LIMA WORLD LIBRARY

കാലാന്തരങ്ങള്‍ (നോവല്‍) അധ്യായം 12-കാരൂര്‍ സോമന്‍

ആഗ്രഹങ്ങള്‍

സംഭവങ്ങളറിഞ്ഞപ്പോള്‍ ഗോപാലനും വലിയ വിഷമം തോന്നി. ആ പെങ്കൊച്ചിന് ഇത്രയും വലിയ രോഗം ഉണ്ടെന്നു ആരും അറിഞ്ഞതേയില്ല. അതേക്കുറിച്ചൊന്നും പറയാനോ മനസിലാക്കാനോ പറ്റിയ മട്ടിലായിരുന്നില്ലല്ലോ മോഹന്റെ കല്യാണം. ഒരു ദിവസം കയറിവന്നു അവന്‍ പറഞ്ഞു കല്യാണമായെന്ന്. എല്ലാവരും വരണമെന്നു പറഞ്ഞപ്പോല്‍ തമാശയാണെന്നാണു കരുതിയത്. കല്യാണം നടക്കുന്ന കല്ലാശേരിയിലെ അമ്പലമുറ്റത്ത് വണ്ടിയിറങ്ങിയപ്പോഴാണ് കാര്യം സത്യമാണെന്നു ഉറപ്പിച്ചത്. പെങ്കൊച്ചിനെ കണ്ടതോടെ വന്നവരുടെയൊക്കെ കെറുവൊക്കെ മാറി. തങ്കക്കുടം പോലൊരു പെണ്ണ്. മോഹന്റെ പുണ്യമെന്നും ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു. പെണ്ണിനെന്തോ ഏനക്കേടുണ്ടെന്നുള്ള വര്‍ത്തമാനം ചിലയിടങ്ങളില്‍നിന്നും കേട്ടു. എന്താണെന്നോ ഏതാണെന്നോ ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല. കല്യാണം കഴിഞ്ഞ് അധികം താമസിയാതെ അവനവളെ അമേരിക്കയിലേക്കു കൊണ്ടുപോകുകയും ചെയ്തു.

ഇങ്ങനെയൊരസുഖമാണെന്നു അറിഞ്ഞപ്പോള്‍ വല്ലാത്തൊരു വേദന. താന്‍ മനസിലാക്കിയിടത്തോളം തന്റെ മോന്‍ ഇങ്ങനെ ഒരു ബന്ധത്തില്‍ ചാടുമെന്നു ഗോപാലനു വിശ്വസിക്കാനായില്ല. പറയാന്‍ പറ്റില്ല. മനുഷ്യന്റെ മനസ് എങ്ങിനെയാണ് സഞ്ചരിക്കുകയെന്നു. തന്റെ മകന്റെ മനസില്‍ സ്‌നേഹമെന്ന വികാരം ഉണ്ടായിരുന്നെന്നു ഗോപാലന്‍ അറിയുകയായിരുന്നു. ഒപ്പം ആരേയും ഇതുവരെ ഉള്ളുതൊട്ടു സ്‌നേഹിക്കാന്‍ കഴിയാത്ത തന്നോടുതന്നെ അയാള്‍ക്കു പുച്ഛവും തോന്നി. മാത്രമല്ല മരണത്തെ മുന്നില്‍ക്കണ്ട ഒരു പെണ്‍കുട്ടിയാണ് ഈ വീട്ടില്‍ തന്നോടൊപ്പം കഴിയുന്നതെന്ന ചിന്ത അയാളില്‍ എപ്പോഴുമുണ്ട്. അവള്‍ ഇപ്പോഴും മരണത്തെ കാത്തുനില്‍ക്കുകയാണ്. ചെറുപ്പത്തില്‍ തന്നെ മരണത്തിന്റെ പല ഭാവങ്ങളും അവളറിഞ്ഞിരിക്കുന്നു. എങ്കിലും ഒരിക്കലും മായാത്ത സന്തോഷത്തിന്റെ തിരകള്‍ അവളില്‍ എപ്പോഴും അലയടിക്കുന്നുണ്ട്. അത് മനസിന്റെ നന്മയുടെ പ്രതീകമാണ്. തനിക്കിപ്പോള്‍ വയസു എഴുപത്തിനാലു കഴിഞ്ഞിരിക്കുന്നു. ഇനി എത്രനാള്‍ കൂടി.

ശരീരവും മനസും തളര്‍ന്നു തുടങ്ങിയിരിക്കുന്നു. കാഴ്ചയുടെ തിളക്കത്തിന്റെ മാറ്റ് കുറഞ്ഞുകുറഞ്ഞു വരുന്നു. പലരും പറയുന്നത് കേള്‍ക്കുവാനാകുന്നില്ല. ആരോഗ്യവാനാണെന്നു കരുതിയിരുന്നത് ശുദ്ധ ഭോഷ്‌കാണെന്നു അയാള്‍ തിരിച്ചറിഞ്ഞു. ഹൃദയത്തിന്റെ മിടിപ്പുകള്‍ക്കു താളപ്പിഴയുണ്ടോ എന്ന സംശയം അയാളിലുണര്‍ന്നു. മരണഭയം ഒരു ഉള്‍ക്കിടിലമായി മാറി. ഒരു ദീര്‍ഘ നിശ്വാസത്തോടെ ഗോപാലന്‍ കസേരയില്‍ ചാരിയിരുന്നു. ആനന്ദ് കളിപ്പാട്ടവുമായി അടുത്തുവന്നപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്. അയാള്‍ ആ കുഞ്ഞിന്റെ മുഖത്തേയ്ക്കു നോക്കി. ഒരു വൃദ്ധന്‍ ആ മുഖത്ത് ഒളിഞ്ഞിരിപ്പുണ്ടോ. താനും ഇതുപോലെ കുഞ്ഞായും ബാല്യമായും കൗമാരമായും യുവത്വമായും പരിണമിച്ചതാണ്. ഒടുവില്‍…… ഗോപാലന്‍ ആ കുഞ്ഞിനെ വാരിയെടുത്തു നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അയാള്‍ ആദ്യമായി സ്‌നേഹിക്കാന്‍ പഠിക്കുകയാണ്.

അവര്‍ അമേരിക്കയില്‍ നിന്നുവന്നിട്ടു നാലുദിവസമാകുന്നു. ബിന്ദുവിനു നല്ല മാറ്റം തോന്നുന്നുണ്ട്. അവള്‍ തൊടിയിലും മറ്റും നടന്നുതുടങ്ങി. ആനന്ദാകട്ടെ എപ്പോഴും അപ്പാപ്പനൊപ്പമാണ്. ഉണ്ണിക്കുട്ടന്‍ ക്ലാസ് കഴിഞ്ഞുവന്നാല്‍ അവനോടൊപ്പമാണ് പിന്നെ കളിയും ചിരിയും. മോഹന്‍ മാത്രം ആരോടും അടുപ്പമില്ലാത്തപോലെ കഴിയുന്നു. ഇടയ്ക്കിടെ പുറത്തേക്കു പോകുന്നതു കാണാം. എവിടെയാണോ എങ്ങോട്ടാണോ പോകുന്നതെന്നു പറയില്ല. ചിലപ്പോള്‍ രവിയേയും കൂട്ടി പോകും. അന്നു ചെറുതായി മദ്യപിച്ചായിരിക്കും വരിക.

ഗോപാലന്‍ ഇപ്പോള്‍ പഴയതു പോലെയല്ല. മുന്‍കോപവും പിശുക്കത്തരവും ഈ മനുഷ്യനില്‍നിന്നാണോ വന്നിരുന്നതെന്നു ആരും പറയുകയില്ല. ഇപ്പോള്‍ ആനന്ദിനൊപ്പമാണ് മുഴുവന്‍ സമയവും. കളിയും ചിരിയുമായി. സ്‌കൂള്‍ വട്ടു ഉണ്ണിക്കുട്ടന്‍ കൂടി വന്നാല്‍ പിന്നെ സംഗതി കുശാലായി. ആരേയും ചെവിതല കേള്‍പ്പിക്കില്ല. ബിന്ദുവിനും വലിയ സന്തോഷമായി. അമേരിക്കയില്‍ നിന്നുവരുമ്പോള്‍ ആനന്ദിന്റെ കാര്യം ആലോചിച്ചപ്പോള്‍ മാത്രമായിരുന്നു വിഷമം. അവനിവിടം പിടിക്കുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോ അതുമാറി. അപ്പൂപ്പനും ഉണ്ണിക്കുട്ടനും ചേര്‍ന്നു അവന്‍ എല്ലാം മറന്നു കളിച്ചുചിരിക്കുമ്പോള്‍ ഏതാഴക്കടലിലായാലും ബിന്ദു സന്തോഷിക്കുകതന്നെ ചെയ്യും.

രവി എല്ലാ ദിവസവും റബര്‍ വെട്ടാന്‍ എത്തും. രാവിലെ എത്തിയാല്‍പ്പിന്നെ നേരം കുറെ കഴിഞ്ഞായിരിക്കും പോകുക. രാവിലെ രണ്ടു ദിവസമായി ഗോപാലന്‍ തോട്ടത്തിലേക്കു വരുന്നില്ല. ഇന്നലെ മോഹന്‍ വന്നിരുന്നു. വെറുതെ കുറെനേരം നടന്നിട്ടു തിരിച്ചുപോയി. മോഹന്‍ വന്നതിനു ശേഷം ചെറിയരീതിയിലുള്ള പരിപാടികളൊക്കെ മുടക്കം കൂടാതെ നടക്കുന്നുണ്ട്. സിഗരറ്റിനും സ്മാളിനും കാശു ചെലവില്ല. ടൗണില്‍ പോയി മദ്യക്കുപ്പി വാങ്ങിക്കൊണ്ടുവരുന്നത് രവിയാണ്. തോട്ടത്തിലെ പണിക്കാര്‍ പോയാല്‍പ്പിന്നെ ഷെഡിലിരുന്നാണ് രണ്ടുപേരുടേയും കൂടല്‍. അതു കഴിഞ്ഞാലും പിന്നെയും ഗോപാലന്റെ വീട്ടില്‍ത്തന്നെയായിരിക്കും രവി. ഗോപാലനുമായി ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കും.

പക്ഷെ കണ്ണ് ഏതുസമയവും വീടിനകത്തേക്കാണെന്നു മാത്രം. മോഹനും ബിന്ദുവും വന്നതിനുശേഷം സരളയെ ഒന്നു അടുത്തുകാണാന്‍ കഴിയാറില്ല. കാര്യങ്ങളൊക്കെ ഒരു വഴിക്കു ശരിയാപ്പോഴാണ് മോഹന്റെയും ബിന്ദുവിന്റെയും വരവ്. ഇനിയപ്പോ കുറച്ചു ശ്രദ്ധിക്കുന്നത് നല്ലതാണ്. തന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പന്തികേടു തോന്നിയാല്‍ പിന്നെ ഈ കുടുംബത്തില്‍ കയറാന്‍പോലും കഴിയില്ല. എങ്കിലും നിയന്ത്രിക്കാനാവുന്നില്ല. കണ്ണുകള്‍ എപ്പോഴും സരളയെ തേടുകയാണ്.

അവര്‍ വന്നതോടെ വിഷമത്തിലായത് സരളയാണ്. എടുത്താല്‍ തീരാത്ത പണികളാണ് ഇപ്പോഴുള്ളത്. ആനന്ദിനെ കുളിപ്പിക്കുന്നതു ഭക്ഷണം കൊടുക്കുന്നതുമടക്കം എല്ലാം ചെയ്യണം. ബിന്ദുവിനു കുളിക്കാന്‍ വെള്ളം ചൂടാക്കണം. മോഹനു ഇഷ്ടപ്പെട്ട ഭക്ഷണം തയാറാക്കണം. പതിവുപോലെ തൊഴുത്തിലെ പണികള്‍. ഉണ്ണിക്കുട്ടനെ രാവിലെ സ്‌കൂളിലയക്കാനുള്ള തിരക്ക്. എല്ലാം കൂടി വൈകുന്നേരമാകുമ്പോള്‍ അവള്‍ അവശയാകും. എങ്കിലും അവള്‍ക്കതില്‍ യാതൊരു പരിഭവവും ഇല്ല. താന്‍ ചെയ്യുന്നത് വലിയൊരു പുണ്യപ്രവര്‍ത്തിയാണെന്നു അവള്‍ക്കു തോന്നി. എന്നുവേണമെങ്കിലും ജീവിതം നഷ്ടപ്പെടാവുന്ന ബിന്ദുവിനു വേണ്ടി ഇതൊക്കെ ചെയ്യുന്നത് വലിയ കാര്യം തന്നെ.

പിന്നെ ഒരാശ്വാസം അമ്മായിയച്ഛന്റെ കാര്യത്തിലാണ്. പുള്ളിക്കാരന്‍ ഇപ്പോള്‍ പഴയതുപോലെയല്ല. എന്തോ മാറ്റം ഉണ്ടായിട്ടുണ്ട്. ആകെ ഒന്നു അടങ്ങിനില്‍ക്കുന്നതുപോലെ. കുട്ടികളോടൊപ്പമാണ് എപ്പോഴും. ഉണ്ണിക്കുട്ടനോടും വലിയ കാര്യംതന്നെ. മുന്‍പ് അങ്ങിനെ ഒരു കൊച്ച് വീട്ടിലുണ്ടോ എന്നുപോലും കാര്‍ന്നോര്‍ക്കറിയില്ലായിരുന്നു. ഏതായാലും ആനന്ദ് വന്നതുകൊണ്ട് അങ്ങിനെ ഒരു ഗുണമുണ്ടായി. തന്നോടും വലിയ ലോഹ്യത്തിലാണ് കിളവന്‍. തെറിയുംതേപ്പുമൊന്നും ഇപ്പോഴില്ല. ഭക്ഷണം പോലും വന്നെടുത്തുകഴിച്ചോളും. ഇനി ഇവര്‍ പോയിക്കഴിഞ്ഞാല്‍ പഴയപടി ആകുമോ എന്തോ. ഇവരെവിടെ പോകാന്‍, ബിന്ദു തിരിച്ചു അമേരിക്കയിലേക്കില്ലെന്നാണു ഉറപ്പിച്ചു പറഞ്ഞത്. മരിക്കുന്നതുവരെ ഇവിടെത്തന്നെ ആകട്ടെയെന്നാണ് അവളുടെ ആഗ്രഹം.

ഇന്നലെ ബിന്ദുവിന്റെ അമ്മ വന്നിരുന്നു. അവളെക്കണ്ട് കണ്ണുനീര്‍ തോരാതെയാണ് മീനാക്ഷിയമ്മ പോയത്. എങ്കിലും ഇത്രയെങ്കിലും കാലം അവളെ ദൈവം ഭൂമിയില്‍ നിലനിര്‍ത്തിയല്ലോ എന്ന ആശ്വാസം ആ മുഖത്ത് കാണാമായിരുന്നു. രണ്ടുദിവസം അവിടെ നില്‍ക്കാന്‍ സരള നിര്‍ബന്ധിച്ചെങ്കിലും അവര്‍ നിന്നില്ല. അവര്‍ക്കു കൂട്ടായി അകന്ന ഒരു ബന്ധത്തിലെ വയസായ സ്ത്രീ വീട്ടിലുണ്ട്. ചെന്നില്ലെങ്കില്‍ അവരവിടെ ഒറ്റയ്ക്കു എന്താ ചെയ്തു കൂട്ടുകയെന്നു പറയാന്‍ കഴിയില്ല. പിന്നെ ഗോപാലന്റെ സ്വഭാവം അറിയാവുന്നതു കൊണ്ടുമാകാം അവര്‍ പെട്ടെന്നു പോയത്. ഗോപാലന്റെ സ്വഭാവം മാറിയ വിവരം അവര്‍ക്കറിയില്ലല്ലോ.

എന്തായാലും ബിന്ദുവിനെയും ആനന്ദിനെയും കുറച്ചു ദിവസം വീട്ടില്‍ നിര്‍ത്തണമെന്ന് അവര്‍ മോഹനോടു പറഞ്ഞു. മോഹനതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. രണ്ടുദിവസം കഴിഞ്ഞു കൊണ്ടുവരാമെന്നും അയാള്‍പറഞ്ഞു. ബിന്ദുവിനും അങ്ങിനെ ഒരാഗ്രഹം ഉണ്ടെന്നു അയാള്‍ കരുതിയിട്ടുണ്ടാകും. ആരുടേയും മുന്നില്‍ ക്രൂരനാകാന്‍ അയാള്‍ക്കു ഇഷ്ടമല്ല. തന്നെക്കുറിച്ചു മോശമായി ആരെങ്കിലും പറയാതിരിക്കാനും അയാള്‍ ശ്രദ്ധിച്ചിരുന്നു. കാരണം തന്റെ പദ്ധതികളില്‍ എവിടെയെങ്കിലും ചെറിയ പാകപ്പിഴ വന്നാല്‍ തന്നെ ആരും സംശയിക്കരുതെന്ന ഗൂഢോദ്ദേശ്യം കൂടി അയാളിലുണ്ടായിരുന്നു.

ഇനി എത്രനാള്‍ കൂടി ബിന്ദു ഈ ലോകത്തുണ്ടാകും. ഒരു പക്ഷെ നാളെ, അല്ലെങ്കില്‍ മറ്റെന്നാള്‍, ഒരു പക്ഷെ ഒരു മാസമോ ഒരു കൊല്ലമോ എടുത്തേക്കാം…. മരണം ഉറപ്പെന്നാണ് ഡോക്റ്റര്‍മാര്‍ പറഞ്ഞിരിക്കുന്നതെന്നു മോഹന്റെ വാക്കുകളില്‍ നിന്നുമറിഞ്ഞു. രവിയോട് മദ്യപാന വേളയില്‍ പറഞ്ഞതാണ്. രവിയത് തന്നോടു രഹസ്യമായി പറഞ്ഞു. പക്ഷെ ഉടനെയൊന്നും വലിയ കുഴപ്പമുണ്ടാകില്ലന്നാണല്ലോ ബിന്ദുവിന്റെ വാക്കുകളില്‍ നിന്നും മനസിലായത്. സരളയ്‌ക്കൊന്നും പിടികിട്ടിയില്ല. ഒരു പക്ഷെ ബിന്ദുവിനെ ആശ്വസിപ്പിക്കാന്‍ അങ്ങിനെ ധരിപ്പിച്ചതാകാം. ബിന്ദുവിന്റെ ശാരീരികാവസ്ഥ കാണുമ്പോള്‍ സരളയ്ക്കും അങ്ങിനെയാണ് തോന്നുന്നത്. എപ്പോള്‍ വേണമെങ്കിലും വീണുപോകാവുന്ന രൂപമാണ് ബിന്ദുവിന്റേത്. ജീവിതാവസാനത്തിന്റെ മുനമ്പില്‍ നില്‍ക്കുന്ന ഒറ്റപ്പെട്ട രൂപം.

ആനന്ദിന്റെയും മോഹന്റെയും കാര്യമോര്‍ക്കോമ്പോഴാണ് വിഷമം. എത്രമേല്‍ അവള്‍ അവരെ സ്‌നേഹിക്കുന്നുണ്ട്. അവളുടെ വേര്‍പാട് വലിയൊരു ദുരന്തമായിരിക്കും ഇരുവര്‍ക്കും നല്‍കുക. ആനന്ദിന് അമ്മയെന്നത് പിന്നെ ഓര്‍മമാത്രമായിരിക്കും. ഒരമ്മയുടെ സ്‌നേഹവും വാത്സല്യവും അവന് എന്നെന്നേക്കുമായി നഷ്ടപ്പെടുകയില്ലേ. അതിനു പകരം നില്‍ക്കാന്‍ വേറെ ആര്‍ക്കാണു കഴിയുക. അതിനുള്ള സ്ഥാനം തനിക്കുമാത്രമാണ്. ഉണ്ണിക്കുട്ടനെയെന്നപോലെ ആനന്ദിനേയും മകനായി കാണാന്‍ മാത്രമെ തനിക്കു കഴിയൂ. ആനന്ദിനെ മകനായി കണ്ടാല്‍ മോഹനെ തനിക്കു രാജേട്ടനു പകരമായി കാണാനാകില്ലേ…. അവളുടെ ചിന്തകള്‍ ചരടറ്റ പട്ടം പോലെ ദിശയില്ലാതെ സഞ്ചരിക്കാന്‍ തുടങ്ങി.

ഭര്‍ത്താവു നഷ്ടപ്പെട്ട താന്‍. ഭാര്യ നഷ്ടപ്പെട്ട മോഹന്‍. ഇരുവരും തുല്യദു:ഖിതര്‍. ഇരുവര്‍ക്കും പരസ്പരപൂരിതമാകാന്‍ കഴിയുകയാണെങ്കില്‍ അതിലും നല്ല കാര്യം എന്ത്. ബിന്ദുവിന്റെ കാലശേഷം എന്തായാലും മോഹന് ഒരു പെണ്‍ തുണ വേണം. ഒരു ആണെന്ന നിലയില്‍ മോഹനും ആഗ്രഹങ്ങളുണ്ടാകും. തന്നിലും ഒരു പെണ്ണ് ഉറങ്ങിക്കിടക്കുന്നുണ്ട്. ഒരു ചേട്ടത്തി എന്ന നിലയില്‍ മോഹന്‍ തന്നോട് അങ്ങിനെ അടുത്തുപഴകിയിട്ടില്ല. മോഹനു തന്നെ അതുകൊണ്ടുതന്നെ സ്‌നേഹിക്കാന്‍ കഴിയും. കഴിയണം. അല്ലെങ്കില്‍ അതിനുള്ള അവസരം താനുണ്ടാക്കണം. എല്ലാത്തിനുമുപരി ഇക്കാണുന്ന സ്വത്തുക്കള്‍ മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതുണ്ടോ. ഇല്ല അതിന്റെ കാര്യമില്ല. ഇതെല്ലാം തനിക്കും ഉണ്ണിക്കുട്ടനും കൂടി അനുഭവിക്കാം.

മോഹനേയും ആനന്ദിനേയും താന്‍ പൊന്നുപോലെ നോക്കും. പകുതി വഴിയില്‍ തകര്‍ന്നുപോയ തന്റെ ജീവിതത്തിന്റെ പുതുജീവനായിരിക്കും അത്. ബിന്ദുവിന്റെ ദുരവസ്ഥ ഒരു പക്ഷെ തന്റെ ജീവിതസൗഭാഗ്യങ്ങളുടെ തിരിച്ചുവരവായിരിക്കും നല്‍കുക. ഒന്നില്ലാതായാല്‍ മറ്റൊന്നിനു വളമാകുമെന്നത് ലോകസത്യം മാത്രം. അതില്‍ ശരിയുടെയും തെറ്റുകളുടെയും കണക്കെടുപ്പാവശ്യമില്ല. – സരളയുടെ മനസ് ചില തീരുമാനങ്ങളില്‍ ഉറയ്ക്കുകയായിരുന്നു.

ആനന്ദ് ഉണര്‍ന്നിട്ടുണ്ടാകുമോ, അവള്‍ അടുക്കളയില്‍നിന്നു കുഞ്ഞുകിടക്കുന്ന മുറിയിലേക്കു നടന്നു. വീടിന്റെ നടുത്തളത്തിലൂടെ നടന്നുപോകുമ്പോള്‍ അവള്‍ ഉമ്മറത്തേക്കു നോക്കി. തന്നെയും നോക്കിയിരിക്കുന്ന രവി. ഗോപാലന്‍ ചാരുകസേരയില്‍ നീണ്ടുകിടക്കുന്നുണ്ട്. രവിയുടെ മുഖത്ത് കൊതിവമിക്കുന്ന ചിരി വിടര്‍ന്നു. അവള്‍ അവനെ തറപ്പിച്ചുനോക്കി. പിന്നെ മുഖം കറുപ്പിച്ച് വെട്ടിത്തിരിഞ്ഞു നടന്നു….. വേണ്ട, ഇനിയിതു വേണ്ട…- അവളുടെ മനസു പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px