ശിശിരനിലാവിലെ സ്‌നേഹക്കുളിര്‍ ആസ്വദിച്ചുള്ള ഒരു തീര്‍ത്ഥാടനമാണ് ഈ നോവല്‍ വായന. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉത്തമോദാഹരണങ്ങള്‍ ആണ് ഈ നോവലിലെ ഓരോ കഥാപാത്രവും.
ഡോ. മായാ ഗോപിനാഥിന്റെ ആദ്യ നോവലായ അര്‍ദ്ധനാരി പ്രതിസന്ധികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുന്ന നര്‍ത്തകിയുടെ കഥ പറയുമ്പോള്‍,രണ്ടാമത്തെ നോവലായ ശിശിരനിലാവിലെ പവിഴമല്ലി സ്വാര്‍ത്ഥതയേതുമില്ലാത്ത,നിഷ്‌ക്കളങ്ക സ്‌നേഹത്തിലൂടെ, തളര്‍ന്നും തകര്‍ന്നും അഗാധ ഗര്‍ത്തങ്ങളില്‍ പതിച്ചു പോയവരെ കൈയ്യ് പിടിച്ചു കയറ്റുന്ന കഥ പറഞ്ഞ് അനുവാചകന്റെ ഹൃദയത്തേയും കൂടുതല്‍ നിര്‍മ്മലമാക്കുന്നു.
മറിയത്തിന്റെ ദുരിത ജീവിതതത്തെയും അവളുടെ ബാല്യകൗമാര കാലത്തെ ഉറ്റ തോഴിയായ ദേവികയുടെ ആത്മാര്‍ത്ഥ സ്‌നേഹത്തെയും ചുറ്റിപ്പറ്റിയാണ് കഥ രൂപം കൊള്ളുന്നതെങ്കിലും ഓരോ കഥാപാത്രവും വ്യക്തിത്വ മിഴിവ് കൊണ്ട് നമ്മുടെ ഹൃദയം കവരുന്നു.
ദേവികയുടെ ഭര്‍ത്താവായ സതീഷ് മറിയത്തെ മാത്രം എന്നും പ്രണയിച്ച ഹരി … ഇവര്‍ രണ്ടു പേരും ഏതു സ്ത്രീയുടേയും പുരുഷ സങ്കല്പം രൂപം പൂണ്ടവര്‍ ആണ്.
അനാഥര്‍ക്കും അശരണര്‍ക്കുമായി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ഡാനിയേലച്ചന്റ പാത്രസൃഷ്ടി ഇന്നത്തെ അത്യാര്‍ത്തിയുടേയും പണക്കൊതിയുടേയും തിമിരം ബാധിച്ചവര്‍ക്ക് വെളിച്ചം നല്കുന്നതാണ്. അനാഥ കുഞ്ഞുങ്ങളെ ഹൃദയത്തിലേറ്റെടുത്ത സ്‌നേഹമയിയായ അമലാമ്മയുടെ മസ്തിഷ്‌ക്ക കോശങ്ങള്‍ ചിതലരിക്കുമ്പോള്‍ കാട്ടുന്ന സഹജമായ നിഷ്‌ക്കളങ്കത നമ്മുടെ കണ്ണുകള്‍ നനയ്ക്കുന്നു.
പ്രകൃതി സ്‌നേഹത്തിന്റേയും പ്രകൃതി സമ്പത്തിന്റേയും കഥ കൂടിയാണിത്. എത്രയേറെ ചെടികളെയും വൃക്ഷങ്ങളെയും കാടിന്റെ മക്കളുടെ ആചാരങ്ങളെയും നമ്മള്‍ പരിചയപ്പെടുന്നു.
ചെമന്ന കട്ടിത്തൊലിയുള്ള ചെത്തിയാലും ചെമന്നിരിക്കുന്ന ഔഷധ മൂല്യമേറെയുള്ള ചെങ്കുറിഞ്ഞി മരങ്ങള്‍, ഇളം നീല നിറത്തിലുള്ള പൂക്കള്‍ ചൂടിയ മണിമരുത്, ജലതരിണിഎന്ന ദിവ്യ സസ്യം, നാഗമരം… അങ്ങനെ അങ്ങനെ എത്രയേറെ…
ആയുര്‍വേദത്തിന്റെ അനന്തസാധ്യതകളെ അത്യന്തം ഹൃദ്യമായി ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഡോ മായാ ഗോപിനാഥ്. തന്റെ മുമ്പില്‍ എത്തുന്ന രോഗികളോട് ഒരു ഡോക്ടര്‍ ഇടപെടേണ്ടതെങ്ങനെ എന്ന് ഇതിലെ കഥാപാത്രങ്ങളായ ഡോക്ടേഴ്‌സിലൂടെ ഉൃ. മായ വളരെ വ്യക്തമായി കാണിച്ചു തരുന്നു. എല്ലാ ഡോക്ടര്‍മാരും ഈ നോവല്‍ വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി…
‘രാസപദാര്‍ത്ഥങ്ങളുടെ വെറും ചേരുവയല്ല നമ്മുടെ മസ്തിഷ്‌കത്തിലും സൂഷ്മനയിലും ഉള്ളത്. സൂഷ്മത്തിലിരുന്ന് ചൈതന്യമായി പ്രവഹിക്കുന്ന ബോധ സത്തയാണ് ശാരീരിക പ്രവര്‍ത്തനങ്ങക്ക് എല്ലാം ആധാരം ‘
എന്ന് ഡോ. ദേവിക പറയുമ്പോള്‍ ഭാരതീയ ഋഷിമാര്‍ സാധനാപൂര്‍ണ്ണമായ ഉള്‍ക്കാഴ്ചയിലൂടെ അറിഞ്ഞ ആ മഹാചൈതന്യത്തെ അനുവാചകനും നമിക്കുന്നു.
‘ഋണാനുബന്ധങ്ങള്‍ ജന്മാന്തര ബന്ധങ്ങളുടെ ബാക്കിപത്രമാണ്’ എന്ന് പറഞ്ഞ് ഭാരതീയ ദര്‍ശനങ്ങളിലേയ്ക്കുള്ള കിളി വാതില്‍ തുറന്നു തരുന്നു.
‘വികാരം എന്ന കാന്തികോര്‍ജ്ജം അതിന്റെ ആവര്‍ത്തികളും സ്പന്ദനങ്ങളും കൊണ്ട് ശരീരരചന നടത്തുന്നു’ എന്ന് ആയുര്‍വേദത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ എത്ര ഭംഗിയായി ഡോ. ദേവിക അവതരിപ്പിക്കുന്നു.
‘നിനക്ക് അറിയുമോമറിയം? ബ്രഹ്‌മചര്യം പോലെ തന്നെ രതിയും വിശുദ്ധമാണ്. ശരീരത്തിന്റെ ഏറ്റവും പവിത്രമായ സംവേദനങ്ങളില്‍ ഒന്നാണ് രതിയും’
ഡോ. ദേവിക ആത്മ സുഹൃത്തായ മറിയത്തോട് പറയുമ്പോള്‍ സ്ത്രീ പുരുഷ ബന്ധത്തിന്റേയും പ്രണയത്തിന്റേയും രതിയുടേയും ഒരു വാഴ്ത്തു പാട്ടായി മറിയം ഹൃദയത്തില്‍ അത് ഏറ്റെടുക്കുന്നു.
ഈ നോവലിലെ കഥാപാത്രങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു തുളുമ്പുന്ന മതസൗഹാര്‍ദ്ദം ഇന്നത്തെ ലോകം മാതൃകയാക്കേണ്ടതാണ്. ഡോ. മായയുടെ പത്താമത്തെ പുസ്തകമായ ശിശിരനിലാവിലെ പവിഴമല്ലി ഇരുള്‍ മാറ്റും നിലാവെളിച്ചമായി പെയ്തിറങ്ങട്ടെ. ഈശ്വര കടാക്ഷമുള്ള ആ തൂലികത്തുമ്പില്‍ നിന്ന് ഇനിയുമേറെ അക്ഷര മുത്തുകള്‍ പിറക്കട്ടെ എന്ന് ആശംസിക്കുന്നു.
About The Author
No related posts.