‘നീയറിയാതെ നിന്‍ ചുണ്ടില്‍ നിഗൂഢസ്മിതങ്ങള്‍ വിടര്‍ത്തുന്ന സ്വപ്നങ്ങളെന്റേതുമല്ലയോ”ഓ. എന്‍. വി. യുടെ ‘ശാര്‍ങ്ഗപ്പക്ഷിക’ളിലെ വരികളാണിവ.ഉൃ. മായാ ഗോപിനാഥിന്റെ ബോധശലഭങ്ങള്‍ വായിച്ചപ്പോള്‍ എനിക്ക് ഓ. എന്‍. വി യുടെ ഈ വരികള്‍ക്ക് ഒരു ഇതരഭാഷ്യം ചമയ്ക്കാന്‍ തോന്നി.
”നീയറിയാതെ നിന്‍ സ്വപ്നം വിടര്‍ത്തുന്ന കഥകളെന്റേതുമല്ലയോ? ‘
സത്യമാണ് പറഞ്ഞത്..വായനക്കാരന്‍ /വായനക്കാരി,മായ പണിയുന്ന സ്വപ്നക്കൂട്ടിലെ അക്ഷരങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോകും. പകുത്താലും പകുത്താലും തീരാത്തത്ര പ്രണയം ആ കഥാപാത്രങ്ങളോട് നമുക്ക് തോന്നും. ഒരു തിരിയില്‍നിന്നും കൂടുതല്‍ തെളിച്ചമുള്ള ഒട്ടേറെ തിരികളിലേക്ക്.. നൂറായി പങ്കുവെച്ചാല്‍ നൂറു ജ്വാലയിലും തിളങ്ങുന്ന അഗ്‌നി.. ഒരു കാടു കൊഴിയുമ്പോള്‍ മറ്റൊരു കാട് വിരിയുന്നു.. ആ കഥാപാത്രങ്ങളെല്ലാം നമ്മുടെ ആരൊക്കെയോ ആണ് എന്ന മാസ്മരികവിഭ്രാന്തിയിലേക്ക് നാം എത്തിപ്പെടുന്നു. അതൊരു നിലയ്ക്കാത്ത പ്രയാണമാണ്!അനുഭൂതികളും മോഹങ്ങളും ഇഴപിരിഞ്ഞ്, നഷ്ടങ്ങളും കഷ്ടങ്ങളും നെഞ്ചിലേറ്റിക്കൊണ്ടൊരു പ്രയാണം!അവിടത്തെ കാറ്റില്‍ കര്‍പ്പൂരഗന്ധം മാത്രമാവില്ല, വിഷഗന്ധങ്ങളും പതിയിരിക്കും. തിരുജടയിലൊതുങ്ങാതെ കുതിച്ചു പായുന്ന ഗംഗയോടൊപ്പം ഭൂഗര്‍ഭത്തിലൊളിച്ചിരിക്കുന്ന സരസ്വതിയെയും അവിടെ കാണാം. മയില്‍പീലിയുടെ നിറവും, അഗ്‌നിയുടെ തിളക്കവും അത് ഉള്‍ക്കൊള്ളും, അതോടൊപ്പം നരച്ച ഹൃദയാകാശങ്ങളുടെ ചാരനിറവും പ്രതിബിംബിപ്പിക്കും. അലൗകികവും അതീന്ദ്രിയവുമായ ആ വിചാരഭാഷയുടെ വാഗ്രൂപമാണ് ”ബോധശലഭങ്ങള്‍ ”എന്ന് നമുക്ക് നിസ്സംശയം പറയാം.
ബോധശലഭങ്ങള്‍ അടക്കം 16 കഥകളാണ് ഈ കഥക്കൂട്ടിലുള്ളത്. ”പെണ്‍കുഞ്ഞ്, പൊന്കുഞ്ഞ് ‘ എന്നു വിശ്വസിക്കുന്ന ഏതൊരാളുടെയും നെഞ്ചൊന്ന് കലങ്ങും ”തൂവാനം കൊണ്ടുവന്നകുട്ടി ”എന്ന കഥയിലെ വരികള്‍ വായിച്ചാല്‍..
”എന്‍ പൊണ്ണക്ക് പേര് താന്‍ ”വേണ്ട ‘. അഞ്ചാമത് പിറന്ത പെണ്‍കുളന്തയേ യാരുക്ക് വേണം അമ്മാ?? അവ വന്ത് വേണ്ടാപ്പൊണ്ണു മട്ടും ‘
അഞ്ചുമക്കള്‍.. അതിലവസാനത്തേത് ആര്‍ക്കും വേണ്ടാത്ത ജന്മം.. അതുകൊണ്ടുതന്നെ അവരതിനു പേരിട്ടു, ”വേണ്ടാപ്പൊണ്ണ് ‘ കഥാനായിക മധുവിനീ വാര്‍ത്ത സഹിക്കാവുന്നതിലുമപ്പുറം. ‘പൊന്നു’ എന്ന ജ്യൂട്പാവയെ മകളായി കൊഞ്ചിക്കുന്ന മധുവിനു, ജീവനുണ്ടായിട്ടും വികാരരഹിതയായി കഴിയേണ്ടിവന്ന ആ ”കച്ചവടക്കാരി വേണ്ടാപ്പൊണ്ണി”നോട് തോന്നിയതെന്താവും? വായനക്കാര്‍ തീരുമാനിക്കട്ടെ!
സ്മൃതിഭ്രംശം വന്ന സ്വന്തം അമ്മയെ മിറാന്‍ഡയുടെ കെയര്‍ ഹോമിലാക്കി തിരിച്ചുവരുന്ന വേണുവിന് തന്റെ പൊക്കിള്‍ക്കൊടി ഭാഗത്ത് ഒരു വിങ്ങലറ്റ് വീണ് ചോര ചിന്തുന്നപോലെതോന്നി. മകന്റെ പേര്‌പോലും മറന്ന അമ്മയ്ക്കുള്ളില്‍ മറക്കാതെ നിന്നൊരു ചോദ്യം.. ”നീ വല്ലതും കഴിച്ചോ?”
ഈ മൂന്നു വാക്കുകളാല്‍ കഥാകാരി മാതൃത്വത്തിന്റെ വാത്സല്യച്ചൂളയിലേക്ക് അനുവാചകനെ തള്ളിയിടും. ആ കൊടുംചൂടില്‍ ഉരുക്കിയെടുത്ത് തനിത്തങ്കമായ മാതൃവാത്സല്യം ലാവയായി നമ്മുടെ നെഞ്ചില്‍ പതഞ്ഞൊഴുകും. ബോധശലഭങ്ങള്‍ ഉള്ളം തിളയ്ക്കുന്ന അഗ്‌നിപര്‍വ്വതമാകുന്നത് നാം അറിയും!
പ്രാര്‍ത്ഥനാഞ്ജലിയുമായി ഒരു ഹൃദയം അരികെ കാത്തുനില്‍ക്കുമ്പോള്‍, ഊര്‍മ്മിളയെന്ന പുഴ ആ ഹൃദയത്തില്‍ ഒഴുകിനിറയുകതന്നെ ചെയ്യും! ഒരു ചെറുകോശത്തില്‍നിന്നും മനുഷ്യനെന്ന കോടാനുകോടി കോശസമന്വയത്തിലേക്ക് ജീവനെ ഉയര്‍ത്തിയ അഭൗമശക്തിക്ക് സാദ്ധ്യമല്ലാത്തതെന്ത്? നന്ദഗോപന്‍ ഡോക്ടര്‍ക്ക് ഊര്‍മ്മിളയുടെ വിറങ്ങലിച്ച പാദങ്ങളുടെ ചലനശേഷി വീണ്ടെടുക്കാന്‍ കഴിയണേയെന്ന് നമ്മളും പ്രാര്‍ത്ഥിച്ചുപോകുന്ന നിമിഷങ്ങള്‍!
എത്ര ഭാവോജ്ജ്വലമായാണ്, എത്ര ഒതുക്കത്തോടെയാണ് മായ വരച്ചിടുന്നത്! ഒരു പൂവിന്റെ ഇതളുകള്‍ ഒന്നൊന്നായി വിടരുന്നതുപോലെ…
സരോജിനി നായിഡുവിന്റെ ‘ജമഹമിൂൗശില ആലമൃലൃ െ’ എന്ന കവിതയിലെ ഒരു വരിയുണ്ട്..
“lightly o lightly we bear her along
She always like a flower in the wind of our song ”
ഈ വരികളിലെ പല്ലക്കുചുമട്ടുകാരിയെപ്പോലെയാണ് മായ. അത്രയും മൃദുലമായാണ് മായ ഓരോ കഥാസന്ദര്‍ഭങ്ങളേയും വികസിപ്പിച്ചെടുക്കുന്നത്! വിസ്മയിപ്പിക്കുന്ന നൈപുണ്യമാണത്!കൃതഹസ്തമായ കരങ്ങള്‍ക്കുമാത്രം ചെയ്യാനാവുന്നത്!
അശ്രദ്ധകൊണ്ട് കൈമോശം വരുന്ന പലതും അമൂല്യമായിരുന്നു എന്ന തിരിച്ചറിവ് വരുമ്പോഴേക്കും സമയമാകുന്ന പക്ഷി അങ്ങ് ദൂരേക്ക് പറന്നുപോയിക്കാണും.. തിരിച്ചു പറക്കാന്‍ ആവാത്തത്ര ദൂരം. കരിക്കട്ടയെന്നു കരുതി അവഗണിച്ച ഭാമയുടെ തങ്കത്തിളക്കം കണ്ട് പശ്ചാത്തപിക്കാന്‍മാത്രം കഴിയുന്ന സ്റ്റീഫനോട് നമുക്ക് തോന്നുന്നത് സഹതാപമോ സ്‌നേഹമോ? വീണ്ടും അര്‍ദ്ധോക്തിയില്‍ നിറുത്തുന്ന കഥാകാരി ഈ ചോദ്യം വലിച്ചെറിയുന്നത് അനുവാചകന്റെ നെഞ്ചിലേക്കാണ്!
സങ്കടങ്ങള്‍ ചാട്ടുളിപോലെ കുത്തിയിറങ്ങുമ്പോള്‍ കണ്ണീരുപോലും അപ്രസക്തമാകും. ഉമയില്ലാത്ത നന്ദന്‍ വെറും ശൂന്യമെന്ന് തിരിച്ചറിയുന്ന നാം രാധയെ നഷ്ടപ്പെട്ട കണ്ണന്റെ മാനസികസംഘര്‍ഷങ്ങള്‍ മനസ്സിലാക്കും. വൃന്ദാവനവും യമുനാപുളിനവും കടമ്പുമരവും അവരുടെ പ്രണയസാക്ഷ്യമായി നിറഞ്ഞു നില്‍ക്കും. കണ്ണീരോടെമാത്രമേ ”ഉമയും യമനാ തീരവും ”വായിച്ചവസാനിപ്പിക്കാനാകൂ.
ഇനിയുമുണ്ട് ആത്മാവിലൊരു തൂവസ്പര്‍ശംപോലെ നമ്മെ തഴുകി തലോടുന്ന കഥകള്‍. അവയങ്ങനെ ഒഴുകുകയാണ്. ഉത്ഭവിക്കാന്‍ ഒരു കൊടുമുടിയോ, സ്വീകരിക്കാന്‍ ഒരു കടലോ ഉണ്ടോ എന്നുപോലും നോക്കാതെ.. ആ സംവേദനത്തിന്റെ ആര്‍ദ്രത വായനക്കാരന്റെ മനസ്സിന്റെ തീരങ്ങളില്‍ കുളിരിന്റെ നിറവാകുന്നു.. ആത്മഹര്‍ഷത്തിന്റെ പുതപ്പാകുന്നു.. അതിലുമുപരി ജീവന്റെ ആന്ദോളനമാകുന്നു.