരടനക്കി മുറ്റത്തേക്കു വന്നു. മോഹനിരുന്ന അരമതിലിന്നപ്പുറം അയാള്‍ ചാരിനിന്നു. മോഹന്‍ പാക്കറ്റില്‍ നിന്നും സിഗരറ്റെടുത്ത് രവിക്കു നീട്ടി.

കുറച്ചുനേരത്തെ നിശബ്ദതയ്ക്കു ശേഷം രവിയെ മോഹന്‍ ഉമ്മറത്തോടു ചേര്‍ന്ന മുറിയിലേക്കു വിളിച്ചു. മുറിയിലെ മേശവലിപ്പില്‍നിന്നും പകുതിയായ മദ്യക്കുപ്പി അയാള്‍ പുറത്തെടുത്തു. വാഷ്‌ബേയ്‌സനില്‍ ഗ്ലാസ് കഴുകിയ ശേഷം അയാളതില്‍ മദ്യമൊഴിച്ചു നിറച്ചു. ഫ്രിഡ്ജില്‍നിന്നെടുത്ത വെള്ളത്തിനു തണുപ്പുവിട്ടിരുന്നില്ല. ഗ്ലാസ് നിറയും വരെ വെള്ളമൊഴിച്ച് രവിയുടെ മുന്നിലേക്കു മോഹന്‍ വച്ചു. രവി അത് ഒറ്റവലിക്കു കുടിച്ചു. രണ്ടാമതൊന്നു കൂടി രവിക്കൊഴിച്ചു കൊടുത്ത് മോഹന്‍ അടുത്ത സിഗരറ്റിനു തീപിടിപ്പിച്ചു.

സരളയെ ഒന്നു കാണണമെന്നു കരുതിയാണ് രവി എത്തിയത്. മരണവും മറ്റുമായി ആകെ തിരക്കായിരുന്നു. അതിനിടയില്‍ തന്റെ വായില്‍നിന്നും വല്ലതും വീണുപോയാല്‍ സരള എന്തുവിചാരിക്കും എന്ന തോന്നല്‍ രവിക്കുണ്ടായിരുന്നു. ഈ സമയത്ത് പുറത്തേക്കു പോകുന്നപതിവ് മോഹനുള്ളതാണ്. അയാള്‍ ഉണ്ടാകില്ലയെന്നു കരുതിയാണ് വന്നത്. എന്തായാലും വൈകുന്നേരത്തിനുള്ള ക്വാട്ടയുടെ കാശു ലാഭമായി. ഇനിയിപ്പോ ഇവിടെ നിന്നിട്ടു കാര്യമില്ല. പന്തലുകാര്‍ക്കും സദ്യയൊരുക്കിയവര്‍ക്കും നല്‍കിയതില്‍ ബാക്കി പണം മോഹനെ രവി ഏല്‍പ്പിച്ചു.
ഇരുവരും മുറിക്കു പുറത്തേക്കിറങ്ങി. പുറത്തേക്കിറങ്ങുന്നുണ്ടോ എന്ന രവിയുടെ ചോദ്യത്തിനു മോഹന്‍ ഇല്ലെന്ന മട്ടില്‍ തലയാട്ടി. ഇന്നിനി എങ്ങും ഇറങ്ങാന്‍ വയ്യ. നല്ല ക്ഷീണമുണ്ട്. നേരത്തെയൊന്നു കിടക്കണം. അയാള്‍ രവിയോടു പറഞ്ഞു.

പടിയിറങ്ങാന്‍ തുനിഞ്ഞ രവിയെ തടഞ്ഞുനിര്‍ത്തി അവന്റെ പോക്കറ്റില്‍ അഞ്ഞൂറിന്റെ നോട്ട് അയാള്‍ തിരുകി. കീശയില്‍നിന്നും രവി നോട്ടെടുത്ത് മോഹന്റെ കൈകളില്‍ തന്നെ വച്ചുകൊടുത്തു.- വേണ്ട.. ഞാനിത് വാങ്ങുവാന്‍ പാടില്ല… ഗോപാലേട്ടന്‍ എനിക്ക് അപ്പനെപ്പോലെയായിരുന്നു..- അതുപറയുമ്പോള്‍ മോഷ്ടിച്ച റബറിന്റെ കണക്കുകള്‍ അവന്റെ മനസില്‍ നിറഞ്ഞു. മാത്രമല്ല, ആ നോട്ട് വാങ്ങാതിരിക്കുകയാണ് ബുദ്ധി. അഞ്ഞൂറിലൊതുക്കി തന്റെ കണക്കുകള്‍ തീര്‍ത്താല്‍ വീണ്ടും ഈ വീട്ടിലെ സ്വാതന്ത്ര്യത്തിനു കുറവുണ്ടാകും. കണക്കുപറച്ചിലില്ലാതെ ഈ വീടിന്റെയുള്ളിലേക്കു കയറുകയാണ് തന്റെ ലക്ഷ്യം. ആര്‍ക്കും ഒരു സംശയവുമില്ലാതെ…. രവിയുടെ കണക്കുകൂട്ടലുകള്‍ ഭദ്രമാക്കുകയാണ്.

പടിയിറങ്ങുമ്പോള്‍ രവി തിരിഞ്ഞുനോക്കി, സരളയുടെ നിഴലെങ്കിലും അവിടെയുണ്ടോയെന്നറിയാന്‍. ഇല്ല, അവളെ കാണുന്നില്ല. ഇതിപ്പോ പലതവണയായി. തന്റെ മുന്നില്‍ വരാതിരിക്കാന്‍ അവള്‍ ശ്രമിക്കുകയാണ്. മരണാനന്തരച്ചടങ്ങുകള്‍ നടക്കുമ്പോളും തന്റെ സാന്നിധ്യമുള്ളിടത്തൊന്നും അവള്‍ കാണുന്നില്ലായിരുന്നു. എങ്ങാനും മുന്നില്‍ ചെന്നുപെട്ടാല്‍ അപരിചിത ഭാവത്തിലാകും കടന്നു പോകുക. എന്തോ ആളുകളില്‍ സംശയം തോന്നിപ്പിക്കേണ്ട എന്നു കരുതിയായിരിക്കും. അതാണു നല്ലത്. പയ്യെ തിന്നാല്‍ പനയും തിന്നാം. കാത്തിരിക്കുക തന്നെ. എങ്കിലും ഇപ്പോള്‍. താന്‍ വന്നെന്നറിഞ്ഞാല്‍ അവള്‍ക്കൊന്നു മുറ്റത്തേയ്ക്കിറങ്ങാമായിരുന്നു. അടുക്കളയില്‍ നല്ല പണിത്തിരക്കായിരിക്കും. ഇല്ല എവിടെയോ ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ടോ. അറിയില്ല. രവി മെല്ലെ നടന്നു. തെക്കേതൊടിയില്‍ വിളക്കിതുവരെ അണഞ്ഞിട്ടില്ല. രവി അങ്ങോട്ടേയ്ക്കു നോക്കി. അയാള്‍ ഗോപാലനെ ഓര്‍ത്തു.

രവി ഇരുളിലേക്കു മറയുന്നതും നോക്കി മോഹനിരുന്നു. അകത്ത് ആനന്ദിനെ ഉറക്കാന്‍ താരാട്ടു പാടുന്ന സരള. ഉണ്ണിക്കുട്ടന്‍ പാഠപുസ്തകങ്ങള്‍ ഉറക്കെ വായിക്കുകയാണ്. അപ്പാപ്പന്റെ മരണവുമായി കുറെ ദിവസം അവന്റെ ക്ലാസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബിന്ദു ഉറങ്ങിക്കാണുമോ എന്തോ. അവള്‍ ഇപ്പോള്‍ തനിക്കൊപ്പമാണ് ജീവിക്കുന്നതെന്നുപോലും മറന്നുപോകുന്നു. ഇടയ്ക്കിടെ ഉയരുന്ന അവളുടെ ശബ്ദം മാത്രമാണ് അവളിവിടെ ഉണ്ടെന്നതിനു തനിക്കുള്ള തെളിവ്. അല്ലെങ്കില്‍ എപ്പോഴെങ്കിലും അവള്‍ തനിക്കൊപ്പം ജീവിക്കുന്നുവെന്ന് തോന്നിയിട്ടുണ്ടോ. ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത ഒരു യാന്ത്രികജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നില്ലേ താന്‍. അവള്‍ പോലുമറിയാതെ അവളെ ഒറ്റപ്പെടുത്തിയൊരു ജീവിതം.

രണ്ടുദിവസം കഴിഞ്ഞു ബിന്ദുവിനെ ടൗണിലെ ഹോസ്പിറ്റിലില്‍ ചെക്കപ്പിനു കൊണ്ടുപോകേണ്ടതുണ്ട്. അമേരിക്കയിലേക്കു പോകും മുന്‍പും അതിനുശേഷം കുറെനാളും അവിടെത്തന്നെയായിരുന്നു ചികിത്സ. അവളുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നു അറിയണം. മരുന്നുകളില്‍ മാറ്റം വേണമെന്നോ, അതോ അര്‍ബുദത്തിന്റെ വിത്തുകള്‍ വീണ്ടും അവളില്‍ മുളപൊട്ടിയോ എന്ന് അറിയണം. താനെന്താഗ്രഹിക്കണം അവള്‍ രോഗത്തില്‍നിന്നും മോചിതയാകാനോ, അതോ വീണ്ടും…. അതുതന്നെ ക്രൂരമെന്നാകിലും അവളില്‍ രോഗത്തിന്റെ വിഷബീജങ്ങള്‍ വീണ്ടുമുണരണമെന്നുതന്നെയാണ് തന്റെ പ്രാര്‍ഥന.

അയാള്‍ അരമതിലില്‍നിന്നുമെഴുന്നേറ്റു ഉമ്മറത്തോടു ചേര്‍ന്ന മുറിയിലേക്കു നടന്നു. ഉമ്മറപ്പടിയുടെ അപ്പുറമുള്ള കോലായില്‍ തന്റെ സമൃദ്ധമായ മാറില്‍ ആനന്ദിനേയും ചേര്‍ത്തുപിടിച്ചു താരാട്ടിന്റെ മൂളലില്‍ നടക്കുകയാണ് സരള. പകുതി മയങ്ങിയ കണ്ണുകളുമായി ആനന്ദ് അവളുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു കിടക്കുകയാണ്.

താരാട്ടിന്റെ ഈണത്തില്‍ സരള തിരിഞ്ഞുനടക്കുമ്പോള്‍ കണ്ടത് തന്നെത്തന്നെ നോക്കി നില്‍ക്കുന്ന മോഹനെയാണ്. അവളുടെ കണ്ണുകള്‍ തിളങ്ങി. ചുണ്ടില്‍ മാദകത്വം നിറഞ്ഞ ചിരി വിടര്‍ന്നു. ആനന്ദിനെ അവള്‍ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. മോഹന് അവളെ നോക്കിനില്‍ക്കാതിരിക്കാനായില്ല. കരളിനെപിടിച്ചുവലിക്കുംപോലെ അവളവിടെത്തന്നെ നിന്നു. അവളുടെ നോട്ടം താങ്ങാനാവാതെ അയാള്‍ മുഖം കുനിച്ചു. അയാള്‍ തെറ്റുചെയ്തവനെപ്പോലെ തലകുമ്പിട്ടു മുറിയിലേക്കുനടന്നു. മേശപ്പുറത്തിരുന്ന കുപ്പിയില്‍നിന്നും ഗ്ലാസിന്റെ പകുതിയോളം മദ്യം ഒഴിച്ചു. തരിമ്പും വെള്ളം ചേര്‍ക്കാതെ അയാള്‍ അത് വലിച്ചുകുടിച്ചു. പിന്നെ മുറിയിലെ കട്ടിലില്‍ കണ്ണടച്ചു മലര്‍ന്നുകിടന്നു. സരളയുടെ താരാട്ടു പാട്ടു ഉയര്‍ന്നു കേള്‍ക്കുന്നു. മുന്‍പത്തേക്കാളും ആ പാട്ടിനു ശബ്ദമേറിയോ.

(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *