പ്രിയമുള്ളവരെ,
ഇന്ന് ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ ഒരു വായനാനുഭവമാണ്. പ്രിയസുഹൃത്ത് ശ്രീ.ബിനു മനോഹറിന്റെ ‘ശിശിരഗിരിയുടെ മധുമൊഴികള്‍’…. എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ ബിനു പറയുന്നതുപോലെ,
‘എന്റെ സ്‌നേഹിക്കലുകളാണീ അക്ഷരങ്ങള്‍…’ എന്ന വാചകം ഉള്‍ക്കൊണ്ട് തന്നെ ഈ പുസ്തകം കയ്യിലെടുക്കണം. എന്നാലേ അതിന്റെ അര്‍ത്ഥ വ്യാപ്തിയിലേക്ക് ഊളിയിട്ടിറങ്ങാന്‍ വായനക്കാരന് കഴിയുകയുള്ളു.
അചഞ്ചലമായ പ്രകൃതി സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ, നിസ്വാര്‍ത്ഥ പ്രേമത്തിന്റെ..വറ്റാത്ത ഉറവകളായി പരിണമിക്കുന്ന ഒരു പ്രതിഭാസമായി മാറുന്നു ഓരോ കവിതാവായനയും. മഴത്തുള്ളിയുടെ കിലുക്കത്തിലും, പ്രകൃതിയുടെ മധുമൊഴിയുടെ മേളത്തിലും, ശബരിഗിരിയുടെ ഹിമ ധൂമങ്ങളില്‍ തഴുകിയെത്തുന്ന ഇലഞ്ഞിപ്പൂ മണമുള്ള കാറ്റിലും, പ്രകൃതിയുടെ പച്ചയായ ഗന്ധത്തിലും, കക്കാട്ടാറിന്റെ കളകളാരവത്തിലും ഉന്മത്തനാകുന്ന ബിനു മനോഹറിലെ കവിക്ക് ഇതുപോലെ എഴുതാനായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
ആദ്യത്തെ കവിതയായ ‘മകള്‍ക്കായി’ എന്നെ ഏറെ ആകര്‍ഷിച്ച ഒന്നാണ്. ബാല്യത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട എനിക്ക് നോവായി മാറിയിരുന്നു പല വരികളും.
‘എന്നെ പകുത്തു ഞാന്‍,
എന്നെ പകുത്തു ഞാന്‍
നിനക്ക് കര്‍മ്മ വീഥികളൊരുക്കിയും
നിനക്ക് മഞ്ചലായി എന്റെ ദേഹമൊരുക്കിയും.. മറന്നുവോ നീ മകളെ..
മറന്നുവോ നീ അച്ഛനെ…
ഒരു നോവു പോലെ, ഉള്ളില്‍ ഒരു വിതുമ്പലായി നില്‍ക്കുന്നു ഈ വരികള്‍.
‘ശിശിരഗിരിയിലെ മധുമൊഴികള്‍’ എന്ന കവിതയിലെ
‘ഇറന്നുപോയ മഴത്തുള്ളിയെ നോക്കി
നീരദം നിറവില്‍ നെടുവീര്‍പ്പിടും..
ശിശിരഗിരിയുടെ മാദകത്വമുള്ളിലൊതുക്കിയ അഭിവാഞ്ചയ്ക്ക്,
ഒരു സാഫല്യവും കാത്തു വെറുതെ പുലമ്പും
ഒരു ചുംബനം എനിക്കായി നീ എന്നു നല്‍കും..?
ഒരു മോഹസാഫല്യത്തിന്റെ കാത്തിരിപ്പിന് ഇതിലും ഹൃദ്യമായി എന്താണ് എഴുതാനാവുക..?
‘കക്കാട്ടാറ്’ എന്ന കവിതയില്‍ കക്കാട്ടാറിനെ എന്നും പ്രണയിക്കുന്ന കവി മനസ്സ്,
കക്കാട്ടാറേ,കാര്‍മുകില്‍ വര്‍ണ്ണിനീ..
കാലങ്ങളെന്നും നിന്നൊപ്പമാവട്ടെ… എന്നു പറയുന്നുവെങ്കില്‍,
‘കക്കാട്ടാറ്.. കാലത്തിന്റെ തിരുശേഷിപ്പ്’ എന്ന കവിതയിലെ വരികളില്‍,
‘എന്റെ നിശ്വാസങ്ങളും ഗദ്ഗദങ്ങളും മരിച്ചു മണ്ണടിയുമ്പോള്‍,
കാണുവാനായി എന്‍ പ്രിയമിത്രമേ നീ ഇവിടെ വേണ്ട…’
എന്ന് വേദനയോടെ പറയുന്നുണ്ട്. ഒരുപക്ഷേ കക്കാട്ടാറിന്റെ ശോച്യാവസ്ഥയില്‍ മനംനൊന്ത കവി ഹൃദയത്തിന്റെ തേങ്ങലാവാം.
‘സ്‌നേഹധൂമങ്ങള്‍’….എന്ന കവിതയിലെ
‘ഒരു നുള്ള് സ്‌നേഹം കടം തരുമോ
ഈ മനസ്സിന്റെ ഉള്ളിലൊളിച്ചു വയ്ക്കാന്‍..
ഓര്‍മ്മയില്‍ ഏതോ മൃദുരാഗം പോലെ
ഞാനത് മനസ്സില്‍ കരുതി വയ്ക്കാം
നിനക്കായി മാത്രം ഒരുക്കി വയ്ക്കാം…’
എത്ര മനോഹരമായ,ആര്‍ദ്രമായ ഒരു യാചനയാണ്.. നിര്‍മ്മല സ്‌നേഹത്തിനു വേണ്ടി തുടിക്കുന്ന ഒരു ഹൃദയത്തിന്റെ നേര്‍ചിത്രം.
ലോകത്തിന്റെ സ്പന്ദനം തന്നെ നിലയ്ക്കാന്‍ തക്കവണ്ണം രൂപപ്പെട്ട ഒരു വൈറസിന്റെ നീരാളിപ്പി ടുത്തത്തില്‍ ഉലഞ്ഞുപോയ ജനതയെക്കുറിച്ചും, സ്വന്തം നാട്ടില്‍ കാലുകുത്താന്‍ പോലും കഴിയാതിരുന്ന സ്വാനുഭവത്തെക്കുറിച്ചുമെല്ലാം പരിതപിക്കുന്ന വരികളാണ് ‘എന്തായിരുന്നു 2020’.. എന്ന കവിതയില്‍.
ചെറിയ ഒരു എഴുത്തിലൂടെ മുഴുവന്‍ അനുഭവങ്ങള്‍ പകര്‍ത്താന്‍ എനിക്ക് കഴിയില്ല. സംശയലേശമെന്യേ എനിക്ക് പറയാന്‍ കഴിയും
‘എന്നിലെ താപമകറ്റാന്‍ ഒന്നു നീ പെയ്തിരുന്നെങ്കില്‍…’
എന്ന് കേഴുന്ന കവി മാനസത്തിലൂടെ ജീവിതക്കാഴ്ചകളുടെ ഇരുളൊച്ചകളില്‍ പെയ്‌തൊഴിയുന്ന നനവാര്‍ന്ന ആഖ്യാനത്തിന്റെ നനുത്ത തേങ്ങലുകള്‍ ശിശിരഗിരിയുടെ ഈ മാനസപുത്രന്റെ കവിതാ സമാഹാരത്തില്‍ സാക്ഷ്യപ്പെടുത്താനാകും. ശ്രീ മഞ്ജു വെള്ളായണിയുടെ ഹൃദ്യമായ അവതാരിക എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. മനോഹരമായ കവര്‍ ചിത്രത്തോടു കൂടിയ ഈ പുസ്തകത്തിന്റെ വില 150 രൂപയാണ്.
എഴുത്ത് വഴികളില്‍ ശ്രീ ബിനു മനോഹറിന് എല്ലാവിധ ആശംസകളും നേരുന്നു..
About The Author
No related posts.